Tuesday, March 26, 2019 Last Updated 6 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 22 Jul 2018 01.37 AM

ബി- പോസിറ്റീവ്‌...!

uploads/news/2018/07/235182/sun2.jpg

ജീവിതം ഒരു ഞാണിന്മേല്‍ കളിയാണ്‌. പ്രത്യേകിച്ചും സിനിമാജീവിതം. കണക്കൊന്നു തെറ്റിയാല്‍ വീണുപോകും. വീണുപോയവരെ ശ്രദ്ധിക്കാതെ പിന്നാലെ വന്നവര്‍ കടന്നുപോകും. വീണുപോയവന്‍ വിസ്‌മൃതിയിലാകും. എന്നാല്‍ വീണിട്ടും എഴുന്നേല്‍ക്കും എന്ന ശുഭാപ്‌തി വിശ്വാസമുണ്ടെങ്കില്‍, അതിന്‌ ദൈവം തുണയ്‌ക്കുമെങ്കില്‍ വീണ്ടും നക്ഷത്രമാകാം. അങ്ങനെയൊരു നക്ഷത്രത്തിന്റെ പേരാണ്‌ ദിനേശ്‌ പണിക്കര്‍. നിര്‍മാതാവായി സിനിമയിലെത്തിയ ദിനേശ്‌ പണിക്കര്‍ നടനായും ഈവന്റ്‌ മാനേജ്‌മെന്റ്‌ വിദഗ്‌ധനായും ജീവിതവേഷങ്ങള്‍ ചെയ്‌തു. ഒടുവില്‍ കലാജീവിതത്തിലൂടെ നഷ്‌ടപ്പെടുത്തിയതെല്ലാം അതിലൂടെതന്നെ തിരിച്ചുപിടിച്ചു.
സംഘര്‍ഷങ്ങളേറെയുള്ള ഒരു കമേഴ്‌സല്‍ സിനിമപോലെയാണ്‌ ദിനേശ്‌ പണിക്കരുടെ ജീവിതം. നഷ്‌ടപ്രതാപത്തിന്റെ ദുരിതദിനങ്ങളെ പുഞ്ചിരിയോടെയാണ്‌ അദ്ദേഹം നേരിട്ടത്‌. പണംകൊടുത്തു ശീലിച്ച കൈ പണം വാങ്ങാനായി നീട്ടിയ അവസരം ദിനേശിനെ തളര്‍ത്തിയില്ല. അദ്ദേഹം പൊരുതുകയായിരുന്നു. ജയിക്കാന്‍ വേണ്ടി മാത്രം.

സീന്‍-1
ഉദയാ സ്‌റ്റുഡിയോയുടെ സുവര്‍ണകാലം. സ്‌റ്റുഡിയോയ്‌ക്കടുത്താണ്‌ ദിനേശ്‌പണിക്കരുടെ വീട്‌. അച്‌ഛന്‍ കെ.പി. പണിക്കര്‍ അന്നത്തെ താരങ്ങളുടെ പ്രിയമിത്രം. പ്രേംനസീറും ജയനുമൊക്കെ ദിനേശ്‌പണിക്കരുടെ വീട്ടില്‍ ഉച്ചയൂണിനെത്തും. സഞ്ചാരി എന്ന സിനിമയുടെ ഷൂട്ടിങ്‌ നടക്കുന്നു. അതില്‍ ചെറിയ വേഷത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്‌. ജയന്‍തരംഗം കേരളത്തില്‍ കത്തിപ്പടര്‍ന്ന കാലംകൂടിയാണത്‌. സഞ്ചാരിയുടെ ഷൂട്ടിംഗിനിടെ ജയന്‍ ദിനേശ്‌പണിക്കരുടെ വീട്ടില്‍ ഉച്ചയൂണിനെത്തി. ഷോളാവാരത്ത്‌ ഷൂട്ടിങുണ്ട്‌. മടങ്ങിവരുമ്പോള്‍ കാണാമെന്ന്‌ പറഞ്ഞ്‌ ഊണുകഴിഞ്ഞ്‌ പോയി. അദ്ദേഹം പിന്നീട്‌ തിരിച്ചെത്തിയില്ല. കോളിളക്കത്തിന്റെ ഷൂട്ടിംഗിനിടയില്‍ ഹെലികോപ്‌റ്റര്‍ തകര്‍ന്ന്‌ ആ ഇതിഹാസനായകന്‍ ഓര്‍മയായി.

സീന്‍-2
മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മോഹന്‍ലാല്‍ മലയാള സിനിമയിലെ വില്ലന്‍ സങ്കല്‍പം തിരുത്തിയെഴുതി. മോഹന്‍ലാലും ഫാസിലും ദിനേശിന്റെ സുഹൃത്തുക്കളായിക്കഴിഞ്ഞിരുന്നു. മോഹന്‍ലാലിനെ വില്ലന്‍ വേഷത്തില്‍നിന്നും മുക്‌തനാക്കാന്‍ ഫാസില്‍ ധന്യ എന്ന ചിത്രമൊരുക്കി. ധന്യയുടെ ആദ്യ സീനില്‍ ബാറിലെ ഡാന്‍സറായി പാട്ടുപാടി അഭിനയിച്ച സുന്ദരമുഖം ദിനേശ്‌പണിക്കരുടേതായിരുന്നു. ധന്യ സാമ്പത്തികമായി പരാജയപ്പെട്ടു. അഭിനയം പറ്റിയപണിയല്ലെന്ന്‌ ദിനേശ്‌പണിക്കര്‍ക്ക്‌ തോന്നി. കെമിസ്‌ട്രിയില്‍ ബിരുദമെടുത്തിരുന്നു. ഉപരിപഠനത്തിന്‌ പോകാതെ മെഡിക്കല്‍ റെപ്രസന്റേറ്റീവായി. അന്ന്‌ മെഡിക്കല്‍ റെപ്രസന്റേറ്റീവുമാര്‍ക്ക്‌ സുവര്‍ണകാലമായിരുന്നു. അച്‌ഛന്‌ കെല്‍ട്രോണിന്റെ ആസ്‌ഥാനമായ തിരുവനന്തപുരത്ത്‌ ജോലിയായി. അങ്ങനെ ദിനേശ്‌ തലസ്‌ഥാനവാസിയായി. ആകസ്‌മികമായിരുന്നു അച്‌ഛന്റെ നിര്യാണം. അച്‌ഛന്റെ കമ്പനിയില്‍ ജോലി കിട്ടി.

സീന്‍-3
വി.സി.ആറിനും കാസെറ്റിനും പൊന്‍വിലയുള്ള കാലം. ശാസ്‌തമംഗലത്ത്‌ ചാനല്‍ 12 എന്ന ഷോറൂം ആരംഭിച്ചു. വി.സി.ആറും കാസെറ്റും വാടകയ്‌ക്ക് കൊടുക്കുന്ന ഷോറൂമായിരുന്നു അത്‌. ഇന്ത്യന്‍ വീഡിയോ റൈറ്റ്‌സിനെ ലംഘിച്ചുകൊണ്ടാണ്‌ അന്ന്‌ വീഡിയോ കാസെറ്റുകള്‍ ഇറങ്ങിയിരുന്നത്‌. രോഹിത്‌ വീഡിയോ എന്ന പേരില്‍ ഇന്ത്യന്‍ വീഡിയോറൈറ്റ്‌സ് ആക്‌ട് അനുസരിച്ച്‌ വീഡിയോ കാസെറ്റുകള്‍ ഇറക്കി. സംഗതി വന്‍ ലാഭം. ചാനല്‍ 12ന്‌ കരമനയിലും ബ്രാഞ്ചുണ്ടായി. പില്‍ക്കാലത്ത്‌ പ്രശസ്‌തരായ സംവിധായകരും തിരക്കഥാകൃത്തുക്കളും ചാനല്‍ 12ലെ സന്ദര്‍ശകരായിരുന്നു.

സീന്‍-4
ചാനല്‍ 12 വന്‍ സാമ്പത്തികലാഭം നേടിയപ്പോള്‍ കൃഷ്‌ണകുമാര്‍ ദിനേശ്‌പണിക്കരുടെ സുഹൃത്തായി. ഇരുവരും ചേര്‍ന്ന്‌ ഒരു സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചു. ഇരുവരുടെയും പേരിലെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത്‌ കൃപാ ഫിലിംസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. വേണു നാഗവള്ളിയെക്കൊണ്ടൊരു മോഹന്‍ലാല്‍ ചിത്രമായിരുന്നു ആഗ്രഹം. എന്നാല്‍ വേണു പിന്മാറി. സിബി മലയിലിനെ ദൗത്യം ഏല്‍പിച്ചു. ലോഹിതദാസ്‌ തിരക്കഥ. അങ്ങനെയാണ്‌ കിരീടത്തിന്റെ ജനനം. ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്‌. ആദ്യചിത്രത്തിനുശേഷം ദിനേശ്‌പണിക്കരും കൃഷ്‌ണകുമാറും വേര്‍പിരിഞ്ഞു. കൃപാ ഫിലിംസ്‌ വിട്ടുതരണമെന്ന കൃഷ്‌ണകുമാറിന്റെ അഭ്യര്‍ഥന ദിനേശ്‌ മാനിച്ചു. പിന്നീട്‌ കൃഷ്‌ണകുമാര്‍ കിരീടം ഉണ്ണിയായി മാറി.
മമ്മൂട്ടിയെ നായകനാക്കി അടുത്ത ചിത്രം ചെയ്യാന്‍ ദിനേശ്‌ തീരുമാനിച്ചു. എന്നാല്‍ തന്റെ ഡേറ്റ്‌ വൈകുമെന്നും അതിനിടയില്‍ ചെറിയ ചിത്രം ചെയ്യാനും മമ്മൂട്ടി ഉപദേശിച്ചു. അങ്ങനെ ഉണ്ടായതാണ്‌ കലാധരന്‍ സംവിധാനം ചെയ്‌ത ചെപ്പുകിലുക്കണ ചങ്ങാതി. ചിത്രം സൂപ്പര്‍ഹിറ്റായി. തുടര്‍ന്ന്‌ ബാബു ആന്റണിയെ നായകനാക്കി ബോക്‌സര്‍ ഇറക്കി. പക്ഷേ ബോക്‌സര്‍ ബോക്‌സോഫീസില്‍ തവിടുപൊടിയായി.
തുടര്‍ന്ന്‌ ചെയ്‌ത രജപുത്രന്‍ ബോക്‌സറിന്റെ ക്ഷീണം തീര്‍ത്തു. പിന്നീട്‌ കളിവീടിറക്കി പണംകൊയ്‌തു. പ്രണയവര്‍ണങ്ങളിലൂടെ മലയാളത്തിലെ സൂപ്പര്‍ഹിറ്റ്‌ നിര്‍മാതാക്കളുടെ മുന്‍നിരയിലെത്തി.

സീന്‍-5
മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമയെന്നത്‌ ദിനേശിന്റെ സ്വപ്‌ന പ്രോജക്‌ടായിരുന്നു. അങ്ങനെ സ്‌റ്റാലിന്‍ ശിവദാസ്‌ ചെയ്‌തു. ടി.എസ്‌. സുരേഷ്‌ബാബുവായിരുന്നു സംവിധായകന്‍. ചിത്രം പൊട്ടി. 65 ലക്ഷം രൂപ നഷ്‌ടമായി. അതിനിടയില്‍ മയില്‍പ്പീലിക്കാവിലും കൈപൊള്ളി. തിരിച്ചടിയുടെ ദിവസങ്ങളായിരുന്നു പിന്നെ.
നിര്‍മാണരംഗത്തുനിന്നു മാറി വിതരണം ഏറ്റെടുത്തു. ഡ്രീംസായിരുന്നു ആദ്യചിത്രം. സുരേഷ്‌ഗോപി, റഹ്‌മാന്‍, മീന എന്നിങ്ങനെ വന്‍ താരങ്ങള്‍ അഭിനയിച്ച ഡ്രീംസ്‌ പ്രതീക്ഷകളെ തകിടംമറിച്ചു. കടംകയറിത്തുടങ്ങി. ദിലീപ്‌ നായകനായ ഉദയപുരം സുല്‍ത്താന്‍ വിതരണത്തിനെടുത്തു. നോമ്പുകാലത്താണ്‌ ചിത്രം റിലീസ്‌ ചെയ്‌തത്‌. നല്ല ചിത്രമായിട്ടും ആള്‍ക്കാര്‍ തീയേറ്ററിലെത്തിയില്ല.
കഷ്‌ടകാലം വരുമ്പോള്‍ മുന്‍പിന്‍നോക്കാന്‍ കഴിയാറില്ല. ടി.എസ്‌. സജിയെക്കൊണ്ട്‌ ചിരിക്കുടുക്ക എന്ന സിനിമാ സംവിധാനം ചെയ്യിച്ചു. ചിരിക്കുടുക്ക തീയേറ്ററുകളില്‍ ചിരിക്കുടുക്കയായില്ല. അതോടെ ദിനേശ്‌ പണിക്കരുടെ ബിസിനസ്‌ സാമ്രാജ്യം തകര്‍ന്നു. 2002ല്‍ രണ്ടരക്കോടിയായിരുന്നു കടം. മൂന്നു കാറായിരുന്നു അന്ന്‌ ദിനേശ്‌പണിക്കര്‍ക്കുണ്ടായിരുന്നത്‌. ഫോക്‌സ് വാഗണ്‍, എസ്‌റ്റീം, അംബാസിഡര്‍. മൂന്നും വിറ്റു.
കടംകയറിയപ്പോള്‍ ദൈവവിശ്വാസത്തെ മുറുകെപിടിച്ചു. ക്ഷേത്രങ്ങളിലും ക്രൈസ്‌തവ-മുസ്ലിം പള്ളികളിലും പോയി. ബൈബിള്‍ വായിച്ചു. തകര്‍ന്നപ്പോള്‍ സിനിമാരംഗത്തെ പലരും ഫോണെടുക്കാതായി. കടക്കാര്‍ വിളി തുടങ്ങി. എല്ലാവരുടെയും ഫോണ്‍ അറ്റന്റ്‌ ചെയ്‌തു. പണം തിരികെ നല്‍കുമെന്ന്‌ ഉറപ്പുനല്‍കി. മോഹന്‍ലാലിന്‌ ഒരു സിനിമയ്‌ക്ക് 10 ലക്ഷം രൂപ അഡ്വാന്‍സ്‌ നല്‍കിയിരുന്നു. അദ്ദേഹമത്‌ തിരിച്ചുനല്‍കി. എന്നാല്‍ അഡ്വാന്‍സ്‌ വാങ്ങിയ ഒരു നടന്‍ തിരിച്ചുനല്‍കിയില്ല. പലവട്ടം വിളിച്ചു. അയാള്‍ ഒഴിഞ്ഞുമാറി.

സീന്‍-6
കടംകയറി മുടിഞ്ഞ ദിനേശ്‌പണിക്കരെ അതിവേഗം സിനിമാലോകം മറന്നു. രണ്ടുവര്‍ഷം വീട്ടില്‍ കഴിഞ്ഞു. അപ്പോഴാണ്‌ കെ.കെ. രാജീവിന്റെ ഫോണ്‍. ''സ്വപ്‌നം എന്ന പുതിയ സീരിയലില്‍ ഒരു വേഷമുണ്ട്‌. ചേട്ടന്‍ ചെയ്യണം'' ഇതായിരുന്നു രാജീവിന്റെ ആവശ്യം. ആദ്യമൊന്ന്‌ അമ്പരന്നെങ്കിലും സമ്മതിച്ചു. ചെറിയ വേഷമെന്ന്‌ കരുതിയാണ്‌ ചെന്നത്‌. എന്നാല്‍ നല്ലൊരു വേഷമായിരുന്നു. ആദ്യത്തെ ദിവസം അഭിനയിച്ചശേഷം തിരികെപോകുമ്പോള്‍ പ്ര?ഡക്ഷന്‍ മാനേജര്‍ നൂറുരൂപയുടെ പത്തുനോട്ട്‌ കൈയില്‍ തന്നു. സന്തോഷംകൊണ്ടോ ദുഃഖംകൊണ്ടോ കണ്ണുനിറഞ്ഞുപോയി. പിന്നീട്‌ സീരിയല്‍ രംഗത്ത്‌ സജീവമായി. ഹരിചന്ദനത്തിലെ വെങ്കിടസ്വാമിയാണ്‌ ബ്രേക്കായത്‌.
മിഴികള്‍ സാക്ഷിയിലൂടെ വെള്ളിത്തിരയിലെത്തി. ജനകനിലെ വില്ലന്‍വേഷം സിനിമയില്‍ ബ്രേക്കായി. ചാപ്പാകുരിശിലൂടെ ന്യൂജെന്‍ സിനിമയുടെ ഭാഗമായി. പിന്നെ വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍, റിംഗ്‌ മാസ്‌റ്റര്‍, ബാംഗിള്‍സ്‌, കലി എന്നിങ്ങനെ കുറേയേറെ ചിത്രങ്ങള്‍.

സീന്‍-7
സിനിമയില്‍ തിരിച്ചടി ഉണ്ടാകുന്നതിന്‌ മുമ്പ്‌ റോട്ടറിക്ലബില്‍ സജീവമായിരുന്നു. നാഗര്‍കോവിലിലെ റോട്ടറിക്ലബിന്റെ കോണ്‍ഫറന്‍സില്‍ കെ.എസ്‌. ചിത്രയുടെ ഗാനമേളയും കോമഡിഷോയും വേണമെന്നാവശ്യപ്പെട്ട്‌ ഭാരവാഹികള്‍ വിളിച്ചു. കെ.എസ്‌. ചിത്ര ഡിസ്‌കൗണ്ട്‌ റേറ്റില്‍ പാടാമെന്ന്‌ സമ്മതിച്ചു. കോമഡിഷോയും വിജയകരമായി. ഇവന്റ്‌ മാനേജ്‌മെന്റില്‍ ഇറങ്ങുന്നത്‌ അങ്ങനെയാണ്‌. ഓവര്‍സീസില്‍ മാത്രം നൂറിലേറെ ഷോകള്‍ നടത്തി. എല്ലാവരുടെയും കടംവീട്ടി. മോഹന്‍ലാലിന്റെ ഛായാമുഖി, ശോഭനയുടെ മായാ രാവണ്‍, കൃഷ്‌ണ എന്നിവ വെല്ലുവിളിയായി ഏറ്റെടുത്ത്‌ വിജയിപ്പിച്ചു. സീരിയലുകാരുടെ സംഘടനയായ ആത്മയ്‌ക്കുവേണ്ടി നൂറ്റിയമ്പത്‌ ആര്‍ട്ടിസ്‌റ്റുകളെ അണിനിരത്തി നാലരമണിക്കൂര്‍ നീണ്ട ഷോ ചെയ്‌തു.
പണം വന്നു തുടങ്ങിയപ്പോള്‍ ആദ്യം ചെയ്‌തത്‌ കടക്കാരെ ഓരോരുത്തരെയായി വിളിച്ച്‌ കടം തീര്‍ക്കുകയായിരുന്നു. ഓരോരുത്തരുടെയും കടങ്ങള്‍ വീട്ടുമ്പോള്‍ മനസില്‍ തികട്ടിവന്ന ആഹ്‌ളാദത്തിന്‌ അതിരുകളില്ലായിരുന്നു. കടംവീട്ടുന്നത്‌ ഒരു ഹരമായി മാറി.

സീന്‍-8
സിനിമയില്‍ സൗഹൃദങ്ങള്‍ക്ക്‌ സ്‌ഥാനമില്ല എന്നു പൂര്‍ണമായി വിശ്വസിക്കാന്‍ ദിനേശ്‌പണിക്കര്‍ തയാറല്ല. ജഗതി, ജഗദീഷ്‌, മാമുക്കോയ തുടങ്ങി അപൂര്‍വം ചിലര്‍ കണക്കുകള്‍ പറയാതെ സഹകരിച്ചു. ആശ്വസിപ്പിച്ചു. പക്ഷേ, സഹായിച്ചവരില്‍ ഭൂരിഭാഗവും തിരിഞ്ഞുനോക്കിയില്ല. ആരോടും ദിനേശിന്‌ ദേഷ്യമില്ല. സിനിമയിലിനി തിരിച്ചുവരവില്ലെന്ന്‌ കരുതിയ ആളെ എന്തിന്‌ ശ്രദ്ധിക്കണം? അയാള്‍ ഫോണ്‍ ചെയ്യുന്നത്‌ കടംചോദിക്കാനാണെങ്കിലോ? വഴിയേ പോയ വയ്യാവേലിയെന്തിന്‌ മടിയിലെടുത്തുവയ്‌ക്കണം?

സീന്‍-9
നിര്‍മാണരംഗത്തേക്ക്‌ ശക്‌തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്‌ ദിനേശ്‌പണിക്കര്‍. മൂന്നു പ്രോജക്‌ടുകള്‍ മനസിലുണ്ട്‌. കഥയുടെ ഡിസ്‌കഷന്‍ നടക്കുന്നു. ദിനേശ്‌പണിക്കര്‍ എന്റര്‍ടൈന്‍മെന്റ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന നിര്‍മാണ കമ്പനി രജിസ്‌റ്റര്‍ ചെയ്‌തു. തിരുവനന്തപുരത്ത്‌ കുടപ്പനക്കുന്നില്‍ മനോഹരമായ വീട്‌ വാങ്ങിയതും ദിനേശിന്‌ നല്‍കുന്ന ചാരിതാര്‍ഥ്യം ചെറുതല്ല. വിസ്‌ത ഡിഎക്‌സ് എക്‌സ് എന്ന സ്‌റ്റുഡിയോയുടെ മാനേജിങ്‌ പാര്‍ട്‌ണര്‍കൂടിയാണ്‌ ദിനേശിപ്പോള്‍.

സീന്‍-10
കഷ്‌ടകാലം നാവോരുപാടിയപ്പോള്‍ താങ്ങായും തണലായും നിന്നത്‌ ഭാര്യ രോഹിണി പണിക്കരാണ്‌. അന്ന്‌ രോഹിണിക്ക്‌ ജോലിയില്ല. ഭര്‍ത്താവ്‌ തളരാതിരിക്കാന്‍ അവര്‍ കൂട്ടിരുന്നു. മക്കളായ രോഹിത്തും രൂപേഷും കുട്ടികളായിരുന്നു. അച്‌ഛന്റെ അവസ്‌ഥ കുട്ടികളെ ബാധിക്കാതിരിക്കാന്‍ രോഹിണി ശ്രദ്ധിച്ചു. ഇപ്പോള്‍ ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപികയാണ്‌ രോഹിണി. കഷ്‌ടകാലത്ത്‌ രോഹിണിയും തളര്‍ന്നുപോയെങ്കില്‍ ദിനേശ്‌പണിക്കരുടെ തിരിച്ചുവരവ്‌ അസാധ്യമാകുമായിരുന്നു. എന്നാല്‍ ശുഭാപ്‌തിവിശ്വാസത്തോടെ നല്ലകാലത്തിനായി കാത്തിരിക്കുകയായിരുന്നു രോഹിണി.

കെ.എന്‍. ഷാജികുമാര്‍

Ads by Google
Sunday 22 Jul 2018 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW