Friday, April 19, 2019 Last Updated 4 Min 10 Sec ago English Edition
Todays E paper
Ads by Google
Sunday 22 Jul 2018 02.08 AM

പാകിസ്‌താനില്‍ 'വഞ്ചീശമംഗളം!'

uploads/news/2018/07/235262/bft3.jpg

നിങ്ങള്‍ക്ക്‌ തിരുവനന്തപുരത്തുനിന്നു കാസര്‍കോടിനു പോകണമെന്നു വിചാരിക്കുക. പത്തെഴുപത്തഞ്ചുവര്‍ഷം മുമ്പാണ്‌ ഈ യാത്രയെന്നും കരുതുക. രണ്ടോ മൂന്നോ ദിവസംകൊണ്ട്‌ കുറഞ്ഞത്‌ മൂന്നു 'രാജ്യങ്ങള്‍' കടന്നാവും കാസര്‍ഗോഡെത്തുക. എന്നുമാത്രമല്ല, ഇക്കാലത്ത്‌ ഒരു നേരംപോലും 'ജനഗണമന' കേള്‍ക്കാന്‍ ക്ഷമയില്ലാത്ത നമ്മള്‍ക്ക്‌ മൂന്നു തവണയെങ്കിലും വിവിധ 'ദേശീയഗാനങ്ങള്‍' കേട്ടുനില്‍ക്കേണ്ടതായും വരുമായിരുന്നു! തിരുവനന്തപുരത്തുനിന്ന്‌ അങ്കമാലിവരെയുള്ള തിരുവിതാംകൂര്‍ എന്ന 'വഞ്ചിരാജ്യ'ത്ത്‌ 'വഞ്ചീശമംഗളം' എന്നതായിരുന്നു ദേശീയഗാനം. അതിന്റെ തുടക്കമിങ്ങനെ:
''വഞ്ചിഭൂമി പദേചിരം
സഞ്ചിതാഭം ജയിക്കേണം
ദേവദേവന്‍ ഭവാനെന്നും
ദേഹസൗഖ്യം വളര്‍ത്തേണം!.'
അങ്കമാലി കഴിഞ്ഞാല്‍ കൊച്ചി രാജ്യമായി. അവിടത്തെ ദേശീയഗാനം ഇതായിരുന്നു:
''അമ്പത്താറൂഴിപന്മാരില്‍
മുമ്പനെന്നുള്ള പേരിനെ
സമ്പാദിച്ച മഹാന്‍ കൊച്ചി-
ത്തമ്പുരാന്‍ വിജയിക്കണം!''
കുന്നംകുളം കടന്ന്‌ ബ്രിട്ടീഷ്‌- മലബാര്‍ രാജ്യത്തെത്തിയാല്‍ കളിമാറി. സാമൂതിരിയെ പണ്ടേ വെള്ളക്കാര്‍ പുറത്താക്കിയിരുന്നതിനാല്‍ അന്നാട്ടില്‍ ബ്രിട്ടീഷ്‌ രാജാവിനായിരുന്നു സ്‌തുതി പാടേണ്ടിയിരുന്നത്‌. ഇതിന്‌ 'ഭൂപാലമംഗളം'എന്നാണു പേര്‌. 'ഭൂപാലന്‍' എന്നാല്‍ ഇംഗ്ലീഷ്‌ ഗോപാലന്‍, അതായത്‌ ബ്രിട്ടീഷ്‌ രാശാവ്‌!
അതിങ്ങനെ ആരംഭിക്കുന്നു:
''ആദിത്യനസ്‌തമിക്കാത്ത
സാമ്രാജ്യം കാത്തുനീളവേ
ആടിക്കളിക്കുമാഗ്ലേയ
വൈജയന്തി വിളങ്ങണേ!''
തിരുവിതാംകൂര്‍ ഭരിച്ച ആയില്യം തിരുനാളിന്റെ കാലത്ത്‌ ബ്രിട്ടനിലെ വിക്‌ടോറിയ രാജ്‌ഞി അദ്ദേഹത്തിന്‌ ഒരു 'ആംഗ്ലേയ വൈജയന്തി'- ഇംഗ്ലീഷ്‌ പതാക- അയച്ചുകൊടുക്കുകയുണ്ടായി. അതോടെ ഒന്നിനു പകരം രണ്ടു ദേശീയഗാനങ്ങള്‍- നമ്മുടെ തലയില്‍ വന്നുവീണു! 'വഞ്ചീശമംഗള'ത്തോടൊപ്പം 'ഭൂപാലമംഗള'വും! ആയില്യം തിരുനാള്‍ ബ്രിട്ടീഷ്‌ പതാക സ്‌പീഡ്‌പോസ്‌റ്റില്‍ ഒപ്പിട്ടു വാങ്ങുന്നതിനും എത്രയോ വര്‍ഷം മുമ്പ്‌ ടിപ്പു സൂല്‍ത്താന്‍ തൃശൂര്‍കോട്ട കീഴടക്കി മറ്റേതു കൊടികളേക്കാളുമുയരത്തില്‍ സ്വന്തം കൊടി ഉയര്‍ത്തിയിരുന്നു! ഐതിഹാസികമായ പടയോട്ടം കഴിഞ്ഞ്‌ ടിപ്പു പോയി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ കൊടി താഴ്‌ത്താന്‍ ആര്‍ക്കും ധൈര്യം വന്നില്ല, ബ്രിട്ടീഷുകാര്‍ക്കുപോലും!
ഇവിടുത്തെ ചെറിയ രാജ്യങള്‍ക്കും അവരവരുട ദേശീയതകളും ദേശീയഗാനങ്ങളും ഉണ്ടായിരുന്നു. പഴശ്ശിരാജാവിന്റെ ദേശീയഗാനം 'ശ്രീപോര്‍ക്കലീസ്‌തുതി' തന്നെ.
ഏതാണ്ട്‌ ഇരുനൂറുവര്‍ഷം മുമ്പുവരെ നാലായിരം ചതുരശ്ര മൈല്‍ വിസ്‌തീര്‍ണവും തമിഴ്‌നാട്ടിലെ ഡിണ്ടിഗല്‍വരെ നീളവുമുണ്ടായിരുന്ന പൂഞ്ഞാര്‍ രാജ്യത്തിന്റെ ദേശീയ ഗാനം'മധുരമീനാക്ഷീസ്‌തുതി' ആയിരുന്നു. 'പുണ്യനദീപുരേ വാഴുന്ന മധുരമീനാക്ഷി'യെ സ്‌തുതിക്കുന്ന കീര്‍ത്തനം. പുതിയ കേരളഗാനത്തിനായി സര്‍ക്കാര്‍ ടെന്‍ഡര്‍ വിളിക്കുമ്പോള്‍ ഇക്കാര്യങ്ങളൊക്കെ ഓര്‍മിക്കണം.
മറ്റു സംസ്‌ഥാനങ്ങളില്‍ ഭൂരിപക്ഷത്തിനും സ്വന്തം ദേശീയഗാനങ്ങളുണ്ട്‌. തെലുങ്കുമാതാവിനെ പ്രകീര്‍ത്തിക്കുന്നതാണ്‌ ആന്‌ധ്രയുടെയും തെലുങ്കാനയുടെയും ദേശീയഗാനങ്ങള്‍. കര്‍ണാടകത്തിന്റെയും ഇതുപോലെതന്നെ. തമിഴകത്തിനു പണ്ടേ ദേശീയഗാനമുണ്ട്‌. മലയാളിയായ പി. സുന്ദരംപിള്ള എഴുതിയ 'മനോന്മണീയം' എന്ന കാവ്യനാടകത്തിലെ വരികളാണ്‌ 'തമിഴ്‌ തായ്‌വാഴ്‌ത്ത്' എന്നറിയപ്പെടുന്ന തമിഴക ദേശീയതയുടെ വാഴ്‌ത്തുപാട്ട്‌.
ഇന്ത്യ സ്വാതന്ത്ര്യം നേടിക്കഴിഞ്ഞും തിരുവിതാംകൂറിന്‌ ഔദ്യോഗികമായി ദേശീയഗാനമുണ്ടായി എന്നതാണ്‌ മറ്റൊരു സംഗതി! ദിവാന്‍ സി.പി. രാമസ്വാമി അയ്യര്‍ 'സ്വതന്ത്ര തിരുവിതാംകൂര്‍' പ്രഖ്യാപിച്ചതോടെ 'വഞ്ചീശമംഗളം' പൊടിതട്ടിയെടുക്കുകയായിരുന്നു! തുടര്‍ന്ന്‌ രാജാവുതന്നെ റേഡിയോയിലൂടെ 'സ്വതന്ത്ര തിരുവിതാംകൂര്‍' നിലവില്‍ വന്നതായി അറിയിച്ചു! 1947 ജൂണ്‍ 18-നായിരുന്നു രാജാവിന്റെ ഡിക്ലറേഷന്‍.
ഇന്ത്യന്‍ യൂണിയനില്‍ ചേരാതെ, സ്വന്തം പതാകയും ദേശീയഗാനവുമുള്ള 'സ്വതന്ത്ര തിരുവിതാംകൂര്‍' എന്ന രാജ്യം സ്വീഡന്‍, ഡെന്മാര്‍ക്ക്‌, ബര്‍മ, നേപ്പാള്‍ തുടങ്ങിയ രാഷ്‌ട്രങ്ങള്‍പോലെയായിരിക്കും എന്നായിരുന്നു ദിവാന്‍ പറഞ്ഞത്‌. പരമ്പരാഗതമായി 'അരിയാഹാരം' കഴിക്കുന്ന നാട്ടുകാര്‍ക്ക്‌ ബര്‍മയില്‍നിന്ന്‌ അരി ഇറക്കുമതി ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. നമ്മുടെ കുരുമുളകും ചുക്കും ഏലവും ഇഞ്ചിയും റബറുമൊക്കെ നമ്മള്‍തന്നെ കയറ്റിയയച്ചു കാശുണ്ടാക്കാനും പരിപാടിയുണ്ടായിരുന്നു! സ്വതന്ത്ര തിരുവിതാംകൂറുമായി ബന്ധം സ്‌ഥാപിക്കാന്‍ പാകിസ്‌താന്‌ ആഗ്രഹമുണ്ടെന്നു പറഞ്ഞ്‌ മുഹമ്മദലി ജിന്ന സി.പിക്കു കത്തെഴുതിയതായും കഥ പരന്നു. എന്തായാലും പാകിസ്‌താനില്‍ സ്വതന്ത്ര തിരുവിതാംകൂറിനെ പ്രതിനിധീകരിക്കാന്‍ രാജാവ്‌ ഒരു അംബാസഡറെ അയച്ചു! പാകിസ്‌താനിലും 'വഞ്ചീശമംഗളം' മുഴങ്ങി എന്നര്‍ഥം!
പണ്ട്‌ ദേശീയഗാനാലപനമടക്കമുള്ള ഔദ്യോഗികച്ചടങ്ങുകള്‍ക്കും രാജാവിന്റെ മുമ്പിലും 'പഞ്ചപുച്‌ഛമടക്കി'യാണ്‌ നില്‍ക്കേണ്ടിയിരുന്നത്‌. വലതുകൈ കൊണ്ട്‌ വായും മൂക്കും പൊത്തിയും ഇടതുകൈകൊണ്ട്‌ ഗുഹ്യഭാഗം മറച്ചും താണുവണങ്ങി നില്‍ക്കണമെന്നായിരുന്നു നിയമം. വായ്‌, മൂക്ക്‌, ഗുഹ്യം എന്നിങ്ങനെ ശരീരത്തിന്റെ അഞ്ചു പുച്‌ഛം (ഭാഗം) അടക്കിനിര്‍ത്തുക എന്നര്‍ത്ഥം.
സംസ്‌ഥാനത്തിന്‌ ഒരു 'കേരളഗാനം' കണ്ടെത്താനുള്ള ശ്രമത്തിലാണല്ലോ നമ്മളിപ്പോള്‍. മഹാകവി വള്ളത്തോളിന്റെയും പാലായുടെയും കവിതകളും ബോധേശ്വരന്‍ 1938-ല്‍ രചിച്ച 'ജയജയ കോമള കേരളധരണി' -എന്നു തുടങ്ങുന്ന ഗാനവും 'കേരള ഗാനത്തി'നുള്ള 'ക്യൂ'വില്‍ നില്‍പ്പുണ്ട്‌. ബോധേശ്വരന്റെ ഗാനം കേരളത്തിന്റെ ദേശീയഗാനമാക്കാന്‍ തൃശൂരില്‍ ചേര്‍ന്ന ഐക്യകേരള സമ്മേളനം തീരുമാനിച്ചിരുന്നു.
അന്ന്‌ ഈ ഗാനം ആലപിക്കുകയും ചെയ്‌തു. എന്നാല്‍ പഴയ 'ഫ്യൂഡല്‍ നന്മകള്‍' മടക്കിക്കൊണ്ടുവരേണ്ടതില്ലെന്ന ചില നേതാക്കളുടെ വാശിയാണ്‌ തീരുമാനങ്ങള്‍ മാറാന്‍ കാരണം എന്ന്‌ പിന്നീട്‌ ആരോപണമുയര്‍ന്നിരുന്നു.
'കേരളം വളരുന്നു, പശ്‌ചിമഘട്ടങ്ങളെക്കേറിയും
കടന്നും ചെന്നന്യമാം രാജ്യങ്ങളില്‍' -എന്നാണല്ലോ പാലാ എഴുതിയത്‌.
1930 ജനുവരി 26 കോണ്‍ഗ്രസ്‌ 'പൂര്‍ണ സ്വാതന്ത്ര്യദിന'മായി പ്രഖ്യാപിച്ച്‌ കേരളത്തിലെ ഗ്രാമങ്ങളില്‍പ്പോലും പതാകയുയര്‍ത്തിയപ്പോള്‍ പാടിയത്‌ വള്ളത്തോളിന്റെ
'പോരാ, പോരാ നാളില്‍ നാളില്‍
ദൂരദൂരമുയരട്ടെ
ഭാരതക്ഷ്‌മാദേവിയുടെ
തൃപ്പതാകകള്‍' -എന്ന കവിതയായിരുന്നു. അതും 'കേരളഗാനം' തന്നെയല്ലേ?

Ads by Google
Sunday 22 Jul 2018 02.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW