Tuesday, July 16, 2019 Last Updated 39 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 23 Jul 2018 01.58 AM

രാജ്യദ്രോഹമാകുന്ന കൊലപാതകങ്ങള്‍

uploads/news/2018/07/235492/editorial.jpg

ഒരു രാജ്യത്തെ ഭരണസംവിധാനത്തിന്റെ കാര്യക്ഷമത അളക്കാനുള്ള ഉപകരണങ്ങളിലൊന്നാണ്‌ അവിടുത്തെ ക്രമസമാധനം. ഒരു രാജ്യത്ത്‌ ഒരേകുറ്റകൃത്യം തന്നെ നാട്ടിലെമ്പാടും ആവര്‍ത്തിക്കുന്നത്‌ ഒന്നുകില്‍ ഭരണസംവിധാനത്തിന്റെ പരാജയം; അല്ലെങ്കില്‍ മനപ്പൂര്‍വമുണ്ടാകുന്ന വീഴ്‌ചകള്‍. രാജ്യത്ത്‌ പശുക്കടത്തിന്റെ പേരിലുണ്ടാകുന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്ക്‌ അവസാനമില്ലെന്ന്‌ ഓരോദിവസവും നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌. പശുക്കടത്ത്‌ ആരോപിച്ച്‌ കഴിഞ്ഞദിവസം രാജസ്‌ഥാനിലെ അല്‍വാര്‍ ജില്ലയില്‍ യുവാവിനെ തല്ലിക്കൊന്നത്‌ ഈ വിഷയത്തില്‍ നടത്തുന്ന കൊലപാതകപരമ്പരയിലെ ഏറ്റവും ഇങ്ങയറ്റത്തെ കണ്ണിയാണ്‌, അവസാനത്തേതല്ലെന്ന്‌ ഇതുവരെയുള്ള സംഭവങ്ങള്‍ തെളിയിക്കുന്നു.

ഈ വര്‍ഷം തന്നെ സംഘടിതമായ നിരവധി ആള്‍ക്കൂട്ട ആക്രമണങ്ങള്‍ രാജ്യത്തെമ്പാടുമായി പശുക്കടത്തിന്റെ പേരില്‍ നടന്നു. ഇത്തരം ആക്രമണങ്ങള്‍ പെരുകിയതിന്റെ പേരില്‍ സുപ്രീം കോടതിതന്നെ നേരിട്ടിടപെടുകയും അതുതടയാന്‍ പ്രത്യേക നിയമനിര്‍മാണം നടത്തണമെന്നു സര്‍ക്കാരിന്‌ നിര്‍ദേശം നല്‍കുകയും ചെയ്‌തിരുന്നു. ആ നിര്‍ദേശമുണ്ടായി ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ്‌ രാജസ്‌ഥാനിലെ ക്രൂരമായ കൊലപാതകം. രണ്ടു പശുക്കളുമായി നടന്നുപോകുകയായിരുന്ന അക്‌ബര്‍ഖാന്‍, അസ്‌ലം എന്നിവരെ അഞ്ചംഗസംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. അക്‌ബര്‍ഖാനെ പോലീസെത്തി ആശുപത്രിയിലാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇത്തരം കൊലപാതകങ്ങളില്‍ ഏറ്റവും വിചിത്രമായത്‌ പശുക്കടത്ത്‌ വെറും ആരോപണം മാത്രമായിരുന്നുവെന്നും അവയൊന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്നതുമാണ്‌. അക്‌ബര്‍ഖാന്‍ പശുക്കടത്ത്‌ നടത്തുകയായിരുന്നുവെന്ന്‌ യാതൊരു തെളിവും കണ്ടെത്താനായില്ലെന്നു പോലീസ്‌ തന്നെ വ്യക്‌തമാക്കിയിട്ടുണ്ട്‌.

കഴിഞ്ഞവര്‍ഷം ഈ പ്രദേശത്തുതന്നെ പശുക്കടത്തിന്റെ പേരില്‍ കൊല്ലപ്പെട്ട പഹ്‌ലൂഖാന്‍ എന്നയാള്‍ ക്ഷീരകര്‍ഷകനായിരുന്നു. ഉപജീവനത്തിനായി പശുവളര്‍ത്തിയിരുന്ന പഹ്‌ലൂഖാനെ പശുക്കളുമായി പോകുമ്പോള്‍ പശുക്കടത്ത്‌ ആരോപിച്ച്‌ തല്ലിക്കൊല്ലുകയായിരുന്നു. ആക്രമണം നടത്തിയവരാകട്ടെ വിദ്യസമ്പന്നരും അധ്യാപകരുമായിരുന്നു. പല കൊലപാതകങ്ങളും വ്യക്‌തമായ ലക്ഷ്യങ്ങളോടെ ആസൂത്രണം ചെയ്യപ്പെടുന്നതാണെന്ന്‌ അവയുടെ പിന്നാമ്പുറ ചരിത്രം പരിശോധിച്ചാല്‍ വ്യക്‌തമാകുകയും ചെയ്യും. ഇത്തരം കൊലപാതകങ്ങള്‍ നമ്മുടെ സമൂഹത്തിലുണ്ടാക്കുന്ന വിള്ളല്‍ ആ പ്രദേശത്തു മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. രാജ്യമെമ്പാടും വിഭാഗീയചിന്താഗതികള്‍ക്കു വേരുപടര്‍ത്തുകയാണ്‌. രാജ്യത്തെ സാമുദായിക സൗഹാര്‍ദത്തെ തകര്‍ക്കാന്‍ നടത്തുന്ന സംഘടിതപ്രവര്‍ത്തനമായി ഈ അക്രമങ്ങളെ കണക്കിലെടുത്ത്‌ ദേശദ്രോഹനിയമം തന്നെ ഇത്തരം അക്രമികളെ തടയിടാന്‍ ഉപയോഗിക്കണം.

ഗോരക്ഷയുടെപേരില്‍ നടക്കുന്ന സംഘടിത ആക്രമണങ്ങളില്‍ ഭൂരിപക്ഷവും ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമാക്കുന്നതില്‍ സര്‍ക്കാര്‍ ജാഗരൂകമാകേണ്ടതിന്റെ അടിയന്തിര പ്രാധാന്യമാണ്‌ ഓരോ കൊലപാതകവും വിളിച്ചുപറയുന്നത്‌. ഇത്തരം കൊലപാതകങ്ങളില്‍ പ്രതികള്‍ പലപ്പോഴും പിടിയിലാകാറില്ലെന്നും പിടിയിലായാല്‍ തന്നെ പഴുതുകള്‍ക്കിടയിലൂടെ രക്ഷപ്പെടുകയാണെന്നതും ഗൗരവത്തോടെ കാണേണ്ടതാണ്‌. എന്തിന്റെ പേരിലാണെങ്കിലും രാജ്യത്തെ നിയമസംവിധാനത്തെ വെല്ലുവിളിച്ച്‌ അക്രമം നടത്തുന്നവരെ തടയാനുള്ള ബാധ്യതയും കടപ്പാടും സര്‍ക്കാരിനുണ്ട്‌. അതിനു നിയമങ്ങള്‍ പര്യാപ്‌തമല്ലെങ്കില്‍ നിയമവ്യവസ്‌ഥയില്‍ തന്നെ ഉടച്ചുവാര്‍ക്കലുകള്‍ ആവശ്യമാണെന്നു സുപ്രീംകോടതി തന്നെ സര്‍ക്കാരിനെ ഓര്‍മിപ്പിക്കുയും ചെയ്‌തുകഴിഞ്ഞു. എന്നിട്ടും ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നത്‌ സര്‍ക്കാരിനു ഭൂഷണമല്ല. അതിനെ ഭരണപരാജയം അല്ലെങ്കില്‍ മനപ്പൂര്‍വമുള്ള വീഴ്‌ച എന്നു വിശേഷിപ്പിക്കേണ്ടിവരും.

Ads by Google
Monday 23 Jul 2018 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW