Thursday, November 22, 2018 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 06.02 PM

മോഹന്‍ലാലിനെതിരെ ഗൂഢാലോചന, സര്‍ക്കാര്‍ അന്വേഷിക്കണം; പിന്തുണയുമായി ചലച്ചിത്ര സംഘടനകള്‍

Mohanlal

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടന്‍ മോഹന്‍ലാലിനെ പിന്തുണച്ച് സിനിമ സംഘടനകള്‍. മോഹന്‍ലാലിനെതിരായ വിവാദത്തില്‍ താര സംഘടനയായ അമ്മയും സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയും വിതരണക്കാരും മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മോഹന്‍ലാലിനെ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം സിനിമാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് ഭീമഹര്‍ജി നല്‍കിയിരുന്നു.

പുരസ്‌കാര ചടങ്ങിലേക്ക് അവാര്‍ഡ് ജേതാക്കളെ കൂടാതെ മുഖ്യാതിഥിയെ ക്ഷണിക്കുന്നതിനെ എതിര്‍ത്തു കൊണ്ടായിരുന്നു ഭീമഹര്‍ജി. മോഹന്‍ലാലിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ഹര്‍ജിയെങ്കിലും അദ്ദേഹത്തെ ലക്ഷ്യമിട്ടായിരുന്നു സംഘടിത പ്രചരണം. തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജിന്റെ ഉള്‍പ്പെടെ ഒപ്പിട്ടായിരുന്നു ഭീമഹര്‍ജി. എന്നാല്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് പ്രകാശ് രാജ് വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി ചലച്ചിത്ര സംഘടനകള്‍ രംഗത്ത് വന്നത്. മോഹന്‍ലാലിനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ചലച്ചിത്ര സംഘടനകള്‍ ആരോപിച്ചു. സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണമെന്നും സംഘടനകള്‍ സംയുക്തമായി നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. ക്ഷണിക്കാത്ത ആളെ ഒഴിവാക്കണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഇതിന് പിന്നില്‍ ലാലിനെതിരായ ഗൂഢാലോചനയുണ്ട്-കത്തില്‍ പറയുന്നു.

മോഹന്‍ലാലിനെതിരായ ഭീമഹര്‍ജിയില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് പ്രകാശ് രാജ് വ്യക്തമാക്കിയതിന് പിന്നാലെ ക്യാമറമാന്‍ സന്തോഷ് തുണ്ടിയിലും വ്യക്തമാക്കിയിരുന്നു. ഇതോടെ വിശദീകരണവുമായി സംവിധായകന്‍ ഡോ. ബിജു രംഗത്ത് വന്നു. ഹര്‍ജി മോഹന്‍ലാലിന് എതിരെ ആയിരുന്നില്ലെന്നും ഏതൊരു താരത്തേയും ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്നുമാണ് ആവശ്യപ്പെട്ടതെന്നും ഡോ. ബിജു വ്യക്തമാക്കി.

വിവാദം തുടരുന്നതിനിടെ തന്നെ ക്ഷണിച്ചിട്ടില്ലെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ''എന്നെ ക്ഷണിച്ചാല്‍ തന്നെ പോകണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു ഞാനാണ്. ക്ഷണിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. എല്ലാക്കാലത്തും സര്‍ക്കാരുകളോട് രാഷ്ട്രീയം നോക്കാതെ ബഹുമാനത്തോടെയാണു പെരുമാറിയിട്ടുള്ളത്. അവാര്‍ഡ് കിട്ടിയതും കിട്ടാത്തതുമായ ചടങ്ങുകള്‍ക്ക് മുന്‍പും ഞാന്‍ പോയിട്ടുണ്ട്. ഇപ്പോള്‍ ക്ഷണംപോലും കിട്ടാത്ത കാര്യത്തെക്കുറിച്ച് എങ്ങനെയാണു പ്രതികരിക്കുക വിവാദത്തെക്കുറിച്ച്. ഞാനിപ്പോള്‍ സമാധാനത്തോടെ വണ്ടിപ്പെരിയാറ്റില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണെന്നും അതാണ് തന്റെ ജോലിയെന്നും ​മോഹന്‍ലാല്‍ പറഞ്ഞു''

മോഹന്‍ലാലിനെ ക്ഷണിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ കമലും വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
TRENDING NOW