Thursday, July 18, 2019 Last Updated 8 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 23 Jul 2018 04.00 PM

വൈകല്യങ്ങളെ തോല്‍പ്പിച്ച വിസ്മയമനുഷ്യന്‍

എ ഡി ഒന്ന് മുതല്‍ പത്ത് കോടി വര്‍ഷത്തെ കലണ്ടര്‍ മനപാഠമാക്കി റെക്കോര്‍ഡ് ബുക്കുകളിലെല്ലാം പേര് പതിപ്പിച്ച വിസ്മയ മനുഷ്യന്‍ പ്രശാന്തിന്റെ അപൂര്‍വ്വ ജീവിതയാത്രയിലൂടെ...
uploads/news/2018/07/235574/PrasasnthINSW230718.jpg

വൈകല്യങ്ങളുമായി ജനിച്ചു വീണ മകനെ കണ്ട് വേദനിച്ച നാളുകളുണ്ടായിരുന്നു ചന്ദ്രനും സുഹിതയ്ക്കും. നൂറ് ശതമാനം കാഴ്ചക്കുറവ്, കേള്‍വിക്കുറവും സംസാര വൈകല്യവും, രണ്ട് ദ്വാരങ്ങളുള്ള ഹൃദയത്തെ ബാധിച്ച വെന്‍ട്രിക്കുലാര്‍ സെപ്റ്റല്‍ ഡിഫക്ട്, ന്യൂറോളജി സംബന്ധമായ അസുഖം, മറ്റ് അംഗവൈകല്യങ്ങള്‍...

കുഞ്ഞിനെ ജീവിതത്തിലേക്ക് വീണ്ടെടുക്കാനാവില്ലെന്ന് വൈദ്യശാസ്ത്രം വിധിയെഴുതി.......

പക്ഷേ അശാന്തിയുടെ നടുവില്‍ നിന്ന് പ്രതീക്ഷയുടെ കൈ പിടിച്ച് മാതാപിതാക്കളുടെ സ്വപ്നങ്ങള്‍ക്കൊപ്പം അവന്‍ നടന്നു.

വീണ്ടെടുക്കാനാവില്ലെന്ന് വിധിയെഴുതിയ വൈദ്യശാസ്ത്രത്തെയും, വൈകല്യങ്ങളില്‍ വീഴ്ത്തിയെത്തിയ വിധിയേയും വെല്ലുവിളിച്ച് ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം അത്ഭുതങ്ങളുടെ കൂട്ടുപിടിച്ച് ലോകത്തെ ഞെട്ടിക്കുകയാണവന്‍, പ്രശാന്ത്... തിരുവനന്തപുരം കരമനയ്ക്കടുത്ത് തളിയില്‍ ഡി.ബി സ്ട്രീറ്റ് 201ലെ പ്രശാന്തം വീട്ടിന്റെ വിളക്കാണിന്ന് പ്രശാന്ത്.

കണ്ണീരിന്റെയും വേദനകളുടെയും നാളുകള്‍ ഇന്നിവര്‍ക്കില്ല, മറിച്ച് അറിവിന്റെ ലോകത്ത് അത്ഭുതമായി മാറുന്ന പ്രശാന്തിന്റെ നേട്ടങ്ങള്‍ സമ്മാനിക്കുന്ന പൊന്‍ചിരി മാത്രം.

ഓര്‍മ്മകളുടെ തമ്പുരാന്‍


ഓര്‍മ്മ ശക്തിയാണ് പ്രശാന്തിന്റെ പ്രധാന കരുത്ത്. അതുകൊണ്ട് തന്നെയാണ് മെമ്മറി പ്രശാന്ത് എന്ന വിളിപ്പേര് ലഭിച്ചതും.
വൈകല്യങ്ങള്‍ തീര്‍ത്ത അതിര്‍വരമ്പുകള്‍ക്കപ്പുറം അറിവിന്റെ ലോകത്ത് അത്ഭുതശേഷികളുടെ ഖനിയായി പ്രശാന്ത് മാറി. മാതാപിതാക്കള്‍ സമ്മാനമായി നല്‍കിയ പ്ലാസ്റ്റിക് അക്ഷരങ്ങളിലും അക്കങ്ങളിലുമായിരുന്നു അവന് ആദ്യ കൗതുകം.
uploads/news/2018/07/235574/PrasasnthINSW230718c.jpg

ഗണിതത്തോട് കൂടുതല്‍ അടുത്ത പ്രശാന്തിന്റെ ശ്രദ്ധ പിന്നീട് പതിഞ്ഞത് കലണ്ടറുകളിലേക്കായിരുന്നു. നേര്‍ത്ത കാഴ്ചയുടെ കൂട്ടുപിടിച്ച് സഹോദരി പ്രിയങ്ക സമ്മാനമായി നല്‍കിയ മെബൈല്‍ ഫോണിനൊപ്പമായി പിന്നെ പ്രശാന്തിന്റെ ജീവിതം. മൊബൈല്‍ ഫോണിലുണ്ടായിരുന്ന 150 വര്‍ഷത്തെ കലണ്ടര്‍ രണ്ട് ദിവസം കൊണ്ട് പ്രശാന്ത് കാണാപാഠമാക്കി.

കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌കിലെന്ന പോലെ ഓരോ ദിവസവും അവന്‍ അറിവുകളെല്ലാം 'സ്‌കാന്‍' ചെയ്‌തെടുത്തു. മൊബൈല്‍ ഫോണ്‍ കണ്ണിനോട് ചേര്‍ത്ത് വച്ച് വിരലുകള്‍ കൊണ്ട് ശരവേഗത്തിലാണ് ഫോണിലെ 'ഓപ്പറേഷന്‍'. 150 വര്‍ഷത്തെ ഏതു തീയതിയെക്കുറിച്ച് ചോദിച്ചാലും ഉത്തരം കിറുകൃത്യമായി പറഞ്ഞു തുടങ്ങി.

ഇതാണ് വേറിട്ട് ചിന്തിക്കാന്‍ മാതാപിതാക്കളേയും പ്രശാന്തിനേയും പ്രേരിപ്പിച്ചത്. ഇന്റര്‍നെറ്റില്‍ നിന്ന് 1010001 മുതല്‍ 010110000 വരെയുള്ള പതിനായിരം വര്‍ഷത്തെ കലണ്ടര്‍ ഡൗണ്‍ലോഡ് ചെയ്ത് കൊടുത്തു. കൃത്യം ഒരാഴ്ച. പ്രശാന്ത് പതിനായിരം വര്‍ഷത്തെ കലണ്ടറും മെമ്മറിയിലാക്കി. ശ്രമം തുടര്‍ന്നു കൊണ്ടേയിരുന്നു.

2018ല്‍ എത്തിയപ്പോള്‍ ഈ മനുഷ്യന്റെ മെമ്മറിയിലേക്ക് കോപ്പി പേസ്റ്റ് ചെയ്യപ്പെട്ടത് എഡി ഒന്ന് മുതല്‍ പത്ത് കോടി വര്‍ഷത്തെ കലണ്ടറാണ്. എ ഡി 1 മുതല്‍ പത്ത് കോടി വര്‍ഷം വരെയുള്ള കലണ്ടറില്‍ നിന്ന് ഏത് തീയതി നല്‍കിയാലും അത് ഏത് ദിവസമാണ് എന്നും അന്നത്തെ പ്രത്യേകതകള്‍ എന്താണെന്നും പ്രശാന്ത് കൃത്യമായി പറയും. അങ്ങനെ മുപ്പത്തി ആറായിരത്തി അഞ്ഞൂറ്റി ഇരുപത്തിയഞ്ചുകോടി ദിവസങ്ങളാണ് പ്രശാന്ത് മെമ്മറിയാലാക്കിയിരിക്കുന്നത്.

ഒരു മാസത്തെ കലണ്ടര്‍ നിര്‍മ്മിക്കാന്‍ ഒരു മിനിട്ടും ഒരു വര്‍ഷത്തെ കലണ്ടര്‍ നിര്‍മ്മിക്കാന്‍ പത്ത് മിനിട്ടും മാത്രം മതി. കൂടാതെ ഏത് വര്‍ഷത്തെയും വിശേഷ ദിവസങ്ങളും പ്രശാന്തിന്റെ മെമ്മറിയില്‍ നിന്ന് 'കോപ്പി പേസ്റ്റ്' ചെയ്യേണ്ട താമസം മാത്രം. ഈ ദിവസത്തിന് പ്രസ്തുത ദിവസം മുതല്‍ എത്ര ദിവസമുണ്ടെന്നും നിമിഷ നേരം കൊണ്ട് പ്രശാന്ത് പറയും.

uploads/news/2018/07/235574/PrasasnthINSW230718b.jpg

റെക്കോര്‍ഡുകളുടെ സുഹൃത്ത്


ഇന്ത്യയ്ക്കകത്തും പുറത്തുമായി ഇരുപതിലധികം റെക്കോര്‍ഡ് ബുക്കുകളില്‍ ഇതിനോടകം പ്രശാന്ത് പേര് പതിപ്പിച്ചു കഴിഞ്ഞു. 2018 ല്‍ മാത്രം ഇടം പിടിച്ചത് 4 റെക്കോര്‍ഡ് ബുക്കുകളിലാണ്.

വണ്ടര്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്, വേള്‍ഡ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ്, ഹൈറേഞ്ച് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്, ഗ്ലോബല്‍ റെക്കോര്‍ഡ്‌സ് എന്നിവയാണ് 2018 ലെ പ്രശാന്തിന്റെ നേട്ടങ്ങള്‍. 2016ല്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ നാഷണല്‍ അവാര്‍ഡ് രാഷ്ട്രപതി സമ്മാനിച്ചു.

2017ല്‍ വേള്‍ഡ് റെക്കോര്‍ഡ് യൂണിവേഴ്‌സിറ്റി (യു.കെ)യില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. കൂടാതെ ഏഷ്യബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, യു ആര്‍ എഫ് നാഷണല്‍ റെക്കോര്‍ഡ്‌സ്, യു ആര്‍ എഫ് ഹോള്‍ ഓഫ് ഫേം, ഇന്‍ക്രഡിബിള്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്, ഗോള്‍ഡന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, വേള്‍ഡ് കിംഗ്‌സ് ടോപ്പ് റെക്കോര്‍ഡ്, ഇന്‍ക്രഡിബിള്‍ പ്യൂപ്പിള്‍ അവാര്‍ഡ് തുടങ്ങിയ റെക്കോര്‍ഡ് ബുക്കുകളില്‍ പ്രശാന്ത് സ്ഥാനം പിടിച്ചിട്ടുണ്ട്.

ഗിന്നസ് ബുക്കിലും ഇതിനോടകം പേര് വരേണ്ടതാണെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ അത് നീണ്ടു പോവുകയാണ്. ഇത്രയും വര്‍ഷങ്ങളുടെ കൃത്യത അളക്കാന്‍ വേണ്ട ഔദ്യോഗിക സംവിധാനങ്ങള്‍ തങ്ങളുടെ പക്കലില്ല എന്ന കാരണത്താലാണ് ഗിന്നസ് അധികൃതര്‍ നടപടികള്‍ വൈകിക്കുന്നത്.

വ്യക്തികളുടെ പേരിലുള്ള ആപ്ലിക്കേഷനുകള്‍ ഗൂഗിളില്‍ ലഭ്യമാണെങ്കിലും അത് പരിഗണിക്കില്ല. ഒപ്പം മത്സരിക്കാന്‍ എതിരാളികള്‍ ഇല്ലെങ്കില്‍ പോലും ഏതെങ്കിലും സര്‍ക്കാരോ അതോരിറ്റിയോ ഔദ്യോഗികമായി അംഗീകരിക്കുന്ന ആപ്ലിക്കേഷന്‍ നിലവില്‍ വരുന്നത് വരെ ഗിന്നസ് ബുക്കില്‍ പേര് വരാന്‍ പ്രശാന്തിന് കാത്തിരിക്കണം.

uploads/news/2018/07/235574/PrasasnthINSW230718a.jpg

കീബോര്‍ഡിലെ കൗതുകം


കലണ്ടറുകളുടെ കൗതുകത്തിനപ്പുറം സംഗീതത്തിന്റെ ലോകത്തും വിസ്മയമായി മാറുകയാണ് പ്രശാന്ത്. കുട്ടിക്കാലത്ത് കളിപ്പാട്ടമായി കാട്ടിയ കീബോര്‍ഡില്‍ പാട്ടിന്റെ വരി വായിച്ചത് കണ്ട പിതാവ് യഥാര്‍ത്ഥ കീബോര്‍ഡ് വാങ്ങി നല്‍കി. വലത് കൈവിരലുകള്‍ മാത്രമുപയോഗിച്ച് കീബോര്‍ഡില്‍ സംഗീത വിരുന്നൊരുക്കുകയാണ് അവനിപ്പോള്‍.

മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലെ സിനിമാ ഗാനങ്ങളും ദേശീയഗാനവും വായിച്ച് കീബോര്‍ഡില്‍ വിരലുകള്‍ കൊണ്ടും പ്രശാന്ത് വിസ്മയം തീര്‍ക്കുന്നു. മൊബൈല്‍ ഗെയിമുകളോടും പ്രശാന്തിന് കമ്പമുണ്ട്. മിന്നല്‍ വേഗത്തില്‍ ഗെയിമുകള്‍ കളിച്ച് ടോപ്പ് സ്‌കോററാകും.

ശരീരം ഒരു താപമാപിനി


ബാരോമീറ്ററും തെര്‍മോമീറ്ററും ഒക്കെ ഉപയോഗിച്ച് താപനില അളക്കാനൊന്നും പ്രശാന്ത് മെനക്കെടില്ല. സ്വന്തം ശരീരം തന്നെയാണ് താപമാപിനി. വിവിധ സ്ഥലങ്ങളില്‍ നിന്ന് താപനില എത്രയാണെന്ന് കൃത്യമായി പറയാനുള്ള കഴിവും പ്രശാന്തിനുണ്ട്. ഈ കഴിവിനെ കൂടുതല്‍ പരിപോഷിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രശാന്തും കുടുംബവും.

താങ്ങാകുന്ന കുടുംബം


വൈകല്യങ്ങള്‍ തീര്‍ത്ത വെല്ലുവിളികളില്‍ വീണ്, വിധി നല്‍കിയ വേദനയെ പഴിച്ച് ജീവിതം അവസാനിപ്പിക്കേണ്ടിയിരുന്ന ജന്മമായിരുന്നു പ്രശാന്തിന്റേത്. എന്നാല്‍ വേദനകളില്‍ പകച്ചു നില്‍ക്കാതെ കുടുംബം പകര്‍ന്നു നല്‍കിയ അറിവിന്റെ വിളക്കാണ് പ്രശാന്തിന്റെ ജീവിതത്തെ ഇത്രത്തോളം പ്രകാശപൂരിതമാക്കിയത്.
uploads/news/2018/07/235574/PrasasnthINSW230718d.jpg

മകന് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച അമ്മ സുഹിതയും, മകന്റെ കണ്ണും കാതുമായി ഒപ്പ മുള്ള അച്ഛന്‍ ചന്ദ്രനും, സഹോദരന്റെ കഴിവുകളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന സഹോദരി പ്രിയങ്കയുമാണ് പ്രശാന്തിന്റെ പിന്‍ബലം. കുറവുകളില്‍ മനംനൊന്ത് മകനെ വീടിനുള്ളില്‍ തളച്ചിടാന്‍ ഇവര്‍ തീരുമാനിച്ചിരുന്നെങ്കില്‍ ഈ വിസ്മയ മനുഷ്യനെ ലോകത്തിന് നഷ്ടമായേനെ.

അധികം ആയുസില്ലെന്ന് വിധിയെഴുതിയ വൈദ്യശാസ്ത്രത്തെ പോലും അമ്പരപ്പിച്ച് കഴിഞ്ഞ 20 വര്‍ഷമായി അറിവിന്റെ ലോകത്ത് അത്ഭുത മനുഷ്യനായി മാറിയ പ്രശാന്തിന്റെ ജീവിതം നമുക്കൊരു മാതൃകയാണ്. കുറവുകളില്‍ കണ്ണുനട്ട് അശാന്തിയുടെ തീരമണയുന്നവര്‍ക്ക് പ്രതീക്ഷയുടെ പൊന്‍കിരണമാണ് പ്രശാന്ത്.

ദീപു ചന്ദ്രന്‍

Ads by Google
Monday 23 Jul 2018 04.00 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW