Tuesday, November 13, 2018 Last Updated 22 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 02.46 AM

ലോറിസമരം: സര്‍ക്കാര്‍ ഉണരണം

uploads/news/2018/07/236080/editorial.jpg

ലോറി സമരം അഞ്ചു ദിവസം പിന്നിട്ടതോടെ കേരളത്തില്‍ പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്‌. അവശ്യവസ്‌തുക്കള്‍ക്ക്‌ വില കയറിത്തുടങ്ങിയതോടെ കുടുംബ ബജറ്റുകളും താളംതെറ്റിത്തുടങ്ങി. ഇന്ധന വിലക്കയറ്റം, ഇഷുറന്‍സ്‌ വര്‍ധന, അന്യായ ടോള്‍ പിരിവ്‌ എന്നിവയ്‌ക്കെതിരേയാണ്‌ ചരക്കുലോറി ഉടമകള്‍ അനിശ്‌ചിതകാലസമരം നടത്തി വരുന്നത്‌. രാജ്യത്തെ 80 ലക്ഷത്തിലധികം ലോറികള്‍ പണിമുടക്കുമൂലം നിര്‍ത്തിയിട്ടിരിക്കുകയാണ്‌. ആദ്യം സമരം പ്രഖ്യാപിച്ചപ്പോള്‍ അനുകൂലിക്കാതിരുന്ന കേരളത്തിലെ ലോറി ഉടമകളും സമരത്തില്‍ ചേര്‍ന്നതോടെ ചരക്കു നീക്കം പൂര്‍ണമായും സ്‌തംഭിച്ചു. തമിഴ്‌നാട്ടിലും കര്‍ണാടകയിലും പച്ചക്കറിയും പലവ്യഞ്‌ജനങ്ങളും ലഭ്യമാണെങ്കിലും അതു കേരളത്തിലേക്ക്‌ എത്തിക്കാന്‍ മാര്‍ഗമില്ല. ലോറിയുമായി വരാന്‍ തയാറുള്ള ൈഡ്രവര്‍മാരുണ്ട്‌. എന്നാല്‍, ചരക്കിന്റെ മൊത്തം ഉത്തരവാദിത്വം ഏല്‍ക്കണമെന്ന്‌ കയറ്റി അയയ്‌ക്കുന്നവര്‍ ആവശ്യപ്പെടുന്നതിനാല്‍ അവര്‍ പിന്‍വലിഞ്ഞു. തിങ്കളാഴ്‌ച കേരളത്തിലേക്ക്‌ വന്ന ലോറിയിലെ ക്ലീനര്‍ മരിച്ചത്‌ കല്ലേറിലാണെന്ന പ്രചാരണം കൂടി ഉണ്ടായതോടെ ഇതിനുള്ള സാധ്യത പൂര്‍ണമായും മുടങ്ങി. സമരത്തിന്റെ ആദ്യ ദിനങ്ങളില്‍ ചില ലോറിക്കാര്‍ ചരക്കുനീക്കത്തിനു തയാറായിരുന്നു. എന്നാല്‍, അവര്‍ അധികതുക ഈടാക്കിയത്‌ സാധനങ്ങളുടെ വിലയില്‍ പ്രതിഫലിച്ചു.

നേരത്തേ സ്‌റ്റോക്ക്‌ ചെയ്‌തിരുന്ന സാധനങ്ങളാണ്‌ ഇതുവരെ വിറ്റുകൊണ്ടിരുന്നത്‌. സമരം നീണ്ടതോടെ സ്‌റ്റോക്ക്‌ തീരുകയും ചെയ്‌തു, പുതിയ സാധനങ്ങള്‍ വന്നതുമില്ല. ഇതോടെയാണ്‌ പച്ചക്കറി, പലവ്യഞ്‌ജനം, മുട്ട എന്നിവയ്‌ക്കെല്ലാം വിലകയറിയത്‌. കനത്ത മഴയില്‍ കൃഷി നശിച്ചതും വിലയില്‍ പ്രതിഫലിക്കുന്നുണ്ട്‌. അയല്‍ സംസ്‌ഥാനങ്ങളില്‍ അവശ്യവസ്‌തുക്കള്‍ കെട്ടിക്കിടക്കുന്നു, എടുക്കാന്‍ ആളില്ലാതെ പച്ചക്കറി നശിക്കുന്നു; അതേസമയം കേരളത്തില്‍ സാധനങ്ങള്‍ കിട്ടാനുമില്ല. ഈ ദുരവസ്‌ഥ അതിവേഗം മറികടക്കേണ്ടതുണ്ട്‌. ലോറിയുടമകളുമായി എത്രയും വേഗം ചര്‍ച്ച നടത്തി സമരത്തിന്‌ പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. ടോള്‍ നിരക്കില്‍ ഇളവ്‌ നല്‍കുന്നതു പോലെയുള്ള, സര്‍ക്കാരിന്‌ ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ എത്രയും വേഗം ചെയ്യാന്‍ തയാറായില്ലെങ്കില്‍ ജനങ്ങള്‍ കഷ്‌ടത്തിലാകും. ഉപഭോക്‌തൃ സംസ്‌ഥാനമായ കേരളത്തിലെ ജനങ്ങളാകും ഏറെ വലയുക.

തമിഴ്‌നാട്ടില്‍നിന്ന്‌ ലോറി വരാതായാല്‍ മലയാളിയുടെ അടുപ്പ്‌ പുകയില്ല എന്ന അവസ്‌ഥ മാറാനാണ്‌ അടുക്കളത്തോട്ടങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന ആശയം വര്‍ഷങ്ങളായി കേരളത്തില്‍ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരുന്നത്‌. എല്ലാവീട്ടിലും അത്യാവശ്യംവേണ്ട പച്ചക്കറികള്‍ ഉത്‌പാദിപ്പിക്കാനായാല്‍ ലോറിസമരമോ വിലക്കയറ്റമോ ബാധിക്കില്ല എന്നതു യാഥാര്‍ഥ്യമാണ്‌. ഈ ലക്ഷ്യത്തില്‍ കുറേ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്‌. എന്നാല്‍, അതു ഫലപ്രദമാകുന്നില്ലെന്ന്‌ മനസ്സിലാക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങള്‍ നോക്കിയാല്‍ കേരളത്തില്‍ അടുക്കളത്തോട്ടങ്ങളുടെ വിപ്ലവം നടക്കുകയാണ്‌. എന്നാല്‍, യഥാര്‍ഥത്തില്‍ അതുണ്ടാകുന്നുമില്ല. ലോറിസമരം തീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതിനൊപ്പം കേരളത്തെ സ്വയംപര്യാപ്‌തമാക്കാന്‍ കേരള സര്‍ക്കാരും കേരളീയരും പ്രവര്‍ത്തിക്കണം.

Ads by Google
Wednesday 25 Jul 2018 02.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW