Friday, June 21, 2019 Last Updated 14 Min 19 Sec ago English Edition
Todays E paper
Ads by Google
ബീനാ സെബാസ്റ്റ്യന്‍
Monday 23 Jul 2018 08.24 AM

സഭകളിലെ സ്ത്രീപീഡനങ്ങളില്‍ വനിതാ സംഘടനകള്‍ പോലും പ്രതികരിക്കാത്തത് ആശ്ചര്യകരം; ഇരകള്‍ക്ക് നീതി ഉറപ്പാക്കാന്‍ സഭയ്ക്കുള്ളില്‍ സംവിധാനം വേണം: ഐ.സി.ഡബ്ല്യൂ.എം

uploads/news/2018/07/235497/bishop-franko-mulkkal.jpg

കോട്ടയം: ജലന്ധര്‍ ബിഷപ്പിനും ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കും എതിരായ ലൈംഗിക ആരോപണങ്ങളില്‍ വനിതാ സംഘടനകളൊന്നും പ്രതികരിക്കാന്‍ തയ്യാറാകാത്തതും ആശ്ചര്യമാണെന്ന് ഇന്ത്യന്‍ ക്രിസ്ത്യന്‍ വിമണ്‍സ് മൂവ്‌മെന്റ് കേരള യൂണിറ്റ് (ഐ.സി.ഡബ്ല്യൂ.എം). മറ്റേത് കേസിലായാലും വനിതാ സംഘടനകള്‍ ഇടപെടുന്നു. ഇവിടെ എല്ലാവരും പേടിച്ചിരിക്കുകയാണ്. അേന്വഷണം ശരിയായ വിധത്തില്‍ നടക്കണമെന്നെങ്കിലും പ്രതികരിക്കാന്‍ സഭയ്ക്കുളളിലെ വനിതാ സംഘടനകള്‍ പോലും തയ്യാറാകുന്നില്ല. അത് വളരെയേറെ ചിന്തിപ്പിക്കുന്നു. മതത്തിന്റെ വലിയ സമ്മര്‍ദ്ദമാണ് ഇതിനു പിന്നില്‍. സ്ത്രീകളുടെ പ്രശ്്‌നങ്ങളില്‍ ധൈര്യമായി പരാതി നല്‍കാന്‍ കഴിയുന്ന ഒരു ആഭ്യന്തര സമിതി എല്ലാ സഭകളിലും വേണമെന്ന ആവശ്യം സംഘടന മുന്നോട്ടുവയ്ക്കണം. ഇത്തരം സമിതികളില്‍ സഭാംഗങ്ങളായ സ്ത്രീകള്‍ക്ക് പരാതി പറയാനും നീതികിട്ടുമെന്ന വിശ്വാസവും വേണം. ഇരകള്‍ക്ക് നീതി ലഭിക്കണം. ഈ രണ്ട് ആവശ്യങ്ങളാണ് സംഘടന എല്ലാ സഭകളോടും ആവശ്യപ്പെടുന്നതെന്ന് ഐ.സി.ഡബ്ല്യൂ.എം കേരള സെക്രട്ടറി ശാന്തി മത്തായി 'മംഗളം ഓണ്‍ലൈനോട്' പ്രതികരിച്ചു.

ജലന്ധര്‍ ബിഷപ്പിനെതിരായ ആരോപണത്തില്‍ വത്തിക്കാന്‍ പ്രതിനിധിക്കും സിബിസിഐ പ്രസിഡന്റ് ഒസ്വാള്‍ഡ് ഗ്രേഷ്യസിനും സംഘടന ഇമെയില്‍ ആയും നേരിട്ടും പരാതി അയച്ചു കൊടുത്തു. ആരോപണ വിധേയനെതിരെ നടപടി ആവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തിയ ശേഷമാണ് പരാതി അയച്ചത്. എന്നാല്‍ ഇതുവരെ പരാതി ലഭിച്ചതായി ഒരു അറിയിപ്പ് നല്‍കുകയോ തങ്ങളുടെ വാദം കേള്‍ക്കാനോ തയ്യാറാകുന്നില്ല.

നമ്മുടെ സഭയിലെ നേതൃത്വം കുറ്റം ചെയ്തില്ല എന്നു വിശ്വസിക്കാനാണ് വിശ്വാസികള്‍ക്ക് ആഗ്രഹം. അതുകൊണ്ട് തന്നെ അങ്ങനെയും ഒരു ന്യായം കണ്ടെത്തി നമ്മുടെ നേതാക്കളെ സംരക്ഷിക്കുന്ന ഒരു പ്രവണത നമ്മുക്കുണ്ട്. അത്തരമൊരു അടിച്ചേല്‍പ്പിക്കല്‍ എങ്ങനെയോ വിശ്വാസത്തിന്റെ ഭാഗമായി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ചോദ്യം ചെയ്യാന്‍ പലരും മടിക്കുകയാണ്. നേതൃത്വത്തിന് തെറ്റുപറ്റിയെന്ന് അറിയാമെങ്കിലും അതിനു ന്യായീകരണം കണ്ടെത്തുന്ന രീതി ജനങ്ങള്‍ക്കിടയിലുണ്ട്. എന്തുകൊണ്ട് കന്യാസ്ത്രീ ഇക്കാര്യം ഇതുവരെ പറഞ്ഞില്ല ആരോടും പരാതിപ്പെട്ടില്ല? ഇങ്ങനെയുള്ള വാട്‌സ്ആപ് സന്ദേശങ്ങള്‍ വരുമ്പോള്‍ ശരിയായിരുന്നല്ലോ, പതിനാല് പ്രാവശ്യമല്ലേ, ഒന്നും രണ്ടും തവണ അല്ലല്ലോ എന്നു നാം ചിന്തിക്കും.

കന്യാസ്ത്രീകളുടെ ജീവിത അവസ്ഥയെകുറിച്ച് അറിയാത്തവരാണ് അങ്ങനെ പറയുന്നത്. പ്രശ്‌നങ്ങള്‍ മൂടിവയ്ക്കാന്‍ അവരെ എത്രമാത്രം പരിശീലനം കൊടുത്താണ് രൂപപ്പെടുത്തുന്നത് എന്നറിയണം. ഒരു കാര്യം അവര്‍ വിളിച്ചുപറയണമെങ്കില്‍ എന്തുമാത്രം സാഹചര്യം അവര്‍ക്ക് അനുകൂലമായി സൃഷ്ടിച്ചെടുക്കണം. എത്ര വര്‍ഷം എടുത്താലായിരിക്കും അവര്‍ക്ക് ഇതൊക്കെ വിളിച്ചുപറയാന്‍ കഴിയുക. സ്വന്തം വീടുകളില്‍ വന്നിരുന്നുപോലും അവര്‍ക്ക് പറയാന്‍ കഴിയില്ല. സാധാരണ സ്ത്രീകള്‍ ആണെങ്കില്‍ പോലും ലൈംഗികമായി ഒരാള്‍ ഉപദ്രവിച്ചുവെന്ന് പറയാന്‍ മടിക്കും. ഒരു അപമാനമായാണ് അവര്‍ ഇതിനെ കാണുന്നത്. പിന്നീട് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളെയും കുറിച്ച് അവര്‍ ഭയക്കുന്നു. പോസിറ്റീവ് ആയി ആരും കാണില്ല. ബലാത്സംഗ ഇരയായി മാത്രമേ അവളെ ലോകം കാണൂ. അവളും അവളുടെ മക്കളും ജീവിതകാലം മുഴുവന്‍ ഈ ഭാരംപേറി കഴിയണം. അതുകൊണ്ട് വിളിച്ചുപറയാന്‍ മടിക്കും. സാധാരണ ഒരു സ്ത്രീയുടെ അവസ്ഥ ഇതാണെങ്കില്‍ കന്യാസ്ത്രീ മഠങ്ങളില്‍ ഇത്രയേറെ അടിച്ചമര്‍ത്തി കഴിയുന്ന ഒരാള്‍ക്ക് ഒന്നും രണ്ടും പീഡനങ്ങള്‍ കഴിയുമ്പോള്‍ എങ്ങനെ പറയാന്‍ കഴിയും.

മുന്‍പ് പ്രമാദമായ ഒരു പീഡനക്കേസില്‍ ഇരയോട് കോടതി പോലും ചോദിക്കുകയുണ്ടായി. എന്തുകൊണ്ട് ഇത്രയും ദിവസം പീഡനം സഹിച്ചുകഴിഞ്ഞു. പുറത്ത് ബസിലും മറ്റും പ്രതികള്‍പ്പം സഞ്ചരിച്ചപ്പോള്‍ എന്തുകൊണ്ട് വിളിച്ചുപറഞ്ഞില്ലെന്നാണ് എല്ലാവരും ചോദിച്ചത്. പീഡനത്തിന് ഇരയാകുന്ന ഒരാള്‍ക്ക് ഭയം മൂലം ഒന്നും വിളിച്ചുപറയാന്‍ കഴിയില്ലെന്നുള്ളത് ജനം മനസ്സിലാക്കണം. അവര്‍ക്കുമേലുള്ള ഭീഷണി അത്രയ്ക്ക് വലുതായിരിക്കും. സഭയ്ക്കുള്ളില്‍ കഴിയുന്ന ഒരു കന്യാസ്ത്രീ അതിലും വലിയ അടിച്ചമര്‍ത്തലാണ് നേരിടുന്നത്.

ഇരയെ അപമാനിക്കുന്ന രീതിയാണ് ബിഷപ്പ് ഫ്രാങ്കോയുടെ കാര്യത്തിലും ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികരുടെ കാര്യത്തിലും കാണുന്നത്. അത്തരത്തില്‍ പ്രചാരണം നടക്കുന്നുണ്ട്. പുകമറ സൃഷ്ടിച്ച് രക്ഷപ്പെടാനാണ് ഇവരുടെ ശ്രമം. എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്ന് പോലീസ് അന്വേഷണം കഴിഞ്ഞാലേ ബോധ്യമാകൂ. നിഷപക്ഷമായ അന്വേഷണം നടക്കുന്നതിന് ആരോപണ വിധേയര്‍ മാറി നില്‍ക്കേണ്ടത് അനിവാര്യമാണ്. കാനോന്‍ നിയമവും അരമന കോടതിയുമല്ല ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യേണ്ടത്. രാജ്യത്തെ നിയമമനുസരിച്ച് ക്രിമിനല്‍ നടപടി തന്നെ നേരിടണം. എന്നാല്‍ ൈക്രസ്തവ സഭകളിലെ ഒരു സംഘടന പോലും പീഡനമേല്‍ക്കുന്ന സ്ത്രീകള്‍ക്കു വേണ്ടി പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല. ലൈംഗിക പീഡനം മാത്രമല്ല, എല്ലാത്തരത്തിലും സ്ത്രീകള്‍ സഭയില്‍ വിവേചനം നേരിടുന്നുണ്ട്- അവര്‍ വ്യക്തമാക്കി.

ഇരു കേസുകളിലും പോലീസ് അന്വേഷണം ശരിയായ വിധത്തിലാണോ എന്ന് ആശങ്കയുണ്ട്. ഓര്‍ത്തഡോക്‌സ് സഭയിലെ രണ്ടു വൈദികര്‍ അറസ്റ്റിലായെങ്കിലും മറ്റു രണ്ടു പേരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല. ബിഷപ്പിന്റെ കാര്യത്തിലാണെങ്കില്‍ പരാതിക്കാരി ഇത്രയും കൃത്യമായി മൊഴി നല്‍കിയിട്ടും ആരോപണ വിധേയനെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറാകുന്നില്ല. കന്യാസ്ത്രീയുടെ പരാതിയിലുള്ള അന്വേഷണം അട്ടിമറിക്കാന്‍ സാധ്യത കാണുന്നുണ്ട്. പണവും രാഷ്ട്രീയ സ്വാധീനവും വരുമ്പോള്‍ അതിനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. പരാതിക്കാരി ഒരു കന്യാസ്ത്രീയാണ്. മഠത്തിന്റെ കോണുകളിലേക്ക് തള്ളിക്കളഞ്ഞാല്‍ അവരെ പിന്നെ ആര് തിരക്കാനാണ്.

ഇതൊന്നും ഒറ്റപ്പെട്ട കേസുകളായി കാണരുത്. സഭ ധാര്‍മ്മികമായ ഒരു സ്ഥാപനമാണ്. സഭ ഉയര്‍ത്തിപ്പിക്കുന്ന ചില മൂല്യങ്ങളുണ്ട്. ബൈബിള്‍ കയ്യില്‍ പിടിച്ച് യേശുവിനെ മാതൃകയാക്കണമെന്ന് പറയുന്നു. അതില്‍ നിന്ന് പിറകോട്ട് പോകുന്ന ഏതുകാര്യത്തിലും സഭ അതിന്റെ ദൗത്യത്തില്‍ പരാജയപ്പെടുകയാണ്. അതാണ് വലിയ വെല്ലുവിളി. ഐ.സി.ഡബ്ല്യൂ.എംയും മുന്നോട്ടുവയ്ക്കുന്നത് ഈ വിഷയമാണ്.

സഭ സാക്ഷ്യം വഹിക്കേണ്ടതിന് പകരം നിരന്തരം ആരോപണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. പണപരമായതും ലൈംഗിക അതിക്രമങ്ങള്‍ ആയാലും സഭ പഴി കേള്‍ക്കുന്നു. എന്ത് ധാര്‍മ്മികത ചൂണ്ടിക്കാണിക്കാനാണ് സഭാ േനതൃത്വം ഉദ്ദേശിക്കുന്നത്. ആരോപണവിധേയരെ സഭ അങ്ങേയറ്റം സംരക്ഷിക്കുന്നു. ഇക്കാര്യത്തില്‍ ഓര്‍ത്തഡോക്‌സ് സഭ വൈദികരെ രാജ്യത്തിന്റെ നിയമത്തിന് വിട്ടുകൊടുത്തുവെന്ന് പറയുന്നു. എന്നാല്‍ കത്തോലിക്കാ സഭയാണ് ഇത്തരം കേസുകളില്‍ ആരോപണം നേരിടുന്നവരെ അങ്ങേയറ്റം സംരക്ഷിക്കുന്നത്. ഇത്തരം സമീപനങ്ങളാണ് സഭയില്‍ നിന്ന് വിശ്വാസികള്‍ കൊഴിഞ്ഞുപോകുന്നതിന് ഇടയാക്കുന്നതെന്നും ശാന്തി മത്തായി ചൂണ്ടിക്കാട്ടി.

(എല്ലാ സഭകളിലെയും പ്രതിനിധികള്‍ ഉള്ളതും എന്നാല്‍ ഒരു സഭയുടെയും കീഴിലല്ലാതെ പ്രവര്‍ത്തിക്കുന്ന വനിതകളുടെ സ്വതന്ത്ര്യ സംഘടനയാണ് ഐ.സി.ഡബ്ല്യൂ.എം.)

Ads by Google
ബീനാ സെബാസ്റ്റ്യന്‍
Monday 23 Jul 2018 08.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW