Saturday, September 08, 2018 Last Updated 43 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 23 Jul 2018 03.06 PM

വിവാഹപ്പൊരുത്തം ചിന്തിക്കുമ്പോള്‍

''വിവാഹപ്പൊരുത്തങ്ങള്‍ പ്രധാനമായി പത്തെന്നും സാമാന്യമായി പതിനഞ്ചെന്നും ഗണിച്ചുവരുന്നു. പൊരുത്തങ്ങളുടെ പേരുകള്‍ താഴെ കൊടുക്കുന്നു. ഋക്ഷയോനി, ദിനം മാഹേന്ദ്രം, രാശി, രാശീശന്‍, വശ്യം, സ്ത്രീദീര്‍ഘം, രജ്ജു, വേധം, യോനി, ഗോത്രം, പണം, പക്ഷി, ജാതി, ഭൂതം. ''
uploads/news/2018/07/235564/Joythi230718a.jpg

വിവാഹം എട്ടുവിധമാണ്. ബ്രാഹ്മ്യം, പ്രാജാപത്യം, ആര്‍ഷം, ദൈവം, ഗാന്ധര്‍വ്വം, ആസുരം, രാക്ഷസം, പൈശാചം. സര്‍വ്വാലങ്കാരഭൂഷിതയായി, വിധിപ്രകാരം വിവാഹം ചെയ്തുകൊടുക്കുന്നത് ബ്രാഹ്മ്യവും വലിയ ആഡംബരത്തോടുകൂടി വിധിപ്രകാരം നടത്തുന്നത് പ്രാജാപത്യവും ഗോമിഥുന ദാനപൂര്‍വം കന്യകയെ ദാനം ചെയ്യുന്നത് ആര്‍ഷവും യാഗത്തില്‍ ഋത്വിക്കിന് ദക്ഷിണയായി കന്യകയെ ദാനം ചെയ്യുന്നത് ആര്‍ഷവും യാഗത്തില്‍ ഋത്വിക്കിന് ദക്ഷിണയായി കന്യകയെ ദാനം ചെയ്യുന്നത് ദൈവവും പരസ്പരാനുരാഗത്തില്‍ ചെയ്യപ്പെടുന്ന വിവാഹം ഗാന്ധര്‍വ്വവും സ്ത്രീധനം കൊടുത്തു കന്യകയെ വേളി കഴിപ്പിക്കുന്നത് ആസുരവും, ബലാല്‍ക്കാരേണ കന്യകയെ നിര്‍ബന്ധപൂര്‍വം കൊണ്ടുപോകുന്നത് രാക്ഷസവും, സ്ത്രീധനം കൊടുത്തു കന്യകയെ അപഹരിക്കുന്നത് പൈശാചികവുമാകുന്നു.

ഇതില്‍ ആദ്യത്തെ നാലുവിധം വിധിപ്രകാരമാകയാല്‍ ഉത്തമവും ഗാന്ധര്‍വ്വം മദ്ധ്യമവും, ശേഷം അധമങ്ങളുമാണ്. വിവാഹ വിഷയത്തില്‍ പൊരുത്തം മുതലായവയും മറ്റും നോക്കുന്നത് ആദ്യത്തെ അഞ്ച് എണ്ണത്തിന് മാത്രമേ പ്രത്യേകമായി ബാധകമുള്ളൂ.

വിവാഹപ്പൊരുത്തങ്ങള്‍ പ്രധാനമായി പത്തെന്നും സാമാന്യമായി പതിനഞ്ചെന്നും ഗണിച്ചുവരുന്നു. പൊരുത്തങ്ങളുടെ പേരുകള്‍ താഴെ കൊടുക്കുന്നു. ഋക്ഷയോനി, ദിനം മാഹേന്ദ്രം, രാശി, രാശീശന്‍, വശ്യം, സ്ത്രീദീര്‍ഘം, രജ്ജു, വേധം, യോനി, ഗോത്രം, പണം, പക്ഷി, ജാതി, ഭൂതം. ഇവയില്‍ മാഹേന്ദ്രം, യോനി, ദീനം, ഗണം, രാശി, രാശീശന്‍, വശ്യം, സ്ത്രീദീര്‍ഘം ഇവ പ്രധാനങ്ങളും പ്രബലങ്ങളുമാണ്. നിഷേധപ്പൊരുത്തങ്ങളായ രജ്ജുവും വേധവും ദോഷചിന്തയില്‍ ഏറ്റവും പ്രധാനങ്ങളാണ്. ബാക്കി പൊരുത്തങ്ങള്‍ക്ക് സാധാരണമായി പ്രാധാന്യം കല്പിച്ചിട്ടില്ലെങ്കിലും സാമാന്യ ചിന്തയില്‍പ്പെടുന്നുണ്ട്.

ബ്രാഹ്മണന് ഗോത്രവും അല്ലാത്തവര്‍ക്ക് ജാതിയും പ്രധാനമായി കരുതണമെന്നുണ്ട്. ബ്രാഹ്മണന് ദിനപ്പൊരുത്തവും ക്ഷത്രിയന് ഗണപ്പൊരുത്തവും വൈശ്യന് രാശിയും, ശൂദ്രന് യോനിപ്പൊരുത്തവും പ്രധാനമായി നോക്കണമെന്നും അഭിപ്രായമുണ്ട്. ബ്രാഹ്മണന് രാശ്യാധിപപ്പൊരുത്തവും, ക്ഷത്രിയന് ഗണപ്പൊരുത്തവും വൈശ്യന് സ്ത്രീദീര്‍ഘവും ശൂദ്രനും ഇതരസങ്കരണവര്‍ണ്ണങ്ങള്‍ക്കും യോനിയും പ്രധാനമായി കരുതണമെന്ന് 'കാലമൃത'ത്തിലും പറയുന്നു.

ഈ പുസ്തകത്തിന്റെ അവസാന ഭാഗത്ത് നക്ഷത്രങ്ങളുടെ മൃഗം (ഋക്ഷയോനി) ഗണം, യോനി, ഭൂതം, പക്ഷി ഇവ കൊടുത്തിട്ടുണ്ട്. പൊരുത്തവിഷയ ചിന്തയില്‍ സ്വീകാര്യമോ, ത്യാജ്യമോ എന്ന കാര്യം തീര്‍ച്ചപ്പെടുത്തുന്ന രീതി താഴെ വിവരിക്കുന്നു.

മാഹേന്ദ്രപ്പൊരുത്തം


സ്ത്രീയുടെ ജന്മ നക്ഷത്രത്തില്‍ നിന്ന് 4, 7, 10, 13, 16, 19, 22, 25 ഈ നക്ഷത്രങ്ങളില്‍ ജനിച്ച പുരുഷന്‍ ശുഭനാകുന്നു.

യോനിപ്പൊരുത്തം


അവസാന ഭാഗത്തിലെ പട്ടികയില്‍ വിവരിച്ചിട്ടുണ്ട്. പുരുഷന്‍ പുരുഷയോനിയും, സ്ത്രീ സ്ത്രീ യോനിയും ആയാല്‍ ഉത്തമം. വിപരീതമായാല്‍ കഷ്ടം, ഏകയോനിയും ത്യാജ്യമാണ്. പക്ഷേ, ഇരുവരും സ്ത്രീ യോനിയായാല്‍ മദ്ധ്യമം.

ദിനപ്പൊരുത്തം


സ്ത്രീയുടെ ജന്മനക്ഷത്രത്തില്‍നിന്നും എണ്ണിയാല്‍ 3, 5, 7 ഈ നക്ഷത്രങ്ങളൊഴിച്ച് മറ്റു നാളുകളില്‍ ജനിച്ച പുരുഷന്‍ ശുഭന്‍ 3-5-7 ല്‍ 3-7 ഏറ്റവും ദോഷപ്രദവും 5-ല്‍ താരതമ്യേന മാത്രം ദോഷം കുറഞ്ഞതുമാണ്. സ്ത്രീയുടെ 12-ാം നാളിന്റെ ആദ്യപാദത്തിലും 14-ാം നാളിന്റെ അന്ത്യപാദത്തിലും 16-ാം നാളിന്റെ 3-ാം പാദത്തിലും 21, 23, 25 ഈ നക്ഷത്രങ്ങളിലെ പാപരാശികളില്‍ വരുന്ന പാദങ്ങളിലും, 88-ാം പാദത്തിലും 108-ാം പാദത്തിലും ജനിച്ച പുരുഷനെ വിവാഹം ചെയ്യാന്‍ പാടുളളതല്ല. 88-108-ാം കാല്‍, അംശക മൈത്രരാശി ഇവയും വേണ്ടപോലെ ചിന്തിക്കണം. ദിനപ്പൊരുത്തത്തില്‍ 7-ാം നാള്‍ വര്‍ജ്ജ്യമെന്നും മാഹേന്ദ്രത്തില്‍ 7-ാം നാള്‍ സ്വീകാര്യമെന്നും പറഞ്ഞിട്ടുണ്ട്. അതിനാല്‍ അനുജന്മനക്ഷത്രത്തിന്റെ 7-ാം നാള്‍ ദോഷമില്ലെന്നും ജന്മനക്ഷത്രത്തിന്റെ 7-ാം നാള്‍ മാഹേന്ദ്രമുണ്ടെങ്കിലും വര്‍ജ്ജ്യമെന്നും സാരം.

ഉത്രം, ഉത്രാടം, ഉത്രട്ടാതി, അത്തം, മകയിരം, ചോതി, മകം, അനിഴം, ഈ എട്ടു നക്ഷത്രങ്ങള്‍ക്ക് നിധനം, വിപത്ത്, വധം ഈ ദോഷങ്ങളില്ല. ദിനപ്പൊരുത്ത ചിന്തയിലുള്ള ഈ അഭിപ്രായത്തെ വേണ്ടപോലെ ചിന്തിക്കേണ്ടതാണ്.

രാശിപ്പൊരുത്തം


സ്ത്രീ ജനിച്ച കൂറില്‍നിന്നും 7, 8, 9, 10, 11, 12 ഈ കൂറുകള്‍ പുരുഷന്റേതാകയാല്‍ ഉത്തമം. ഇതില്‍ അഷ്ടമഷഷ്ഠം മദ്ധ്യമമായി കരുതുന്നു. ശേഷം വര്‍ജ്ജ്യം. ''ഏകരാശി ദ്വിനക്ഷത്രം പുത്രപൗത്രാദി വര്‍ദ്ധനം' എന്നും 'സ്ത്രീജന്മതോതി ദുരസ്ഥം പുംജന്മര്‍ക്ഷം ശുഭാവഹം' എന്നുമുള്ള പ്രമാണങ്ങള്‍ പ്രകാരം ഏകരാശിയും രണ്ടു നക്ഷത്രങ്ങളുമായാല്‍ ഉത്തമമാണെന്നുമുണ്ട്.

രണ്ടു നക്ഷത്രങ്ങളാവുന്നത്, പുരുഷന്റേത് ആദ്യത്തേയും സ്ത്രീയുടെ രണ്ടാമത്തേതുമാവണം. ഇങ്ങനെ വന്നാല്‍ സ്ത്രീദീര്‍ഘം എന്ന ഗുണംകൂടി കിട്ടുന്നതാണ്. ഏകനക്ഷത്രങ്ങളും സ്വീകാര്യംതന്നെ. പക്ഷേ, പുരുഷന്റെ നക്ഷത്രപാദം ആദ്യമായിരിക്കുന്നത് ഗുണമാണ്. ഏകനക്ഷത്രങ്ങളായി വരുമ്പോള്‍ ഭരണി, രോഹിണി, തിരുവാതിര, പൂയം, ആയില്യം, മകം, അത്തം, തൃക്കേട്ട, മൂലം, പൂരാടം, അവിട്ടം, ചതയം ഈ 12 നക്ഷത്രങ്ങള്‍ ത്യാജങ്ങള്‍തന്നെയാണ്.

uploads/news/2018/07/235564/Joythi230718.jpg

മേടം, ധനു, ഇടവം, തുലാം മീനം, കുംഭം കര്‍ക്കടകം, ചിങ്ങം മകരം, മിഥുനം, വൃശ്ചികം ഇങ്ങനെ ഓജരാശിക്കൂറുകളില്‍ വരുന്ന ഷഷ്ഠാഷ്ഠങ്ങള്‍ക്ക് ദോഷം കുറയും. എന്നാല്‍ ഇടവം, കര്‍ക്കിടകം, കന്നി, വൃശ്ചികം, മകരം, മീനം എന്നീ യുഗ്മരാശിക്കൂറുകളില്‍ ജനിച്ച സ്ത്രീക്ക് ഈ കൂറുകളുടെ ഷഷ്ഠരാശികളില്‍ ജനിച്ച പുരുഷന്‍ നിഷിദ്ധം തന്നെയാണ്. എന്നാല്‍ ഇവിടെയും പക്ഷാന്തരമുണ്ട്. രാശികള്‍ക്ക് ഏകാധിപത്യവും മൈത്രവും വരിക-വേധം ഇല്ലാതിരിക്കുക- വശ്യം ഉണ്ടായിരിക്കുക ഇങ്ങനെയായാല്‍ ദോഷം തീരെ ഇല്ലെന്ന് പറയാം.

വധുവിന്റെ കൂറില്‍ നിന്ന് വരന്‍ 2-ാം കൂറില്‍ ജനിച്ചാല്‍ ദാരിദ്ര്യവും അഞ്ചാംകൂറില്‍ സന്താനാരിഷ്ടവും ആറാം കൂറില്‍ ദുഃഖം, ആപത്ത്, വിരഹം, കലഹം ഇവയും മൂന്നാംകൂറില്‍ ജനിച്ചാല്‍ ദുഃഖവും ഫലമാകുന്നു.
2. അഞ്ചാംകൂര്‍ (പഞ്ചമനവമം)-മേടം ചിങ്ങം, കര്‍ക്കിടകം, വൃശ്ചികം, ഇവയ്ക്ക് 5-ാം കൂര്‍ ദോഷമില്ല.)
3. സമസപ്തം- കുംഭം, ചിങ്ങം, കര്‍ക്കടകം, മകരം, സമസപ്തമാണെങ്കിലും ഗുണം പോരാ..

രാശ്യാധിപപ്പൊരുത്തം


സ്ത്രീ ജനിച്ച കൂറിന്റെയും പുരുഷന്‍ ജനിച്ച കൂറിന്റേയും അധിപന്‍ ഒരു ഗ്രഹമായാലും അധിപന്മാര്‍ രണ്ടു ഗ്രഹങ്ങളായാലും അവര്‍ തമ്മില്‍ ബന്ധുക്കളായാലും ഉത്തമം. പൊരുത്ത ചിന്തയിലെ ഗ്രഹബന്ധു നിര്‍ണ്ണയം താഴെപ്പറയും പ്രകാരമാകുന്നു.

ആദിത്യത്തിന് ബന്ധു വ്യാഴം
ചന്ദ്രന്- ബുധനും വ്യാഴവും
കുജന്- ബുധനും ശുക്രനും
ബുധന്- സൂര്യനൊഴിച്ചുള്ള 5 ഗ്രഹങ്ങളും
വ്യാഴത്തിന്- കുജനൊഴിച്ചുള്ള 5 ഗ്രഹങ്ങളും
ശുക്രന്- ആദിത്യചന്ദ്രന്മാരൊഴികെ മറ്റു നാലു ഗ്രഹങ്ങള്‍
ശനിക്ക്- ആദിത്യന്‍, ചന്ദ്രന്‍, ചൊവ്വ ഒഴിച്ചുള്ള മൂന്ന് ഗ്രഹങ്ങള്‍
സത്യാചാര്യമതം മേല്‍ കാണിച്ച മാതിരിയല്ല. വേറെ മതങ്ങളുമുണ്ട്. വിവിധാഭിപ്രായങ്ങളുടെ സൂക്ഷ്മജ്ഞാനത്തിനും സ്വീകാര്യതയ്ക്കും ദൈവജ്ഞന്റെ സഹായം വേണ്ടതാണ്.

ഏകാധിപത്യമൈത്രൈവാ സമസപ്തമ ഏവവാ
രജ്ജുവേധഗനൈര്‍ദ്ദോഷോ രാശിദോഷോ നവിദ്യതെ.

സാരം: സ്ത്രീപുരുഷ രാശികള്‍ക്ക് ഏകാധിപത്യം, മൈത്രം, സമസപ്തമം ഇവ ഉണ്ടായിരുന്നാല്‍; രജ്ജു, വേധം, ഗണ, രാശി ദോഷങ്ങള്‍ക്ക് പരിഹാരമാവുമെന്നാണ്. ഈ പ്രമാണം പ്രസിദ്ധമായി സ്വീകരിക്കപ്പെട്ടതല്ല. അതുകൊണ്ട് വിവാഹവിഷയമായി ജാതകം ചേര്‍ക്കുമ്പോള്‍ ഈ പ്രമാണത്തെ മാത്രം പൂര്‍ണ്ണമായി വിലവയ്ക്കുന്നത് ഒരു ജ്യോതിഷപണ്ഡിതന്റെ അനുമതിയോടുകൂടി ചെയ്യേണ്ടതാണ്.

വശ്യപ്പൊരുത്തം


സ്ത്രീ ജനിച്ച കൂറിന്റെ വശ്യരാശിക്കൂറുകളില്‍ ജനിച്ച പുരുഷന്‍ ഉത്തമനാകുന്നു. മേടത്തിന് ചിങ്ങവും വൃശ്ചികവും, ഇടവത്തിന് കര്‍ക്കടകവും തുലാവും, മിഥുനത്തിന് കന്നിയും, കര്‍ക്കടകവും, ധനുവിന് മീനവും, മകരത്തിന് മേടവും കുംഭവും കുംഭത്തിന് മേടവും, മീനത്തിന് മകരവും വശ്യരാശികളാകുന്നു. പരസ്പരവശ്യം അത്യുത്തമം.

ഗണപ്പൊരുത്തം


9-ാം ഭാവത്തിലെ പട്ടികയില്‍ വിവരിച്ചിട്ടുണ്ട്. ഗണം ഒന്നായിവരുന്നത് ശ്രേഷ്ഠം. ദേവഗണവും മനുഷ്യഗണവും മദ്ധ്യമം. ദേവഗണവും അസുരഗണവും അധമം. അസുരഗണവും മനുഷ്യഗണവും മൃതികള്‍. പുരുഷന്‍ ദേവഗണവും സ്ത്രീ മനുഷ്യഗണവുമായാല്‍ ഉത്തമം. പുരുഷന്‍ അസുരഗണവും സ്ത്രീ മനുഷ്യഗണവുമായാല്‍ മദ്ധ്യമം. പുരുഷന്‍ മനുഷ്യഗണവും സ്ത്രീ ദേവഗണവുമായാല്‍ വര്‍ജ്ജ്യം. പുരുഷന്‍ മനുഷ്യഗണവും സ്ത്രീ അസുരഗണവുമായാല്‍ അതി കഷ്ടം. ഗണൈക്യം എല്ലാവിധത്തിലും ഉത്തമം തന്നെ. സ്ത്രീ ദീര്‍ഘമുണ്ടായാല്‍ സ്ത്രീരാക്ഷസദോഷത്തിന് പ്രാബല്യമില്ലെന്ന് അഭിപ്രായമുള്ളത് ചിന്തിക്കേണ്ടതാണ്. ഏകാധിപത്യം, രാശിമൈത്ര്യം സമസപ്തമം ഇവ വന്നാലും ശരി, ഗണം മുതലായവ ദോഷങ്ങള്‍ക്കും കുറവുണ്ടെന്നുള്ള അഭിപ്രായമുണ്ട്. സൂക്ഷ്മനക്ഷത്രഗണൈക്യം കൂടി നോക്കി ഗണം തീര്‍ച്ചപ്പെടുത്തുന്നതും ആവശ്യമാണ്. സ്ത്രീ പുരുഷന്മാരുടെ ലഗ്നസ്ഫുടം നക്ഷത്രത്തിന്റെയും ചന്ദ്രന്റെയും നവാംശക സ്ഫുട നക്ഷത്രത്തിന്റെ ഗണങ്ങളുടെയും നിരൂപണം ആവശ്യമെന്ന് തോന്നുന്ന സന്ദര്‍ഭങ്ങളില്‍ ചെയ്യേണ്ടതാണ്.

(തുടരും.... സ്ത്രീ ദീര്‍ഘപ്പൊരുത്തം)

ജ്യോത്സ്യന്‍
ശശിധര പൊതുവാള്‍, പയ്യന്നൂര്‍
മൊ: 9544054161

Ads by Google
Ads by Google
Loading...
TRENDING NOW