തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ എല്‍.ഡി. ക്ലര്‍ക്ക്/സബ് ഗ്രൂപ്പ് ഓഫീസര്‍ ഗ്രേഡ്-2 തസ്തികയിലേക്ക് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 64 ഒഴിവുകളുണ്ട്. ഹിന്ദുമതത്തില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് അവസരം. ഓണ്ലൈനിലായാണ് അപേക്ഷിക്കേണ്ടത്.
ശമ്പളം: 19,000-43600 രൂപ.
യോഗ്യത: എസ്.എസ്.എല്‍.സി./തത്തുല്യം.
പ്രായം: 18-36. 2.1.1982-നും 1.1.2000നുമിടയ്ക്ക് (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവര്‍ പിന്നാക്ക വിഭാഗക്കാര്‍ക്ക് നിയമാനുസൃതം വയസിളവ് ലഭിക്കും.
അപേക്ഷാഫീസ്: 300 രൂപ (പട്ടികജാതി/വര്‍ഗക്കാര്‍ക്ക് 200 രൂപ). കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ വെബ്സൈറ്റിലെ പേമെന്റ് ഗേറ്റ്വേ വഴി ഓണ്‍ലൈനായി പണം അടയ്ക്കണം.
അപേക്ഷ: ഉദ്യോഗാര്‍ത്ഥികള്‍ www.krdb.keralagov.in എന്ന വെബ്സൈറ്റില്‍ ഒറ്റത്തവണ രജിസ്ട്രേഷന് നടത്തണം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്തവര്‍ തങ്ങളുടെ യൂസര്‍ ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തശേഷമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. രജിസ്ട്രേഷന് അപ്ലോഡ് ചെയ്യുന്ന ഫോട്ടോ മൂന്ന് മാസത്തിനകം എടുത്തതായിരിക്കണം. ഒരിക്കല്‍ അപ്ലോഡ് ചെയ്ത ഫോട്ടോ തുടര്‍ന്നുള്ള അപേക്ഷാ സമര്‍പ്പണത്തിനും ഉപയോഗിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സൂക്ഷിച്ചുവയ്ക്കണം. ഇത് തപാലില്‍ അയയ്ക്കേണ്ടതില്ല. പാസ്വേഡ് രഹസ്യമായി സൂക്ഷിക്കണം. റിക്രൂട്ട്മെന്റ് ബോര്‍ഡുമായുള്ള കത്തിടപാടുകളില്‍ യൂസര്‍ ഐ.ഡി പ്രത്യേകം രേഖപ്പെടുത്തണം.
അപേക്ഷകളില്‍ മാറ്റം വരുത്തുന്നതിനോ അപേക്ഷ പിന്‍വലിക്കുന്നതിനോ സാധിക്കില്ല. വിദ്യാഭ്യാസ യോഗ്യത, ജാതി, പരിചയം, വയസ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകര്‍പ്പുകള്‍ റിക്രൂട്ട്മെന്റ് ബോര്‍ഡ് ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കിയാല്‍ മതി.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 14 അര്‍ദ്ധരാത്രി 12.
ഇളവുകള്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ താല്‍ക്കാലികമായോ ദിവസവേതനാടിസ്ഥാനത്തിലോ ജോലി ചെയ്തിട്ടുള്ളവര്‍ക്ക് നിയമനങ്ങളില്‍ പ്രത്യേക ഇളവുകള്‍ അനുവദിക്കും. ഒരു വര്‍ഷത്തില്‍ കുറയാത്ത സര്‍വീസ് ഉള്ളവര്‍ക്ക് അവരുടെ ദൈര്‍ഘ്യത്തോളം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. താല്‍ക്കാലിക സേവനം പൂര്‍ത്തീകരിക്കുന്ന ഓരോ മൂന്ന് വര്‍ഷത്തിനും ഒരു മാര്‍ക്ക് എന്ന കണക്കില്‍ പരമാവധി അഞ്ച് മാര്‍ക്കുവരെ ഒ.എം.ആര്. പരീക്ഷയ്ക്ക് അധികം നല്‍കും.
ഉയര്‍ന്ന പ്രായപരിധി 50 വയസില്‍ കവിയാന്‍ പാടില്ലെന്ന വ്യവസ്ഥ വിധേയമായിട്ടാണ് താല്‍ക്കാലികക്കാര്‍ക്ക് പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നത്. ഇതിനായി സര്‍വീസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ജോലിയില്‍ പ്രവേശിച്ച തീയതി, തസ്തിക, ശമ്പളം, സര്‍വീസിന്റെ ദൈര്‍ഘ്യം, ജോലിയുടെ സ്വഭാവം തുടങ്ങിയവ വ്യക്തമാക്കുന്ന സര്‍വീസ് സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഡെപ്യൂട്ടി കമ്മീഷണറില്‍ കുറയാത്ത റാങ്കുള്ള അധികാരിയില്നിന്നുള്ളതാകണം.
റിക്രൂട്ട്മെന്റ് ബോര്‍ഡ് ആവശ്യപ്പെടുന്ന സമയത്ത് ഇത് ഹാജരാക്കണം. താല്‍ക്കാലിക ജീവനക്കാര്‍ അവരുടെ സര്‍വീസ് സംബന്ധിച്ച വിവരങ്ങള്‍ അപേക്ഷയിലും രേഖപ്പെടുത്തണം.