Tuesday, November 06, 2018 Last Updated 9 Min 19 Sec ago English Edition
Todays E paper
Ads by Google
ശ്രവണം പുണ്യം രാമകഥാമൃതം / പ്രവീണ്‍ ശര്‍മ
Tuesday 24 Jul 2018 02.30 AM

ശബരി മാതാവ്‌ പൂര്‍ണഭക്‌തിയുടെ ഉദാത്ത മാതൃക

uploads/news/2018/07/235796/re10.jpg

കാട്ടാള സ്‌ത്രീയാണു ജന്മംകൊണ്ടു ശബരി. മാതംഗ മഹര്‍ഷിയുടെ ആശ്രമത്തിലെ സേവനങ്ങള്‍കൊണ്ടും സല്‍സംഗംകൊണ്ടും മനസിലെ അജ്‌ഞാനം മാറി, സദാചാരനിഷ്‌ഠകൊണ്ടും സല്‍ക്കര്‍മ്മാചരണങ്ങള്‍കൊണ്ടും ജീവിതപരിശുദ്ധി വന്ന്‌ അവരില്‍ ക്രമേണ ഭക്‌തി, ജ്‌ഞാന, വൈരാഗ്യങ്ങള്‍ വളരാന്‍ തുടങ്ങി.

രാമനെ ചിന്തിച്ചു ഭജിച്ച്‌ ഏകാകിയായി ആശ്രമത്തില്‍ കഴിഞ്ഞ ശബരി ദിവസവും പ്രഭാതത്തില്‍ തന്റെ പര്‍ണശാല വൃത്തിയാക്കി ദീപം തെളിക്കും. ഭഗവാനു കൊടുക്കാന്‍ ശുദ്ധ ജലവും വനപുഷ്‌പങ്ങളും നല്ല കാട്ടുപഴങ്ങളും ശേഖരിച്ചുവയ്‌ക്കും.

നിത്യവും ഇതു തന്നെ ചെയ്‌തു വന്നു. ഒരു ദിവസം സാക്ഷാല്‍ ശ്രീരാമന്‍ ശബരി മാതാവിന്റെ ആശ്രമത്തില്‍ എഴുന്നളളി. ഭക്‌തിപാരവശ്യത്താല്‍ അത്ഭുതാധീനയായ ശബരിമാതാവ്‌ ഓടിപ്പോയി ജലമെടുത്തു രാമന്റെ പാദങ്ങളില്‍ ഒഴിച്ചു. വനപുഷ്‌പങ്ങള്‍ രാമനുമേല്‍ വര്‍ഷിച്ചു.

ഇതെല്ലാം മറ്റുള്ളവര്‍ അമ്പരപ്പോടെ നോക്കി നില്‍ക്കേ ശബരി മാതാവ്‌ ശ്രീരാമഭഗവാനു താന്‍ ശേഖരിച്ച ഞാവല്‍ പഴം എടുത്തു നല്‍കുന്ന ഭാഗം പ്രത്യേകം ശ്രദ്ധേയമാണ്‌. ഓരോ ഞാവല്‍പ്പഴം വീതമെടുക്കും. അതു മധുരമുളളതാണോ എന്നു കടിച്ചു നോക്കും.

ഒടുവില്‍ ഏറ്റവും പഴുത്ത ഞാവല്‍പ്പഴമെടുത്തു താന്‍ തന്നെ രുചിച്ചു നോക്കിയ ശേഷം ശ്രീരാമചന്ദ്രനു നല്‍കി. അദ്ദേഹം അതു രണ്ടു കൈകൊണ്ടും വാങ്ങി അമൃതിനു സമാനമായി കഴിച്ചു. മറ്റുള്ളവര്‍ക്കതു പ്രാകൃതമായി തോന്നിയെങ്കിലും ശ്രീരാമചന്ദ്രഭഗവാന്‍ തന്റെ ഭക്‌തയുടെ മനസാണ്‌ അവിടെ സ്വീകരിച്ചത്‌.

ഭഗവാനു ഞാവല്‍പ്പഴം കൊടുക്കുമ്പോള്‍ ശബരി മാതാവ്‌ മനസില്‍ ചിന്തിച്ചതു തന്റെ ഭഗവാന്‍ കഴിക്കുന്ന ഞാവല്‍പ്പഴം ഏറെ മധുരമുളളതായിരിക്കണമെന്നാണ്‌. ഇതില്‍നിന്നു മനസിലാക്കേണ്ടതു നാം ഏതു കര്‍മം ചെയ്യുമ്പോഴും അതിന്റെ പിന്നിലുളള ഭാവന വളരെ ശുദ്ധമായിരിക്കണമെന്നാണ്‌. മനസിലാണ്‌ ഈശ്വരന്‍ കുടികൊള്ളേണ്ടത്‌.

ശുദ്ധ അന്തഃകരണത്തില്‍ മാത്രമേ ഈശ്വരന്‍ പ്രകാശിക്കു. ലക്ഷങ്ങള്‍ ചെലവഴിച്ചു ക്ഷേത്രങ്ങളോ മന്ദിരങ്ങളോ നിര്‍മിക്കുന്നതിലോ പൂക്കളോ ദ്രവ്യങ്ങളോ സമര്‍പ്പിക്കുന്നതിലോ അല്ല കാര്യം. ഇതൊക്കെ ചെയ്‌താലും ദൈവം അതു സ്വീകരിച്ചോ എന്നുള്ളയിടത്താണു കാര്യം.

ഭക്‌തിയോടുകൂടി, ശുദ്ധ ഹൃദയത്തോടെ ഒരു പുഷ്‌പം സമര്‍പ്പിച്ചാല്‍ മതി ദൈവം അതു സ്വീകരിക്കുമെന്ന സത്യമാണ്‌ ഭക്‌തയായ ശബരി മാതാവിന്റെ ചരിത്രത്തിലൂടെ രാമായണം നമ്മെ പഠിപ്പിക്കുന്നത്‌.

***** (ഹരിപ്പാട്‌ സനാതന വേദപാഠശാല ചെയര്‍മാനാണു ലേഖകന്‍ )

Ads by Google
Ads by Google
Loading...
TRENDING NOW