Wednesday, June 26, 2019 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
ശ്രവണം പുണ്യം രാമകഥാമൃതം / പ്രവീണ്‍ ശര്‍മ
Wednesday 25 Jul 2018 02.40 AM

ഊര്‍മ്മിള പാതിവ്രത്യത്തിന്റെ പ്രതീകം

uploads/news/2018/07/236069/re2.jpg

14 വര്‍ഷത്തെ വനവാസത്തിനു ശേഷം രാമലക്ഷ്‌മണന്മാര്‍ സീതാദേവിയോടുകൂടി തിരിച്ചെത്തിയപ്പോള്‍ അയോദ്ധ്യാ നിവാസികളെല്ലാം അവരെ കാണാന്‍ ഓടിയെത്തി. ലക്ഷ്‌മണപത്നിയായ ഊര്‍മ്മിളയെ മാത്രം കണ്ടില്ല.

ലക്ഷ്‌മണന്‍ തേടിച്ചെന്നപ്പോള്‍ ഊര്‍മ്മിള പാചകശാലയില്‍ എല്ലാവര്‍ക്കുമായി ആഹാരം പാകം ചെയ്യുന്ന തിരക്കിലായിരുന്നു. പ്രത്യേകിച്ച്‌ ഒരു ഭാവഭേദവും കാട്ടാതെ ഊര്‍മ്മിള ഭര്‍തൃപാദങ്ങളില്‍ നമിച്ച്‌ ജോലി തുടര്‍ന്നു. വനവാസത്തിനു കൂടെക്കൂട്ടാതിരുന്നതിലുള്ള പരിഭവമോ ഇത്രകാലം പിരിഞ്ഞിരുന്നപ്പോഴുണ്ടായ വിരക്‌തിയോ എന്നോര്‍ത്ത്‌ ലക്ഷ്‌മണന്‍ അസ്വസ്‌ഥനായി.

രാത്രിയില്‍ രാമന്‍ ഊര്‍മ്മിളയുടെ അന്തഃപുരത്തിലേക്കു പോകുന്നതു ലക്ഷ്‌മണന്‍ കണ്ടു. മര്യാദാപുരുഷോത്തമനായ ജ്യേഷ്‌ഠന്‍ തന്നെയോ ഇതെന്നു സംശയിച്ചു.

രാമനറിയാതെ പിന്നാലെ ചെന്നുനോക്കി. ശ്രീരാമദേവന്‍ ഉറങ്ങിക്കിടക്കുന്ന ഊര്‍മ്മിളയുടെ പാദങ്ങള്‍ തൊട്ട്‌ ശിരസില്‍ വയ്‌ക്കുന്നു! ഊര്‍മ്മിള ഉണര്‍ന്ന്‌ അതിശയത്തോടെ ചോദിച്ചു, "അങ്ങെന്താണീ ചെയ്‌തത്‌? എല്ലാവരാലും പൂജിക്കപ്പെടുന്ന അങ്ങ്‌ എന്റെ കാല്‍തൊട്ടു വന്ദിക്കുന്നോ?"
രാമന്‍ പറഞ്ഞു, "സ്‌ഥാനം കൊണ്ട്‌ എന്റെ അനുജത്തിയെങ്കിലും നീ കാണിച്ച ത്യാഗത്തിനു മുന്നില്‍ ഞാന്‍ ശിശുവാണ്‌.

ഭവതിയുടെ ത്യാഗം കൊണ്ടുമാത്രമാണ്‌ എന്റെ കര്‍മ്മങ്ങള്‍ കൃത്യമായി ചെയ്യാന്‍ ലക്ഷ്‌മണനെ കൂടെക്കിട്ടിയത്‌. ഊര്‍മ്മിള ഇവിടെയുള്ളതിനാലാണ്‌ മാതാവിനെ വേണ്ടതുപോലെ ശുശ്രൂഷിച്ച്‌ സമാധാനം നല്‍കിയത്‌.

എല്ലാം മനസിലാക്കി വേണ്ടതുപോലെ ഗൃഹം പരിപാലിക്കാന്‍ ഉത്തമയായ ഗൃഹസ്‌ഥയ്‌ക്കു മാത്രമേ സാധിക്കൂ. അതുകൊണ്ടാണ്‌ ഞാന്‍ ഭവതിയെ നമിച്ചത്‌. പകല്‍ ലക്ഷ്‌മണനും ഭവതിയും ഇതനുവദിക്കില്ല എന്നറിയാവുന്നതിനാലാണു രാത്രിയില്‍ വന്നത്‌."

ഊര്‍മ്മിള പറഞ്ഞു, "പ്രഭോ! അങ്ങയുടെ അനുഗ്രഹം കൊണ്ടു മാത്രമാണ്‌ എനിക്കിതെല്ലാം സാധ്യമായത്‌. വനവാസത്തിന്‌ അങ്ങയോടൊത്തു പോരാന്‍ തീരുമാനിച്ചപ്പോള്‍ എന്റെ പതി എന്റെ വിരഹദുഃഖത്തെപ്പറ്റി ചിന്തിച്ചില്ല. എന്നാല്‍ ദേവാ, അങ്ങ്‌ ആ സമയത്തും എന്റെ അരികിലെത്തി സമാധാനിപ്പിച്ചു.

അപ്പോള്‍ ഞാന്‍ അങ്ങയോടൊരു വരം ആവശ്യപ്പെട്ടു. ഒരു നിമിഷം പോലും എന്റെ പതിയെ പിരിഞ്ഞിരിക്കുന്ന വിഷമം എനിക്കുണ്ടാകരുത്‌. സദാ പതിയോടുകൂടിയിരിക്കുന്ന അനുഭവം എനിക്കു വരമായി തരണം. ആ വരമാണ്‌ എന്നെ എല്ലാ ധര്‍മ്മങ്ങളും അനുഷ്‌ഠിക്കാന്‍ പ്രാപ്‌തയാക്കിയത്‌.

പതിയോടുകൂടി ആനന്ദത്തോടെ ഇരിക്കുന്ന പത്‌നിക്കു മാത്രമേ നല്ല ഗൃഹസ്‌ഥയാകാന്‍ കഴിയൂ."ഇതെല്ലാം കേട്ടുനിന്ന ലക്ഷ്‌മണന്റെ കണ്ണു നിറഞ്ഞു.
അണുകുടുംബങ്ങളായി മാറുന്ന ഇന്നത്തെ തലമുറ പഠിച്ചിരിക്കേണ്ട ഭാഗമാണിത്‌. മാതൃകാപരമായ ഗൃഹസ്‌ഥാശ്രമാധര്‍മ്മങ്ങള്‍ എങ്ങനെ പാലിക്കണമെന്നു രാമായണം ഉദ്‌ബോധിപ്പിക്കുന്നുണ്ട്‌.

ജ്യേഷ്‌ഠനെ ദൈവമായും ജ്യേഷ്‌ഠപത്‌നിയെ അമ്മയായും കണ്ട്‌ അനുഗമിച്ച ലക്ഷ്‌മണന്‍ ത്യാഗത്തിന്റെയും ഭാര്യ ഊര്‍മ്മിള ധര്‍മ്മത്തിന്റെയും ത്യാഗത്തിന്റെയും മാതൃക കാട്ടിത്തന്നു. സ്‌ത്രീയുടെ പൂര്‍ണത പാതിവ്രത്യമാണ്‌. പാതിവ്രത്യത്തിന്റെ ശക്‌തി തപോബലത്തിനു തുല്യമാണ്‌.

***** (ഹരിപ്പാട്‌ സനാതന വേദപാഠശാല ചെയര്‍മാനാണു ലേഖകന്‍ )

Ads by Google
Ads by Google
Loading...
TRENDING NOW