Saturday, March 09, 2019 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
ഫാ. ഡോ. പോള്‍ തേലക്കാട്ട്‌
Tuesday 24 Jul 2018 02.33 AM

വിളക്കുമരങ്ങള്‍ കണ്ണടയ്‌ക്കുന്നോ?

''കടിഞ്ഞാണില്ലാത്ത മോഹങ്ങള്‍ ക്രീറ്റിലെ അജ്‌ഞാതവും സങ്കീര്‍ണവുമായ ഇടനാഴികകളേക്കാള്‍ പ്രയാസമേറിയ അതിവിശുദ്ധ ആവൃതികളെയും അതികര്‍ശന കാവലുകളെയും അതിക്രമിച്ചു കടന്നു മനുഷ്യഹൃദയങ്ങളെ മലിനമാക്കി, ചാരിത്ര്യത്തിന്‌ ഒരു സുരക്ഷിതത്വവുമില്ലാതായിരിക്കുന്നു. ''
uploads/news/2018/07/235798/bft1.jpg

ഇതു രാമായണമാസമാണ്‌. രാമായണത്തിന്റെ കര്‍ത്താവ്‌ വാല്‌മീകി കാട്ടുകള്ളനായിരുന്നു. നാരദമഹര്‍ഷിയുടെ സഹായത്തോടെ അയാള്‍ തന്റെ അക്രമോത്സുകമായ അഹത്തെ വാല്‌മീകത്തില്‍ അടച്ചിട്ട്‌ അടക്കി അതില്‍നിന്ന്‌ ഉയര്‍ന്നു മനുഷ്യനായി. അദ്ദേഹമാണു നാരദമഹര്‍ഷിയോടു ചോദിച്ചത്‌: സര്‍വഗുണസമ്പന്നനായ മനുഷ്യന്‍ ഉണ്ടോ? ഉണ്ടെങ്കില്‍ അത്‌ ആരാണ്‌? ഏതു കാടനും വെളിവുണ്ടായി മനുഷ്യനായാല്‍ ഉണരുന്ന ചോദ്യം. മനുഷ്യത്വത്തിന്റെ ആയിത്തീരലിന്റെ ആദര്‍ശരൂപം എന്ത്‌? വാല്‌മീകിയുടെ അസ്‌തിത്വപ്രശ്‌നത്തിന്റെ ഉത്തരമായി നാരദമഹര്‍ഷി പറഞ്ഞതു രാമന്‍ എന്നാണ്‌.

ക്രൈസ്‌തവനായ എനിക്ക്‌ ആ ഉത്തരം ക്രിസ്‌തുവാണ്‌. മനുഷ്യന്റെ ഉയര്‍ച്ചയുടെ അനന്തമായ വിഹായസ്‌ തുറക്കുന്ന ദൈവികത മനുഷ്യരൂപമെടുത്തതു ക്രിസ്‌തുവിലാണ്‌. പക്ഷേ, രാമന്റെ കഥയില്‍നിന്ന്‌ എനിക്കും പഠിക്കാം. രാമന്റെ കഥ പറയാന്‍ രാമനാകണം. ക്രിസ്‌തുവിന്റെ കഥ പറയാന്‍ തനിക്കാവില്ലെന്നും അതിനു ക്രിസ്‌തുവാകണമെന്നും ഡോസ്‌റ്റോവ്‌സ്‌കി പറഞ്ഞിട്ടുണ്ട്‌. രാമന്റെ കഥയെഴുത്തിന്‌ ആദ്യപടിയായി വാല്‌മീകി ചെയ്‌തതു തമസാനദിയില്‍ മുങ്ങിക്കുളിക്കുകയാണ്‌. ഇരുട്ടിലേക്കാണു മുങ്ങിനിവര്‍ന്നത്‌.

അതു ഗ്രീക്ക്‌ പുരാണത്തില്‍ പാതാളനദിയില്‍ മുങ്ങി ലൗകികമായ എല്ലാ ഓര്‍മകളും ഇല്ലാതാക്കി മറുലോകത്തിലേക്കു പ്രവേശിക്കുന്നതുപോലുള്ള രണ്ടാം ജന്മമാണ്‌. വീണ്ടും ജനനത്തിന്റെ മാമ്മോദീസ ക്രിസ്‌തു യോര്‍ദ്ദാന്‍ നദിയില്‍ മുങ്ങിയായിരുന്നു. പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി പുതിയ മനുഷ്യനെ ധരിക്കുന്ന ക്ഷാളനം. കുളികഴിഞ്ഞു കയറിയ വാല്‌മീകി സമൂഹത്തിലേക്കല്ല പോയത്‌, ആരണ്യത്തിലേക്കാണ്‌. ആളൊഴിഞ്ഞ ആരണ്യം ദൈവത്തെയും പിശാചിനെയും കേള്‍ക്കുന്ന ഇടമാണ്‌. നഗരജീവിതം ശബ്‌ദമുഖരിതമാണ്‌, അകത്തെ ശബ്‌ദമുഖരിതകൊണ്ടു പുറത്തുനിന്ന്‌ ആരെയും കേള്‍ക്കാനാവാത്ത വിധം ബധിരമാണു നഗരം.

എന്നാല്‍, കാനനത്തില്‍ മനുഷ്യത്വത്തിന്റെ മണ്‌ഡലപൂജയുമായി നടന്നവന്‍ കേട്ടു. അത്‌ ആരുടെ നിലവിളിയായിരുന്നു? വേടന്‍ അമ്പെയ്‌തു കൊന്ന ക്രൗഞ്ചപ്പക്ഷിയുടെ ഇണയുടെയോ ദുഷ്യന്തന്‍ കാട്ടില്‍ ഉപേക്ഷിച്ച ശകുന്തളയുടെയോ? രോദനം കേള്‍ക്കാന്‍ മാത്രം ശാന്തമായ മനസ്സായിരുന്നു കുളിച്ചൊരുങ്ങിയ വാല്‌മീകിക്ക്‌. കാനനത്തില്‍ നടന്നവന്‍ കേട്ടു. ആ രോദനം വാല്‌മീകിയുടെ അന്തരാത്മാവില്‍ ആഴ്‌ന്നിറങ്ങി സ്‌ഫോടനങ്ങള്‍ ഉണ്ടാക്കി. ധര്‍മബോധത്തിന്റെ അഗ്നിപര്‍വം ജ്വലിച്ചു.

തന്റെ കുടുംബത്തിലെ എഴുപതു പേരെ നിഷ്‌ഠൂരമായി കൊലപ്പെടുത്തിയപ്പോള്‍ ഒളിച്ചിരുന്നതുകൊണ്ടുമാത്രം രക്ഷപ്പെട്ട യോഥാം എന്ന ചെറുപ്പക്കാരന്‍ ഗരീസിം മലയുടെ മുകളില്‍നിന്നു നാട്ടുകാരെ വിളിച്ചുകൂട്ടി. തന്റെ മനസിലെ ധര്‍മബോധത്തിന്റെ അഗ്നിപര്‍വതത്തിന്റെ സ്‌ഫോടനഫലമായ ലാവ ഭാഷയായി ഒഴുകി. അതൊരു കഥയായിരുന്നു. മരങ്ങളുടെ രാജാവിനെ തെരഞ്ഞെടുത്ത കഥ. നാടിന്റെ നായകനായി ജനങ്ങള്‍ തെരഞ്ഞെടുത്തവന്‍ നാട്ടില്‍ അക്രമം അഴിച്ചുവിട്ടപ്പോള്‍ മുള്‍ച്ചെടി രാജാവായ കഥ ബൈബിള്‍ തലമുറകള്‍ക്കായി രേഖപ്പെടുത്തിയിരിക്കുന്നു.

എന്നാല്‍, വാല്‌മീകിയില്‍ നിന്നു പൊട്ടിയൊഴുകിയ കഥ, രാമന്റേതായിരുന്നു - ആദര്‍ശസമ്പന്നനായ രാജാവിന്റേത്‌. ആ ഭാഷണധാരയ്‌ക്കു നല്‍കിയ പേരു സരസ്വതി എന്നും. അതു ദേവിയാണ്‌, ദേവഭാഷയാണ്‌. ജര്‍മന്‍കവി ഹെല്‍ഡര്‍ലീന്‍ എഴുതി, വിശുദ്ധഭാഷ ഇല്ലാതായിരിക്കുന്നു (Holy language is missing).

ദൈവസന്നിധിയിലേക്ക്‌ എടുക്കപ്പെട്ട ഏശയ്യ വിലപിച്ചു: ഞാന്‍ അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മദ്ധ്യേ വസിക്കുന്നവനുമാണ്‌. ഭാഷ അശുദ്ധമായി തെറിഭാഷയായ ജീവിതത്തിന്റെ നിലവിളി. നാം ഇതുപോലൊരു ഭാഷണദുരന്തത്തിലാണ്‌. പത്രങ്ങളും ടെലിവിഷനും കുടുംബങ്ങളില്‍ തുറക്കാനാവാത്തവിധം മലിനവും വിഷലിപ്‌തവുമായി.

അതു മാധ്യമങ്ങളുടെ കുറ്റമല്ലായിരിക്കാം; അവര്‍ സമൂഹത്തിന്റെ കണ്ണാടികള്‍ മാത്രമാണ്‌. പക്ഷേ, വിസ്‌താരവും വിധിയും പുറപ്പെടുവിക്കാതിരിക്കാനുള്ള വിനയം ഉണ്ടാകേണ്ടതല്ലേ? വിളക്കുമരങ്ങള്‍ കണ്ണടച്ച കഥകള്‍. കനകവും കാമിനിമൂലവുമുണ്ടായ കലഹകഥകള്‍. സത്യത്തിനു സ്‌ത്രീ, അധികാരം, മദ്യം ഇവയേക്കാള്‍ ശക്‌തിയില്ലാതായ സാക്ഷ്യങ്ങള്‍. സത്യം പരുക്കുപറ്റിയും നീതി കാരാഗൃഹത്തിലായും കലികാലപൂര്‍ത്തിയുടെ ഭാഷണങ്ങള്‍ പണ്ടു സെര്‍വാന്റീസ്‌ ഡോണ്‍ ക്വിക്‌സോട്ടില്‍ എഴുതിയതു സംഭവിച്ചു.

കടിഞ്ഞാണില്ലാത്ത മോഹങ്ങള്‍ ക്രീറ്റിലെ അജ്‌ഞാതവും സങ്കീര്‍ണവുമായ ഇടനാഴികകളേക്കാള്‍ പ്രയാസമേറിയ അതിവിശുദ്ധ ആവൃതികളെയും അതികര്‍ശന കാവലുകളെയും അതിക്രമിച്ചു കടന്നു മനുഷ്യഹൃദയങ്ങളെ മലിനമാക്കി, ചാരിത്ര്യത്തിന്‌ ഒരു സുരക്ഷിതത്വവുമില്ലാതായിരിക്കുന്നു.

കാട്ടുകള്ളന്‍ വാല്‌മീകിയായി രാമന്റെ കഥ പറഞ്ഞപ്പോള്‍ സെന്റ്‌ പോള്‍ പിശാച്‌ എങ്ങനെ മാലാഖയുടെ വേഷം കെട്ടിയെന്നു സാക്ഷിക്കുന്നു. ധര്‍മ്മം വെടിഞ്ഞ സമൂഹത്തില്‍ അധര്‍മ്മത്തിന്റെ ഇരകളുടെ കരച്ചില്‍ കേള്‍ക്കാന്‍ നമുക്കു ചെവിയില്ലാതായിരിക്കുന്നു. രുദിതാനുസാരികളായ കവികള്‍ ഇല്ലാതായി. നിലവിളികള്‍ ഉള്ളില്‍ പേറി മാനിഷാദാ എന്നു പറയാന്‍ ധര്‍മ്മനിഷ്‌ഠ ഇല്ലാതായോ? ഇവിടെ ദയനീയമായി പ്രതിക്കൂട്ടിലാക്കപ്പെടുന്നതു ക്രൈസ്‌തവസഭകളാണ്‌. പക്ഷേ, അവരാണു യേശുവിന്റെ മഹത്തായ വിശുദ്ധിയുടെ സുവിശേഷം പേറുന്നവര്‍.

അവര്‍ അപരന്റെ മുഖത്തു ദൈവത്തിന്റെ പ്രത്യക്ഷവും പ്രാഥമികവേദവും വായിക്കേണ്ടവരാണ്‌. വിശുദ്ധിക്കു ദൈവം വയ്‌ക്കുന്ന ഏക മാനദണ്‌ഡം നീതിയാണ്‌, അപരന്റെ മുഖം ചോദിക്കുന്നതും മറ്റൊന്നല്ല. നീതിനിഷേധങ്ങള്‍ സഭകളില്‍ നടക്കുന്നു എന്ന രോദനം സഭ ക്രിസ്‌തുവിനോടു ചെയ്യുന്ന വഞ്ചനയായി മാറുന്നു എന്ന കഠിനവിലാപം. വിശ്വാസികള്‍ വിളക്കുമരങ്ങള്‍ കെട്ടുപോകുന്നതില്‍ കോപിക്കുന്നു. ഒരു കാര്യം ഓര്‍മിക്കാം; ക്രിസ്‌തുവാണു വിളക്കും വഴിയും. കുമ്പസാരംവരെ വിവാദവിഷയമായി.

കുമ്പസാരിക്കാത്തവര്‍ കുമ്പസാരിപ്പിക്കാന്‍ തുടങ്ങിയാലോ? അടിമുടി ലൈംഗികാപവാദങ്ങള്‍, ബ്രഹ്‌മചര്യം പാലിക്കപ്പെടുകയും ആദരിക്കുകയും ചെയ്യുന്ന പശ്‌ചാത്തലത്തിലാണ്‌ ഇതു വാര്‍ത്തയാകുന്നത്‌. കാളിദാസന്‍ ശാകുന്തളത്തില്‍ എഴുതിയതുപോലെ കല്‍പ്പവൃക്ഷങ്ങളുടെയിടയില്‍ വായു ഭക്ഷിച്ചും അപ്‌സരസ്‌ത്രീകളുടെ മദ്ധ്യത്തില്‍ യമിയായും ജീവിക്കുന്നവര്‍ യേശുവിന്‌ ഈ കാലത്തിലെ പുതിയ പതിപ്പുകളായി മുനികളെപ്പോലെ ജീവിക്കുന്നുണ്ട്‌. അവര്‍ക്ക്‌ അന്ത്യം വന്നിട്ടില്ല.

ഇങ്ങനെ ഒളിഞ്ഞുകിടക്കുന്ന രത്‌നങ്ങളായ വിശുദ്ധ ക്രൈസ്‌തവവിശ്വാസികളും സന്ന്യസ്‌തരും വൈദികരും മെത്രാന്മാരും ഇവിടെയുണ്ട്‌. ദാവീദ്‌ രാജാവിനെ ചോദ്യം ചെയ്‌ത നാഥന്റെയും അനുതാപത്തിന്റെ സങ്കീര്‍ത്തനങ്ങള്‍ എഴുതിയ ദാവീദിന്റെയും പിന്മുറക്കാര്‍ക്ക്‌ അന്ത്യം വന്നിട്ടില്ല.

Ads by Google
ഫാ. ഡോ. പോള്‍ തേലക്കാട്ട്‌
Tuesday 24 Jul 2018 02.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW