Thursday, June 20, 2019 Last Updated 24 Min 48 Sec ago English Edition
Todays E paper
Ads by Google
Sunday 22 Jul 2018 01.37 AM

തിരിച്ചറിവില്‍ വീണു കിട്ടിയ പുനര്‍ജന്മം

uploads/news/2018/07/235184/sun4.jpg

പതിമൂന്നു വര്‍ഷങ്ങള്‍ക്കപ്പുറം..മെഡിക്കല്‍ ഐ.സി.യുവില്‍ അബോധത്തിന്റെ ആഴങ്ങളിലേക്കു മെല്ലെ വഴുതിവീണ ആ രാത്രി പിറ്റേന്നു തനിക്കായി പുലരുമെന്നു ഷീബ വിചാരിച്ചതേയില്ല. വ്യാഴവട്ടം കടന്ന കാലദൂരത്തിനിപ്പുറം അന്നത്തെ ആ പെണ്‍കുട്ടി തന്റെ പൂമുഖത്തു പുഞ്ചിരിയുടെ നിലാത്തുണ്ടുപോലെ പ്രത്യക്ഷയാകുമെന്ന്‌ ഡോ. ശ്രീകുമാറും കരുതിയില്ല. ഇക്കഴിഞ്ഞ ഞായറാഴ്‌ച പുലര്‍കാലത്ത്‌ ഡോ. ശ്രീകുമാറിന്റെ കണി ഷീബയായിരുന്നു.
'ഓര്‍ക്കുന്നുണ്ടോ ഞാന്‍ ഷീബയാണ്‌ ഡോക്‌ടര്‍...'
അപ്പോള്‍, തന്റെ പതിമൂന്നാം വയസില്‍ മരണം മടക്കിവിളിച്ച അച്‌ഛന്റെ നിഴല്‍രൂപം തന്റെ ചെവിയോരത്തേക്കു ചുണ്ടടുപ്പിച്ചു പറയുന്നതായി ഡോ. ശ്രീകുമാറിനു തോന്നി.
''അന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലേ..ഷീബയുടെ മരണം സ്‌ഥിരീകരിക്കാന്‍ കുറച്ചുകൂടി കഴിയട്ടെയെന്ന്‌. അതു നീ കേട്ടില്ലായിരുന്നെങ്കില്‍ ഷീബ പിന്നെ ഉണ്ടാകുമായിരുന്നില്ല''
ജീവന്റെ തുടിപ്പ്‌ ഇനി മടങ്ങിവരാത്തവണ്ണം മരണത്തില്‍ ലയിച്ചെന്നു തീരുമാനിക്കും മുമ്പ്‌ ഒരു ഡോക്‌ടര്‍ നൂറുവട്ടം ഉറപ്പിക്കണം, ഒരൊറ്റ കോശത്തില്‍പ്പോലും ഉയിരു ബാക്കിയില്ലെന്ന്‌...
''പ്രിയപ്പെട്ട അച്‌ഛാ, എനിക്കു നിഴലായി എന്നും ഒപ്പമുണ്ടാകണേ! ''
ഓര്‍മ്മകളുടെ ഹൃദയത്തില്‍ ഒരിക്കല്‍ക്കൂടി അച്‌ഛന്റെ നിഴല്‍രൂപം തെളിഞ്ഞുമാഞ്ഞു.
മറക്കാനാവില്ല, പതിമൂന്നു വര്‍ഷം മുമ്പത്തെ ആ രാത്രി. കൊല്ലം സ്വദേശി ഷീബയുടെ ശരീരത്തില്‍ ജീവന്റെ ഇമയനക്കം പുനര്‍ജനിക്കുന്നതിനായി പ്രാര്‍ഥനയോടെ കാത്ത നാലു പകലിരവുകളും!
തിരുവനന്തപുരത്ത്‌, ശ്രീചിത്ര ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സില്‍ നിന്ന്‌ ന്യൂറോളജിയില്‍ പി.ജി കഴിഞ്ഞ്‌ ഡോ. ശ്രീകുമാര്‍ കൊല്ലത്തെ ഒരു പ്രമുഖ ആശുപത്രിയില്‍ ജോലി ചെയ്‌തു തുടങ്ങിയിട്ട്‌ ആറു മാസം ആകുന്നതേയുണ്ടായിരുന്നുള്ളൂ. രാവിലെ ഹോസ്‌പിറ്റലില്‍ എത്തി, റൗണ്ട്‌സിന്‌ ശേഷം ഒ.പിയിലേക്ക്‌ കയറാന്‍ തുടങ്ങുമ്പോഴാണ്‌ മെഡിക്കല്‍ ഐ.സി.യുവില്‍ നിന്ന്‌ സിസ്‌റ്ററുടെ വിളി വന്നത്‌. വെന്റിലേറ്ററില്‍ ആയിരുന്ന ഒരു പേഷ്യന്റിന്റെ മരണം ന്യൂറോളജിസ്‌റ്റ് കൂടി സ്‌ഥിരീകരിക്കണം. സീനിയര്‍ ഫിസിഷ്യന്‍ അന്വേഷിക്കുന്നു.
ശരി, ഞാന്‍ ദാ വരുന്നു. ഒരഞ്ചു മിനിട്ട്‌ നേരത്തെ ജോലിയേയുള്ളൂ. ചെല്ലുക പരിശോധിക്കുക ഡെത്ത്‌ കണ്‍ഫേം ചെയ്‌ത് ഒപ്പിട്ടുകൊടുക്കുക.
അല്‍പം ഇരുണ്ട്‌, തടിച്ച ശരീരപ്രകൃതിയുള്ള പെണ്‍കുട്ടി. ഇരുപത്തിനാലോ, ഇരുപത്തിയഞ്ചോ- അതിനപ്പുറം പോകില്ല. ഐശ്വര്യമുള്ള ആ മുഖത്ത്‌ ഒരു ദീര്‍ഘനിദ്രയുടെ ശാന്തത മാത്രം. മറ്റു ഡോക്‌ടര്‍മാര്‍ അവളുടെ മരണം ഏതാണ്ട്‌ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. കേസ്‌ റിപ്പോര്‍ട്ട്‌ നോക്കിയപ്പോള്‍, സ്‌നേക്‌ ബൈറ്റ്‌. കടിച്ചത്‌ രാജവെമ്പാല. ഇന്നലെ രാത്രി എട്ടരയോടെ കൊണ്ടുവന്നതാണ്‌. അപ്പോള്‍ത്തന്നെ ആന്റിവെനം നല്‍കിയിട്ടുണ്ട്‌. നല്‍കിയ മരുന്നുകളുടെയും പരിശോധനകളുടെയും നീണ്ട ലിസ്‌റ്റ് താഴോട്ട്‌. പേഷ്യന്റിന്റെ ശരീരം ഒന്നിനോടും പ്രതികരിക്കുന്നില്ല. ഒരു പ്രതീക്ഷയ്‌ക്കും വകയില്ലാത്ത വിധം എല്ലാ പരിശോധനാ ഫലങ്ങള്‍ക്കും ഒരേ സ്വരം: പേഷ്യന്റ്‌ ഈസ്‌ ഓള്‍മോസ്‌റ്റ് ഡെഡ്‌! പെട്ടെന്നാണ്‌ ഡോക്‌ടര്‍ അതു കണ്ടത്‌. ഞാന്‍ മരിച്ചിട്ടില്ലെന്നു വിളിച്ചുപറയും പോലെ, പേഷ്യന്റിന്റെ വലതുകാലിലെ പെരുവിരല്‍ ചെറുതായൊന്ന്‌ അനങ്ങിയോ..അതോ തനിക്കു തോന്നിയതായിരിക്കുമോ..പിന്നെ അനക്കമില്ല. ഡോ. ശ്രീകുമാറിന്റെ മനസ്സില്‍ ന്യൂറോളജി ക്ലാസുകളില്‍ പഠിച്ച ടെക്‌സ്റ്റ്‌ ബുക്കുകളുടെ താളുകള്‍ മറിഞ്ഞുകൊണ്ടേയിരുന്നു.
സ്‌നേക്‌ ബൈറ്റ്‌.
ഇഫക്‌ട്സ്‌ ഓഫ്‌ കോബ്രാ വെനം.
ടൈപ്പ്‌ ഓഫ്‌ സ്‌നേക്‌ വെനംസ്‌.
ന്യൂറോ പരാലിസിസ്‌! ഒരു വെള്ളിടി ഡോക്‌ടറുടെ നെഞ്ചിലൂടെ പുളഞ്ഞിറങ്ങി. അതെ, ഇത്‌ അതാണ്‌- ന്യൂറോ പരാലിസിസ്‌. നാഡീവ്യൂഹത്തെ ബാധിക്കുന്ന വിഷബാധയേറ്റ പേഷ്യന്റിന്റെ ശരീരത്തില്‍ ചിലപ്പോള്‍ ജീവന്റെ ഒരു ലക്ഷണവും പ്രകടമായിരിക്കില്ല. ഉറങ്ങുന്ന ജീവന്‍! ഷീബ ഉറങ്ങുകയാണ്‌. ആ നാഡികളില്‍ ജീവന്‍ മയങ്ങിക്കിടപ്പുണ്ട്‌...പേഷ്യന്റിന്റെ ശരീരം പ്രതികരിക്കുന്നുണ്ടോ എന്നറിയാന്‍ 'നീ -ഹാമര്‍' കൊണ്ട്‌ വലതു പാദത്തിനടിയില്‍ ഉരച്ചുനോക്കി. താന്‍ കണ്ടതു യാഥാര്‍ഥ്യമായിരുന്നെങ്കില്‍ ഇപ്പോള്‍ വിരലനങ്ങും. പക്ഷേ, ഒരു പ്രതികരണവുമില്ല! എങ്കിലും, ഷീബയുടെ മുഖത്തേക്കു നോക്കിയപ്പോള്‍ മനസു പറഞ്ഞു. മരണം സ്‌ഥിരീകരിക്കാന്‍ വരട്ടെ. ഡെത്ത്‌ റിപ്പോര്‍ട്ട്‌ ഒപ്പിടാന്‍ കാത്തുനിന്ന സീനിയര്‍ ഫിസിഷ്യനോട്‌ പതിഞ്ഞ ശബ്‌ദത്തില്‍ ഡോ. ശ്രീകുമാര്‍ അപേക്ഷിച്ചു: 'എനിക്ക്‌ അല്‍പം കൂടി സമയം വേണം, ഡോക്‌ടര്‍... പ്ലീസ്‌....!' സീനിയര്‍ ഡോക്‌ടര്‍മാര്‍ പരിഹസിച്ചു...'ന്യൂറോ പഠിച്ചിറങ്ങിയതല്ലേയുള്ളൂ.. അതിന്റെ തിളപ്പാണ്‌. രാജവെമ്പാല കടിച്ചു വിഷമേറ്റാല്‍ പിന്നെ വല്ല രക്ഷയുമുണ്ടോ? കുറച്ചു കഴിയുമ്പോള്‍ താനേ മനസിലായിക്കോളും! 'ചിലര്‍ പറഞ്ഞു 'ഇവനു വട്ടാണ്‌. വെന്റിലേറ്റര്‍ മാറ്റിയാല്‍ അപ്പോഴേ തീരുന്ന കേസ്‌. ആ പെങ്കൊച്ച്‌ ഇനിയും ജീവിച്ചുവരുമെന്ന്‌ ഇവനല്ലാതെ ലോകത്തു മറ്റാരെങ്കിലും വിചാരിക്കുമോ.. '
ഈ പെണ്‍കുട്ടിക്കു ജീവന്‍ വീണ്ടുകിട്ടുമെന്ന്‌. സീനിയര്‍ ഫിസിഷ്യന്റെ നെറ്റിയില്‍ അമ്പരപ്പിന്റെ ചുളിവുകള്‍ വീണില്ല. പകരം, ആ മുഖത്തു പരിഹാസം തെളിഞ്ഞുനിന്നു. അതിന്റെ അര്‍ഥം ഡോ. ശ്രീകുമാറിന്‌ വേഗത്തില്‍ വായിച്ചെടുക്കാമായിരുന്നു- ഒരു ജൂനിയര്‍ ഡോക്‌ടറുടെ അതിരുകടന്ന ആത്മവിശ്വാസം. ശുദ്ധ വിവരക്കേട്‌. അനുഭവം കൊണ്ടു പഠിക്കട്ടെ! അയാള്‍ ഒന്നും മിണ്ടാതെ, സിസ്‌റ്ററുടെ മുഖത്തേക്ക്‌ തറപ്പിച്ചൊന്നു നോക്കി ഐ.സി.യുവില്‍ നിന്ന്‌ ഇറങ്ങിപ്പോയി. ഡോക്‌ടര്‍മാരില്‍ സമപ്രായക്കാരായ ചില സുഹൃത്തുക്കള്‍ കാര്യമറിഞ്ഞു വന്നു. ശ്രീകുമാറേ, നിനക്കു വെറുതേ തോന്നുന്നതാണ്‌; റിസ്‌കെടുക്കാന്‍ നില്‍ക്കണ്ട. ഇതു പാവപ്പെട്ട ഏതോ വീട്ടിലെ കൊച്ചാണ്‌. ഒടുവില്‍, മരിച്ചതിനു ശേഷവും പണം പിടുങ്ങാന്‍ ഐ.സി.യുവില്‍ കിടത്തിയെന്നും പറഞ്ഞ്‌ അവരുടെ ബന്ധുക്കള്‍ വന്നു പ്രശ്‌നമുണ്ടാക്കും. സീനിയേഴ്‌സ് കണ്‍ഫേം ചെയ്‌തതല്ലേ- പിന്നെന്താ? അല്ലെങ്കില്‍ ഇതു വയ്യാവേലിയാകും. എന്തായാലും എനിക്ക്‌ കുറച്ചു സമയം വേണം...പേഷ്യന്റിനെ ന്യൂറോ ഐ.സി.യുവിലേക്ക്‌ മാറ്റിക്കോളൂ...അമ്പരപ്പിന്റെ മുഖങ്ങള്‍ക്കിടയില്‍ നിന്ന്‌ ഐ.സി.യുവിന്റെ വാതില്‍ തുറന്ന്‌ ഡോ. ശ്രീകുമാര്‍ പുറത്തിറങ്ങി.
നാല്‌ ദിവസത്തോളം ഷീബ ഐ.സി.യു വില്‍ ചലനമറ്റ്‌ കിടന്നു. മരണം സ്‌ഥീരീകരിക്കാത്തതിന്റെ എല്ലാ പഴിയും സ്വയം ഏറ്റെടുത്ത്‌ ഷീബയുടെ ജീവനു വേണ്ടി ഡോ.ശ്രീകുമാര്‍ കാത്തിരുന്നു. ഒടുവില്‍ അദ്ദേഹത്തിന്റെ കണ്ടെത്തല്‍ ശരിയായിരുന്നുവെന്ന്‌ അനുഭവം തെളിയിച്ചു. ഷീബയുടെ മനസിലും ശരീരത്തിലും ചലനത്തിന്റെ താളം മടങ്ങിയെത്തി.
വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒരു പകല്‍-
പതിവു പോലെ ഒ.പിയില്‍ നിന്ന്‌ റൗണ്ട്‌സിന്‌ പോകാനായി ഇടനാഴിയിലേക്ക്‌ ഇറ
ങ്ങിയതാണ്‌ ഡോക്‌ടര്‍. ഇടനാഴിയില്‍, ഇരിക്കാന്‍ കസേരകളുണ്ടായിട്ടും നിലത്തേക്കു ചാഞ്ഞുവീണതു പോലെ ഒരു നിഴല്‍രൂപം. ഡോക്‌ടറെ കണ്ട്‌ അവര്‍ പെട്ടെന്ന്‌ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതു കണ്ടപ്പോഴാണ്‌ ശ്രദ്ധിച്ചത്‌. ഇരുണ്ട്‌, അല്‍പം തടിച്ച ശരീരപ്രകൃതവുമായി ഒരമ്മ. മുഖഛായ കണ്ടപ്പോള്‍ തോന്നി ഷീബയുടെഅമ്മയാണെന്ന്‌. ഒപ്പം, കറുത്തു മെലിഞ്ഞ ഒരു പയ്യനുമുണ്ട്‌. എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പ്‌, ഉള്ളിലെ സങ്കടങ്ങള്‍ ഉരുകിത്തിളച്ചു നെഞ്ചു മുറിഞ്ഞതു പോലെ ഒരു പൊട്ടിക്കരച്ചില്‍. 'പൊന്നു ഡോക്‌ടറേ... എനിക്കെന്റെ മോളെ തിരികെ തന്നില്ലേ.....'അവരുടെ ആനന്ദക്കണ്ണീരില്‍ ഡോ. ശ്രീകുമാര്‍ വിതുമ്പി. ഷീബയുടെ മരണം സ്‌ഥിരീകരിക്കാന്‍ അല്‍പം കൂടി കാക്കാന്‍ അന്നു മനസില്‍ തോന്നിച്ച അച്‌ഛന്റെ സ്‌മരണകള്‍ക്കു മുന്നില്‍ ഡോ. ശ്രീകുമാര്‍ നമിച്ചു.
പ്രമുഖ ന്യൂറോളജിസ്‌റ്റായ ഡോ. ശ്രീകുമാര്‍ കൊല്ലം വി.വി ന്യൂറോ സെന്ററിന്റേയും വലിയത്ത്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ന്യൂറോ സയന്‍സിന്റെയും ഡയറക്‌ടറും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊല്ലം ജില്ലാ ചെയര്‍മാനുമാണ്‌. ഭാര്യ: രശ്‌മി ശ്രീകുമാര്‍, മക്കള്‍: വിവേക്‌ശ്രീ, വിശാഖ്‌ശ്രീ.

Ads by Google
Sunday 22 Jul 2018 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW