Thursday, September 13, 2018 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 23 Jul 2018 01.56 AM

എലിയെ പിടിക്കാന്‍ ഇല്ലം ചുടണോ?

uploads/news/2018/07/235490/bft2.jpg

സമര്‍പ്പിച്ച സമയത്തിന്റെ ജാതകദോഷമാണോ എന്നറിയില്ല, വിവാദങ്ങള്‍ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കൂടെപ്പിറപ്പാണ്‌. 2013-ല്‍ സമര്‍പ്പിച്ചതു മുതല്‍ വിവാദങ്ങള്‍ക്ക്‌ ഒരു കുറവുമില്ല. ബി.ജെ.പിക്കാരനായ കേന്ദ്രമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനവും കേരളത്തിലെ ഇടതു മുന്നണി മന്ത്രിസഭയും മുഖ്യമന്ത്രി പിണറായി വിജയനുമാണ്‌ ഏറ്റവും അവസാനമായി വിവാദങ്ങള്‍ക്ക്‌ തിരികൊളുത്തിയിരിക്കുന്നത്‌.
സംസ്‌ഥാനത്തെ തോട്ടങ്ങള്‍ ഇ.എസ്‌.എയില്‍നിന്ന്‌ ഒഴിവാക്കുമെന്ന്‌ നിയമസഭയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. ഭരണപക്ഷവും പ്രതിപക്ഷവും പലപ്പോഴും ഒരുപോലെ മറക്കുന്ന ഒരു കാര്യമുണ്ട്‌. ഭരണത്തിലെത്തുന്ന ഓരോ സര്‍ക്കാരും മുന്‍ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ്‌. ആ യാഥാര്‍ഥ്യം വിസ്‌മരിക്കുന്നത്‌ ജനാധിപത്യത്തോടുള്ള അനാദരവാണ്‌.
കസ്‌തൂരിരംഗന്‍ വിഷയത്തില്‍ യു.ഡി.എഫ.്‌ സര്‍ക്കാരെടുത്ത നടപടികള്‍ പൂര്‍ത്തീകരിക്കുന്ന ചുമതലയാണ്‌ കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാരിലും ഇടതുമുന്നണി സര്‍ക്കാരിലും നിക്ഷിപ്‌തമായിരിക്കുന്നത്‌.
കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരേ ജനരോഷമുയര്‍ന്നപ്പോഴാണ്‌ ഇതുസംബന്ധിച്ച്‌ പഠനം നടത്തി പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിന്‌ സംസ്‌ഥാന ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ഡോ. ഉമ്മന്‍ വി. ഉമ്മന്റെ നേതൃത്വത്തിലുള്ള വിദഗ്‌ധസമിതിയെ യു.ഡി.എഫ്‌. സര്‍ക്കാര്‍ നിയോഗിച്ചത്‌. ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും പൂര്‍ണമായും ഒഴിവാക്കി ഇ.എസ്‌. എയുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ സുചിന്തിത നിലപാട്‌.
ഇ.എസ്‌. എയില്‍ ഉള്‍പ്പെടുത്തിയ കേരളത്തിലെ 123 വില്ലേജുകള്‍ ഉള്‍ക്കൊള്ളുന്ന 120 ഗ്രാമപഞ്ചായത്തുകളില്‍ വിദഗ്‌ധസമിതിയെ സഹായിക്കുന്നതിനായി പഞ്ചായത്ത്‌ പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ പഞ്ചായത്തുതല സമിതികളെയും നിയമിച്ചു. ഇതനുസരിച്ച്‌ ജനങ്ങളുടെ ആശങ്കനീക്കി റിപ്പോര്‍ട്ടും ഭൂപടവും തയാറാക്കി.
ഈ റിപ്പോര്‍ട്ടും ഭൂപടവും അംഗീകരിച്ചാണ്‌ യു.പി.എ. സര്‍ക്കാര്‍ 10-03-2014-ല്‍ കരടുവിജ്‌ഞാപനം പുറപ്പെടുവിച്ചത്‌. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഇ.എസ്‌.എയില്‍നിന്ന്‌ ഒഴിവാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചെന്നും കേരളത്തില്‍ ഇതിന്റെ വിസ്‌തീര്‍ണവും അതിര്‍ത്തികളും ഉമ്മന്‍ വി. ഉമ്മന്‍ സമിതിയുടെ റിപ്പോര്‍ട്ടിലും ഭൂപടത്തിലും പറഞ്ഞിരിക്കുന്ന പ്രകാരമായിരിക്കുമെന്നും ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ വെബ്‌ സൈറ്റില്‍ ഇവ ലഭ്യമാണെന്നും വിജ്‌ഞാപനത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്‌.കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഇ.എസ്‌.എയില്‍ ഉള്‍പ്പെടുത്താത്ത കേരളത്തിലെ മറ്റൊരു വില്ലേജും വരുന്നില്ല. ഇക്കാരണത്താല്‍ തോട്ടങ്ങള്‍ ഇതില്‍നിന്ന്‌ ഒഴിവാക്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്‌ ദുരുദ്ദേശ്യപരമാണ്‌.
ഉമ്മന്‍ സമിതി നിലനിര്‍ത്തിയ 886.7 ചതുരശ്ര കിലോമീറ്റര്‍ വനേതര ഭൂമി ഇ.എസ്‌.എയില്‍നിന്ന്‌ ഒഴിവാക്കണമെന്ന്‌ കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെടാന്‍ സംസ്‌ഥാന മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ 123 വില്ലേജുകളിലായുള്ള ഇത്രയും സംരക്ഷിത വനേതരഭൂമി പൂര്‍ണമായും സര്‍ക്കാരില്‍ നിക്ഷിപ്‌തമാണ്‌. ചതുപ്പുകളും ജലാശയങ്ങളും മൊട്ടക്കുന്നുകളും പാറക്കെട്ടുകളും മറ്റും അടങ്ങുന്ന ഈ ഭൂമി ഇ.എസ്‌.എയില്‍നിന്ന്‌ ഒഴിവാക്കണമെന്ന്‌ ആരും ഇതു വരെ ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ സംഭവിച്ചാല്‍ വനഭൂമി ഇല്ലാത്ത വില്ലേജുകള്‍ ഇ.എസ്‌.എയില്‍നിന്ന്‌ ഒഴിവാകും. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും നാലു വര്‍ഷം മുമ്പു തന്നെ ഇ.എസ്‌.എയില്‍നിന്ന്‌ ഒഴിവാക്കിയിട്ടുണ്ടെന്ന എന്ന കാര്യം ജനങ്ങള്‍ വിസ്‌മരിക്കും. ഇത്തരം വില്ലേജുകള്‍ പൂര്‍ണമായും ഒഴിവാക്കിയതിന്റെ ക്രെഡിറ്റ്‌ തട്ടിയെടുക്കാം. അതാണ്‌ പിണറായി സര്‍ക്കാരിന്റെ മനസിലിരുപ്പ്‌.
കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ പ്രകാരം ഇ.എസ്‌.എയുടെ അടിസ്‌ഥാന യൂണിറ്റ്‌ വില്ലേജാണ്‌. വിദഗ്‌ധസമിതിയുടെ ഭൂപടം ഒഴിവാക്കിയ പ്രദേശങ്ങളും നിലനിര്‍ത്തിയ പ്രദേശങ്ങളും ഇടകലര്‍ന്നതാണെന്നാണു കേന്ദ്രസര്‍ക്കാരിന്റെ തടസവാദം. കേരളത്തെ സംബന്ധിച്ചിടത്തോളം വില്ലേജുകള്‍ അടിസ്‌ഥാന യൂണിറ്റായി നിശ്‌ചയിച്ചത്‌ നിരാകരിക്കണമെന്നാണ്‌ ഉമ്മന്‍ റിപ്പോര്‍ട്ടിലെ സുപ്രധാന ശിപാര്‍ശ. ഇതു കേന്ദ്ര സര്‍ക്കാരിനെ കൊണ്ട്‌ അംഗീകരിപ്പിക്കുന്നതിനു പകരം സംരക്ഷിത വനേതര മേഖല കൂടി ഇ.എസ്‌.എയില്‍ നിന്ന്‌ ഒഴിവാക്കി വനഭൂമി ഇല്ലാത്ത വില്ലേജുകള്‍ ഒഴിവാക്കണമെന്നാണ്‌ ഇടതുമുന്നണി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.
വിദഗ്‌ധ സമിതിയുടെ റിപ്പോര്‍ട്ടും ഭൂപടവും അംഗീകരിച്ചാണ്‌ കേന്ദ്ര സര്‍ക്കാര്‍ 04-09-2015-ലും 27-02-2017ലും കരടുവിജ്‌ഞാപനങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്‌. പിന്നെ എങ്ങനെ വിദഗ്‌ധ സമിതിയുടെ നിര്‍ദേശങ്ങള്‍ കേന്ദ്ര- സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക്‌ അവഗണിക്കാനാകും?
കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ എന്ന മഹാവിപത്തില്‍ നിന്നു ജനങ്ങളെ മോചിപ്പിക്കാനാണ്‌ വനേതരഭൂമി ഇ.എസ്‌.എയില്‍ നിന്നു മാറ്റുന്നതെന്ന മട്ടിലാണ്‌ ഇടതുമുന്നണി സര്‍ക്കാരിന്റെ തീരുമാനം. വനേതര ഭൂമി ഇ.എസ്‌.എയില്‍ നിന്ന്‌ ഓഴിവാക്കിയാല്‍ അത്‌ കൈയേറ്റക്കാരുടെ പറുദീസയാകുമെന്ന കാര്യം ആര്‍ക്കാണ്‌ അറിയാത്തത്‌? ഏതെങ്കിലും പരിസ്‌ഥിതി സംരക്ഷണ സംഘടനകളോ വ്യക്‌തികളോ കോടതിയെ സമീപിച്ചാല്‍ എല്ലാം കൈവിട്ടു പോകും. അതിനാല്‍, പുതിയ ആവശ്യം എലിയെ പിടിക്കാന്‍ ഇല്ലം ചുടുന്നതു പോലെയാണ്‌.
ഇടതു മുന്നണി മന്ത്രിസഭയെയും മുഖ്യമന്ത്രിയെയും ഒറ്റയടിക്ക്‌ കടത്തിവെട്ടുന്ന തന്ത്രമാണ്‌ കേന്ദ്രമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനത്തെ കൊണ്ട്‌ ബി.ജെ.പി. ചെയ്യിപ്പിച്ചത്‌. പശ്‌ചിമഘട്ട മേഖലയിലെ 92 വില്ലേജുകളില്‍ ഉള്‍പ്പെട്ട 8652 ചതുരസ്‌ശ്ര കിലോമീറ്റര്‍ പ്രദേശം ഇ.എസ്‌.എയില്‍ ഉള്‍പ്പെടുത്തണമെന്ന ഇടതു മുന്നണി സര്‍ക്കാരിന്റെ ആവശ്യം പരിഷ്‌കരിക്കണമെന്നും വനഭൂമിയുള്ള വില്ലേജുകള്‍ മാത്രം ഇ.എസ്‌.എയില്‍ ഉള്‍പ്പെടുത്തി പുതുക്കിയ റിപ്പോര്‍ട്ട്‌ കേരളം സമര്‍പ്പിക്കണമെന്നുമാണ്‌ കണ്ണന്താനം മുഖ്യമന്ത്രി പിണറായി വിജയനോട്‌ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്‌. കേരളത്തില്‍ അത്ര വലിയ പാര്‍ലമെന്ററി വ്യാമോഹമൊന്നും ഇല്ലാതിരുന്ന കാലത്ത്‌ ബി.ജെ.പി. പറഞ്ഞത്‌, കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനു പകരം ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കണമെന്നായിരുന്നു. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടു പ്രകാരം ഇ.എസ്‌.എയുടെ അടിസ്‌ഥാന യൂണിറ്റ്‌ താലൂക്കാണ്‌. ഒരു താലൂക്കില്‍ എവിടെയെങ്കിലും പശ്‌ചിമഘട്ട മേഖലയിലെ ഒരു തുണ്ടു പ്രദേശമെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ താലൂക്ക്‌ മൊത്തമായി ഇ.എസ്‌.എയില്‍ വരും. ഈ നിലപാടില്‍നിന്നു മലക്കംമറിഞ്ഞാണ്‌ മന്ത്രി പുതിയനിലപാടെടുത്തിരിക്കുന്നത്‌. ബി.ജെ.പിക്ക്‌ കേരളത്തിലെ കര്‍ഷകസമൂഹത്തോട്‌ യാതൊരു പ്രതിബദ്ധതയുമില്ലെന്നതിന്റെ തെളിവാണിത്‌.
കേന്ദ്രത്തില്‍ ഭരണത്തിലെത്തിയിട്ട്‌ നാലുവര്‍ഷം കഴിഞ്ഞിട്ടും യു.ഡി.എഫ്‌. സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ സംബന്ധിച്ച്‌ ഓരോ തടസവാദം ഉന്നയിച്ച്‌ അന്തിമവിജ്‌ഞാപനം പുറപ്പെടുവിക്കാന്‍ കൂട്ടാക്കാത്ത കേന്ദ്ര സര്‍ക്കാര്‍, മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനത്തെ കൊണ്ട്‌ മുഖ്യമന്ത്രിക്ക്‌ കത്ത്‌ എഴുതിപ്പിച്ചത്‌ ദുരൂഹമാണ്‌. വില്ലേജുകള്‍ ഇ.എസ്‌.എയുടെ അടിസ്‌ഥാന യൂണിറ്റായി കണക്കാക്കേണ്ടെന്ന്‌ തീരുമാനിച്ചാല്‍ എല്ലാ വിവാദങ്ങളും തീരും. യു.ഡി.എഫ്‌. സര്‍ക്കാര്‍ കണ്ടതും ഇടതുമുന്നണി സര്‍ക്കാര്‍ കാണാതെ പോയതും അതു തന്നെയാണ്‌.
ഉമ്മന്‍ സമിതി റിപ്പോര്‍ട്ടും കരടുവിജ്‌ഞാപനങ്ങളും ഒരു പ്രാവശ്യമെങ്കിലും മുഖ്യമന്ത്രിയോ കേന്ദ്ര മന്ത്രിയോ അവരെ കാര്യങ്ങള്‍ ധരിപ്പിക്കുന്നവരോ വായിച്ചിരുന്നെങ്കില്‍ ഇതുപോലെയുള്ള പമ്പരവിഡ്‌ഢിത്തങ്ങള്‍ പറയില്ലായിരുന്നു. വായിച്ചിട്ടും അറിഞ്ഞിട്ടും തന്നെയാണ്‌ ഇങ്ങനെയൊക്കെ ചെയ്‌തതും പറഞ്ഞതുമെങ്കില്‍ അത്‌ സത്യപ്രതിജ്‌ഞാ ലംഘനമാണ്‌.
ഇത്തരം സൂത്രപ്പണികളും വിവാദങ്ങളും മലയോരകര്‍ഷകര്‍ക്ക്‌ ഒരു ഗുണവും ചെയ്യില്ല. ഉമ്മന്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ അന്തിമവിജ്‌ഞാപനം പുറപ്പെടുവിച്ച്‌ അവരുടെ ആശങ്ക അകറ്റുകയാണ്‌ കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ചെയ്യേണ്ടത്‌.
അഡ്വ. എസ്‌. അശോകന്‍

(ലേഖകന്‍ ഇടുക്കി ജില്ലാ മുന്‍ ഗവ. പ്ലീഡറും പബ്ലിക്‌ പ്രോസിക്യുട്ടറുമാണ്‌)

Ads by Google
Monday 23 Jul 2018 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW