Monday, November 19, 2018 Last Updated 24 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 22 Jul 2018 01.40 AM

വയനാട്‌ സ്വദേശിനിയുടെ പെണ്‍മക്കള്‍ സൗദിയില്‍ വീട്ടുതടങ്കലില്‍

ദമാം: സൗദി അറേബ്യയിലെ അല്‍ കോബാറിനടുത്തു റാക്കയില്‍ വയനാട്‌ സ്വദേശിനിയുടെ രണ്ടു പെണ്‍മക്കളെ സൗദി പൗരന്‍ ബന്ദിയാക്കിയതായി പരാതി. ശ്രീലങ്കന്‍ സ്വദേശിയായ യഹ്‌യയുടെയും വയനാട്‌ സ്വദേശിനി മറിയം ബീവിയുടെയും ഇളയ പെണ്‍മക്കളെയാണു രണ്ടര വര്‍ഷമായി വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്‌. തന്റെ ആറും നാലും വയസായ പെണ്‍കുട്ടികളെ ഭര്‍ത്താവുമായുള്ള ബിസിനസിന്റെ പേരിലുള്ള തര്‍ക്കത്തെത്തുടര്‍ന്നു സൗദി പൗരന്‍ അയാളുടെ വീട്ടില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണു മാതാവിന്റെ പരാതി. ഇത്‌ സംബന്ധിച്ച്‌ ഇവര്‍ വയനാട്‌ എം.പി എം.എ. ഷാനവാസിനു പരാതി നല്‍കിയിരുന്നു.
അതേസമയം, തന്റെ സംരക്ഷണത്തില്‍ കുട്ടികള്‍ സുരക്ഷിതരാണെന്നും പിതാവ്‌ നേരിട്ടെത്തിയാല്‍ അവരെ വിട്ടുകൊടുക്കാന്‍ തയാറാണെന്നും സൗദി പൗരന്‍ സാമൂഹിക പ്രവര്‍ത്തകരെ അറിയിച്ചു. കഴിഞ്ഞ ദിവസം കുട്ടികളെ വിട്ടുകിട്ടുന്നതിന്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനു മാതാവും ഇന്ത്യന്‍ എംബസിയും ചുമതലപ്പെടുത്തിയതനുസരിച്ചു റിയാദ്‌ മലപ്പുറം കെ.എം.സി.സി. ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ സിദ്ദീഖ്‌ തുവ്വൂറിന്റെ നേത്യത്വത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ സൗദി പൗരനെയും കുട്ടികളെയും സന്ദര്‍ശിച്ചപ്പോഴാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌.
ഇവര്‍ അല്‍ഖോബാര്‍, ദമാം പോലീസ്‌ സ്‌റ്റേഷന്‍ മേധാവികളുമായി ബന്ധപ്പെട്ട്‌ കേസില്‍ സഹായം അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്നാണ്‌ സൗദി പൗരനുമായി സംസാരിക്കാന്‍ അവസരം ലഭിച്ചത്‌. കുട്ടികളുടെ പിതാവാണ്‌ തന്നെ മക്കളെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും അതിനാല്‍ പിതാവിനു കുട്ടികളെ കൊണ്ടുപോകാമെന്നും സൗദി പൗരന്‍ അറിയിച്ചു.
കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ താല്‍കാലിക രേഖകള്‍ സൗദി പൗരന്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. വയനാട്‌ സ്വദേശിനിയായ മറിയം ബീവിയെ 12 വര്‍ഷം മുമ്പാണു സൗദിയില്‍ സ്വര്‍ണ വ്യാപാരിയായ യഹ്‌യ വിവാഹം ചെയ്‌തത്‌.
ശ്രീലങ്കക്കാരന്‍ യഹ്‌യയും സൗദി പൗരനും രണ്ട്‌ ആഫ്രിക്കക്കാരും പങ്കാളികളായി സ്വര്‍ണ വ്യാപാരം നടത്തുകയായിരുന്നു. ബിസിനസില്‍ മാന്ദ്യം നേരിട്ടതോടെ ആഫ്രിക്കന്‍ വ്യാപാരികള്‍ വലിയൊരു തുകയുമായി മുങ്ങി. ഇതോടെ തന്റെ ഭര്‍ത്താവുമായി കൂടുതല്‍ സഹകരിച്ച സൗദി പൗരന്‍ പെണ്‍മക്കളെ തന്ത്രപരമായി കൈക്കലാക്കുകയായിരുന്നുവെന്നാണു കുട്ടികളുടെ മാതാവ്‌ പറയുന്നത്‌.
ആഫ്രിക്കന്‍ വ്യാപാരികള്‍ തട്ടിയെടുത്ത പണവും ശ്രീലങ്കന്‍ സ്വദേശി നല്‍കാനുള്ള മൂന്ന്‌ ലക്ഷം റിയാലും (51 ലക്ഷം രൂപ ഏകദേശ കണക്കില്‍) ലഭിച്ചാല്‍ മാത്രമേ കുട്ടികളെ വിട്ടുനല്‍കുകയുള്ളുവെന്നാണ്‌ ഇയാളുടെ നിലപാട്‌. ഇതിനിടെ ശ്രീലങ്കന്‍ പൗരന്‍ ഭാര്യയേയും മറ്റു നാലു മക്കളെയും വയനാട്ടിലേക്ക്‌ അയച്ച്‌ ദമാമില്‍ തുടരുകയും ചെയ്‌തു.
മൂന്നു ലക്ഷം റിയാലിനു പുറമേ കുട്ടികളെ സംരക്ഷിച്ചതിന്‌ ഒരു കുട്ടിക്ക്‌ പ്രതിമാസം 5,000 റിയാല്‍ എന്ന തോതിലുള്ള തുകയും സൗദി പൗരന്‍ ആവശ്യപ്പെടുന്നുണ്ട്‌.

ചെറിയാന്‍ കിടങ്ങന്നൂര്‍

Ads by Google
Sunday 22 Jul 2018 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW