Saturday, March 23, 2019 Last Updated 32 Min 11 Sec ago English Edition
Todays E paper
Ads by Google
ചെറിയാന്‍ കിടങ്ങന്നൂര്‍
Wednesday 25 Jul 2018 12.51 PM

സൗദിയില്‍ ജോലിയും ശമ്പളവും ഇല്ലാതെ ദുരിതത്തില്‍ കഴിഞ്ഞ ആറ് മലയാളി വനിതകള്‍ ഇന്ന് നാട്ടിലേക്ക് മടങ്ങുന്നു

uploads/news/2018/07/236134/Gulf250718g.jpg

റിയാദ് : 'എങ്ങനെയെങ്കിലും ഞങ്ങളെ നാട്ടിലെത്തിക്കു പ്ലീസ് '.കഴിഞ്ഞ ആറരമാസമായി ജോലിയോ ശമ്പളവും ഇല്ലാതെയും നാട്ടില്‍ പോകാനാകാതെ സൗദിയിലെ ഹായിലില്‍ കുടുങ്ങിയ ആറ് മലയാളി വനിതകളുടെ ദുരിതത്തിന് പരിസമാപ്തി .

തിരുവനന്തപുരം സ്വദേശിനികളായ ഗീത, അഞ്ജലി , മിനി (പത്തനംതിട്ട), ഗീതമ്മ (ആലപ്പുഴ), ശ്രീദേവി (കോതമംഗലം), ഖൈറുന്നിസ (നിലമ്പൂര്‍), എന്നിവരാണ് ദുരിതപര്‍വം താണ്ടി ഇന്ന് നാട്ടിലേക്ക് മടങ്ങുന്നത്. കഴിഞ്ഞ ദിവസം തര്‍ഹീലില്‍ ( നാടുകടത്തല്‍ കേന്ദ്രം ) നിന്നും ഇവരുടെ എക്‌സിറ്റ് ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെ എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായ് വഴി നാട്ടിലേക്ക് യാത്രയാവും.

കഴിഞ്ഞ നാലു വര്‍ഷം മുമ്പാണ് ആശുപത്രി ക്ലീനിംഗ് ജോലിക്കായി 800 റിയാല്‍ ശമ്പളത്തിന് ആറ് പേരും സൗദിയില്‍ എത്തിയത്. ആദ്യ രണ്ടു വര്‍ഷം വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ ഇവര്‍ അവധി കഴിഞ്ഞു തിരിച്ചെത്തിയപ്പോഴേക്കും ആശുപത്രിയുമായുള്ള കരാര്‍ അവസാനിച്ചു. അന്ന് മുതല്‍ ഇവര്‍ ദുരിതത്തിലാവുകയായിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി ശമ്പളവും ജോലിയുമില്ലാതെ മുറിയില്‍ തന്നെ കഴിയുകയാണെന്നും ഭക്ഷണത്തിന് പോലും ഒരു റിയാല്‍ കമ്പനിയില്‍ നിന്നും ലഭിക്കുന്നില്ലെന്നും നാട്ടിലേക്ക് തിരിച്ചയക്കാന്‍ ആവശ്യപ്പെട്ടിട്ട് അതും ചെയ്യുന്നില്ലെന്നും ഇവര്‍ പരാതിപ്പെട്ടിരുന്നു. ഇഖാമ കാലാവധി കഴിഞ്ഞതിനാല്‍ പുറത്തിറങ്ങാന്‍ പോലും കഴിയാതെ അടച്ചിട്ട മുറിയില്‍ കഴിയുകയായിരുന്നു .

ഇതിനിടയില്‍ അഞ്ചു ദിവസത്തോളം റൂമില്‍ വൈദ്യുതിയും വെള്ളവും ഇല്ലാതെ കഠിനമായ ചൂടില്‍ ഇവര്‍ക്ക് കഴിയേണ്ടിയും വന്നു .ആരില്‍നിന്നും സഹായം ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ മാത്രമേ ഞങ്ങളുടെ മുന്നിലുള്ളൂ എന്നും ഇന്ത്യന്‍ എംബസിക്കയച്ച അപേക്ഷയില്‍ ഇവര്‍ പറഞ്ഞിരുന്നു.

പ്രശ്‌നത്തില്‍ ഇടപെടാന്‍ കേന്ദ്ര മന്ത്രിമാരായ സുഷമ സ്വരാജ്, അല്‍ഫോണ്‍സ് കണ്ണന്താനം , മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി ജി.സുധാകരന്‍, എന്നിവര്‍ക്ക് ഇവരുടെ ബന്ധുക്കളും പേക്ഷ നല്‍കി കാത്തിരുന്നു .നിരവധി സാമൂഹ്യ പ്രവര്‍ത്തകരും ഇവരുടെ പ്രശ്‌നത്തില്‍ ഇടപെട്ട് എംബസിക്ക് കത്തെഴുതി. . വനിതാ തൊഴിലാളികള്‍ വിലപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ആളുകള്‍ വീക്ഷിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തതോടെ അധികാരികള്‍ നടപടികള്‍ക്ക് ആക്കം കൂട്ടി.

മറ്റു സാമൂഹിക പ്രവര്‍ത്തകരെ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിനും ചുമതലപ്പെടുത്തി. നാലു മാസം മുമ്പ് ഇവര്‍ കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തിയതിന്റെ ഫലമായി തൊഴിലാളികളെ ഉടന്‍ തന്നെ രണ്ടു ബാച്ചുകളായി ആനുകൂല്യങ്ങള്‍ നല്‍കി നാട്ടിലെത്തിക്കുമെന്ന് കമ്പനി അധികൃതര്‍ ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ സാമ്പത്തികമായും നിയമപരമായും പ്രശ്‌നങ്ങള്‍ നേരിടുന്ന കമ്പനിക്ക് ഇവരെ എക്‌സിറ്റ് നല്‍കി നാട്ടിലേക്കയക്കാന്‍ താമസം നേരിട്ടു. എങ്കിലും ഇതിനിടയില്‍ ശമ്പള കുടിശ്ശിക തൊഴിലാളികള്‍ക്ക് കമ്പനി നല്‍കിയിരുന്നു.

നിതാഖാത്തില്‍ കമ്പനി ചുവപ്പിലായതിനാല്‍ ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ ശേഖരിച്ച്, സാമൂഹ്യ പ്രവര്‍ത്തകര്‍ ജവാസാത്തില്‍ കൊണ്ടുപോയി എക്‌സിറ്റ് അടിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഒടുവില്‍ ഇന്ത്യന്‍ എംബസിയുടെ അപേക്ഷയോടു കൂടി തര്‍ഹീലിനെ സമീപിച്ചാണ് ഇവര്‍ക്ക് എക്‌സിറ്റ് നേടാനായത്.

സാമ്പത്തികമായി തകര്‍ന്ന കമ്പനിയില്‍ നിന്നും ടിക്കറ്റ് ലഭിക്കുന്നതിന് കാത്തു നില്‍ക്കാതെ സാമൂഹ്യ പ്രവര്‍ത്തകര്‍ സുമനസ്സുകളുടെ സഹായത്തോടെ ഇവര്‍ക്കുള്ള ടിക്കറ്റുകള്‍ എടുത്തു നല്‍കി . എംബസിയില്‍നിന്ന് അനുമതി പത്രം ലഭിച്ചിരുന്ന ശറഫുദ്ദീന്‍ തയ്യില്‍, താഹ കനി എന്നിവര്‍ക്കൊപ്പം ഒ.ഐ.സി.സി പ്രവര്‍ത്തകരായ സദഖത്ത് തോട്ടശ്ശേരി, സജീര്‍ പാങ്ങോട്, ഷഹന്‍ഷാ റഹ്മാന്‍, ജോണ്‍ ഹായില്‍ എന്നിവരുടെ നിരന്തര പരിശ്രമത്തിനൊടുവിലാണ് ഇവരുടെ ദുരിതപര്‍വത്തിന് വിരാമമായത്.

റിയാദില്‍ നിന്നും ഇന്ന് പുറപ്പെടുന്ന ഇവര്‍ നാളെ വെളിപ്പിനെ എമിറേറ്റ്‌സ് വിമാനത്തില്‍ തിരുവനന്തപുരം വിമാനത്തവാളത്തില്‍ എത്തിച്ചേരുമെന്ന് ഇവര്‍ 'മംഗളത്തോട് 'പറഞ്ഞു .

Ads by Google
ചെറിയാന്‍ കിടങ്ങന്നൂര്‍
Wednesday 25 Jul 2018 12.51 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW