നാട്ടിലുണ്ടാകുന്ന ഒരുതരം വിഭാഗീയതയും ബാധിക്കാന്‍ പാടില്ലാത്ത വിഭാഗമാണ് സുരക്ഷാ സേനകള്‍. സംസ്ഥാനങ്ങളില്‍ പോലീസിനും ഇതു ബാധകമാണ്. പോലീസ് എന്നാല്‍ ഒറ്റ മനസ്സും ശരീരവുമുള്ള സംവിധാനമാകണം. സേനയുടെ പൊതു ധാരയോടു ചേരാത്ത ചിന്ത, പ്രവൃത്തി എന്നതൊന്നും പോലീസിനു പാടില്ല. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഏര്‍പെടുത്തുക, നാട്ടില്‍ ക്രമസമാധാനം പാലിക്കുക എന്നിവയാണ് പോലീസിന്റെ പ്രധാന കര്‍ത്തവ്യം. ഇതിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. നാടിന്റെ നന്മയ്ക്കായി ഒരു തീരുമാനമുണ്ടായാല്‍ സേനയിലെ എല്ലാ അംഗങ്ങളും അത് ശിരസ്സാവഹിച്ച് ഉദ്ദേശിച്ച രീതിയില്‍ കടമ പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കണം. ഇങ്ങനെ ഏകരൂപമായ, വേറിട്ട ചിന്തകള്‍ കടന്നു വരാത്ത പ്രവര്‍ത്തനമായിരിക്കണം പോലീസിന്റേത്.
എന്നാല്‍, കേരളത്തിലെ പോലീസില്‍ കുറേ നാളായി ഈ അവസ്ഥയ്ക്ക് മാറ്റമുണ്ട്. പോലീസില്‍ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടതോടെയാണ് ഇതിനു തുടക്കം കുറിച്ചത്. പോലീസിന്റെ ബഹുഭൂരിപക്ഷം വരുന്ന വിഭാഗത്തിന് അടിമകളല്ല തങ്ങളെന്ന തോന്നലുണ്ടാക്കാനായിരുന്നു സംഘടനാ സ്വാതന്ത്യം അനുവദിച്ചത്. അവരുടെ വിവിധ തരത്തിലുള്ള ഉന്നമനത്തിന് സംഘടന വേണമെന്ന ചിന്ത ഏറെ നാളത്തെ സമ്മര്‍ദ്ദത്തിനു ശേഷമാണ് അംഗീകരിക്കപ്പെട്ടത്.
പോലീസില്‍ രാഷ്ട്രീയമായ ചേരിതിരിവ് ഉണ്ടാക്കാന്‍ ഇതിടയാക്കി എന്നതാണ് സത്യം. പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഇംഗിതങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ധാരാളം സേനാംഗങ്ങള്‍ ഉണ്ടായി എന്നതാണ് പോലീസ് അസോസിയേഷന്റെ വരവ് കൊണ്ടുണ്ടായ ഒരു പ്രധാനമാറ്റം. പോലീസ് നടപടിയെടുക്കുമ്പോള്‍ തങ്ങളുടെ പാര്‍ട്ടിക്ക് ഗുണമാണോ ദോഷമാണോ എന്ന് ചിന്തിച്ച് പ്രവര്‍ത്തിക്കുന്ന അവസ്ഥ ഇതുവഴിയുണ്ടായി. പാര്‍ട്ടിക്ക് താത്പര്യമുള്ള കേസുകളില്‍ നടപടിയില്‍ വെള്ളം ചേര്‍ക്കുന്നതും പലവട്ടം കണ്ടു.
എന്നാല്‍, രാഷ്ട്രീയ ചേരിതിരിവിനേക്കാള്‍ അപകടകരമായ വര്‍ഗീയ ചേരിതിരിഞ്ഞുള്ള കൂട്ടായ്മകള്‍ പോലീസില്‍ വന്നതായി ഇന്നലെ മംഗളം റിപ്പോര്‍ട്ട് ചെയ്തു. പച്ചവെളിച്ചം, തത്വമസി, ഹാലേലൂയ എന്നിങ്ങനെയുള്ള പേരുകളില്‍ വാട്സ്ആപ് ഗ്രൂപ്പുകളുണ്ടാക്കിയാണ് മതം തിരിച്ചുള്ള കൂട്ടായ്മകള്‍. വിവിധ ജാതി, മത സംഘടനകള്‍ പോലീസില്‍ വേരൂന്നിയിട്ടുണ്ടെന്നാണ് ഇതുസംബന്ധിച്ച അന്വേഷണത്തില്‍ നിന്ന് അധികൃതര്‍ക്ക് മനസ്സിലാകുന്നത്. ഈ ഗ്രൂപ്പുകളില്‍ പെടുന്ന പല ഉദ്യോഗസ്ഥരും പ്രബലരും വളരെയേറെ സ്വാധീനമുള്ളവരുമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴയില്‍ ക്രമസമാധാന ചുമതലയുള്ള ഒരുദ്യോഗസ്ഥന് സകല സര്‍വീസ് ചട്ടങ്ങളും ലംഘിച്ച് ഒരു സമുദായത്തിന്റെ പ്രധാന ഭാരവാഹിത്വം വഹിക്കുന്നു. തങ്ങള്‍ക്കു വേണ്ടപ്പെട്ടവര്‍ കേസുകളില്‍ പെട്ടാല്‍ രക്ഷിക്കാന്‍ ഗ്രൂപ്പുകള്‍ സജീവമായി രംഗത്തിറങ്ങുന്നതാണ് കണ്ടുവരുന്നത്. പോലീസിലെ ഈ വ്യതിയാനം സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. ജനങ്ങളെ മുഴുവന്‍ ഒരുപോലെ കണ്ട് പ്രവര്‍ത്തിക്കേണ്ട വിഭാഗമാണ് പോലീസ്. അവര്‍ക്കിടയില്‍ ചേരിതിരിഞ്ഞുള്ള ആശയങ്ങള്‍ സജീവമാകുന്നത് നാടിനെ അപകടകരമായ സ്ഥിതിയിലേക്കാവും കൊണ്ടെത്തിക്കുക. അതു മുളയിലേ നുള്ളേണ്ടതുണ്ട്.