ഭരണങ്ങാനം: എളിമ മാനുഷിക ഗുണമല്ലെന്നും ദൈവകൃപയാണെന്നും തലശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംബ്ലാനി. അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
എളിമ ബാഹ്യമായ പ്രകടനമല്ല. തലകുനിച്ചു നടക്കുന്നതോ, കൈകൂപ്പുന്നതോ, ശബ്ദംകുറച്ച് സംസാരിക്കുന്നതോ വിനീതഭാവം നടിക്കുന്നതോ അല്ല. ദൈവമഹത്വവും തന്റെ നിസാരതയും അംഗീകരിക്കുന്നതാണിത്. എളിമ കുറയുമ്പോള്‍ അഹന്ത വളരുന്നു. അഹന്ത തിന്മയും എളിമ നന്മയുമാണ്. തിന്മയില്നിന്ന് നന്മയിലേക്കുള്ള ദൂരമാണിത്. എളിമയുള്ളവര്‍ക്കു ദൈവപ്രീതി ലഭിക്കുന്നു. അവര്‍ ജീവിത്തിലെ വിപരീതാനുഭവങ്ങളെയും കഷ്ടനഷ്ടങ്ങളെയും ദൈവത്തിന്റെ സമ്മാനമായിസ്വീകരിക്കുന്നു. അവര്‍ക്കു സഹനങ്ങള്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ടില്ല. എളിമയുണ്ടായിരുന്നതുകൊണ്ട് അല്‍ഫോന്‍സാമ്മയ്ക്ക് സഹനം സന്താഷമായി മാറി. എളിമയുള്ളവര്‍ക്കു ചെറുതാകാനോ കുറഞ്ഞ സൗകര്യങ്ങളില്‍ ജീവിക്കാനോ മടിയില്ല. എളിമയിലും ലാളിത്യത്തിലും വിശുദ്ധ അല്‍ഫോന്‍സാമ്മ എല്ലാവര്ക്കും മാതൃകയാണെന്നും ബിഷപ് ഉദ്ബോധിപ്പിച്ചു.