Tuesday, March 26, 2019 Last Updated 8 Min 53 Sec ago English Edition
Todays E paper
Ads by Google
Sunday 22 Jul 2018 01.37 AM

തീര്‍ഥസ്‌ഥലി -ചെറുകഥ

uploads/news/2018/07/235183/sun3.jpg

കതകു തള്ളിതുറന്നാരോ അകത്തു കടന്നതും കരണത്ത്‌ ചെവിക്കുപിറകിലായി കതിനപൊട്ടിയതുമൊന്നിച്ച്‌ ..... കൈ തട്ടി നിലത്തു വീണ ലാപ്‌ടോപ്പില്‍ നിന്നും പ്രകാശം മാഞ്ഞു പോയി. ഇറുകിയടഞ്ഞു പോയ കണ്ണുകള്‍ തലയുടെ തരിപ്പിലേക്ക്‌ ഇരുണ്ടമര്‍ന്നു. കാതുകള്‍ ചിതറിത്തെറിച്ചുവോ...? താന്‍ നില്‍ക്കുകയാണോ ? അതോ ഇരിക്കുകയോ ...? ഉഷ്‌ണത്തിന്റെ ചുടുനീരുറവ ഓര്‍മകളിലൂടെ ഇരമ്പിപ്പായുന്നതറിയാം...
കറുത്ത നിരവധി വൃത്തങ്ങള്‍ക്കപ്പുറത്തു നിന്ന്‌ കാഴ്‌ചയുടെ മങ്ങിയ ത്രികോണത്തിലേക്കു പ്രവേശിക്കുമ്പോള്‍ എരിയുന്ന ദൃഷ്‌ടികളിലേക്കാണ്‌ നോട്ടത്തിന്റെ ആദ്യ നിലവിളി ചെന്നു വീണത്‌...
നീയായിരുന്നു അല്ലേ...? ചൂണ്ടുവിരല്‍ത്തുമ്പില്‍ നിന്നുതിരുന്ന അഗ്നിസ്‌ഫുലിംഗങ്ങള്‍ ....! ഒച്ചയുടെ വിദൂരസാധ്യതകള്‍ പോലും പ്രകടമാകാത്ത സ്വന്തം തൊണ്ടയില്‍ ഒരു സ്‌ഫോടനം കുരുങ്ങിക്കിടന്ന്‌ കത്തുന്നു..!
പ്രതിയോഗി ഒരു സുന്ദരിയാണെന്നും ഇളംമഞ്ഞ സാരി അലസം വാരിച്ചുറ്റി മധ്യാഹ്നത്തിലേക്കു നടന്നടുക്കുന്ന നിറഞ്ഞ പകലാണെന്നും തിരിച്ചുവരവിന്റെ പിടച്ചിലിലും കൂറോടെ കാഴ്‌ച ബോധിപ്പിച്ചു.
ഞാന്‍ ആരെന്നു മനസ്സിലായോടീ ഒരുമ്പെട്ടോളേ...? പുറത്തേക്ക്‌ ചീറിത്തെറിക്കാന്‍ തുടങ്ങിയ ലാവ നവദ്വാരങ്ങളെ എരിച്ച്‌, പുകച്ച്‌ അകത്തേക്കു പ്രവേശിച്ചു. എന്തിനെയൊക്കെയോ വാട്ടി... വറുത്ത്‌.... കരിച്ച്‌.... ഉള്ളിലെ മണല്‍പ്പരപ്പുകളെ ഗ്രസിച്ചു...!
മേലിലെന്റെ ഭര്‍ത്താവിനെ വിളിക്കുകയോ കാണാന്‍ ശ്രമിക്കുകയോ ചെയ്‌താല്‍ ഈ സുഭദ്ര ആരെന്ന്‌ നീ അറിയും...
അപ്പോള്‍ ഇതാണ്‌ സുഭദ്ര...! വര്‍ഷങ്ങളുടെ സാമീപ്യത്തിലൂടെ അദ്ദേഹത്തെ ഏകാന്തത എന്തെന്നറിയിച്ച.... ഉടമസ്‌ഥതയിലൂടെ അനാഥനാക്കിയ .... പൊട്ടിച്ചിരികള്‍ കൊണ്ട്‌ കരയിച്ച.... തമാശകള്‍ കൊണ്ട്‌ സഹതപിപ്പിച്ച.... നിയന്ത്രണങ്ങള്‍ കൊണ്ട്‌ ധിക്കരിപ്പിച്ച....!
ഇപ്പോള്‍ കാഴ്‌ചപ്പുറങ്ങള്‍ വ്യക്‌തമാണ്‌. അപ്പോഴാണ്‌ ശ്രദ്ധിച്ചത്‌. കറുത്തകാടിനു നടുവില്‍ അടിമുടി പൂത്തുനില്‍ക്കുന്ന മലവാക പോലെ അവര്‍.... എതിര്‍വശത്തെ ഭിത്തിക്കു സമീപമുള്ള അലമാരയിലെ കണ്ണാടിയില്‍ സ്വന്തം പ്രതിച്‌ഛായ... കുറ്റബോധമുണ്ടോ തന്റെ കണ്ണുകളില്‍...? ഒട്ടുമില്ല...! അവര്‍ വേലിയേറ്റത്തിലാണ്‌. അവകാശവാദങ്ങള്‍.... സദാചാര സൂക്‌തങ്ങള്‍... വെല്ലുവിളികള്‍.... ഭീഷണികള്‍.... ഇപ്പോള്‍ ചാഞ്ചല്യമുണ്ടോ തന്റെ കണ്ണുകളില്‍ ...? ഇല്ല. വീണ്ടും കണ്ണാടിയില്‍ നോക്കി ഉറപ്പിച്ചു.
മെരുങ്ങാത്ത ആ കാട്ടു ജന്തു നിന്റെ മുന്നില്‍ വെറും മാന്‍കുട്ടി... അല്ലേ ..? അവര്‍ വിറയ്‌ക്കുകയും വിയര്‍ക്കുകയും ചെയ്യുന്നു...! നനുത്ത നീലരോമങ്ങള്‍ വരിവച്ച ചുണ്ടിനുമീതെ അന്തഃക്ഷോഭത്തിന്റെ ഉഷ്‌ണജലപ്രവാഹം തുളുമ്പാന്‍ തുടങ്ങുന്നു. .. തുടര്‍ന്നോട്ടെ... കേള്‍ക്കേണ്ടതാണ്‌... കേള്‍ക്കേണ്ടതാണ്‌...!
കുടുംബമില്ലാത്ത നിന്നെപ്പോലുള്ള ചെറ്റകള്‍ക്ക്‌ കുടംബബന്ധത്തിന്റെ വിലയറിയില്ല. ദാമ്പത്യ ത്തിന്റെ അര്‍ഥമറിയില്ല. പരപുരുഷനെ വലവീശിപ്പിടിക്കാനിരിക്കുന്ന നിന്നെപ്പോലുള്ള വേശ്യകളാണ്‌ കുടുംബത്തില്‍ പിറന്ന പെണ്ണുങ്ങളുടെ ശാപം....! തന്റെ പ്രതികരണത്തിനു കാത്തിട്ടെന്നോണം ഒരു നിമിഷം നിര്‍ത്തി. പല്ലുകള്‍ ഞെരിയുന്ന ഒച്ച ഇത്ര അരസികമെന്നത്‌ പുതിയ അറിവായിരുന്നു...!
നീയൊറ്റയാളാ ആ മനുഷ്യനെ ചീത്തയാക്കിയത്‌ ..! ഇപ്പോള്‍ കണ്ണാടിയില്‍ കാണുന്ന തന്റെ പ്രതിബിംബത്തിന്റെ ചുണ്ടില്‍ ഒരു ഗൂഢസ്‌മിതം ദൃശ്യമാണെന്നത്‌ അത്ഭുതത്തോടെ ശ്രദ്ധിച്ചു.
കുറെ പാടുപെടേണ്ടിവന്നു നിന്നെ കണ്ടുപിടിക്കാന്‍... ഇനി നിങ്ങള്‍ തമ്മില്‍ ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടുവെന്നറിഞ്ഞാല്‍.... നീട്ടിപ്പിടിച്ച ചൂണ്ടുവിരലുമായി അവര്‍ മുന്നോട്ടു കയറി നിന്നു. അന്നു നിന്റെ അവസാനമായിരിക്കും. ... ഈ ലോകം മുഴുവന്‍ എന്നോടൊപ്പമുണ്ട്‌... കിതപ്പുകൊണ്ട്‌ അവര്‍ വല്ലാതെ തളര്‍ന്നിരിക്കുന്നു. മൗനത്തിന്റെ ചോരത്തുള്ളികള്‍ വീണ്‌ മുഷിഞ്ഞുപോയ നിമിഷങ്ങള്‍ ...! തന്നിലേക്കാഴ്‌ന്നിറങ്ങിയ കണ്ണുകള്‍ അംഗപ്രത്യംഗങ്ങളിലൂടെ സഞ്ചാരം നടത്തുകയാണ്‌. വെറും സഞ്ചാരമല്ല, ഒരു രാജസൂയം തന്നെ... തന്നോളം വര്‍ണാഭമല്ലാത്ത എതിരാളിയുടെ കോശതന്തുക്കളില്‍ അവജ്‌ഞകൊണ്ട്‌ വരഞ്ഞ്‌... പുച്‌ഛം കൊണ്ട്‌ കോറിവരച്ച്‌ തെന്നി നീങ്ങിയ ആ കണ്ണുകള്‍ പക്ഷെ തന്റെ നിറഞ്ഞ മാറിടങ്ങളിലും, തുടുത്ത അധരങ്ങളിലും, കത്തുന്ന മിഴി വെളിച്ചത്തിലും തൊട്ട്‌ വഴിമുട്ടി നില്‍ക്കുന്നതറിഞ്ഞു. വന്യമായ ഒരാനന്ദം അകക്കാടുകളില്‍ മരമുലയ്‌ക്കുന്നു...! ശത്രുവിന്റെ പതര്‍ച്ച ഗൂഢമായ നിര്‍വൃതിയാണ്‌... ഇവര്‍ തനിക്കെതിരാളിയാണ്‌... ആണോ..? അല്ലേ...? ആദ്യം കാണുന്ന ഒരാള്‍ ശത്രുവാകുക എന്നത്‌...! നേര്‍ത്ത തമാശ തോന്നി.... ഇപ്പോള്‍ കതിന പൊട്ടിയ കരണം വേദനിക്കാന്‍ തുടങ്ങിയിരിക്കുന്നു..! നീ സൂക്ഷിച്ചോ ...! ഏതോ ശാപവചസ്സിന്റെ തുമ്പത്തു നിന്നിറങ്ങി വന്ന അവരുടെ ചൂണ്ടുവിരല്‍ ഉടവാള്‍ കണക്കെ വീണ്ടും തന്റെ നാസികത്തുമ്പില്‍ ....! ശരിക്കും എന്താണ്‌ സംഭവിച്ചിരിക്കുക?
ഇന്നലെ രാത്രി കൂടി അകലെ ഏതോ നഗരത്തിലിരുന്ന്‌ തന്നിലേക്ക്‌ പെയ്‌തിറങ്ങുമ്പോഴും അദ്ദേഹം ഒന്നും സൂചിപ്പിച്ചിരുന്നില്ലല്ലോ... അരുതാത്തതെന്തോ... എങ്ങനെയോ സംഭവിച്ചിരിക്കുന്നു...! എങ്കിലും... രണ്ടാളില്‍ മാത്രമൊതുങ്ങുന്ന ഈ സത്യം...? ചില രഹസ്യങ്ങള്‍ അങ്ങനെയാണ്‌. എത്ര മൂടിപ്പൊതിഞ്ഞാലും തികച്ചും അപ്രതീക്ഷിതമായി അതു സംഭവിക്കും... അനിവാര്യമായ ഒരു തോടുപൊട്ടിക്കല്‍....!
എത്ര കാലമായെടീ അയാള്‍ നിന്നെ വച്ചോണ്ടിരിക്കാന്‍ തുടങ്ങിയിട്ട്‌...? എന്തായാലും നിങ്ങുടെ വിവാഹത്തോളം പഴക്കം വരില്ല നാവിന്‍ തുമ്പിലെത്തിയ ഉത്തരത്തെ കയ്‌പോടെ നുണച്ചിറക്കി. പറയില്ലല്ലേ ...? പറയിപ്പിച്ചോളാം ഞാന്‍. നിന്നെ പറയണ്ടാ... നിന്റമ്മേ പറഞ്ഞാ മതി. അപ്പനേം.... തെണ്ടികള്‍....
നിര്‍ത്ത്‌....! ആദ്യം നടുങ്ങിയത്‌ താന്‍ തന്നെയാണ്‌. അത്‌ സ്വന്തം ശബ്‌ദമായിരുന്നു എന്നു തിരിച്ചറിയാന്‍ പിന്നെയും നിമിഷങ്ങള്‍ വേണ്ടി വന്നു...!
എന്ത്‌ !! എന്നോടു കയര്‍ക്കുന്നോ...? അവരുടെ മുഖം ബീഭത്സമായത്‌ പെട്ടെന്നാണ്‌.
അതെ. നിങ്ങളേറെപ്പറഞ്ഞിട്ടും ഞാന്‍ സഹിച്ചു. ആരോപണങ്ങളൊന്നും നിഷേധിച്ചുമില്ല... പക്ഷെ ...ഇനി വേണ്ടാ....
ഛെ! ബ്ലഡ്‌ഡി...! അരീം തിന്ന്‌ ആശാരിയേം കടിച്ചിട്ട്‌.... വീണ്ടും പല്ലുകളുടെ ചേരിയുദ്ധത്തിന്റെ അസുഖകരമായ ശബ്‌ദം...!
ശബ്‌ദിക്കാന്‍ നിനക്കവകാശമില്ല... ഇത്തവണ ആ നഖമുനയുടെ കൂര്‍ത്ത തുമ്പ്‌ തന്റെ നെറ്റിയില്‍ അനൗദാര്യം തൊട്ടു.
ഉണ്ട്‌. നിങ്ങളിരിക്ക്‌. എനിക്കു സംസാരിക്കാനുണ്ട്‌. കേട്ടിട്ടു പോയാല്‍ മതി നിങ്ങള്‍ .....
ആ വാക്കുകളുടെ ആജ്‌ഞേയശക്‌തിയില്‍ അവര്‍ നിസ്‌തബ്‌ധയായി....
നിങ്ങള്‍ ഞങ്ങളുടെ പരിചയത്തിന്റെ പഴക്കം ചോദിച്ചുവല്ലോ. ഒന്‍പത്‌......ഒന്‍പതു
കൊല്ലം ... നിങ്ങളുടേതിന്‌ പതിനേഴും. കൊല്ലാതെ കൊല്ലുന്ന ഒരിടവേളയുടെ ക്രൂരസാന്ത്വനം അവര്‍ക്കനുവദിച്ചുകൊടുത്തു. നിങ്ങളില്‍ നിന്നദ്ദേഹം എന്നിലഭയം പ്രാപിക്കുകയായിരുന്നു. അതിനു കാരണം ഞാനോ നിങ്ങളോ...? അവരൊന്നു നടുങ്ങിയോ ?
വരണ്ട്‌ ചടുലമായി ഉരുള്‍ പൊട്ടിയടരുന്ന വാക്കുകള്‍ തനിക്കെവിടെ നിന്നാണ്‌ വീണു കിട്ടിയത്‌ ...? തെറ്റുകാരി ഞാനാണെന്ന്‌ നിങ്ങള്‍ പറഞ്ഞു. അതെ... ആകെ മുറിവേറ്റെത്തുന്ന യോദ്ധാവ്‌ ഏതു പക്ഷക്കാരനെന്നു നോക്കാതെ ശുശ്രൂഷിക്കുന്നത്‌.... ജീവന്‍ വീണ്ടെടുക്കാന്‍ സഹായിക്കുന്നത്‌ തെറ്റാണെങ്കില്‍, പ്രാണരക്ഷാര്‍ഥമെത്തുന്ന പ്രാവിനെ കൈക്കുമ്പിളിലൊളിപ്പിക്കുന്നത്‌ കുറ്റമെങ്കില്‍ ....മരണാസന്നന്റെ കടവായിലേക്ക്‌ മനുഷ്യത്വത്തിന്റെ തീര്‍ഥമിറ്റിക്കുന്നത്‌ അപരാധമെങ്കില്‍ ......അതേ......!!
ഇപ്പോള്‍ ആവശ്യപ്പെടാതെ തന്നെ അവര്‍ സോഫയിലേക്കിരുന്നു. ...ആ കുറ്റത്തിന്‌ നിങ്ങള്‍ , സമൂഹം ഒക്കെ വാരിക്കോരിത്തരുന്ന ശിക്ഷകള്‍ ഏറ്റുവാങ്ങുന്നുമുണ്ട്‌. കൊലയാണു കുറ്റമെന്ന്‌... നിരാസമാണ്‌... നിര്‍ദയത്വമാണ്‌, സ്‌നേഹരാഹിത്യമാണ്‌ തെറ്റെന്ന്‌ പറഞ്ഞു പഠിപ്പിച്ച അതേ ലോകം.....!
പക്ഷേ ... അയാള്‍ എന്റെ ജീവിതപങ്കാളിയാണ്‌. നിനക്കതറിയാം... എന്നിട്ടും നീ....
അറിയില്ല. ഒരു പങ്കാളിയും പങ്കുവയ്‌ക്കല്‍ തേടി ഒരിടത്തേക്കും പോവില്ല. വിശപ്പൊന്നേ
യുള്ളൂ... അതിനൊരുനേരം പല പൂരണങ്ങള്‍ ആവശ്യമില്ല. അദ്ദേഹം നിങ്ങള്‍ക്കു ഭര്‍ത്താവു മാത്രമായിരുന്നു. ആ വാക്കിന്റെ വ്യവസ്‌ഥാപിതമായ എല്ലാ യാന്ത്രികതകളോടെയും, അതങ്ങനെ
യായിരുന്നു. കുടുംബഭാരങ്ങള്‍ക്കൊരത്താണി... നിങ്ങളുടെ കട്ടിലില്‍ ഒറ്റപ്പെട്ടുറങ്ങിയ ... നിങ്ങളുടെ ടേബിളില്‍ ഒറ്റയ്‌ക്കിരുന്നുണ്ട.... നിങ്ങളുടെ ഉത്സവങ്ങളില്‍ കാഴ്‌ചക്കാരനായി മാറിനില്‍ക്കേണ്ടി വന്ന ഒരു പാവം മനുഷ്യന്‍...!പങ്കുവയ്‌ക്കപ്പെടാതെയിരുന്ന ഒരാള്‍ എങ്ങനെയാണ്‌ പങ്കാളിയാകുന്നത്‌ ....?
മറുപടി കാത്തുകൊണ്ട്‌ ഒരിടവേള അനുവദിച്ചുവെങ്കിലും അതുണ്ടായില്ല. ഈ ലോകം മുഴുവന്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന്‌ നിങ്ങള്‍ പറഞ്ഞല്ലോ... ഈ തെറ്റുകള്‍ക്ക്‌ ആ ലോകം നിങ്ങളെ എപ്പോഴെങ്കിലും താക്കീതു ചെയ്‌തിട്ടുണ്ടോ ...? ശിക്ഷിച്ചിട്ടുണ്ടോ...? പോട്ടെ... അവരന്വേഷിച്ചി
ട്ടുണ്ടോ ഓരോ മനസ്സിനുള്ളിലും സംഭവിക്കുന്ന യുദ്ധങ്ങളെയും പരാജയങ്ങളെയും കുറിച്ച്‌ ...? കീഴടങ്ങലുകളുടെ ദൈന്യത്തെയും അതിജീവനത്തിന്റെ അനിവാര്യതയെയും കുറിച്ച്‌...? ആ കണ്ണുകള്‍ പൂര്‍വാധികം വികസിച്ചും ചുണ്ടുകള്‍ പിളര്‍ന്നും കാണപ്പെട്ടു. തികച്ചും പുതിയതായ ഒരു പാഠത്തിനുമുന്നില്‍ പകച്ചിരിക്കുന്ന ഒരെട്ടാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനിയെപ്പോലെ....
മെരുങ്ങാത്ത കാട്ടുമൃഗമെന്ന്‌ നിങ്ങളദ്ദേഹത്തെ വിളിച്ചു! നിരന്തരം വേട്ടയാടിയ ശത്രുക്കള്‍ക്ക്‌, നിങ്ങളുള്‍പ്പെടെ അദ്ദേഹം അങ്ങനെയായിരിക്കാം. അകത്തെ ഉരുള്‍പൊട്ടലുകളിലും പുറമെ ചലനരഹിതമായി കാണപ്പെടുന്ന ചില മനസ്സുകളുണ്ട്‌. അതറിയില്ല നിങ്ങള്‍ക്ക്‌... പിന്നെ ഞാന്‍ മെരുക്കിയത്‌... വിലപ്പെട്ട പ്രലോഭനങ്ങള്‍ കൊടുത്തിട്ടായിരുന്നില്ല. വാക്കുകളിലിപ്പോള്‍ ആര്‍ദ്രതയുടെ ഇടര്‍ച്ച പടരാന്‍ തുടങ്ങുന്നു...!
അയാള്‍ക്ക്‌ രണ്ടു കണ്ണുകള്‍ വേണമായിരുന്നു. അവയാണ്‌ ഞാന്‍ ആദ്യം കൊടുത്തത്‌. പിന്നെ.... കാതുകള്‍.... പിന്നെപ്പിന്നെ... എന്റെ ശബ്‌ദത്തിലെ ഏറ്റവും ലോലമായ അംശം... ഒടുവില്‍ ഗന്ധം... ഏറ്റവുമൊടുവില്‍... സ്വാദ്‌....! അപ്പോഴേക്കും ഞങ്ങളില്‍ ദൈ്വതം അസ്‌തമിച്ചിരുന്നു. പ്രണയം കൊണ്ടു മാത്രം സാധ്യമാകുന്ന അനുക്രമമായ അന്വേഷണവും കണ്ടെത്തലുമായിരുന്നു അത്‌... നിങ്ങള്‍ക്കു മനസ്സിലായിക്കൊള്ളണമെന്നില്ല....! ഞങ്ങള്‍ക്കിനി പാരസ്‌പര്യത്തിന്റെ ദൂരമില്ല; നഷ്‌ടപ്പെടലും... പുഷ്‌പത്തിന്‌ സുഗന്ധം നഷ്‌ടപ്പെടാന്‍ അത്‌ മൃതമാകേണ്ടതുണ്ട്‌....!
അവര്‍ എന്തിനോ ഇപ്പോള്‍ എഴുന്നേറ്റു. ആ നോട്ടത്തിന്റെ ഭാഷ തനിക്കജ്‌ഞാതമാണ്‌. പക്ഷെ അതിനുള്ള ഉത്തരം താനറിയാത്ത ഏതോ അകബിന്ദുവില്‍ നിന്നും നിനച്ചിരിക്കാതെ പുറത്തേക്കു വന്നു...!
നിങ്ങള്‍ക്കദ്ദേഹത്തെ ഞാന്‍ മടക്കിത്തരാം.... അതെ..! പക്ഷെ... വെറുതെ തരില്ല.. എനിക്കുറപ്പുതരണം. ... പൊന്നുപോലെ... പൊന്നുപോലെ നോക്കിക്കൊള്ളുമെന്ന്‌....! വാക്കുകളുടെ വക്കുകള്‍ ഉടയുന്നു.... അകത്തെ വേലിയേറ്റം സംയമനത്തിന്റെ മണല്‍ത്തിട്ടകളെ തകര്‍ക്കുകയാണ്‌....!
ഇപ്പോഴവര്‍ വീഴാതിരിക്കനെന്നോണം ജനല്‍ കമ്പികളില്‍ പിടിച്ചു. സ്വയമറിയാതെ അകമിരുട്ടിന്റെ ആഴങ്ങളിലെവിടെയോ നിന്ന്‌ പ്രവഹിക്കുന്ന വാക്കുകള്‍ക്ക്‌ തടയിടാനാവാതെ ഞാനും ... പെട്ടെന്ന്‌ മനസ്സിനെ വരുതിയിലാക്കി....
ഞാന്‍ വീണ്ടെടുപ്പുകാരിയാണ്‌. ചില ഉറപ്പുകള്‍ കിട്ടാന്‍ എനിക്കവകാശമുണ്ട്‌. തരാതെ തന്നെ നിങ്ങള്‍ക്ക്‌ അദ്ദേഹത്തെ എന്നില്‍ നഷ്‌ടമായി... എന്നാല്‍ മടക്കി തന്നശേഷവും എനിക്ക്‌ അദ്ദേഹത്തെ നഷ്‌ടപ്പെടുന്നതേയില്ല. നിങ്ങളുടെ വഴികളില്‍ എന്റെ നിഴല്‍സ്‌പര്‍ശമുണ്ടാവില്ല...
പോരേ..?
പക്ഷേ... അദ്ദേഹം....! അയാള്‍ അദ്ദേഹമായി മാറിയത്‌ എത്ര പെട്ടെന്നാണ്‌. ....! പേടിക്കണ്ട ...ഞാന്‍ പറഞ്ഞു മനസ്സിലാക്കിക്കൊള്ളാം... എന്റെ ഈ സൗജന്യം നിങ്ങളെ ഓര്‍ത്തല്ല, നിങ്ങള്‍ക്കൊപ്പം കഥയറിയാതെ കഥകളി കാണുന്ന സമൂഹത്തെ ഭയന്നിട്ടല്ല... അദ്ദേഹത്തിന്റെ കുഞ്ഞുങ്ങള്‍ക്കിപ്പോഴും അമ്മയായിരിക്കുന്നു നിങ്ങള്‍ എന്നതുകൊണ്ട്‌..... ഒരു നിമിഷം തൊണ്ടയിലെവിടെയോ മുറിഞ്ഞു കുരങ്ങിപ്പോയ വാക്കുകളെ ഏച്ചുകെട്ടി മുഴുമിപ്പിച്ചു. അവരെ പ്രതിയാണല്ലോ.... ഞാന്‍... അമ്മയാകാതെ പോയത്‌....!.
ഏതോ വിഭ്രമനാടകത്തിന്റെ വേദിയെലെന്നോണം നിഴലും വെളിച്ചവും ആ മുഖത്ത്‌ മിന്നുകയും മറയുകയും ചെയ്യുന്നത്‌ തനിക്ക്‌ കാണാം. പക്ഷെ ആ അഭയാര്‍ഥിയുടെ നോട്ടം ; അത്‌ തനിക്കവഗണിക്കാനാവില്ല... അദ്ദേഹത്തിന്റെ മൂത്ത മകളുടെ അതേ നോട്ടം....!
അടര്‍ത്തിയെടുത്തോളൂ..... പക്ഷെ നിങ്ങള്‍ക്ക്‌ എന്റെ സ്‌പര്‍ശവും ഗന്ധവും കൂടി ചുമക്കേണ്ടി വന്നേക്കാം. ... ഞാന്‍ നിസ്സഹായയാണ്‌.... നീ... വീണ്ടും തന്നിലേക്കു നിശിതമായി വിരല്‍ചൂണ്ടി അവരെന്തോ പറയാനാഗ്രഹിച്ചു. പക്ഷെ തനിക്കു ബോധ്യമുണ്ട്‌, ആ വിരല്‍ത്തുമ്പ്‌ ഇപ്പോള്‍ ദുര്‍ബലമാണ്‌. അവരുടെ വാക്കുകള്‍ തൊണ്ടയില്‍ മുങ്ങിമരിക്കുന്നത്‌ തനിക്കു കാണാം. അവര്‍ക്ക്‌ ശബ്‌ദം നഷ്‌ടപ്പെട്ടിരിക്കുന്നു.
പക്ഷെ തനിക്ക്‌ പറഞ്ഞു തീര്‍ക്കേണ്ടതുണ്ട്‌. നിങ്ങളെന്നെ വിളിച്ചു വേശ്യ എന്ന്‌. പ്രണയമില്ലാതെ സഹശയനം നടത്തുന്നവളാണ്‌ വേശ്യ. അനുരാഗച്ചുവപ്പ്‌ പുരളാത്ത ചുംബനമാണ്‌ അശ്ലീലം. ...അങ്ങനെയെങ്കില്‍ ആ പേരൊരുപക്ഷേ എന്നെക്കാളേറെ നിങ്ങള്‍ക്കായിരിക്കും ചേരുക....!
അവര്‍ വീണ്ടും സോഫയില്‍ തളര്‍ന്നിരുന്നു.
പിന്നെ നിങ്ങള്‍ പറഞ്ഞു, ഞാന്‍ നിങ്ങളുടെ ശത്രുവെന്ന്‌... ഭര്‍ത്താവിനെ വഴിതെറ്റിച്ച അഭിസാരികയെന്ന്‌..... ശരിയാണ്‌.... അബദ്ധങ്ങളിലേക്കുള്ള യാത്രയില്‍ ഞാനദ്ദേഹത്തെ വഴിതെറ്റിച്ചുവെന്നത്‌ നേരാണ്‌... ഞാനദ്ദേഹത്തിന്‌ തണലായിരുന്നു.. തണുപ്പായിരുന്നു.. അദ്ദേഹത്തിന്റെ ഭാഷയില്‍... തീര്‍ഥസ്‌ഥലി ...! പിന്നെ ഞാനൊരു മതിലായിരുന്നു..... അതെ... വര്‍ണങ്ങള്‍ മുക്കി വില്‍ക്കുന്ന, പലതരം ലഹരികളുടെ പ്രലോഭനങ്ങള്‍ക്കും അദ്ദേഹത്തിനുമിടയില്‍ ഞാനൊരു മതിലായിരുന്നു...!
അവരിപ്പോള്‍ തീര്‍ത്തും നടുങ്ങിയിരിക്കുന്നു....
പിന്നെ ഞാന്‍ വീണ്ടെടുപ്പുകാരിയായി. മടുപ്പുകളില്‍ നിന്ന്‌, മാലിന്യങ്ങളില്‍ നിന്ന്‌.... മരണത്തില്‍ നിന്ന്‌....!
ആ ദൃഷ്‌ടികളിലിപ്പോള്‍ സ്‌ഫോടനം വൃക്‌തമാണ്‌. അവയില്‍ പ്രകാശത്തിന്റെ നൂറു നൂറു കതിരുകള്‍ ഇഴകളായി പൊട്ടിച്ചിതറുന്നത്‌ തനിക്കു കാണാം... അതെ....! മരണത്തില്‍ നിന്ന്‌....! പറഞ്ഞു നിര്‍ത്തുമ്പോള്‍ കിതപ്പടക്കാന്‍ താനും പാടുപെട്ടു.
ഇപ്പോഴവര്‍ എഴുന്നേറ്റു....! ആ ചുവടുകള്‍ തന്നിലേക്കാണ്‌... തന്റെ കരങ്ങള്‍ അവരെറ്റെടുക്കുന്നതും കണ്ണുകളില്‍ ചേര്‍ത്തതുമറിഞ്ഞു. ഇപ്പോള്‍ കൈത്തലങ്ങളില്‍ ഗംഗയുടെ തണുപ്പ്‌... തന്റെ കണ്ണുകളിലും... അതെ...! തന്റെ കണ്ണുകളിലും..!

ജയശ്രീ പള്ളിക്കല്‍

Ads by Google
Sunday 22 Jul 2018 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW