Friday, March 15, 2019 Last Updated 24 Min 56 Sec ago English Edition
Todays E paper
Ads by Google
Sunday 22 Jul 2018 01.37 AM

മാനുഷികതയുടെ നൂറുമേനി

uploads/news/2018/07/235185/sun1.jpg

സഹ്യന്റെ നെറുകയില്‍ കോടമഞ്ഞ്‌ മൂടുപടം ചാര്‍ത്തിയത്‌ പെട്ടന്നായിരുന്നു. ശബരിമല കാട്ടിലെ ചാലക്കയം ആദിവാസി കോളനിയിലേക്ക്‌ ഇനിയുമുണ്ട്‌ ദൂരം.... മാമരങ്ങള്‍ക്കുമീതെ നിറഞ്ഞൊഴുകിയ മഞ്ഞ്‌ മലനിരകളെ വിഴുങ്ങി കഴിഞ്ഞെങ്കിലും പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളജ്‌ അധ്യാപിക പ്ര?ഫ.ഡോ. എം.എസ്‌.സുനില്‍ ടീച്ചറും സംഘവും പിന്തിരിയാന്‍ തയ്യാറായില്ല. ആദിവാസികള്‍ക്ക്‌ സ്‌ഥിരം വാസസ്‌ഥലം ഒരുക്കാന്‍ വനം വകുപ്പ്‌ കല്‍പ്പിച്ച വിലക്കിനെ സര്‍ക്കാര്‍ ഉത്തരവിലൂടെ മറികടന്നാണ്‌ സംഘം കുടില്‍ നിര്‍മ്മാണത്തിനാവശ്യമായ ട്രാപ്പായും കയറും മറ്റ്‌ അടിയന്തര സാധനങ്ങളുമായി മലകയറ്റം തുടങ്ങിയത്‌. എന്നാല്‍ യാത്രയ്‌ക്ക് പ്രകൃതി തന്നെ തടസമായി. മുന്നില്‍ ഇടതൂര്‍ന്ന കാട്‌. അടിക്കാടിനെ വകഞ്ഞുമാറ്റി മുന്നോട്ടുള്ളയാത്ര ഏറെ ദുഷ്‌ക്കരം. ആനച്ചൂര്‌ മണക്കുന്ന കൊടുംകാട്ടിലൂടെ അടിപതറാതുള്ള യാത്രക്കിടയില്‍ വൃക്ഷത്തിലപ്പില്‍ നിന്നും ആരൊ കൂകി വിളിക്കുന്ന ശബ്‌ദം കേള്‍ക്കായി. ആദിവാസികള്‍ അറിഞ്ഞുകഴിഞ്ഞു പുറം ലോകത്തുനിന്നും രക്ഷകയെത്തിയ വിവരം. വിളിക്ക്‌ മറുവിളി ടീച്ചര്‍ക്കൊപ്പം ഉള്ളവര്‍ ഉയര്‍ത്തിയതോടെ ആദിവാസികള്‍ കൂട്ടത്തോടെ ഊരില്‍ ഒത്തുകൂടി.
ഇരുപത്തി എട്ട്‌ ആദിവാസികുടുംബങ്ങള്‍ക്ക്‌ കൊടും കാട്ടിലുള്ളില്‍ കുടിലുകള്‍ ഉയര്‍ന്നത്‌ പെട്ടന്നായിരുന്നു. ജില്ലാ കലക്‌ടറുടെ ഉത്തരവിനുപോലും പുല്ലുവില കല്‍പ്പിച്ച വനം വകുപ്പിനുമേല്‍ സുനില്‍ ടീച്ചര്‍ വിജയം വരിച്ചതിനുപിന്നില്‍ അന്നത്തെ വനംമന്ത്രി വിനോയ്‌ വിശ്വത്തിന്റെ ഇടപെടലും ഉണ്ടായിരുന്നു. വനത്തിനുളളിലെ വിജയഗാഥയില്‍ മതിമറന്നുള്ള മടക്കയാത്രയില്‍ വഴിതെറ്റി കാട്ടില്‍ ഒറ്റപ്പെട്ടുപോയ കഥയും ടീച്ചര്‍ പറയും. കുത്തനെയുള്ള ഇറക്കം ഇറങ്ങാന്‍ കഴിയാതെ വിഷമിച്ച ടീച്ചറെ കൂടെയുള്ളവര്‍ ചേര്‍ന്ന്‌ വടംകെട്ടി രക്ഷിച്ച സാഹസീകത സുനില്‍ ടീച്ചറിന്റെ ആരണ്യകാണ്ഡത്തിലെ സംഭവ ബഹുലതയാണ്‌.

ആരണ്യകാണ്ഡം കടന്ന്‌
ഒരു മനുഷ്യ ജന്മത്തില്‍ ഒരുവീട്‌ എന്ന സ്വപ്‌നം പൂര്‍ത്തീകരിക്കുക എന്നത്‌ ഇടത്തരക്കാരന്‌ അത്ര എഴുപ്പവഴിയല്ല. എന്നാല്‍ മാനവ സേവയെ മാധവ സേവയാക്കിയ ടീച്ചര്‍ കേവലം 11 വര്‍ഷത്തിനുള്ളില്‍ പാവപ്പെട്ടവനുവേണ്ടി പണിതുകൂട്ടിയത്‌ 100 വീടുകള്‍. പണിതീരാത്ത വീടുകളുടെ ഒരു ലിസ്‌റ്റുതന്നെ ഇവരുടെ മനസില്‍ ഇനിയും ബാക്കി നില്‍ക്കുന്നു.
വനത്തില്‍ ആദിവാസികള്‍ക്കായി കുടിലൊരുക്കിയ സുനില്‍ ടീച്ചര്‍ നാട്ടില്‍ സാധാരണക്കാരനുവേണ്ടി സ്‌ഥിരം വാസകേന്ദ്രങ്ങള്‍ പണിയാന്‍ ഒരുങ്ങിയത്‌ 2006-ലാണ്‌. പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളജില്‍ എം.എസ്‌.സി വിദ്യാര്‍ഥിനിയായിരുന്നു കൊടുമണ്‍ സ്വദേശിനി ആശ. സ്വന്തമായി വസ്‌തുവൊ വീടൊ ഇല്ല. പ്രതികൂല സാഹചര്യത്തിലും പഠിപ്പില്‍ ആശകാട്ടിയ മികവാണ്‌ സുനില്‍ ടീച്ചറെ ഏറെ ആകര്‍ഷിച്ചത്‌. എം.എസ്‌.സുനിലിന്റെയും കൊടുമണ്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിംലാ രാധാകൃഷ്‌ണന്റെയും ശ്രമഫലമായി മൂന്നുസെന്റ്‌ കോളനിയില്‍ ആശയ്‌ക്ക് ഒരു ചെറിയ വീടിന്‌ സ്‌ഥലം അനുവദിച്ചു. ഒടുവില്‍ കേവലം 1.75 ലക്ഷം രൂപയ്‌ക്ക് ആദ്യ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. തുടര്‍ന്ന്‌ സുനില്‍ ടീച്ചറിന്റെ സേവനപാതയില്‍ പൂര്‍ത്തിയായത്‌ 98 വീടുകള്‍. നൂറാം വീടിന്റെ നിര്‍മ്മാണമാണ്‌ ഇപ്പോള്‍ നടന്നുവരുന്നത്‌.
പത്തനംതിട്ട ജില്ലയിലെ തട്ട പൊങ്ങലടിയിലുള്ള മേരിക്കാണ്‌ നൂറാം വീട്‌. ഭര്‍ത്താവ്‌ ഉപേക്ഷി്‌ച ഈ സാധു സ്‌ത്രീ അന്തി ഉറങ്ങുന്നത്‌ ചെറിയ കൂരയിലാണ്‌. മാനത്ത്‌ മഴക്കാറ്‌ കണ്ടാല്‍ മേരിയുടെ ഹൃദയം പിടയ്‌ക്കുമായിരുന്നു. അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥിയായ മകന്‍ ജോയലിന്റെ കണ്ണില്‍ നോക്കിയാണ്‌ ഇവരുടെജീവിതം. 2018-ലെ കേന്ദ്ര സര്‍ക്കാരില്‍ നിന്നും സുനില്‍ ടീച്ചര്‍ക്ക്‌ ലഭിച്ച നാരീ ശക്‌തി പുരസ്‌ക്കാര തുകയായ ഒരുലക്ഷം രൂപയും വാക്ക്‌ ഓഫ്‌ മേഴ്‌സി അവാര്‍ഡായി ലഭിച്ച 65,000 രൂപയും ഹിന്ദു ദിനപ്പത്രത്തിന്റെ വിമന്‍ അച്ചീവര്‍ അവാര്‍ഡായ 25,000 രൂപയും ഉപയോഗിച്ചാണ്‌ നിര്‍മ്മാണം. വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. മൂന്നാഴ്‌ച്ചക്കുള്ളില്‍ ഗൃഹപ്രവേശനം നടക്കും.

കര്‍മ്മപഥത്തിലെ യാതനകള്‍
പാവങ്ങള്‍ക്കായി ഇതിനോടകം പടുത്തുയര്‍ത്തിയത്‌ നൂറു വീടുകളാണെങ്കിലും കര്‍മ്മപഥത്തിലെ യാതനകള്‍ ടീച്ചര്‍ വെളിപ്പെടുത്തിയപ്പോള്‍ അവരുടെ കണ്ണുനിറഞ്ഞു. പാഴ്‌വാക്കായ വാഗ്‌ദാനങ്ങള്‍ കേട്ടാല്‍ ആരും നെഞ്ചില്‍ കൈവച്ചുപോകും. മണല്‍ അടക്കമുള്ള അസംസ്‌കൃത സാധനങ്ങള്‍ ചിലര്‍ മനസറിഞ്ഞ്‌ ദാനം ചെയ്‌താലും ഒരു വീട്‌ നിര്‍മ്മിക്കാന്‍ കുറഞ്ഞത്‌ രണ്ടുമുതല്‍ മൂന്നുലക്ഷം രൂപാ വരെ വേണം. ഇതിന്‌ പണം എവിടെ എന്നതാണ്‌ പ്രധാന ചോദ്യം. ആദ്യ വീടിനുള്ള പണം സുമനസുകളില്‍ നിന്നും പിരിവെടുത്താണ്‌ നിര്‍മ്മിച്ചത്‌. വാര്‍ത്ത, മാധ്യമങ്ങളില്‍ വന്നതോടെ പലരും ടീച്ചറെ ഫോണിലൂടെ വിളിച്ച്‌ അഭിനന്ദിച്ചു. രണ്ടാം വീട്‌ നിര്‍മ്മാണത്തിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. അമേരിക്കയിലുള്ള ഒരാള്‍ ടീച്ചര്‍ പഠിപ്പിക്കുന്ന പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളേജ്‌ പ്രിന്‍സിപ്പലിനെ വിളിച്ച്‌ അടുത്ത വീട്‌ നിര്‍മ്മണത്തിന്‌ സഹായം വാഗ്‌ദാനം ചെയ്‌തു. തുടര്‍ന്ന്‌ അയാള്‍ ടീച്ചറേയും വിളിച്ചു. ചെലവാകുന്ന തുക നല്‍കാമെന്ന അയാളുടെ വാഗ്‌ദാനം വിശ്വസിച്ച്‌ വീടിന്‌ ആധാരശിലയിട്ടു. പല കുറി ടീച്ചര്‍ അയാളെ ടെലഫോണില്‍ ബന്ധപ്പെട്ടു. പണം ഉടന്‍ തരാമെന്ന്‌ മാത്രമായിരുന്നു മറുപടി. പക്ഷേ നിര്‍മ്മാണം പുരോഗമിച്ചതോടെ അയാള്‍ കാലുമാറി. ഒടുവില്‍ ടെലഫോണ്‍ വിളിച്ചതിന്‌ ചെലവായ തുക എത്രയെന്ന്‌ പറഞ്ഞാല്‍ അയച്ചുതരാമെന്നായി പ്രവാസി. വാഗ്‌ദാനത്തിന്‌ പിന്നിലെ ചതിക്കുഴി കര്‍മ്മപഥത്തില്‍ പ്രതിസന്ധി സൃഷ്‌ടിച്ച നാളുകള്‍. ഒടുവില്‍ കോളജ്‌ പ്രിന്‍സിപ്പലും വിദ്യാര്‍ഥികളും നാട്ടുകാരും ഒരുമിച്ചതോടെ 98,000 രൂപാ സ്വരൂപിക്കാന്‍ കഴിഞ്ഞു. ഇരുപതിനായിരം രൂപാ ടീച്ചര്‍ കൈയ്യില്‍ നിന്നും ഇട്ടതോടെ രണ്ടാം വീടിന്റെ പൂര്‍ത്തീകരണം യാഥാര്‍ഥ്യമായി. ഇത്‌ ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തില്‍ എണ്ണിയാല്‍ ഒടുങ്ങാത്ത വാഗ്‌ദാന ലംഘനങ്ങള്‍ക്ക്‌ ശേഷമാണ്‌ നൂറുവീട്‌ എന്ന ലക്ഷ്യം സുനില്‍ ടീച്ചര്‍ പൂര്‍ത്തീകരിച്ചത്‌.

മരുഭൂമിയിലെ തണല്‍പച്ചകള്‍
ജീവിക്കാന്‍ ആകാശ മേലാപ്പ്‌ മാത്രം ബാക്കിയുള്ളവര്‍ക്ക്‌ ഒരു തണല്‍ എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കാനായിരുന്നു സുനില്‍ ടീച്ചറുടെ യാത്ര. തണല്‍ തേടുന്നവരെ കണ്ടെത്തുക എന്നത്‌ അത്ര എളുപ്പമല്ല. പലരും സഹായം തേടി സമീപിച്ചു. അന്വേഷിച്ചപ്പോള്‍ അര്‍ഹരല്ലെന്നു വ്യക്‌തമായി. അര്‍ഹരെ കണ്ടെത്താനായിരുന്നു പിന്നീടുള്ള യാത്ര. പാത്രം അറിഞ്ഞ്‌ ഭിക്ഷ നല്‍കുക എന്ന ലക്ഷ്യത്തോടെ പലരുടെയും ജീവിതം നേരില്‍ കണ്ടു. യാത്രക്കിടയില്‍ കണ്ടെത്തുന്നവരേയും വ്യക്‌തിപരമായി അറിയാവുന്നവരെയും പദ്ധതിയ്‌ക്കായി പരിഗണിച്ചു. അവരുടെയെല്ലാം കുടിലുകളുടെ സ്‌ഥാനത്ത്‌ വീടുകളും ഉയര്‍ന്നു.
മാനദണ്ഡങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ അര്‍ഹരെ കണ്ടെത്തിയിരുന്നത്‌. മദ്യപാനികളായ പുരുഷന്മാര്‍ അടങ്ങുന്ന കുടുംബത്തെ പരിഗണിക്കില്ല. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്‍ഗണന. പെണ്‍കുട്ടികള്‍ മാത്രമാണെങ്കില്‍ അവര്‍ക്ക്‌ പ്രഥമ പരിഗണന നല്‍കും. സ്വന്തമായി മൂന്നുസെന്റ്‌ ഭൂമിയെങ്കിലും ഉണ്ടാകണം എന്നതാണ്‌ നിബന്ധന. കാരണം ഭൂമിക്കായി വന്‍തുക വേണ്ടിവരും എന്നതുതന്നെ.
പരിവ്‌ നടത്തി വീട്‌ പണിയുക എന്ന ആശയം രണ്ടാം വീടിന്റെ നിര്‍മ്മാണത്തോടെ സുനില്‍ ടീച്ചര്‍ അവസാനിപ്പിച്ചു. സമയനഷ്‌ടവും വാഗ്‌ദാന ലംഘനവും അനാവശ്യ കാത്തിരിപ്പും തടസങ്ങളാകും എന്നതുതന്നെ കാരണം. ഒരു വീട്‌ ഒരാള്‍ സ്‌പോണ്‍സര്‍ ചെയ്യുക എന്ന ആശയം അങ്ങനെയാണ്‌ ഉദിച്ചത്‌. ഒരാള്‍ നല്‍കുന്ന പണം പൂര്‍ണമായും ആ വീടിനുവേണ്ടി ഉപയോഗിക്കും. മറ്റൊരു വീടിന്‌ അതില്‍ നിന്നുള്ള വിഹിതം ഉപയോഗിക്കില്ല. ശരാശരി രണ്ടുമുറി, അടുക്കള, ബാത്ത്‌റൂം, സിറ്റ്‌ ഔട്ട്‌ എന്നിവ ഉള്‍പ്പെടുന്നതാണ്‌ ഒരുവീട്‌. ഇതോടെ യു.എസ്‌.എയില്‍ ജോലിയുള്ള കെ.പി.ജോര്‍ജ്‌ എന്ന മനുഷ്യസ്‌നേഹി ടീച്ചറെ സഹായിക്കാനായി മുന്നോട്ടുവന്നു. മരുഭൂമിയിലെ മരുപ്പച്ചപോലെ ദൈവം കാട്ടിതന്ന നേര്‍വഴി.

കുറുമ്പയുടെ കഥ, ത്യാഗത്തിന്റെയും
പാഴ്‌ത്തുണികള്‍ കൊണ്ട്‌ കൂര നിര്‍മ്മിച്ച്‌ അന്തി ഉറങ്ങിവന്ന കുറുമ്പ എന്ന കാന്‍സര്‍ രോഗിക്ക്‌ ബാക്കിയുണ്ടായിരുന്നത്‌ മുകളില്‍ ആകാശവും താഴെ ഭൂമിയും മാത്രം. മാനം കറുത്താല്‍ തുണിവീടിനൊപ്പം കുറുമ്പയും കുതിരും. കാറ്റടിച്ചാല്‍ ഉലയുന്ന കൂര. കാറ്റിനൊപ്പം പറന്നകലുന്ന മേലാപ്പ്‌. രോഗപീഡയുടെ നൊമ്പരം കേട്ടറിഞ്ഞ സുനില്‍ ടീച്ചര്‍ കീറതുണികള്‍ കെട്ടിയ കൂരയിലേക്ക്‌ പതിനൊന്ന്‌ വര്‍ഷം മുമ്പ്‌ കടന്നുചെന്നു. ഇരുള്‍ മറ തീര്‍ത്ത ചരുപ്പില്‍ പ്രതീക്ഷയറ്റ കുറുമ്പയുടെ പാതി തുളുമ്പിയ കണ്ണുകള്‍ ടീച്ചര്‍ക്കുമുന്നില്‍ കൂമ്പി അടഞ്ഞു. ആ കണ്ണുകളിലെ ഈറനുണങ്ങാന്‍ സ്‌നേഹം നിറഞ്ഞ ഒരു തലോടല്‍ മാത്രം മതിയായിരുന്നു. വൈകാതെ കുറുമ്പയ്‌ക്കായി വീടൊരുക്കാനുള്ള തിരക്കിലായി ടീച്ചര്‍. കെ.പി.ജോര്‍ജ്‌ 60,000 രൂപാ വീടിനായി നല്‍കി. രണ്ടുമുറിയും അടുക്കളയുമുള്ള വീട്‌ 2007-ല്‍ പൂര്‍ത്തിയായി. വീടിനോടൊപ്പം കുറുമ്പയ്‌ക്ക് മരുന്നും ഭക്ഷണവും ടീച്ചര്‍ നല്‍കി. കാലത്തേയും കാന്‍സറിനെയും അതിജീവിച്ച്‌ കുറുമ്പ ഇന്നും ജീവിച്ചിരിക്കുന്നു എന്നതാണ്‌ ശ്രദ്ധേയം. ഇതൊരു പ്രചോതനമായിരുന്നു. തുടര്‍ന്നുള്ള എട്ടുവീടുകളുടെ നിര്‍മ്മാണത്തിനും കെ.പി ജോര്‍ജ്‌ എന്ന നല്ല മനുഷ്യന്റെ സഹായം ലഭിച്ചു.

ഒറ്റമന്താരം
ദൈവം ദാനം ചെയ്‌ത കരുണ എന്ന വികാരമാണ്‌ മരുഭൂമിയില്‍ പൂത്ത ഈ ഒറ്റമന്താരത്തിന്റെ സൗന്ദര്യം. ചെറുപ്പം മുതലുള്ള ശീലത്തെപ്പറ്റി ടീച്ചര്‍ വാചാലയാകുന്നത്‌ വെറുതെയല്ല. കാരണം മറ്റുള്ളവരും ഇതൊരു ശീലമാക്കിയാല്‍ അത്രയും നന്ന്‌. ദാരിദ്ര്യം കൊടികുത്തി വാണ പഴയകാലത്തിന്റെ ഓര്‍മ്മകളില്‍ നിറമുള്ള ധാരാളം തുണിത്തരങ്ങള്‍ സുനില്‍ ടീച്ചര്‍ക്കുമുന്നില്‍ ഇന്നും തെളിഞ്ഞുനില്‍ക്കുന്നു. കടയില്‍ നിന്നുവാങ്ങുന്ന തുണികള്‍ സ്വയം തുന്നി കര്‍ട്ടനുണ്ടാക്കി വില്‍ക്കും. ആ പണം പാവപ്പെട്ട സഹപാഠികള്‍ക്ക്‌ നല്‍കും. ഫീസും പഠനത്തിനുള്ള മറ്റ്‌ ആവശ്യങ്ങളും നിറവേറ്റാന്‍ അവര്‍ക്ക്‌ ഈ തുക ധാരാളമായിരുന്നു. എസ്‌.ബി.റ്റി ഉദ്യോഗസ്‌ഥനായിരുന്ന പിതാവ്‌ എം.എം.സാമുവേലും അധ്യാപികയായ മാതാവ്‌ എം.റ്റി.ശോശാമ്മയും മകളുടെ വേറിട്ട സ്വഭാവം തിരുത്തിയില്ല.
തിരുവനന്തപുരത്തെ ഹോസ്‌റ്റല്‍ പഠനകാലം. ശംഖുമുഖം കടപ്പുറത്ത്‌ സായന്തനം ചെലവഴിക്കാനെത്തുമ്പോള്‍ രണ്ട്‌ കുട്ടികള്‍ മണ്ണുവാരി കളിക്കുന്നത്‌ ടീച്ചറുടെ ശ്രദ്ധയില്‍പ്പെട്ടു. മാതാവ്‌ മരിച്ച കുട്ടികളുടെ പിതാവിന്‌ കുടനന്നാക്കുന്ന തൊഴിലായിരുന്നു. കുട്ടികളെ കടല്‍പുറത്ത്‌ വിട്ടിട്ടാണ്‌ പിതാവ്‌ ജോലിക്കുപോകുന്നത്‌. ഒട്ടിയ വയറുമായി സഞ്ചാരികള്‍ക്കുമുന്നില്‍ കൈനീട്ടുന്ന പെണ്‍കുട്ടിയുടെ നിഷ്‌കളങ്കത സുനില്‍ ടീച്ചറുടെ മനസിനെ ഉലച്ചു. പിന്നീടുള്ള ദിനങ്ങളില്‍ ഹോസ്‌റ്റലില്‍ നിന്നും ലഭിക്കുന്ന ബ്രഡും വെണ്ണയുമായി ടീച്ചര്‍ കടല്‍പുറത്തെത്തും. സ്‌നേഹം തുടിക്കുന്ന കരങ്ങളില്‍ നിന്നും ലഭിക്കുന്ന ഭക്ഷണം കുട്ടികള്‍ക്ക്‌ അമൃത തുല്യമായിരുന്നു. കുട്ടികള്‍ക്ക്‌ വസ്‌ത്രങ്ങള്‍ കടകളില്‍ നിന്നും വാങ്ങി നല്‍കി. മറ്റുചിലപ്പോള്‍ കൂട്ടുകാരികളുടെ വീടുകളില്‍ നിന്നും വസ്‌ത്രങ്ങള്‍ എത്തിച്ചുകൊടുത്തു. കാലം കടന്നതോടെ പഠിപ്പ്‌ പൂര്‍ത്തിയാക്കി ടീച്ചര്‍ നാട്ടിലേക്ക്‌ മടങ്ങി.
പിന്നീട്‌ മുപ്പതുവര്‍ഷക്കാലം നീണ്ട അധ്യാപക ജീവിതം. അടുത്തിടെ ഒരു മധ്യാഹ്നഹ്നത്തില്‍ ടീച്ചര്‍ വീണ്ടും ശംഖുമുഖം കടപ്പുറത്തെത്തി. കടല്‍കാഴ്‌ച്ചകള്‍ കണ്ട്‌ നടക്കുമ്പോള്‍ ഒരു യുവതി ഓടിവന്ന്‌ ടീച്ചറുടെ കൈക്കുപിടിച്ചു. അപരിചിതയായ സ്‌ത്രീയെ തുറിച്ചു നോക്കിയ ടീച്ചറോട്‌ നിറകണ്ണുകളോടെ അവര്‍ പറഞ്ഞു. 'എന്നെ അറിയില്ലെ... പണ്ടിവിടെ ഓടിനടന്ന ഒരു കൊച്ചുകുട്ടിയെ ഓര്‍മ്മയില്ലെ...അവിടുന്ന്‌ റൊട്ടിയും വെണ്ണയും നല്‍കി വളര്‍ത്തിയ കൊച്ച്‌...അത്‌ ഞാനാണ്‌' ഒരു നിമിഷം ടീച്ചര്‍ അവരുടെ കണ്ണിലേക്ക്‌ നോക്കി. അനന്തരം മാറോടണച്ചു. കണ്ണുകളെ ഈറനണിയിച്ച മുഹൂര്‍ത്തത്തിനൊടുവില്‍ ഒരു നെടു നിശ്വാസത്തോടെ ടീച്ചര്‍ തിരക്കി...'സുഖമാണൊ കുട്ടി..'. വിവാഹിതയായ ആ സ്‌ത്രീയുടെ ഓര്‍മ്മകളില്‍ ദിവസം ഒരു തവണയെങ്കിലും പുഞ്ചിരി തൂകുന്ന മുഖമാണ്‌ തന്റെതെന്നറിഞ്ഞപ്പോള്‍ ആ പഴയ കുട്ടിയെ മറന്നുപോയതിന്റെ ദുഖം ടീച്ചര്‍ക്ക്‌ അടക്കാന്‍ കഴിഞ്ഞില്ല.

വഴിവിളക്ക്‌ കൊളുത്തിയവര്‍
സഹനത്തിന്റെ പാതയിലൂടെ സേവനം ലക്ഷ്യമാക്കിയുള്ള യാത്രയില്‍ വഴിവിളക്കുകള്‍ കൊളുത്തിയവര്‍ ഏറെയുണ്ട്‌. ബഹറിനിലെ സീറോ മലബാര്‍ സൊസൈറ്റിയുടെ സഹായം സുനില്‍ ടീച്ചര്‍ക്ക്‌ മറക്കാനാവില്ല. ടീച്ചറുടെ സേവനം കണക്കിലെടുത്ത്‌ ഈ വര്‍ഷം സൊസൈറ്റി 65,000 രൂപയുടെ അവാര്‍ഡ്‌ സമ്മാനിച്ചു. പത്തുവീടുകള്‍ക്കാണ്‌ ഈ സംഘടന തുണയായത്‌. ചലച്ചിത്ര സംവിധായകന്‍ ജൂഡ്‌ ആന്റണി, മര്‍ത്തോമ്മാ സഭയുടെ വലിയ ഇടയന്‍ ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം മെത്രാപ്പോലീത്ത തിരുമേനി, യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പോലീത്ത, ബിലീവേഴ്‌സ് ചര്‍ച്ച്‌ മേധാവി കെ.പി.യോഹന്നാന്‍ മെത്രാപ്പോലീത്ത, രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ എന്നിവരും നേര്‍വഴി കാട്ടിയവരില്‍ ഉള്‍പ്പെടുന്നു.
പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ്‌ സുനില്‍ ടീച്ചറുടെ കര്‍മ്മപഥം. നൂറുവീടുകളില്‍ ഒതുങ്ങുന്ന ത്യാഗമല്ല ഇത്‌. വീട്‌ നിര്‍മ്മിച്ചു നല്‍കുന്നതിന്‌ കണക്കുമില്ല. വിരാമമില്ലാത്ത പദ്ധതിയുടെ കര്‍മ്മ കാണ്ഡത്തിലെ ഒരേട്‌ മാത്രമാകുന്നു സുനില്‍ ടീച്ചറുടെ ഭവനദാന പദ്ധതി. ഇനി മറിക്കാന്‍ താളുകള്‍ ഏറെയുണ്ട്‌ ബാക്കി.

പൗരുഷത്തെ വെല്ലുന്ന സ്‌ത്രീത്വം
ഇതാണ്‌ നാരീശക്‌തി. പുരുഷനെ വെല്ലുന്ന സ്‌ത്രീത്വത്തിന്റെ കരുത്ത്‌ സ്‌നേഹമാണെന്ന്‌ തെളിയിക്കുകയാണ്‌ പ്ര?ഫ.ഡോ.എം.എസ്‌.സുനില്‍. ആദ്യം പിറന്ന കുട്ടിക്ക്‌ മാതാപിതാക്കള്‍ സുനില്‍ എന്ന്‌ പേരിട്ടത്‌ പിന്നീട്‌ മാറാപേരായതിനു പിന്നിലും കഥയുണ്ട്‌. ആദ്യത്തെ കണ്‍മണി ആണായിരിക്കണമെന്ന മോഹം പിതാവിനുണ്ടായിരുന്നതായി ടീച്ചര്‍ പറയുന്നു. അതിനായി കാലേ കൂട്ടി കണ്ടെത്തിയ പേരാണ്‌ സുനില്‍. പിറന്ന കുട്ടി പെണ്ണാണെന്നറിഞ്ഞിട്ടും പേരുമാറ്റാന്‍ പിതാവ്‌ തയ്യാറായില്ല. അങ്ങനെ സുനില്‍ ഒടുവില്‍ സുനില്‍ ടീച്ചറായി. പുരുഷന്റെ പേരും സ്‌ത്രീത്വത്തിന്റെ പൂര്‍ണതയും അടങ്ങിയ നാരീശക്‌തീഭാവമാണ്‌ സുനില്‍ ടീച്ചറെ വ്യത്യസ്‌തയാക്കുന്നത്‌.

സജിത്ത്‌ പരമേശ്വരന്‍

Ads by Google
Sunday 22 Jul 2018 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW