കോട്ടയം: കന്യാസ്ത്രീ നല്കിയ ബലാത്സംഗ പരാതിയില്‍ ചോദ്യം ചെയ്യാനോ അറസ്റ്റിനോ പോലീസ് ബിഷപ്പ് ഹൗസില്‍ എത്തിയാല്‍ കായികമായി നേരിടാന്‍ എല്ലാ ഒരുക്കങ്ങളുമായി ബിഷപ്പ് ഫ്രാങ്കോയുടെ 'സൈന്യവും'. ആശ്രമത്തിലെ യുവതികളെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ദേരാ സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹിം സിംഗ് പോലീസിനെ നേരിടാന്‍ സ്വീകരിച്ചതിനു സമാനമായ സന്നാഹമാണ് ബിഷപ്പ് ഫ്രാങ്കോയും ചെയ്യുന്നതെന്നാണ് അവിടെനിന്നുള്ള റിപ്പോര്‍ട്ടുകള്‍. രൂപതയുടെ കരിസ്മാറ്റിക് ചാനലായ 'പ്രാര്‍ത്ഥനാ ഭവന്' വഴിയാണ് വിശ്വാസികളെ ഇതിനായി പ്രേരിപ്പിക്കുന്നത്. രൂപതയിലെ പല സംഘടനകളും വിളിച്ചുചേര്‍ത്ത് ബിഷപ്പിന് പിന്തുണ നല്കാന് വിശ്വസികളോട് ആവശ്യപ്പെടുകയാണ്. എന്നാല്‍ എന്തു പ്രതിസന്ധി വന്നാലും നേരിടാനുള്ള ശേഷിയുണ്ടെന്ന് പഞ്ചാബ് പോലീസും വ്യക്തമാക്കി. റാം റഹിമിനെ പിടികൂടിയതാണ് പോലീസ് ഇതിനു മറുപടിയായി ചൂണ്ടിക്കാട്ടുന്നത്.
പ്രാര്‍ത്ഥനാ ഭവന് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഗുരുദാസ്പുര്‍ ഇടവകയില്‍ നിന്നുള്ള ഒരു വീഡിയോയില്‍ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ ഏതു നടപടിയേയും തങ്ങള്‍ നേരിടുമെന്നാണ് ജനങ്ങള്‍ പറയുന്നത്. ബിഷപ്പിനെ തൊട്ടാല്‍ തങ്ങള്‍ വെറുതെ ഇരിക്കില്ലെന്നും ഇവര്‍ പറയുന്നു. വിശ്വാസികള്‍ ഫ്രാങ്കോയ്ക്ക് ഒപ്പമാണെന്ന് അവിടെയുള്ളവരെ തോന്നിപ്പിക്കുന്നതിനു കൂടിയാണ് ഈ നീക്കം. ഇതിനു ചുക്കാന്‍ പിടിക്കുന്നതാകട്ടെ, മറ്റു പല രൂപതകളില്‍ നിന്നും ആരോപണങ്ങള്‍ നേരിട്ട് പുറത്തുപോകേണ്ടിവന്നവരും ഇപ്പോള്‍ ഫ്രാങ്കോയുടെ തണലില്‍ കഴിയുന്നവരുമായ വൈദികരും. ഫ്രാങ്കോ തട്ടിക്കൂട്ടിയ പുതിയ സഭയില്‍ അംഗങ്ങളായ ഇവര്‍, ബിഷപ്പ് അകത്തുപോയാല്‍ തങ്ങളുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലാകുമെന്ന ഭയമാണ്. ഇവരില്‍ പലരും ഇപ്പോഴും പലവിധ ആരോപണങ്ങള്‍ നേരിടുന്നവരുമാണ്. സംരക്ഷണസേനയിലെ മുന്‍നിര പോരാളിയായ ഒരു വൈദികന് ഡല്‍ഹിയില്‍ രണ്ട് വീട്ടമ്മമാരുമായി 'കാര്യമായ' ഇടപാടുകള്‍ ഉണ്ടെന്നും പറയപ്പെടുന്നു.
രൂപതയിലെ സംഘടനകളെയാണ് ബിഷപ്പ് ഫ്രാങ്കോ ഉപയോഗിക്കുന്ന മറ്റൊരു ആയുധം. ബിഷപ്പിന് പിന്തുണ പ്രഖ്യാപിക്കാന്‍ തിങ്കളാഴ്ച പഞ്ചാബ് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫ്രണ്ട് (പി.യു.സി.എഫ്.) യോഗം ബിഷപ്പ് ഹൗസില്‍ ചേര്‍ന്നിരുന്നു. പരമാവധി ആളുകളെ ഹൗസിലേക്ക് എത്തിക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ സംഘടനയിലെ ചിലര്‍ ഇതിനെ എതിര്‍ക്കുകയും ചെയ്തു. 'ബിഷപ്പിന്റെ ഈ നടപടി ശരിയല്ല, നിങ്ങള്‍ ക്രിസ്തുവിന്റെ മുന്നിലാണ് പ്രതിരോധം തീര്‍ക്കേണ്ടത്' എന്നായിരുന്നു ഒരാള്‍ മറുപടി നല്‍കിയത്. ഇതേതുടര്‍ന്ന് ഇദ്ദേഹത്തെ സംഘടനയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. പരമാവധി ആളുകളെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിച്ച് ബിഷപ്പിന് പിന്തുണ അറിയിക്കാനാണ് യോഗത്തിന്റെ തീരുമാനം.
വിശ്വാസികളിലും വൈദികരിലും ഭിന്നിപ്പ് ഉണ്ടാക്കാനാണ് പി.യു.സി.എഫിനെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. എതിര്‍ക്കുന്നവരെ എല്ലാം വിമതരായി മുദ്രകുത്തും. ബിഷപ്പിന് അനുകൂല സാഹചര്യം കേരളത്തില്‍ സൃഷ്ടിക്കുന്നതിനായി ആറോളം വൈദികരെയാണ് കേരളത്തിലേക്ക് അയച്ചിരിക്കുന്നത്. ഇവര്‍ക്ക് വിമാനടിക്കറ്റിനു മാത്രമായി ഇതിനകം മൂന്നു ലക്ഷം രൂപ ചെലവഴിച്ചുകഴിഞ്ഞു.
എതിര്‍ക്കുന്നവരെ ഏതുവിധേയനും ഭയപ്പെടുത്തി നിശബ്ദനാക്കുന്ന രീതിയാണ് ഫ്രാങ്കോയും അദ്ദേഹത്തിന്റെ അനുയായികളും നടത്തുന്നത്. എന്തെങ്കിലും പറയുന്നവരെ വീട്ടുകാരെ ഉപയോഗിച്ച് വരെ സമ്മര്‍ദ്ദിലാക്കാന്‍ ശ്രമിക്കുന്നു. പയറ്റിതെളിഞ്ഞ രാഷ്ട്രീയക്കാരാണ് ബിഷപ്പ് ഫ്രാങ്കോ. തങ്ങളുടെ ജൂനിയറായ വൈദികരെ ഉപയോഗിച്ച് വരെ തങ്ങളെ തേജോവധം ചെയ്യുന്നു. അതുകൊണ്ട് എന്തെങ്കിലും പുറത്തുപറയാന്‍ വൈദികര്‍ക്ക് പേടിയാണ്. ഞങ്ങളുടെ സഹോദരിമാരായ കന്യാസ്ത്രീകളെ മാധ്യമങ്ങളില്‍ വന്നിരുന്ന് ചിലര്‍ അവരുടെ മാനത്തിന് ഒരു വിലയും കല്പിക്കാതെ വലിച്ചുകീറുന്നത് കണ്ടപ്പോഴാണ് ചിലരെങ്കിലും അവര്‍ക്കു വേണ്ടി പ്രതികരിക്കാന്‍ തയ്യാറായത്. ഇതുപോലെ ഒരു അവസ്ഥയിലേക്ക് എത്തിച്ചേരുമെന്ന് ഒരിക്കലും കരുതിയില്ല. എല്ലാവരും ഒറ്റക്കെട്ടായി അവരെ ആക്രമിക്കുകയാണ്. ഇതെല്ലാം കണ്ട് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലല്ലോ എന്ന വേദനയാണ്. പ്രാര്‍ത്ഥിക്കാന്‍ പോലും കഴിയുന്നില്ല. കര്‍ത്താവിന്റെ മുന്നില്‍ പോയിരുന്ന് കരയാന്‍ മാത്രമേ ഞങ്ങള്‍ക്ക് കഴിയുന്നുള്ളൂ. അതുകൊണ്ട് സത്യം പുറത്തുവരട്ടെ എന്താണ് ഞങ്ങളുടെ പ്രാര്‍ത്ഥന- വൈദികര്‍ പറയുന്നു
ബിഷപ്പ് കഴിഞ്ഞ ദിവസം നല്കിയ അഭിമുഖത്തിലെ ആരോപണങ്ങള്‍ക്കും വൈദികര്‍ മറുപടി നല്കി. തനിക്കെതിരെ സംസാരിക്കുന്നവരുടെയെല്ലാം ലക്ഷ്യം തന്റെ തൊപ്പി തെറിപ്പിക്കുക എന്നതാണെന്നും അതിന്റെയെല്ലാം പിന്നില്‍ ബിഷപ്പ് പദവി മോഹിച്ചിരുന്ന ഒരു വൈദികനാണെന്നുമുള്ള ബിഷപ്പ് ഫ്രാങ്കോയുടെ ആരോപണം അവിടെ നിന്നുളള വൈദികര്‍ തള്ളിക്കളഞ്ഞു. അത് ശുദ്ധ അസംബന്ധമാണ്. എങ്ങിനെയെങ്കിലും വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിത്. പുതിയ ബിഷപ്പിനെ കുറിച്ച് ചര്‍ച്ച നടന്ന കാലത്ത് രൂപതയിലെ പല അച്ചന്മാര്ക്കും ഞങ്ങള്‍ സാധ്യത പറഞ്ഞിരുന്നു. ബിഷപ്പായി ഫ്രാങ്കോ എത്തിയതോടെ ആ വിഷയത്തിലെ ചര്‍ച്ച അവിടെ നിന്നു. ബിഷപ്പും അദ്ദേഹത്തിനുകൂടെ ചുറ്റിപ്പറ്റി നില്ക്കുന്നവരുമാണ് ഇപ്പോള്‍ അടിച്ചിറക്കുന്ന ഈ കഥയ്ക്ക് പിന്നില്‍.
കന്യാസ്ത്രീയുടെ വൈദ്യപരിശോധനയില്‍ അവര്‍ പീഡനത്തിന് ഇരയായതായി കണ്ടെത്തിയത് അവര്‍ക്കെതിരെ മുന്‍പ് ഉയര്‍ന്ന ആരോപണം ശരിയാണെന്നതിന്റെ തെളിവാണെന്ന് ബിഷപ്പ് പറയുന്നത് വെറും മെനഞ്ഞെടുക്കുന്ന കഥയാണ്. വക്രദൃഷ്ടിക്കാരായ ചില വൈദികരാണ് ഈ കഥയ്ക്കു പിന്നില്‍. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ ഒരുപാട് ആരോപണങ്ങള്‍ മുന്‍പ് കേട്ടിരുന്നുവെങ്കിലും ആരെങ്കിലും അന്വേഷണത്തിന് വന്നാല്‍ കൊടുക്കാന്‍ ഞങ്ങളുടെ പക്കല്‍ തെളിവില്ലായിരുന്നു. ബിഷപ്പില്‍ നിന്ന് ക്രൂരമായ പെരുമാറ്റം ഉണ്ടെന്ന് പലപ്പോഴും ഈ കന്യാസ്ത്രീ പറഞ്ഞിരുന്നു. എന്നാല്‍ അത് ഇത്തരത്തിലുള്ള പീഡനമാണെന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. കന്യാസ്ത്രീ എന്നനിലയില്‍ അവര്‍ക്ക് പലതും തുറന്നുപറയുന്നതില്‍ ബുദ്ധിമുട്ടുണ്ടായിരുന്നു.
ബിഷപ്പ് ഫ്രാങ്കോ നാലഞ്ചു ദിവസമായി വലിയ ആത്മ വിശ്വാസത്തിലും സന്തോഷത്തിലുമാണ്. തന്നെ ആരും തൊടില്ല എന്നാണ് അദ്ദേഹം നല്കുന്ന സൂചന. അന്വേഷണം കേരളത്തില്‍ നിന്ന് അവിടേക്ക് എത്തില്ലെന്ന് കിട്ടിയ ഉറപ്പായിരിക്കാം ഇതിനു പിന്നിലെന്ന് ചില വൈദികര്‍ സംശയിക്കുന്നു. ലത്തീന്‍ കത്തോലിക്കാ ബിഷപ്പുമാരുടെ സംഘടനയായ സിസിബിഐ നടത്തുന്ന അന്വേഷണം പ്രഹസനമാണോയെന്നും ഇവര്‍ ഭയക്കുന്നു. ഫ്രാങ്കോയെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് സിസിബിഐയില് നിന്നും വത്തിക്കാന്‍ പ്രതിനിധിക്ക് പോകുമോ എന്നാണ് ഇവരുടെ ആശങ്ക.
വത്തിക്കാനില്‍ നിന്ന് എന്തെങ്കിലും നടപടി കഴിയുന്നതും വേഗം സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. വത്തിക്കാന്‍ ഇതെല്ലാം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടുകള്‍ കുറെ കാലങ്ങളായി പോകുന്നുണ്ടായിരുന്നു. ബിഷപ്പിന്റെ പ്രവര്‍ത്തനശൈലിയും മനുഷ്യരെ അടിച്ചമര്‍ത്തുന്ന രീതിയും ലൈംഗിക അരാജകത്വവും എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു. ഇതെല്ലാം വത്തിക്കാന്‍ അറിയാം എന്നാണ് കരുതുന്നത്. രൂപതയുടെ പണമെടുത്താണ് ഫ്രാങ്കോ ഈ പ്രചാരണം മുഴുവന്‍ നടത്തുന്നത്. വത്തിക്കാന്‍ ഇടപെടല്‍ വരുമ്പോഴേക്കും രൂപത പാപ്പരായി കഴിഞ്ഞിരിക്കും. സമര്‍പ്പിത ജീവിതം എന്നതിന് ഇവിടെ ഒരു വിലയുമില്ലാതായി. ഈ കന്യാസ്ത്രീയാണ് അവരുടെ സന്യാസിനി സഭയെ ഇത്രയും വളര്‍ത്തിയത്. എല്ലാവരും പരസ്പരം അടുത്തറിയുന്ന കന്യാസ്ത്രീകളുമാണ്. എന്നിട്ടും അവരെ ചിലര്‍ കുറ്റപ്പെടുത്തുന്നത് കാണുമ്പോള്‍ മനസ്സ് നീറുകയാണ്.
സഭ കൂടുതല്‍ അവഹേളിക്കപ്പെടാതിരിക്കാന് സത്യം പുറത്തുവരണം. ഈ കന്യാസ്ത്രീകളും നമ്മുടെ സഹോദരിമാരാണ്. ദുരനുഭവം നേരിടുന്ന കന്യാസ്ത്രീകള്‍ക്ക് ഒന്നും തുറന്നുപറയാന്‍ കഴിയുന്നില്ല. പ്രതികരിക്കുന്നവര്‍ക്ക് സഭവിട്ടുപോകേണ്ട അവസ്ഥയും വന്നു. നമ്മുടെ ഈ സഹോദരിമാര്‍ ജലന്ധര്‍ രൂപതയ്ക്ക്് വേണ്ടി സ്വയം അര്‍പ്പിച്ച് മുന്നോട്ടുവന്നവരാണ്. അവര്‍ക്ക് ഇങ്ങനെയൊരു ഗതി വരാന്‍ കാരണക്കാര്‍ ആരാണെന്ന് ചിന്തിക്കണം. ബിഷപ്പിന്റെ പേരിലുള്ള ആരോപണമായാലും ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ പറ്റുന്നതല്ല. അത് മുതലാക്കിയാണ് അദ്ദേഹം ഇത്തരം പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത്. പക്ഷേ പലര്‍ക്കും ബിഷപ്പിന്റെ സ്വഭാവം അറിയാം. നല്ല അനുഭവങ്ങളും കിട്ടിയിട്ടുണ്ട്. ഈ അനുഭവങ്ങളെല്ലാം പോലീസ് എത്തുമ്പോള്‍ നേരിട്ടു പറയാമെന്നാണ് ഞങ്ങളുടെ വിശ്വാസം.
കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം പറയാം. ഗഖലന്‍ സെന്റ് മേരീസ് ഇടവകയില്‍ പുതിയ പളളിയുടെ വെഞ്ചിരിപ്പ് കര്‍മ്മം നടക്കുകയായിരുന്നു. ബിഷപ്പ് എത്തിയപ്പോള്‍ അദ്ദേഹം ആഗ്രഹിച്ചപോലെ കുതിരപ്പുറത്ത് കയറ്റിയുള്ള എഴുന്നള്ളിപ്പും നോട്ടുമാല ഇട്ടുള്ള സ്വീകരണവും വാദ്യമേളങ്ങളും ഒന്നും കിട്ടിയില്ല. അതിന്റെ ദേഷ്യം മുഴുവന്‍ പ്രസംഗത്തിനിടെ വികാരിയച്ചനോട് തീര്‍ത്തു. ചടങ്ങിനെത്തിയ അതിഥികളുടെ മുഴുവന്‍ പേരെടുത്ത് പറഞ്ഞ ബിഷപ്പ് വികാരിയച്ചനെ കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ല. ഈ പള്ളി പണിക്ക് വികാരിയുടെ സംഭാവന ചെറുതാണെന്ന് വരെ പറഞ്ഞു. അതിനെ വിശ്വാസികളും കന്യാസ്ത്രീകളും എതിര്‍ത്തു. അച്ചന്റെ ശ്രമഫലമാണ് പള്ളിപണി പൂര്‍ത്തിയായതെന്ന് അവര്‍ മറുപടി നല്കി. ഉടനെവന്നു അടുത്ത പണി, വെഞ്ചിരിപ്പിനൊപ്പം തന്നെ പുതിയ വികാരിയെ നിയമിക്കുകയാണ് പള്ളിയുടെ താക്കോല്‍ അദ്ദേഹത്തിന് നല്കാന് നിര്‍ദേശിച്ചു. ഇതിനേയും ഇടവകാംഗങ്ങള്‍ എതിര്‍ത്തു. ഇത്രയും കഷ്ടപ്പെട്ട് ഒരു പള്ളി പണിത വൈദികനൊപ്പം ഒരു ബലി അര്‍പ്പിക്കാതെ അദ്ദേഹത്തെ പറഞ്ഞയക്കാന്‍ കഴിയില്ലെന്നായിരുന്നു ഇടവകാംഗങ്ങളുടെ നിലപാട്. അവിടെയും തോറ്റുപോയ ഫ്രാങ്കോയ്ക്ക് പിന്നീട ഉത്തരമുണ്ടായില്ല. ഇങ്ങനെയാണ് തനിക്ക് ഇഷ്ടക്കുറവുള്ളവരോട് ഫ്രാങ്കോ പ്രതികാരം തീര്‍ക്കുന്നത്.
വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും മാധ്യമങ്ങളും കൂടുതല്‍ ഊര്‍ജിതമായി ഇടപെട്ടാല്‍ മാത്രമേ ആ കന്യാസ്ത്രീക്ക് നീതി കിട്ടു. പോലീസില്‍ നിന്ന് സാവകാശം കിട്ടുന്നത് അനുസരിച്ച് തനിക്ക് അനുകൂലമായി ആളുകളെ ഇളക്കിവിട്ടുകൊണ്ടിരിക്കുകയാണ് ബിഷപ്പ് ഫ്രാങ്കോ. ഒരു സംഘര്‍ഷത്തിനുള്ള എല്ലാ സഹാചര്യവും ഒരുക്കുകയാണ്. കോടതിയും കൂടി ഇനി വിഷയത്തില്‍ ഇടപെടേണ്ട സാഹചര്യം വരുമോ എന്ന് സംശയമുണ്ട്.
ഫാ.ബേസില്‍ മുക്കന്‍തോട്ടം എന്ന വൈദികന് പ്രാര്‍ത്ഥനയ്ക്കും രൂപതയുടെ പരിപാടികള്‍ പഞ്ചാബിന് പുറത്തേക്ക് അറിയിക്കുന്നതും തുടങ്ങിയതാണ് പ്രാര്‍ത്ഥനാ ഭവന് എന്ന ചാനല്‍. ബിഷപ്പ് ഫ്രാങ്കോ വന്നപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ വണ്മാന് ഷോ ആണ് ചാനലില്‍. അതിനെ ബേസില്‍ അച്ചന് എതിര്‍ത്തപ്പോള്‍ അനാവശ്യമായ ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരെ ഉയര്‍ത്തി, കള്ളക്കഥകള്‍ പറഞ്ഞുപരത്തി രൂപതയില്‍ നിന്ന് സസ്പെന്റു ചെയ്തു. ഒത്തിരി തിരികിടകള്‍ നടത്തിയാണ് അദ്ദേഹം ബിഷപ്പ് ആയത്. അതൊന്നും പുറത്തുപറയാതിരിക്കുന്നതാണ് നല്ലത്. അന്നു മുതല്‍ ഇത്തരം ചെയ്തികള്‍ ഞങ്ങള്‍ അനുഭവിച്ചുപോരുകയാണ്. പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിക്കുന്ന വൈദികരെയൊന്നും ബിഷപ്പ് വകവയ്ക്കുകയുമില്ല.
എന്തായാലും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന സംഭവം സഭയ്ക്ക് വലിയ നാണക്കേട് ആയെങ്കിലും കന്യാസ്ത്രീ നല്കിയ പരാതി പരിശുദ്ധാത്മാവ് തോന്നിച്ച് ചെയ്തതാണ്. 'പരിശുദ്ധാത്മാവ് ഒരു ബോംബ് പൊട്ടിച്ചു' എന്നു വിശ്വസിക്കാനാണ് ഞങ്ങള്‍ക്കിഷ്ടം. ദൈവത്തില്‍ നിന്ന് ഒരു അടയാളം കിട്ടണമെന്ന് ഒരുപാട് പ്രാര്‍ത്ഥിക്കുമായിരുന്നു. സഭ കൂടുതല്‍ നാറുന്നതിന് മുന്‍പ് കുറ്റവാളികള്‍ നിയമത്തിനു മുന്നില്‍ വരട്ടെ. കര്‍ത്താവ് നിയമപാലകരിലുടെ തന്റെ ധര്‍മ്മം നിര്‍വഹിക്കട്ടെയെന്ന് എന്നും പ്രാര്‍ത്ഥിക്കുന്നുണ്ട്. അതിനായി ഒരുപറ്റം കന്യാസ്ത്രീകള്‍ ഇവിടെ ഉപവസിച്ച് പ്രാര്‍ത്ഥിക്കുകയാണ്.
പണവും അധികാരവും ഒരുമിച്ച് കയ്യില്‍ വന്നതോടെ സാത്താന് ബിഷപ്പിന്റെയും അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെയും തലയില്‍ കുടിയേറുകയാണ്. സഹോദര വൈദികരില്‍ നിന്ന് 'ആവശ്യത്തിന് കിട്ടിക്കൊണ്ടിരിക്കുന്നതിനാല്‍' കൂടുതല്‍ പറയാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് അവര്‍ നിര്‍ത്തി. ഡേവിഡ് -ഗോലിയാത്ത് യുദ്ധമായി ഇതിനെ കണ്ടാല്‍ മതിയെന്നും അവര്‍ പറയുന്നു. (ജീവനുവരെ ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ തങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തരുതേ എന്ന ഈ വൈദികരുടെ അഭ്യര്‍ത്ഥനയെ മാനിക്കുന്നു.)