Wednesday, April 24, 2019 Last Updated 12 Min 48 Sec ago English Edition
Todays E paper
Ads by Google
Sunday 22 Jul 2018 02.09 AM

സാധാരണക്കാരന്‍, വിനയത്തിന്റെ പ്രതിരൂപം

uploads/news/2018/07/235264/bft1.jpg

1972 ലാണ്‌ ഞാന്‍ നെടുമ്പാശേരി മോര്‍ അത്തനേഷ്യസ്‌ ഹൈസ്‌കൂളില്‍ ചേരുന്നത്‌. സഭാതര്‍ക്കം കൊടുമ്പിരിക്കൊണ്ട കാലം.
ദമാസ്‌കസില്‍നിന്നു തോമസ്‌ മോര്‍ ദിവന്നാസിയോസ്‌ തിരുമേനിയുള്‍പ്പെടെ രണ്ടു പേര്‍ മെത്രാപ്പോലീത്തമാരായി തിരിച്ചെത്തിയെന്ന വിവരം സ്‌കൂളിലുമെത്തി. തൃക്കുന്നത്തു സെമിനാരിയില്‍ താമസിച്ചിരുന്ന ഫിലിപ്പോസ്‌ മാര്‍ തെയോഫിലോസായിരുന്നു സ്‌കൂളിന്റെ മാനേജര്‍. മണ്ണാറപ്രായില്‍ അച്ചന്‍ കൈകാര്യസ്‌ഥനും കെ.വി. തരിയത്‌ കോറെപ്പിസ്‌കോപ്പ അച്ചന്‍ ഹെഡ്‌മാസ്‌റ്ററും.
സഭയുടെ സുഖദുഃഖങ്ങളില്‍ അന്നുമുതല്‍ ഞാനുമുണ്ടായിരുന്നു. സഭാഭിന്നത സ്‌കൂളിലുമുണ്ടായി. അധ്യാപകര്‍ക്കിടയിലും കുട്ടികള്‍ക്കിടയയിലും രണ്ടു ചേരി. ക്രൈസ്‌തവ കുട്ടികളില്‍ 80 ശതമാനവും യാക്കോബായക്കാരാണെങ്കില്‍ 20 ശതമാനമായിരുന്നു ഓര്‍ത്തഡോക്‌സുകാര്‍.
അന്നും പബ്ലിസിറ്റി കണ്‍വീനര്‍ കല്ലാപ്പാറയച്ചന്‍തന്നെ. ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ്‌ ആലുവയില്‍ വിശ്വാസപ്രഖ്യാപന റാലി നടന്നത്‌. എല്ലായിടത്തും വലിഞ്ഞുമുറുകിയ അന്തരീക്ഷം. 1977 ലെ ക്രിസ്‌മസ്‌ പരീക്ഷ നടക്കുമ്പോഴായിരുന്നു ആലുവയിലെ ലാത്തിച്ചാര്‍ജ്‌. സഭാതര്‍ക്കത്തിന്റെ പരിമുറുക്കത്തില്‍ ഞങ്ങളുടെയെല്ലാം വായന കുറഞ്ഞു; മാര്‍ക്കും.
എസ്‌.ഐ. ഉത്തമന്‍ അടിക്കാന്‍ ആക്രോശിച്ചു. പിന്നെ അടിയുടെ പെരുമഴയായിരുന്നു. പി.പി. തങ്കച്ചനൊക്കെ എല്ലുമുറിയെ തല്ലുകിട്ടി. ബാവയെ ഒരു പോലീസുകാരന്‍ കീഴ്‌വയറ്റില്‍ ലാത്തികൊണ്ടു കുത്തി. നിരവധിപേര്‍ ആശുപത്രിയിലായി. 144 പ്രഖ്യാപിച്ചു. തിരുമേനിയെ അറസ്‌റ്റ്‌ ചെയ്‌തു വിലങ്ങണിയിച്ചാണു കൊണ്ടുപോയത്‌.
ഓര്‍ത്തഡോക്‌സുകാരനായ ഇ. ജോണ്‍ ജേക്കബായിരുന്നു അന്നത്തെ ഭക്ഷ്യമന്ത്രി. ജോണിന്റെ പാര്‍ട്ടി നേതാവും കത്തോലിക്കനുമായ കെ.എം. മാണി ആഭ്യന്തര മന്ത്രിയും. മാണിയോടു ജോണ്‍ ജേക്കബ്‌ പറഞ്ഞു, പൊതിരെ തല്ലാന്‍. മാണിയുടെ പോലീസ്‌ പറഞ്ഞപോലെ ചെയ്‌തു. ഞങ്ങളുടെ കെ.പി. ഇട്ടൂപ്പ്‌ സാറിനും കിട്ടി പൊതിരെ കൊട്ട്‌. അതില്‍ പ്രതിഷേധിച്ച്‌ ഞങ്ങള്‍ പഠിപ്പുമുടക്കി പ്രകടനം നടത്തി. ഒരുപക്ഷേ, അധ്യാപകനെ പോലീസ്‌ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചു സംസ്‌ഥാനത്തു നടന്ന ആദ്യത്തെ വിദ്യാര്‍ത്ഥി സമരം. കൂട്ടുകാരുടെ വീറും ആവേശവും എന്നിലേക്കും പകര്‍ന്നു.
വിശ്വാസികളുടെ കഷ്‌ടതയില്‍ മനംനൊന്തു ദിവന്നാസിയോസ്‌ തിരുമേനി ഉപവാസമാരംഭിച്ചു. ഉപവാസം കൊഴുത്തു. ദിനങ്ങള്‍ പിന്നിട്ടു. തിരുമേനിയുടെ ഉപവാസം ഉച്ചസ്‌ഥായിലെത്തിയപ്പോഴാണു കാട്ടുതീപോലെ ആ വാര്‍ത്ത പടര്‍ന്നത്‌. മന്ത്രി കെ.എം. മാണിയെ ഹൈക്കോടതി അയോഗ്യനാക്കി. മാണിയുടെ തെരഞ്ഞെടുപ്പ്‌ അസാധുവാക്കി ജസ്‌റ്റിസ്‌ എന്‍.ഡി.പി. നമ്പൂതിരിപ്പാടിന്റെ ഉത്തരവ്‌ വിളംബരംപോലെയാണു യാക്കോബായക്കാര്‍ ആഘോഷിച്ചത്‌. തൃശൂര്‍ പൂരം പോലെ മാലപ്പടക്കം. സ്‌കൂളിലും ചിലര്‍ പടക്കംപൊട്ടിച്ചു. അച്ചടക്കത്തില്‍ കര്‍ക്കശക്കാരനായ തര്യന്‍ അച്ചന്‍ പോലും പുഞ്ചിരി മറയ്‌ക്കാന്‍ പാടുപെടുന്നതിനിടെ അതു കണ്ടതായി നടിച്ചില്ല.
പിറ്റേന്നുതന്നെ മാണി രാജിവച്ചു. കെ. നാരായണക്കുറുപ്പ്‌ ആഭ്യന്തരമന്ത്രിയായി. അദ്ദേഹം ബാവയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച്‌ ഒത്തുതീര്‍പ്പുണ്ടാക്കി. അതോടുകൂടി പ്രശ്‌നവും കെട്ടടങ്ങി.
പിന്നീട്‌ ഞാന്‍ ബാവയെ കാണുന്നതു സഭാ കേസ്‌ നടത്തിപ്പിനായി വീടുവീടാന്തരം പണം ചോദിച്ചു കയറിയിറങ്ങുന്ന സന്ദര്‍ഭത്തിലാണ്‌. ഞങ്ങളുടെ നെടുമ്പാശേരി പഞ്ചായത്തിലും സമീപപ്രദേശത്തുമെല്ലാം ബാവ ഓരോരുത്തരെയും കണ്ടു പണം ചോദിക്കുമായിരുന്നു.
സാധാരണക്കാരില്‍ സാധാരണക്കാരന്‍. അവരോടൊപ്പം ഏതു സാഹചര്യത്തിലും ഇടപഴകാനുള്ള വിനയം ബാവയ്‌ക്കുണ്ട്‌. ആ കഴിവാണ്‌ അദ്ദേഹത്തെ ഉന്നതിയിലെത്തിച്ചത്‌. ഓര്‍ത്തഡോക്‌സ്‌ സഭയുടെ ഫിലിപ്പോസ്‌ മാര്‍ തെയോഫിലോസ്‌ പണ്ഡിതനും ചിന്തകനുമായിരുന്നുവെങ്കില്‍ യാക്കോബായക്കാരുടെ ദിവന്നാസിയോസ്‌ തിരുമേനിയെന്ന നല്ല ശമരിയാക്കാരനു ജനങ്ങളായിരുന്നു ശക്‌തി. യഥാര്‍ത്ഥത്തില്‍ നല്ല ജനനായകനാണ്‌ അദ്ദേഹം. ജനം അദ്ദേഹത്തെ മതിമറന്നു വിശ്വസിക്കുന്നു, മറിച്ച്‌ അദ്ദേഹം അവരെ മതിമറന്നു സ്‌നേഹിക്കുന്നു. പരസ്‌പരവിശ്വാസമാണ്‌ ഇരുവരുടെയും വിജയരഹസ്യം. പെട്ടെന്ന്‌ തീരുമാനമെടുക്കാനുള്ള കഴിവും താമസംവിന അതു നടപ്പാക്കാനുള്ള വിരുതുമാണ്‌ ബാവയുടെ വിജയത്തിനു പിന്നില്‍. അദ്ദേഹം മുട്ടിയാല്‍ തുറക്കാത്ത വാതിലുകളില്ല.
1995 ല്‍ സുപ്രീം കോടതിയില്‍നിന്നു സമുദായക്കേസിലെ അന്തിമ വിധി വന്നു. യാക്കോബായ സഭയുടെ കഥകഴിഞ്ഞെന്നു മറുവിഭാഗത്തെ പ്രമാണികളും മാധ്യമങ്ങളും പറഞ്ഞുനടന്നു. അതിനിടെ യാക്കോബായ സഭയില്‍നിന്ന്‌ നാല്‌ മെത്രാന്മാരെ മറുകണ്ടം ചാടിക്കാനും മറുപക്ഷത്തിനു സാധിച്ചു. ആകെ ശിഥിലമായ അവസ്‌ഥ.
ഇക്കാലത്താണ്‌ ബാവയുടെ സംഘടനാവൈഭവവും നേതൃശേഷിയും യാക്കോബായ വിഭാഗം വീണ്ടും അനുഭവിച്ചറിഞ്ഞത്‌. പാറപോലെ ഉറച്ചുനില്‍ക്കുന്ന അജയ്യനായ പോരാളിയെയാണ്‌ അന്നു ബാവയില്‍ കണ്ടത്‌. ജനം-ബാവ-ദൈവം. ഇങ്ങനെയായിരുന്നു ആ വികാരപ്രവാഹം.
ആരെയും വിമര്‍ശിക്കാന്‍ ബാവയ്‌ക്ക്‌ ഭയമില്ല. സഭയ്‌ക്കെതിരായി ജസ്‌റ്റിസ്‌ എസ്‌. ശങ്കരസുബ്ബന്‍ വിധിച്ചപ്പോള്‍ അദ്ദേഹത്തെ പേരെടുത്തു പറഞ്ഞാണ്‌ ബാവ വിമര്‍ശിച്ചത്‌. ഇതേത്തുടര്‍ന്ന്‌ ബാവയ്‌ക്കെതിരേ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്‌തു. എന്നാല്‍, ചീഫ്‌ ജസ്‌റ്റിസായിരുന്ന വി.കെ. ബാലിയും സിറിയക്‌ ജോസഫും ഉള്‍പ്പെട്ട ബെഞ്ച്‌ ഹര്‍ജി തള്ളുകയായിരുന്നു. ബാവയുടെ മഹത്വം തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെയും തീരുമാനം. എതിരാളികളെപ്പോലും അമ്പരപ്പിക്കുന്ന വ്യക്‌തിത്വമാണ്‌ ബാവയുടേത്‌. വിമര്‍ശിക്കുമ്പോഴും, അദ്ദേഹത്തിന്റെ നേതൃഗുണവും ലളിതജീവിതവും ബുദ്ധിശക്‌തിയുമെല്ലാം മറുവിഭാഗവും മാനിക്കുന്നു. ശത്രുവായ പഴശിരാജയെ ബ്രിട്ടീഷുകാര്‍ അന്തഃരംഗത്തില്‍ മാനിച്ചിരുന്നതുപോലെ.
കര്‍ദിനാള്‍ മാര്‍ ജോസഫ്‌ പാറേക്കാട്ടില്‍ പിതാവിനെപ്പോലെയാണു ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്‌തിയില്ല. സഭയ്‌ക്കു മെച്ചമായ രീതിയിലുള്ള രാഷ്‌ട്രീയനിലപാടുകള്‍ ബാവ യഥാസമയം സ്വീകരിക്കാറുണ്ട്‌. സഭാംഗമായ പോള്‍ പി. മാണിക്കെതിരേ ബാവയെടുത്ത നിലപാട്‌ ഓര്‍ക്കുന്നു. അന്നു ഭക്ഷ്യമന്ത്രിയായിരുന്നു പോള്‍ പി. മാണി. ഒരിക്കല്‍ കാണാന്‍ ബാവ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ തിരുവനന്തപുരത്ത്‌ വന്നു കാണാനായിരുന്നു പോള്‍ പി. മാണിയുടെ മറുപടി. ബാവ ഒന്നും മിണ്ടിയില്ല.
1977 ല്‍ നിയമസഭാ തെരഞ്ഞെടുപ്പ്‌ വന്നു. പോള്‍ പി. മാണി വീണ്ടും കുന്നത്തുനാട്ടില്‍ മല്‍സരിക്കാനെത്തി. ബാവ തന്റെ വിശ്വസ്‌തനായ ഔസേപ്പ്‌ പാത്തിക്കലച്ചനെ റിബല്‍ സ്‌ഥാനാര്‍ഥിയായി ഒട്ടക ചിഹ്നത്തില്‍ നിര്‍ത്തി. പോള്‍ പി. മാണി എട്ടുനിലയില്‍ പൊട്ടി. കുന്നത്തുനാട്ടില്‍ കമ്യൂണിസ്‌റ്റുകാരന്‍ വിജയിച്ചു-പി.പി. എസ്‌തോസ്‌ എം.എല്‍.എയായി. ബാവയോടു കളിച്ചാലുള്ള കളി ഇതാണ്‌. 140 സീറ്റില്‍ 111 എണ്ണം കോണ്‍ഗ്രസിനു കിട്ടിയിട്ടും മന്ത്രിസഭയിലെ ബാക്കി മന്ത്രിമാരെല്ലാം ജയിച്ചിട്ടും പോള്‍ പി. മാണിമാത്രം തോറ്റു.
2006 ലും ഇതുപോലൊരു രാഷ്‌ട്രീയനീക്കമാണ്‌ ബാവ നടത്തിയത്‌. 2005 ല്‍ ആലുവ തൃക്കുന്നത്തു സെമിനാരിക്കു മുന്നിലിട്ട്‌ തന്റെ വിശ്വാസികളെ പോലീസ്‌ അടിച്ചതിനുള്ള മറുപടി. എറണാകുളം ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളില്‍ നാലെണ്ണമൊഴികെ ഇടതുപക്ഷത്തിനു കിട്ടി. അവരില്‍ അഞ്ചുപേര്‍ യാക്കോബായക്കാര്‍. അന്നുവരെ പുരോഹിതരുടെ ഒരു പരിപാടിയിലും പങ്കെടുക്കാതിരുന്ന വി.എസ്‌. അച്യുതാനന്ദന്‍ ആദ്യമായി ബാവയെ അനുമോദിക്കുന്ന ചടങ്ങില്‍ പങ്കെടുത്തു നന്ദികാട്ടി.
യാക്കോബായക്കാര്‍ ഇടത്തോട്ടു തിരിഞ്ഞതറിഞ്ഞ ഉമ്മന്‍ ചാണ്ടിയും മറുമരുന്നു പരീക്ഷിച്ചു. സഭാ തര്‍ക്കം പരിഹരിക്കാന്‍ നാലു മന്ത്രിമാരെ നിയോഗിച്ച്‌ അദ്ദേഹം കൈകഴുകി. ഇപ്പോഴും ബാവയെ തൊടാന്‍ ഉമ്മന്‍ ചാണ്ടിക്കു ഭയമാണ്‌. ഏതൊരാവശ്യത്തിനും രാഷ്‌ട്രീയക്കാര്‍ മാത്രമല്ല ഇതര മത-സാമൂഹിക നേതാക്കന്മാര്‍ തേടിയെത്തുന്ന വ്യക്‌തിത്വവും വേറൊന്നല്ല. സംസ്‌ഥാനത്തും രാജ്യത്തും മാത്രമല്ല ലോകത്തുതന്നെ വിശ്വാസികള്‍ നെഞ്ചിലേറ്റുന്ന ഇതുപോലൊരു മതമേലധ്യക്ഷന്‍ ഉണ്ടാവില്ല. തിരുമേനിക്ക്‌ എല്ലാ ആയുരാരോഗ്യ സൗഖ്യവും നേരുന്നു.

അഡ്വ. എ. ജയശങ്കര്‍

(ശ്രേഷ്‌ഠ കാതോലിക്കാ തോമസ്‌ പ്രഥമന്‍ ബാവായുടെ നവതിയോടനുബന്ധിച്ച്‌ മംഗളം പ്രസിദ്ധീകരിച്ച "ശ്രേഷ്‌ഠനായ ശില്‍പി" എന്ന പ്രത്യേക പതിപ്പിലെ ലേഖനം. രാഷ്‌ട്രീയ നിരീക്ഷകനാണ്‌ ലേഖകന്‍)

Ads by Google
Sunday 22 Jul 2018 02.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW