രാമായണത്തില്‍ രാവണനെ രാക്ഷസനായും 10 തലയുളള ഭീകരരൂപിയായും ഒക്കെ ചിത്രീകരിക്കുന്നുണ്ട്. എന്നാല്‍, രാവണന് അതീവസുന്ദരനും മഹാശാസ്ത്രജ്ഞാനിയുമായിരുന്നു.
രാവണന് തന്റെ അചഞ്ചലമായ ഭക്തികൊണ്ട് സാക്ഷാല്‍ പരമശിവനെ പ്രത്യക്ഷപ്പെടുത്തി ആയുധവും അനുഗ്രഹവും വാങ്ങിയ ഭക്തനാണ്. ആധുനിക ശാസ്ത്രം ജെറ്റ് വിമാനം വരെ കണ്ടെത്തിയെങ്കിലും ഒരു സാങ്കേതിക വിദ്യയുമില്ലാതെ ബ്രഹ്മവിദ്യയുടെ സഹായത്തോടെ വിമാനം പറപ്പിച്ചയാളാണ് രാവണന്. ഈ വിമാനത്തിന്റെ പ്രത്യേകത, അത് ഒരു ഇന്ധനവുമില്ലാതെ മനസിന്റെ സങ്കല്‍പ്പശക്തി കൊണ്ട് മാത്രം പ്രവര്‍ത്തിപ്പിക്കുന്നതാണ്. ഈ ആദ്യത്തെ വിമാനത്തിന്റെ പേരാണു പുഷ്പകവിമാനം.
രാവണന് മനസുകൊണ്ട് സങ്കല്‍പ്പിക്കുന്ന മാത്രയില്‍ വിമാനംവരും. അതില്‍ കയറിയിരുന്ന് എവിടേക്കു പോകണമെന്നു സങ്കല്പ്പിക്കുമ്പോള് ആ ദിശയിലേക്കു നീങ്ങും. ഒരു ആധുനിക ശാസ്ത്രത്തിനും സങ്കല്‍പ്പിക്കാന്‍പോലും പറ്റാത്ത കണ്ടുപിടിത്തം നടത്തി കാണിച്ച ശാസ്ത്രജ്ഞനാണു രാവണന്.
സ്വന്തം മകന് ജനിക്കുന്ന സമയത്ത് ഭൂമിയില്‍ ഇരുന്നുകൊണ്ട് ഗ്രഹങ്ങളുടെ ചലനത്തേ നിയന്ത്രിച്ച് എല്ലാ ഗ്രഹങ്ങളെയും തന്റെ ഉപാസനകൊണ്ട് ഉചിതമായ സ്ഥാനങ്ങളില്‍ പിടിച്ചുനിര്‍ത്താനുളള അപാരമായ സിദ്ധി കാണിച്ചയാളാണു രാവണന്. രാമരാവണയുദ്ധം ആരംഭിച്ചപ്പോള്‍ രാവണന്റെ മായാശക്തികളെയും കരുത്തിനെയും ചെറുക്കാന്‍ അവതാരമായ രാമനുപോലും വളരെ പരിശ്രമിക്കേണ്ടി വന്നു.
ഇതിനുകാരണം ബ്രഹ്മമുഹൂര്‍ത്തം തൊട്ട് പുലര്‍ന്നാല്‍ ആറ് നാഴികവരെ കഠിനമായി സന്ധ്യാവന്ദനം തൊട്ട് ശിവലിംഗ പൂജയും ഹോമകര്‍മ്മങ്ങളും ഉപാസനയും നടത്തിയശേഷം അദ്ദേഹം തന്റെ മറ്റു കര്മങ്ങളിലേക്കു പ്രവേശിക്കുകയുള്ളൂ. ഇതായിരുന്നു രാവണന്റെ ശക്തി. ഈ രാവണനെ വധിക്കാനുള്ള ഉപായം. അദ്ദേഹത്തിന്റെ അനുഷ്ഠാനം മുടക്കുന്നതിലൂടെ മാത്രമേ സാധിച്ചുള്ളൂ.
അഗസ്ത്യര്‍ പ്രത്യക്ഷപ്പെട്ട് രാമനു പ്രത്യേകമായ ഉപാസന വിധി നിശ്ചയിച്ചു കൊടുത്ത്, ശത്രുസംഹാരത്തിനുവേണ്ടി ആദിത്യഹൃദയമന്ത്രം ഉപദേശിച്ചു കൊടുത്ത് അതു സിദ്ധിവരുത്തിയ ശേഷം, രാവണന്റെ ഹോമവിഘ്നം വരുത്തിയശേഷമാണു സാക്ഷാല്‍ ശ്രീരാമനുപോലും രാവണനെ നിഗ്രഹിക്കാന്‍ സാധിച്ചുള്ളൂ.
ഇവിടെയാണു ശരിയായ ഉപാസനയുടെ ശക്തി നാം തിരിച്ചറിയേണ്ടത്. സനാതനധര്‍മം ഒരു മനുഷ്യന് അഞ്ച് സന്ധ്യകളെ വന്ദിക്കാന്‍ നിര്‍ദേശിക്കുന്നു. ഈശ്വര ആരാധനയും സാധന അനുഷ്ഠാനങ്ങള്‍കൊണ്ടും രാക്ഷസനായ രാവണനു രാമനോളം അജയ്യനായി നില്ക്കാന് സാധിച്ചെങ്കില്‍ പിന്നെ നമുക്കു കഴിയാതെ വരുമോ?
****(ഹരിപ്പാട് സനാതന വേദപാഠശാല ചെയര്‍മാനാണു ലേഖകന്‍ )