Monday, June 24, 2019 Last Updated 3 Min 13 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 25 Jul 2018 02.45 AM

ആള്‍ക്കൂട്ട കൊലപാതകം പൊറുക്കാന്‍ കഴിയില്ല

uploads/news/2018/07/236079/bft1.jpg

ഒരു ദിവസം ഗൗതമ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തിലൂടെ നദീതീരത്തേക്കു പോകുകയായിരുന്നു. ആ സമയം ഒരുകൂട്ടം അരയന്നങ്ങള്‍ ആകാശത്തിലൂടെ സന്തോഷത്തോടെ പറക്കുന്നുണ്ടായിരുന്നു. ആ പറക്കലിന്റെ ഭംഗി ആസ്വദിച്ചു നില്‍ക്കുമ്പോള്‍ ഒരു പക്ഷി രാജകുമാരന്റെ മുന്നില്‍ വീണു. ചിറകിനടിയില്‍ ഒരമ്പു തറച്ചിരിക്കുന്നു. ഗൗതമന്‍ അതു മെല്ലെ എടുത്തുമാറ്റി. അതിനെ ശുശ്രൂഷിക്കാനായി പോകുന്നതിനിടയില്‍ ഗൗതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെയെത്തി. താന്‍ അമ്പെയ്‌ത്‌ വീഴ്‌ത്തിയ പക്ഷിയാണ്‌ അതെന്ന്‌ അറിയിച്ചു. എന്നാല്‍ ഗൗതമന്‍ അതിനെ വിട്ടുകൊടുക്കാന്‍ തയാറായിരുന്നില്ല. താന്‍ ജീവന്‍ രക്ഷിച്ച ആ പക്ഷി തനിക്ക്‌ അവകാശപ്പെട്ടതാണെന്നു പറഞ്ഞു. പക്ഷി സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ചേരാന്‍ സ്വതന്ത്രയാക്കി... ഇതു കേവലം ഒരു പക്ഷിയുടെ ജീവന്‍ രക്ഷിച്ച കഥ.
പ്രപഞ്ചത്തില്‍ ദൈവം ഏറ്റവും ആദരിച്ച്‌ സൃഷ്‌ടിച്ച മനുഷ്യനെ തെരുവില്‍ കൂട്ടം ചേര്‍ന്ന്‌ ആക്രമിച്ച്‌ ജീവനെടുക്കുന്ന പ്രവണത അധികരിക്കുകയാണിപ്പോള്‍. ഇതല്ല ഭാരത സംസ്‌കാരം. ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യന്റെ ജീവനെടുക്കുന്ന അതി ക്രൂരമായ പ്രവര്‍ത്തി. ജനംതന്നെ വിചാരണയും നിയമവും ശിക്ഷയും നടപ്പാക്കുന്നത്‌ ഒരു ആരോഗ്യസമൂഹത്തിനു ചേര്‍ന്നതല്ല. രാജ്യത്തെ പരമോന്നത നീതിപീഠം ഇക്കഴിഞ്ഞ ദിവസം നടത്തിയ നിരീക്ഷണവും ഇതുതന്നെയാണ്‌. കുറ്റാന്വേഷണത്തിന്റെയും ശിക്ഷാവിധിയുടെയും ഈറ്റില്ലമായി നമ്മുടെ തെരുവ്‌ മാറിയിരിക്കുകയാണ്‌.
രാജ്യത്ത്‌ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സുപ്രീം കോടതിയുടെ പരാമര്‍ശത്തിനും വിധേയമായിരിക്കുന്നു. ഇതു ഭീകരമാണെന്നും തടയണമെന്നും സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട്‌ നിര്‍ദേശിച്ചിരിക്കുന്നു. ആള്‍ക്കൂട്ട ഹത്യയെ പ്രത്യേക കുറ്റമായികണ്ട്‌ നിയമം നിര്‍മിക്കണമെന്നും ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ നിര്‍ദേശിച്ചു.
മനുഷ്യനെ ആള്‍ക്കൂട്ടം മൃഗീയമായി മര്‍ദിച്ചു കൊലപ്പെടുത്തുന്ന പ്രവണത രാജ്യത്തുടനീളം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണു സുപ്രീം കോടതിക്ക്‌ ഇങ്ങനെ പറയേണ്ടിവന്നത്‌.

കേരളത്തിലെ ചില സംഭവങ്ങള്‍

ആള്‍ക്കൂട്ടത്തിന്റെ ഹിംസഭാവങ്ങള്‍ക്കു കേരളത്തില്‍ത്തന്നെ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്‌. പോക്കറ്റടിച്ചെന്ന്‌ ആരോപിച്ച്‌ രഘു എന്ന യുവാവിനെ 2011 ല്‍ പെരുമ്പാവൂര്‍ ബസ്‌ സ്‌റ്റാന്‍ഡില്‍വച്ച്‌ തല്ലിക്കൊന്ന സംഭവം കേരള മനഃസാക്ഷിയെ ഞെട്ടിച്ചിരുന്നു. അട്ടപ്പാടിയില്‍ മോഷണക്കുറ്റം ചുമത്തി മാനസികാസ്വാസ്‌ഥ്യമുള്ള മധു എന്ന ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. കോഴിയെ മോഷ്‌ടിച്ചെന്നാരോപിച്ച്‌ അന്യസംസ്‌ഥാനക്കാരനായ മണിക്കിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണു മറ്റൊരു സംഭവം. ഉപജീവനത്തിനായി അന്യനാട്ടില്‍നിന്നും എത്തുന്നവരെ കള്ളന്മാരും കൊലപാതകികളുമാക്കി മാറ്റുന്ന പ്രവണത മാറേണ്ടതുണ്ട്‌.
ആരോഗ്യകരമായ സമൂഹിക സാഹചര്യങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞത്‌ കേരളത്തിന്റെ നേട്ടമായി നാം കൊട്ടിഘോഷിച്ചിട്ടുണ്ട്‌. അതേസമയം മാനവികതയുടെ മൂല്യം തിരിച്ചറിയാത്തവരും നമ്മുടെ സമൂഹത്തില്‍ ഏറെയാണെന്നത്‌ ലജ്‌ജിപ്പിക്കുന്നതാണ്‌.
ആദിവാസികള്‍, ദളിതര്‍, സ്‌ത്രീകള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, ദുര്‍ബലര്‍ എന്നിവരോടുള്ള അവജ്‌ഞയും വെറുപ്പും ഉല്‍പ്പാദിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണതകളെ ഗൗരവമായി വിശകലനം ചെയ്യേണ്ടതുണ്ട്‌.

മനുഷ്യത്വം മരവിച്ച ജനങ്ങള്‍

ഏറ്റവുമൊടുവില്‍ രാജസ്‌ഥാനിലെ അല്‍വറില്‍ പശുക്കളെ കടത്തിയെന്ന്‌ ആരോപിച്ച്‌ റക്‌ബര്‍ എന്ന യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയിരിക്കുന്നു. ഈ ലേഖനം അച്ചടിച്ചുവരുമ്പോഴേക്കും ഇത്തരത്തില്‍ മറ്റൊന്നു നടന്നു കൂടായ്‌കയില്ല. വിശ്വാസം അന്ധവിശ്വാസമായി പരിണമിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടകരമായ അവസ്‌ഥയാണിത്‌. ഒരു രാജ്യത്ത്‌ താന്‍ വിലകൊടുത്ത്‌ വാങ്ങിയ കോഴിയും പശുവും സ്വതന്ത്രമായി പൊതുഇടത്തിലൂടെ കൊണ്ടുപോകാന്‍ കഴിയുന്നില്ലെങ്കില്‍ ഇവിടെ എന്ത്‌ സ്വാതന്ത്ര്യമാണു നിലവിലുള്ളത്‌?
കോഴി മോഷ്‌ടിച്ചെന്ന വൃഥാരോപണം നടത്തി ഒരു അന്യസംസ്‌ഥാന തൊഴിലാളിയെ പ്രബുദ്ധ കേരളം തല്ലിക്കൊന്നത്‌ നാം കണ്ടതാണ്‌. മുമ്പ്‌ ഉത്തരേന്ത്യയില്‍ മാത്രമുണ്ടായിരുന്ന പ്രാകൃതത്വമാണ്‌ ഇന്നു മലയാളികള്‍ ഏറ്റെടുത്തിരിക്കുന്നത്‌. ബംഗാളിയുടെ കൈയില്‍ ഒരു കോഴിയെ കണ്ടതാണു കാരണം. കോഴിയെ മോഷ്‌ടിച്ചതല്ലെന്ന്‌ ആവര്‍ത്തിച്ചു പറഞ്ഞിട്ടും അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഒടുവില്‍ കോഴിയെ വിറ്റ വീട്ടുകാരെത്തി അക്കാര്യം അറിയിച്ചിട്ടും മര്‍ദനം തുടര്‍ന്നു. ആള്‍ക്കൂട്ടം തല്ലിക്കൊലപ്പെടുത്തിയ വ്യക്‌തിക്ക്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഒരു മനുഷ്യസ്‌നേഹിയേയോ പൗരാവകാശ സ്‌നേഹിയേയോ കണ്ടില്ല. ഒന്നാലോചിക്കുമ്പോള്‍ ഇത്‌ തന്നെയല്ലേ ഉത്തര്‍പ്രദേശിലെ ദാദ്രിയിലും സംഭവിച്ചത്‌.

കുറ്റക്കാരെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരണം

സംശയത്തിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണത്തിന്‌ മുതിരുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്‌. ഇത്തരത്തിലുള്ള സംഭവങ്ങള്‍ തടയാനും നിയമവാഴ്‌ച ഉറപ്പുവരുത്തുവാനും കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക്‌ വലിയ ഉത്തരവാദിത്വമുണ്ട്‌.
പ്രതികള്‍ക്ക്‌ ശിക്ഷ ഉറപ്പാക്കുന്ന പഴുതടച്ച അന്വേഷണം പോലീസ്‌ നടത്തണം. സുപ്രീം കോടതി നിര്‍ദേശം നല്‍കിയ അതേ ദിവസം സ്വാമി അഗ്‌നിവേശിനെ പോലെയൊരു വിശിഷ്‌ട വ്യക്‌തി ആള്‍ക്കൂട്ട ആക്രമത്തില്‍പ്പെട്ടത്‌ ഈ വിഷയത്തിന്റെ ഗുരുതരാവസ്‌ഥ ചൂണ്ടിക്കാട്ടുന്നു.

നിയമം നടപ്പിലാക്കേണ്ടത്‌ തെരുവിലല്ല

ആള്‍ക്കൂട്ടവും സംസ്‌കാരത്തിന്റെയും മതമൗലികവാദികള്‍ക്കും തങ്ങള്‍ക്കും വിരോധമുള്ളവരെയും ദുര്‍ബലരായവരേയും സ്‌ത്രീകളെയും എതിരഭിപ്രായം പറയുന്നവരേയും തെരുവില്‍ കൈകാര്യം ചെയ്യുന്നത്‌ ഇന്ത്യന്‍ ജനാധിപത്യ സമൂഹത്തില്‍ ഇനി ഉണ്ടായിക്കൂടാ. ഇരകള്‍ക്കു സൗജന്യ നിയമസഹായമോ നിരാധാരരായ ദരിദ്രകുടുംബങ്ങള്‍ക്ക്‌ നാമമാത്ര നഷ്‌ടപരിഹാര തുകപോലുമോ നല്‍കാന്‍ ഭരണകൂടങ്ങള്‍ തയാറാകണം.
ഗൃഹനാഥനെയോ അഥവാ ഏക അന്നദാതാവിനെയോ നഷ്‌ടപ്പെട്ട കുടുംബങ്ങള്‍ക്ക്‌ അവര്‍ തലമുറകളായി ജീവിച്ചുപോന്ന ഗ്രാമങ്ങളില്‍ തുടര്‍ന്നു ജീവിക്കാന്‍പോലും കഴിയാത്ത അവസ്‌ഥയാണു സൃഷ്‌ടിക്കപ്പെടുന്നത്‌. രാജ്യത്ത്‌ പടര്‍ന്നുപിടിച്ചിരിക്കുന്ന ആള്‍ക്കൂട്ട നരഹത്യകളുടെയും ആള്‍ക്കൂട്ട നീതിയുടെ പ്രാകൃതവും ഭീഷണവുമായ അന്തരീക്ഷം ഒരു പരിഷ്‌കൃത ജനസമൂഹത്തിന്‌ അപമാനകരമാണ്‌.
ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ പ്രതിച്‌ഛായയ്‌ക്കാണ്‌ ഇടിവുണ്ടാകുന്നത്‌. വിഷയത്തില്‍ സുപ്രിം കോടതി നല്‍കിയ വിവേകപൂര്‍വമായ വിധിയെ മാനിക്കാന്‍ ഭരണകൂടങ്ങള്‍ തയാറാകണം. മൂഢമായ പാരമ്പര്യബോധം, മിഥ്യാഭിമാനം തുടങ്ങിയവയുടെ അടിസ്‌ഥാനത്തില്‍ സമൂഹത്തെ നിര്‍വചിച്ചു തുടങ്ങിയാല്‍ ജനാധിപത്യത്തിന്റെയും രാഷ്‌ട്രത്തിന്റെയും ആധാരശിലകളെയും മനുഷ്യത്വമൂല്യങ്ങളെയും ആള്‍ക്കൂട്ടവാഴ്‌ചയ്‌ക്ക്‌ മുന്നില്‍ അടിയറവ്‌ പറയേണ്ടിവരും. അതുണ്ടാകാതിരിക്കാന്‍ ഭരണകൂട ജാഗ്രതയാണ്‌ ആദ്യം വേണ്ടത്‌.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 25 Jul 2018 02.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW