Wednesday, December 12, 2018 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 03.42 PM

ഭാഗ്യനായിക

''ലവ് 24x7 എന്ന ചിത്രത്തിന് ശേഷം അരവിന്ദന്റെ അതിഥികളിലൂടെ വീണ്ടും മലയാളികളുടെ ഹൃദയം കീഴടക്കിയ നിഖില വിമലിന് പറയാനുള്ളത്...''
uploads/news/2018/07/235868/nikhilavimalINW240718a.jpg

സത്യന്‍ അന്തിക്കാടിന്റെ ഭാഗ്യദേവതയിലൂടെ സിനിമയിലേക്കെത്തിയ നായിക, നിഖില വിമല്‍. പിന്നീട് ലവ് 24x7 ദിലീപിന്റെ നായികയായെത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി ആ പെണ്‍കുട്ടിയെ സ്വീകരിച്ചു. ഇത് വിജയചിത്രമായിട്ടുപോലും നിഖിലയെ മലയാള ചിത്രങ്ങളിലൊന്നും കണ്ടില്ല. എങ്കിലും ഇതിനിടയില്‍ തമിഴ്, തെലുങ്ക് ഭാഷകളിലെ ശ്രദ്ധേയയായ നടിയായി നിഖില മാറി.

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളസിനിമയിലേക്ക് നിഖില തിരിച്ചെത്തി. മടങ്ങിവരവിന്റെ നാളില്‍ നിഖിലയ്ക്ക് പറയാനേറെയുണ്ട്.

മലയാളസിനിമയില്‍ നിന്നും ഇടവേളയെടുത്തതിന്റെ കാരണം ?


ഇതൊരു ഇടവേളയായി തോന്നുന്നില്ല. തമിഴിലും തെലുങ്കിലും സജീവമായിരുന്നു. പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതിനുമപ്പുറമാവണം എന്നൊരു ചിന്തയുണ്ടായിരുന്നു. അരവിന്ദന്റെ അതിഥികളിലെ കഥാപാത്രം വളരെ മികച്ചതായിരുന്നു.

ഇത്രയും കാമ്പുള്ളൊരു കഥാപാത്രമായതുകൊണ്ട് പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നൊരു പേടിയുണ്ടായിരുന്നു. അരവിന്ദന്റെ അതിഥികള്‍ ഹിറ്റായപ്പോള്‍ ആ പേടി മാറി. സിനിമയെ മലയാളികള്‍ സ്വീകരിച്ചു.

മറ്റു ഭാഷകളില്‍ ചെയ്ത കഥാപാത്രങ്ങളെക്കുറിച്ച് ?


തമിഴിലും തെലുങ്കിലും ഒട്ടനവധി കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. ഇവിടുത്തെ സിനിമാ ലൊക്കേഷന്‍ പോലെ എപ്പോഴും കളിയും ചിരിയും തമാശകളൊന്നും അവിടില്ല. ഇടവേളകളില്‍ പോലും സിനിമയെക്കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകള്‍ മാത്രം.

തെലുങ്ക് വശമില്ലാത്തതുകൊണ്ട് എല്ലാവരോടും സംസാരിക്കാനൊന്നും സാധിക്കാറില്ലായിരുന്നു. പക്ഷേ തമിഴ് സംസാരിക്കാന്‍ വലിയ പ്രയാസമില്ല.

എം.ശശികുമാറിന്റെ നായികയുമായല്ലോ ?


ശശികുമാര്‍ സാറിന്റെ രണ്ട് സിനിമകളിലും ഞാന്‍ നായികയായിരുന്നു. അതുമൊരു ഭാഗ്യം. വെട്രിവേല്‍, കിടാരി എന്നീ ചിത്രങ്ങളാണ് സാറിനൊപ്പം ചെയ്തത്. വെട്രിവേലിലെ അഭിനയം കണ്ടിട്ടാണ് കിടാരിയിലേക്ക് വിളിച്ചത്. രണ്ടിലേയും കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒപ്പം സിനിമയും.

വെള്ളിത്തിരയ്ക്ക് പുറമേ നൃത്തത്തിലും സജീവമാണെന്ന് കേട്ടിട്ടുണ്ടല്ലോ ?


അമ്മ കലാമണ്ഡലം വിമലാദേവിയില്‍ നിന്ന് കിട്ടിയതാണ് നൃത്തത്തിനോടുള്ള ഇഷ്ടം. ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം അങ്ങനെയെല്ലാം പഠിച്ചിട്ടുണ്ട്. പക്ഷേ അമ്മയെന്നെ നൃത്തം പഠിപ്പിച്ചിട്ടേയില്ല. അമ്മയ്‌ക്കൊപ്പം നൃത്തം കളിക്കാന്‍ എനിക്ക് ചമ്മലാണ്.

ഷൂട്ടിംഗിന് അമ്മ ഒപ്പമുണ്ടെങ്കിലും ഞാ ന്‍ അഭിനയിക്കുന്നിടത്തേക്കു വരാറില്ല. ജീവിതത്തില്‍ അമ്മയെന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. നൃത്തത്തിനും കുടുംബത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന അമ്മയോട് ഏറെ ബഹുമാനം തോന്നിയിട്ടുണ്ട്.

uploads/news/2018/07/235868/nikhilavimalINW240718b.jpg

മൂകാംബികയിലായിരുന്നല്ലോ അരവിന്ദന്റെ അതിഥികളുടെ ഷൂട്ടിംഗ് ?


മൂകാംബിക എനിക്കെന്നും പ്രിയപ്പെട്ടതാണ്. എന്നെ എഴുത്തിനിരുത്തിയത് മൂകാംബികയിലായിരുന്നു. മുതിര്‍ന്ന ശേഷം ഒരു പ്രോഗ്രാം അവതരിപ്പിക്കാനും പോയിട്ടുണ്ട്. പിന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സിനിമയ്ക്ക് വേണ്ടിയാണ് പോയത്.

15 ദിവസം മൂകാംബികയിലും 15 ദിവസം കുംഭകോണത്തുമായിരുന്നു ഷൂട്ടിംഗ്. അമ്പലത്തിന്റെ തൊട്ടടുത്തായിരുന്നു താമസിച്ചത്. അതുകൊണ്ട് എന്നും രാവിലെ തൊഴാന്‍ പറ്റുമായിരുന്നു. പോസിറ്റീവ് എനര്‍ജിയാണ് മൂകാംബിയിലെത്തുമ്പോള്‍ കിട്ടുന്നത്.

സിനിമയില്‍ സര്‍വ്വഞ്ജപീഠത്തിലേക്ക് കയറുന്നൊരു സീനുണ്ട്. രാവിലെ നാലര മുതല്‍ അതിന്റെ ഷൂട്ടിംഗ് തുടങ്ങി. സര്‍വ്വഞ്ജപീഠത്തില്‍ കയറിച്ചെന്നതൊക്കെ മറക്കാനാവാത്ത അനുഭവമായിരുന്നു.

സീനിയര്‍ താരങ്ങളായിരുന്നല്ലോ ചിത്രത്തിലേറെയും ?


അതെ. പക്ഷേ എനിക്ക് പേടിയൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ലവ് 24 റ്റ7ല്‍ നല്ല പേടിയായിരുന്നു. ആ സിനിമ കഴിഞ്ഞതോടെ അവരോടുള്ള ബഹുമാനം കൂടി.

പക്ഷേ അരവിന്ദന്റെ അതിഥികള്‍ റിലീസായതിന് ശേഷം പലരും പറഞ്ഞു, ശരിക്കും ഞാന്‍ ചേച്ചിയുടെ മകളാണെന്ന് തോന്നിയെന്ന്. അത്രയും നന്നായിരുന്നു എന്ന്. സത്യത്തില്‍ അതിന്റെ ക്രെഡിറ്റ് ഉര്‍വ്വശിച്ചേച്ചിക്കാണ്.

പരിചയമില്ലാത്തവരോട് അങ്ങോട്ട് ചെന്ന് സംസാരിക്കാന്‍ അല്പം ബുദ്ധിമുട്ടുള്ള വ്യക്തിയാണ് ഞാന്‍. ഷൂട്ടിംഗിനെത്തിയപ്പോള്‍ എല്ലാവരോടും സംസാരിക്കാന്‍ എനിക്കൊരു ചമ്മലായിരുന്നു.

പക്ഷേ ഉര്‍വ്വശിച്ചേച്ചി എപ്പോഴും കൂടെ നിന്ന് എല്ലാക്കാര്യങ്ങളും പറയുമായിരുന്നു. ഒപ്പമുള്ളവരെ എങ്ങനെ കംഫര്‍ട്ടബിളാക്കണമെന്ന് ചേച്ചിക്ക് നന്നായിട്ടറിയാം.

ഷൂട്ടിംഗ് തീര്‍ന്നപ്പോഴേക്കും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ചേച്ചി ഭക്ഷണമുണ്ടാക്കുന്നതിനെക്കുറിച്ചും വീട്ടു വിശേഷങ്ങളെക്കുറിച്ചും പറയുമായിരുന്നു.

ശ്രീനിയങ്കിളിനൊപ്പം മുമ്പും അഭിനയിച്ചിട്ടുള്ളതുകൊണ്ട് വലിയ പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല. വിനീതേട്ടന്‍ നല്ല കമ്പനിയാണ്. സീനിയര്‍ താരങ്ങള്‍ ഒരുപാട് പേരുണ്ടായിരുന്നെങ്കിലും ആരും സീനിയോരിറ്റി കാണിക്കാറേയില്ലായിരുന്നു.

അരവിന്ദന്റെ അതിഥികള്‍ ഹിറ്റായതോടെ ആരാധകരുടെ എണ്ണം കൂടിക്കാണുമല്ലോ ?


അങ്ങനെ പറയാനാവില്ല. പക്ഷേ മുമ്പത്തേക്കാളധികം ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്. വീട്ടിലുള്ളപ്പോഴെല്ലാം നാട്ടിലൊക്കെ കറങ്ങി നടക്കാറുണ്ട്. പക്ഷേ സിനിമാനടിയാണ് എന്നൊരു തോന്നല്‍ ഇപ്പോഴും എനിക്ക് തോന്നിയിട്ടില്ല.

സുന്ദരിയാണല്ലോ. സൗന്ദര്യരഹസ്യം ?


വലിയ സുന്ദരിയാണെന്ന് തോന്നിയിട്ടില്ല. പ്രത്യേകിച്ചൊന്നും ചെയ്യാറില്ല. മേക്കപ്പ് ചെയ്യാനൊന്നും വലിയ ഇഷ്ടമില്ല. ആരെങ്കിലും ചെയ്ത് തന്നാല്‍ കൊള്ളാം.

വീട്ടിലുള്ളപ്പോഴും പുറത്ത് പോകുമ്പോഴുമെല്ലാം മേക്കപ്പൊന്നും ചെയ്യാതെയാണ് നടക്കാറ്. നീയൊരു സിനിമാനടിയല്ലേ. കുറച്ചൊക്കെ ഒരുങ്ങി നടന്നൂടേ?? എന്ന് അച്ഛനും അമ്മയുമൊക്കെ കളിയാക്കി ചോദിക്കാറുണ്ട്.

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് വിവാദങ്ങളേറെയുണ്ടാകുന്നുണ്ടല്ലോ? നിഖിലയ്ക്ക് എന്തെങ്കിലും അനുഭവം ?


എനിക്കിന്നേ വരെ അങ്ങനൊരനുഭവം ഉണ്ടായിട്ടില്ല. കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. വളരെ ചുരുക്കം സിനിമകള്‍ മാത്രം തെരഞ്ഞെടുത്ത് ചെയ്യുന്നതുകൊണ്ട് ഇതുവരെ അത്തരം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.

എനിക്ക് നന്നായറിയാവുന്നവര്‍ വഴി വരുന്ന ചിത്രങ്ങള്‍ മാത്രമേ ചെയ്യാറുള്ളൂ. അധികം പരിചയമില്ലാത്തവര്‍ ഓഫറുമായി സമീപിക്കുമ്പോള്‍ അവരെക്കുറിച്ച് അന്വേഷിച്ച ശേഷമേ സിനിമ ചെയ്യൂ.

uploads/news/2018/07/235868/nikhilavimalINW240718.jpg

സിനിമയും പഠനവുമെങ്ങനെ മുമ്പോട്ട് കൊണ്ടുപോകുന്നു ?


കണ്ണൂര്‍ സര്‍ സെയ്ദ് കോളജില്‍ നിന്നു ബോട്ടണിയില്‍ ബിരുദമെടുത്തു. പി.ജി ചെയ്യണമെന്നുണ്ട്. തളിപ്പറമ്പിലാണ് എന്റെ വീട്. അച്ഛന്‍ പവിത്രന്‍ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലാണ്. അമ്മ ഡാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്നുണ്ട്. ചേച്ചി ഡല്‍ഹിയില്‍ ജെ. എന്‍.യുവില്‍ പി.എച്ച്ഡി ചെയ്യുന്നു.

റിലീസാകാനുള്ള സിനിമകള്‍?


രംഗ എന്ന തമിഴ് സിനിമ. മലയാളത്തില്‍ ഇതുവരെ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല.

വായനയോടും പാചകത്തിനോടും ഏറെയിഷ്ടമുണ്ടെന്ന് കേട്ടിട്ടുണ്ടല്ലോ?


പാചകം ചെയ്യാനേറെയിഷ്ടമാണ്. ബിരിയാണി നന്നായി വയ്ക്കും. കുക്കറിഷോ കാണാനൊക്കെ വലിയ താല്പര്യമുണ്ട്. സമയം കിട്ടുമ്പോഴെല്ലാം വായിക്കാറുണ്ട്.

വൈക്കം മുഹമ്മദ്ദ് ബഷീറിന്റേയും സന്തോഷ് എച്ചിക്കാനത്തിന്റേയും ഉണ്ണി ആറിന്റേയും എഴുത്താണ് ഏറെയിഷ്ടം. ഞാന്‍ ഇവരുടെ വലിയ ആരാധികയാണ്.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
Ads by Google
Loading...
TRENDING NOW