Tuesday, March 26, 2019 Last Updated 8 Min 0 Sec ago English Edition
Todays E paper
Ads by Google

റൈറ്റ്ക്ലിക്ക്

S. Sreekumar
S. Sreekumar
Monday 23 Jul 2018 01.38 PM

'മീശ' മോശമായത് എന്തുകൊണ്ട്?

അതായത് 'അമ്പലം' എന്ന പശ്ചാത്തലമല്ല പ്രശ്നം. നല്ല വേഷമണിഞ്ഞ് ഒരുങ്ങിയിറങ്ങുന്ന സ്ത്രീകൾ 'ഞങ്ങൾ സെക്സിനു റെഡി' എന്നു പ്രഖ്യാപിക്കുകയാണ് എന്നു പറയുന്ന കഥാപാത്രം 'സ്ത്രീത്വത്തെ അവഹേളിക്കൽ' നിയമപ്രകാരം അകത്താക്കാൻ യോഗ്യനാണ്.
uploads/news/2018/07/235550/Opinionsreekumar230718.jpg

മതത്തിന്റെ പേരിൽ എഴുത്തുകാരന്റെ കഴുത്തു കണ്ടിക്കാൻ നടക്കുന്നവരോടു യോജിപ്പില്ല. എന്നാൽ എസ്. ഹരീഷിന്റെ 'മീശ' എന്ന നോവലിലെ വിവാദഭാഗം എതിർക്കപ്പെടേണ്ടതു തന്നെയാണ്. അത് ജാതി-മതഭേദമന്യേ അതിലുള്ള സ്ത്രീവിരുദ്ധതയുടെ, സ്ത്രീകളെയെല്ലാം കാമാസക്തകളെന്നു സാമാന്യവത്കരിച്ചതിന്റെ പേരിലാണ്.

എന്നാൽ, നിർഭാഗ്യവശാൽ ഇപ്പോൾ ആ നോവൽ ഇപ്പോൾ എതിർക്കപ്പെടുന്നത് തെറ്റായി വായിക്കപ്പെട്ട മതവിരുദ്ധതയുടെ പേരിലാണ്. ആ നോവൽ ഏറ്റെടുത്തു പ്രസിദ്ധീകരിക്കാൻ തയാറാണ് എന്നു പ്രസ്താവനയിറക്കി വീരസ്യം പറയുന്ന രാഷ്ട്രീയ-സാംസ്കാരിക നായകർ പോലും അതിലെ സ്ത്രീവിരുദ്ധത കാണാതെ പോകുന്നു.

ഹരീഷിനെ ഏറ്റെടുത്ത് കൊണ്ടാടുന്ന ചില രാഷ്ട്രീയനേതാക്കൾ ഇതെന്നല്ല, സമകാലികമായ ഏതെങ്കിലും നോവലോ, മേൽപ്പറഞ്ഞ വാരികയോ വായിക്കാറുണ്ടോയെന്നും സംശയമാണ്. വിവാദമുണ്ടായപ്പോൾ ഒരുപക്ഷേ ആ നോവൽ ഭാഗം തപ്പിയെടുത്തു വായിച്ചിട്ടുണ്ടാകാം. അവരുടെ എതിർപ്പ് ഒരു പക്ഷേ മറുപക്ഷത്തെ മതാത്മക വിമർശകരോടാകാം. അതെന്തായാലും, മതത്തിന്റെ കണ്ണടയിലൂടെ അതല്ലാതെതന്നെ, നോവലിലെ ഈ പരാമർശം എതിർക്കപ്പെടാൻ അർഹമാണ്. അത് സ്ത്രീവിരുദ്ധതയുടെ പേരിലാണെന്നു പറയാൻ നമുക്ക് ആ നോവൽ ഭാഗം ഒന്ന് എഡിറ്റ് ചെയ്തു നോക്കാം.

അമ്പലത്തിന്റെ സ്ഥാനത്തു ചന്ത എന്നു വായിച്ചാലും പ്രാർഥിക്കാൻ എന്നതിനു പകരം ഷോപ്പിങ്ങിന് എന്നു വായിച്ചാലും ഈ കഥാഭാഗം സ്ത്രീകളെ അടച്ചാക്ഷേപിക്കുന്നതാണ്. അതായത് 'അമ്പലം' എന്ന പശ്ചാത്തലമല്ല പ്രശ്നം. നല്ല വേഷമണിഞ്ഞ് ഒരുങ്ങിയിറങ്ങുന്ന സ്ത്രീകൾ 'ഞങ്ങൾ സെക്സിനു റെഡി' എന്നു പ്രഖ്യാപിക്കുകയാണ് എന്നു പറയുന്ന കഥാപാത്രം 'സ്ത്രീത്വത്തെ അവഹേളിക്കൽ' നിയമപ്രകാരം അകത്താക്കാൻ യോഗ്യനാണ്.

ആ സാമാന്യവത്കരണത്തെ നമ്മുടെ ഫെമിനിസ്റ്റുകൾ പോലും അപലപിക്കാത്തത്, തങ്ങൾ മറുപക്ഷത്തെ മതമൗലികവാദികളുടെ ഒപ്പമാണെന്നു ചിത്രീകരിക്കപ്പെടുമോ എന്നു ഭയന്നാകാം. ഹരീഷിന് തെറ്റുപറ്റിയത് കഥാപാത്രത്തെക്കൊണ്ട് അമ്പലത്തിൽ പോകുന്ന സ്ത്രീകളെ അടച്ചാക്ഷേപിപ്പിച്ചതിന്റെ പേരിലാണ്.

കവി പി. രാമൻ ഹരീഷിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചൂണ്ടിക്കാട്ടിയതുപോലെ, ആ കഥാപാത്രം മദ്യപനായ ഒരു ബുദ്ധിജീവി നാട്യക്കാരനായിക്കോട്ടെ. എങ്കിലും യഥാർത്ഥ ജീവിതത്തിൽ ഒരാൾ അങ്ങനെ പറയുന്നതു കേട്ടാൽ, കേട്ടുനിൽക്കുന്നവരുടെ പ്രതികരണം എന്തായിരിക്കാം. മദ്യപനായ ബുദ്ധിജീവി നാട്യക്കാരനു മാത്രമല്ല, അയാളുടെ അഭിപ്രായത്തോടു യോജിപ്പില്ലാത്ത കൂട്ടുകാരനും തല്ലുകിട്ടിയെന്നു വരാം. സംഭാഷണപങ്കാളിക്കു കിട്ടിയ ആ തല്ലാണ് നിർഭാഗ്യവശാൽ നോവലിസ്റ്റ് ഇപ്പോൾ നിന്നുകൊള്ളുന്നത്.

നോവലിസ്റ്റിന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തിൽ ഇടപെടുകയല്ല, എങ്കിലും ഒന്നു ചോദിക്കട്ടെ. നാട്ടിലെ അറിയപ്പെടുന്ന ഒരു ലൈംഗികത്തൊഴിലാളി സ്ത്രീയെ ചൂണ്ടിക്കാട്ടിയായിരുന്നു ഹരീഷിന്റെ കഥാപാത്രത്തിന്റെ കമന്റ് എങ്കിൽ അമ്പലത്തിന്റെയോ മതത്തിന്റെയോ പേരിൽപോലും അതിത്രമാത്രം എതിർക്കപ്പെടുമായിരുന്നോ? അവൾ അമ്പലത്തിൽ പോകുന്നത്, താൻ ഇപ്പോൾ തീണ്ടാരിയല്ല, റെഡിയാണ് എന്ന് കസ്റ്റമേഴ്സിനെ അറിയിക്കാനുള്ള സിഗ്നലാണ് എന്ന് ഏതു വായനക്കാരനും രസകരമായി വായിച്ചു പോയേനേ.

അവിടെ അമ്പലത്തിന്റെ പവിത്രത യോ സ്ത്രീകളുടെ ആത്മാഭിമാനമോ അപമാനിക്കപ്പെടുന്നില്ല. ഒരു സ്ത്രീ കഥാപാത്രത്തിന്റെ രീതിയായി മാത്രം വായിക്കപ്പെട്ടേനേ. മറിച്ച് അമ്പലത്തിൽ പോകുന്ന മുഴുവൻ പെൺകുട്ടികളെയും ' മറ്റേ ഗണത്തിൽ' ഉൾപ്പെടുത്തിയ വരികളിലാണ് അക്ഷരവിരോധികളുടെ പോലും കണ്ണുടക്കിയതും അവർ മതത്തിന്റെ പേരിൽ ഉടക്കിട്ടതും.

മമ്മൂട്ടിയുടെ പോലീസ് കഥാപാത്രം വനിതാ മേലുദ്യോഗസ്ഥയുടെ യൂണിഫോം ബെൽറ്റിൽ പിടിച്ച് വലിച്ചടുപ്പിക്കുന്നതു പോലെ ആഭാസമാണ് ഈ നോവൽ ഭാഗം. അന്ന് സ്ത്രീത്വത്തോടുള്ള അവഹേളനമായാണത് വിമർശിക്കപ്പെട്ടത്. അവിടെ, കഥാപാത്രത്തെ കാണാതെ മമ്മൂട്ടിയെന്ന നടനും സംവിധായകനും വിമർശിക്കപ്പെട്ടതിൽ ആരും തെറ്റു കണ്ടില്ല.

ഇനി, മതത്തിന്റെയും ജാതിയുടെയും പേരിൽ നോവലിസ്റ്റിനെതിരേ വാളെടുക്കുന്നവരോട്. പി. രാമൻ ചൂണ്ടിക്കാട്ടിയതുപോലെ ചാക്യാരും തിരുമേനിമാരുടെ സ്ത്രീലമ്പടത്വത്തെ വിമർശിക്കുന്നുണ്ട്. അതുകൊണ്ട് സാത്വികരായ പൂജാരിമാർ എല്ലാം അങ്ങനെയാണെന്നല്ലല്ലോ ചാക്യാർ ഉദ്ദേശിച്ചത്. ക്ലൈമാക്സിൽ വെളിച്ചപ്പാട് പ്രതിഷ്ഠയുടെ മുഖത്തു തുപ്പിയ എം.ടിയുടെ നിർമാല്യം ഇന്നായിരുന്നു ഇറങ്ങിയിരുന്നതെങ്കിൽ എന്ന ആശങ്ക പലരും ഇപ്പോൾ പങ്കവയ്ക്കുന്നുണ്ട്.

'കയർ' എന്ന ക്ലാസിക്കിൽ തകഴി എല്ലാ മതങ്ങളിലെയും പൗരോഹിത്യത്തെ അടച്ചാക്ഷേപിക്കുന്നുണ്ട്. ചരിത്രസത്യമെന്ന നിലയിൽ കീഴ്ജാതിക്കാരെ പച്ചയ്ക്കു ജാതി വിളിക്കുന്നുണ്ട്. മുസ്ലിംകളെ മേത്തരെന്നും ക്രിസ്ത്യാനികളെ വടുകനെന്നും വിശേഷിപ്പിക്കുന്നുണ്ട്. അതൊക്കെ കാലഘട്ടത്തിന്റെ നേർക്കാഴ്ചകളായിരുന്നു. " ഈ കല്ലുകൊണ്ടുള്ള വിഗ്രഹങ്ങളെല്ലാം ഇബിലിസ്സുകളാണ്...ഇബിലിസ്സെന്നാൽ പുള്ളേ പിശാരെന്ന് " എന്ന് പീരുക്കണ്ണിനെക്കൊണ്ടു പറയിച്ച തകഴിയെ അറിയുമോ ഹരീഷിനെ മതത്തിന്റെ പേരിൽ വിമർശിക്കുന്നവർ? "അല്ലേലും ഈ മേത്തൻമാർ അങ്ങന
െയാ. അവരെ കണ്ടാലേ പേടിയാകും" എന്ന് നങ്ങയ്യ അന്തർജനത്തെക്കൊണ്ട് പറയിച്ച തകഴിക്കെതിരേ ഇന്നായിരുന്നെങ്കിൽ ഫത്വ ഇറങ്ങില്ലായിരുന്നോ? പള്ളിമേടയിൽ വികാരിയശ്ശന്റെ കാപ്പിമേശയെ തകഴി വിവരിക്കുന്നതിങ്ങനെ: "അവലോസുണ്ട, പുഴുങ്ങിയ ഏത്തപ്പഴം, ഞവരയരിപ്പൊടിയും പഴുപ്പൻ തേങ്ങയുടെ പീരയും കൊണ്ട് ഒരു മുഴം നീളത്തിലുണ്ടാക്കിയ പുട്ട്, പൊരിച്ച മുട്ട, പൂവൻപഴം, പാനി".

ഇന്നത്തെ ഒരു യുവകഥാകൃത്തിന്റെ വകയായിരുന്നു ഈ പരാമർശമെങ്കിൽ അതു വന്ന പ്രസിദ്ധീകരണം ബഹിഷ്കരിക്കാൻ ഇടയലേഖനം ഇറങ്ങിയേനേ? ചാക്യാർ മാത്രമല്ല തകഴിയും കളിയാക്കുന്നുണ്ടു പോറ്റിമാരെയും തിരുമേനി മാരെയും വെളിച്ചപ്പാടിനെയും. "വേദങ്ങളില് ഗോമാംസം തിന്നണന്നു പറഞ്ഞിട്ടുണ്ടേയ്. വേണോ. വേദം ചൊല്ലാം " എന്നു ഭവത്രാതൻ നമ്പൂരിയെക്കൊണ്ടു പറയിക്കുന്നതും തകഴിയാണ്.

ഭവത്രാതനെ മുഹമ്മദാക്കിയ, തോത്രക്കുട്ടിയെ കൂട്ടമാനഭംഗം ചെയ്ത് ആമിനയാക്കിയ "മാപ്ലാരു" ടെ ക്രൂരതകൾ പറയുന്നുണ്ട്. പിന്നെ, ഹരീഷ് ചൂണ്ടിക്കാട്ടിയവരും അല്ലാത്തവരുമായ എല്ലാ വിശ്വാസികളും പോകുന്ന പ്രമുഖ ക്ഷേത്രങ്ങളുടെ ശ്രീകോവിൽ ചുവരുകളിൽതന്നെ രതി ശിൽപ്പങ്ങളും വരകളും സമൃദ്ധമായുണ്ട്. നോവൽ പിൻവലിപ്പിക്കുന്നതു പോലെ അവ ഇല്ലാതാക്കാൻ ആവില്ലല്ലോ.

അപ്പോൾ പിന്നെ സാഹിത്യത്തിനു നേരേയുള്ള മതവിമർശനത്തിൽ കാര്യമില്ല. തകഴിയുടെ തന്നെ അഭിപ്രായത്തിൽ "നമ്മുടെ ഈ പരശുരാമ ക്ഷേത്രത്തിനേയ്, ഒരു ശാപോണ്ട്...ന്താന്ന്വച്ചാല് എന്നെന്നും ആരായാലും വേണ്ടില്ല. പുരോഹിതനാ എല്ലാറ്റിനും തലപ്പത്ത്. നമ്പൂരി തലപ്പത്ത്. മൗലവിയും മുസല്യാരും തലപ്പത്ത്. നസ്രാണിക്കു പള്ളീക്കത്തനാര് തലപ്പത്ത്. പ്പോ എന്താന്ന്വച്ചാല് പൗരോഹിത്യം തലപ്പത്ത് ".

അത്രേയുള്ളൂ കാര്യം. അപ്പോൾ മതത്തിന്റെ പേരിലുള്ള വിമർശനം ഹരീഷ് കാര്യമാക്കേണ്ടതില്ല. സ്ത്രീകളെ അടച്ചാക്ഷേപിച്ച ഭാഗം പിൻവലിച്ച് നോവൽ തുടരുകയാണു വേണ്ടത്.

Ads by Google

റൈറ്റ്ക്ലിക്ക്

S. Sreekumar
S. Sreekumar
Monday 23 Jul 2018 01.38 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW