Wednesday, July 17, 2019 Last Updated 3 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 22 Jul 2018 02.09 AM

ത്യാഗം നിറഞ്ഞ മഹാമേരു

uploads/news/2018/07/235263/bft2.jpg

യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്‌ഠ കാതോലിക്കാ ബാവയുമായി രണ്ടു പതിറ്റാണ്ടോളം നീണ്ട അടുപ്പമുണ്ട്‌. കോതമംഗലത്തുവച്ചാണ്‌ ആദ്യമായി പരിചയപ്പെടുന്നത്‌. അന്നു മുതല്‍ അദ്ദേഹത്തിന്റെ സ്‌നേഹവാത്സല്യം എല്ലാ തരത്തിലും ലഭിച്ചിട്ടുണ്ട്‌. വാര്‍ദ്ധക്യം എന്ന പദം ബാവയെ സംബന്ധിച്ചിടത്തോളം അപരിചിതമാണ്‌. ഏതു പ്രതിസന്ധിയിലും പ്രതീക്ഷ നിറഞ്ഞ ആത്മവിശ്വാസം വാക്കിലും നോക്കിലും ചലനങ്ങളിലും പ്രതിഫലിക്കും. ചിലപ്പോള്‍ ഫോണില്‍ വിളിവരും. വളരെ പതിഞ്ഞ സ്വരത്തില്‍ ഏതെങ്കിലും സാധാരണക്കാരന്റെ പ്രശ്‌നം അവതരിപ്പിക്കും.
പാര്‍ലമെന്റ്‌ അംഗമെന്ന നിലയില്‍ ഐക്യരാഷ്‌ട്രസംഘടനയുടെ പൊതുസഭയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കില്‍ ചെന്നിറങ്ങിയപ്പോള്‍ ബൊക്കെയുമായി രണ്ടു പുരോഹിതര്‍ കാത്തുനില്‍ക്കുന്നു. എംബസിയില്‍നിന്നു സ്വീകരിക്കാന്‍ വന്നവര്‍ക്കും ഇവരെ പരിചയമില്ല. സ്‌നേഹപൂര്‍വം ബൊക്കെ നല്‍കി അവര്‍ ബാവയുടെ പ്രതിനിധികളാണെന്നു പറഞ്ഞ്‌ അപരിചിതത്വം അവസാനിപ്പിച്ചു. രണ്ടു നാള്‍മുമ്പ്‌ അദ്ദേഹം അവിടെയുണ്ടായിരുന്നെന്നും ഞാന്‍ വരുന്ന വിവരം അറിഞ്ഞു പ്രത്യേകം ചുമതലപ്പെടുത്തിയതാണെന്നും പറഞ്ഞു. പിന്നീടു യാക്കോബായ പള്ളിയില്‍ കുര്‍ബാനയ്‌ക്കുശേഷം ഒരു സ്വീകരണ പരിപാടിയും അവര്‍ സംഘടിപ്പിച്ചു. എല്ലാം ബാവയുടെ സ്‌നേഹത്തിന്റെ പ്രകടനമായിരുന്നു.
തൃക്കുന്നത്തു പള്ളിയില്‍ പോലീസ്‌ കയറി മര്‍ദ്ദനം നടത്തിയ സന്ദര്‍ഭത്തിലും ദീര്‍ഘനാള്‍ നിരാഹാരം അനുഷ്‌ഠിച്ചപ്പോഴും പോരാളിയുടെ തീക്ഷ്‌ണതയും പൗരോഹിത്യത്തിന്റെ സമചിത്തതയും സമന്വയിക്കുന്ന ബാവയെ കണ്ടു.
എല്ലാ വിശേഷ സന്ദര്‍ഭങ്ങളിലും ബാവയുടെ സ്‌നേഹപൂര്‍വമായ ക്ഷണമുണ്ടാകും. അതു ജന്മദിനാകാം, പള്ളികളില്‍ അദ്ദേഹവുംകൂടി പങ്കെടുക്കുന്ന പരിപാടികളാകാം, പാത്രിയര്‍ക്കീസ്‌ ബാവയ്‌ക്കൊപ്പമുള്ള അത്താഴമാകാം-ഒരു വിളി ഉറപ്പാണ്‌. അതിലെല്ലാം പങ്കെടുക്കാന്‍ ശ്രമിക്കാറുണ്ട്‌. അത്തരം സന്ദര്‍ഭങ്ങളില്‍, താന്‍ പിന്നിട്ട ത്യാഗം നിറഞ്ഞ വഴികളിലെ ഓര്‍മ്മകളുടെ വീണ്ടെടുക്കല്‍ ചിലപ്പോഴുണ്ടാകും.
ഉയര്‍ന്ന പദവിയിലിരിക്കുമ്പോഴും വിനയത്തോടെ പെരുമാറാന്‍ ബാവ ശ്രദ്ധിക്കുന്നു. അദ്ദേഹത്തിന്റെ ഓരോ വാക്കും ഉപദേശങ്ങളാണ്‌, നിര്‍ദ്ദേശങ്ങളാണ്‌, ആഹ്വാനങ്ങളാണ്‌. അദ്ദേഹത്തിന്റെ ആവശ്യങ്ങളെല്ലാം സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കു പ്രയോജനം ലഭിക്കാനുള്ളതാണ്‌.
സഭാംഗങ്ങളുടെ പുരോഗതിയും നന്മയും പോലെ പ്രധാനപ്പെട്ടതാണു ബാവയ്‌ക്കു സഹോദര സമുദായങ്ങളുടെ ക്ഷേമവും. തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ കര്‍ക്കശമായി പാലിക്കുന്ന സ്വഭാവം പ്രത്യേകതയാണ്‌. ആതുരസേവനരംഗത്തും ധര്‍മ്മപരിപാലവേദികളിലും ബാവ അദ്വിതീയനാണ്‌. സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ആതുരസേവന രംഗങ്ങളില്‍ നിസ്‌തുല സേവനമാണു ബാവ നടത്തുന്നത്‌.
വളരെ സാധാരണ കുടുംബത്തില്‍ ജനിച്ചു പരിമിതമായ ഔപചാരിക വിദ്യാഭ്യാസംമാത്രം ലഭിച്ചയാള്‍ പൗരോഹിത്യത്തിന്റെ വഴിയിലൂടെ ഔന്നത്യത്തിലേക്കെത്തിയത്‌ അത്ഭുതകരംതന്നെ. ഇനിയുമേറെ സഞ്ചരിക്കാന്‍ ബാവയ്‌ക്കു കഴിയട്ടെ.

പി. രാജീവ്‌

(ശ്രേഷ്‌ഠ കാതോലിക്കാ തോമസ്‌ പ്രഥമന്‍ ബാവായുടെ നവതിയോടനുബന്ധിച്ച്‌ മംഗളം പ്രസിദ്ധീകരിച്ച "ശ്രേഷ്‌ഠനായ ശില്‍പി" എന്ന പ്രത്യേക പതിപ്പിലെ ലേഖനം. മുന്‍ എം.പിയും, സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ അംഗവുമാണ്‌ ലേഖകന്‍)

Ads by Google
Sunday 22 Jul 2018 02.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW