Thursday, July 04, 2019 Last Updated 27 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jul 2018 02.46 PM

കറുപ്പ് അഴകോ, ശാപമോ ?

''കറുത്തുപോയെന്നുകരുതി അപമാനം പേറുന്നവരും അവഗണന നേരിടുന്നവരും ജാതീയമായി ഒറ്റപ്പെടുന്നവരും ഇന്നുമുണ്ട്. കേരളത്തിന് കറുപ്പ് അപമാനമാണോ?''
uploads/news/2018/07/235075/blackcolursurvy210718.jpg

ഒരാളുടെ നിറം, വസ്ത്രധാരണം, ഭാഷാ രീതി, ജോലി ഇതൊക്കെ അടിസ്ഥാനപ്പെടുത്തി അയാളുടെ ജാതിയേതാണ് മതമേതാണ് എന്നൊക്കെ ഊട്ടിയുറപ്പിക്കുന്ന സമൂഹം 211ാം നൂറ്റാണ്ടിലും ജനാധിപത്യ ഇന്ത്യയില്‍ നിര്‍ഭാഗ്യകരമായ ചുവടുകളോടെ മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കുന്നു. ജാതി മാത്രമല്ല വര്‍ണ്ണവിവേചനവും പ്രധാനം തന്നെ.

അടുത്തയിടെയാണ് തൃപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ലോകസുന്ദരിപ്പട്ടം നേടിയ ഡയാന ഹെയ്ഡനെ കറുത്തവള്‍ എന്ന് ആക്ഷേപിച്ചു കുപ്രസിദ്ധി നേടിയത്. ഐശ്വര്യ റായ്ക്ക് ലോകസുന്ദരിപ്പട്ടം കിട്ടിയത് സമ്മതിക്കാം, എന്നാല്‍ താരതമ്യേനെ കറുത്ത ഡയാനയ്ക്ക് അത് കിട്ടിയത് അഴിമതി ഗൂഡാലോചനയാണെന്നാണ് ബിപ്ലവ് കുമാര്‍ പറഞ്ഞത്.

ഇത്തരം വര്‍ണ്ണ വിവേചനം ലോകത്തെമ്പാടുമുള്ള അഭ്യസ്തവിദ്യരടക്കം പലരുടേയും മനസില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. അറിവിന്റെ ലോകത്തേക്ക് പിച്ചവയ്ക്കുന്ന പിഞ്ചുകുഞ്ഞുങ്ങേളാടുപോലും അവന്‍ കറുത്തവനാണ് അല്ലെങ്കില്‍ കറുത്തവളാണ്, വെളുത്തവരാണ് ഉന്നതകുലജാതരും സൗന്ദര്യത്തിന്റെ പ്രതീകങ്ങളുമെന്ന് പറഞ്ഞുപഠിപ്പിക്കുന്ന പ്രവണത ഇന്നും മാറിയിട്ടില്ല. തലമുറകളിലേക്ക് പകര്‍ന്നുകൊടുക്കുന്ന ഇത്തരം വിവരക്കേടുകള്‍ ആവര്‍ത്തിക്കപ്പെടുന്നതുകൊണ്ടുതന്നെയാണ് സമൂഹം അധ:പ്പതനത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നതും.

ജിതിനും കീര്‍ത്തിയും വെറും പ്രണയിതാക്കള്‍ മാത്രമല്ല. പ്രണയത്തിന് സ്നേഹത്തിന്റെ നിറം പകര്‍ന്നവരാണ്. വെളുത്ത നിറമുള്ള ജിതിന്‍ കറുത്ത നിറമുള്ള കീര്‍ത്തിയെ പ്രണയിക്കുകയും വിവാഹം ചെയ്യുകയും ചെയ്തത് ചിലരുടെയെങ്കിലും മനസില്‍ അത്ഭുതവും ചോദ്യവുമായി ഉയര്‍ന്നിട്ടുണ്ട്.

ശരീര നിറത്തിന്റെ പേരില്‍ തന്നെ കളിയാക്കിയവര്‍ക്കുള്ള മറുപടിയാണ് കീര്‍ത്തി ജീവിതത്തിലൂടെ കാട്ടിക്കൊടുത്തത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച കീര്‍ത്തിയുടേയും ജിതിന്റെയും വിവാഹ ചിത്രം കണ്ട് മനസുകുളിര്‍ത്തവരാണേറെ.

ഇവരുടെ പ്രണയത്തിനിടയില്‍ പരിഹാസ രൂപേണ എന്നും വില്ലനായി നിന്നിട്ടുണ്ട് കറുത്ത നിറം. കോളജ് പഠനകാലത്ത് മനസിലേക്ക് കയറിവന്ന കീര്‍ത്തിയുടെ സൗന്ദര്യത്തെ ഒരിക്കല്‍പോലും നിറത്തിന്റെ വേലിക്കെട്ടുകൊണ്ട് കണ്ടിരുന്നില്ലെന്നും അവളാണ് തനിക്കേറെ പ്രിയപ്പെട്ടവളെന്നും ജിതിന്‍ പറയുന്നു. ബോഡി ഷെയ്മിങ്ങ് എന്ന നാണം കെട്ട ചിന്ത മനസില്‍ കൊണ്ടുനടക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഇവരുടെ ജീവിതം.

നിറത്തിന്റെ പേരില്‍ ഇന്നും അപമാനവും കളിയാക്കലുകളും വിവേചനവും നേരിടുന്ന ധാരാളമാളുകള്‍ നമ്മുടെയിടയിലുണ്ട്. സ്‌കൂളില്‍ ആദ്യമായി പോയിവന്ന മകള്‍ അമ്മേ ഞാനിന്നൊരു കറുത്ത കുട്ടിയുടെ അടുത്താണിരുന്നതെന്ന്് പറയുന്നതുകേട്ടപ്പോള്‍ ഞെട്ടിപ്പോയ ഒരു അമ്മയുടെ അനുഭവവും സാക്ഷ്യമായി വയ്ക്കട്ടെ.. കുരുന്നിലേ കുഞ്ഞിന്റെയുള്ളിലേക്ക് നിറത്തിന്റെ വിഷം കുത്തിവയ്ക്കാതിരിക്കാം...നല്ല സമൂഹത്തെ വാര്‍ത്തെടുക്കാം...കേരളീയരുടെ സൗന്ദര്യ സങ്കല്‍പ്പത്തെക്കുറിച്ചും, വര്‍ണ്ണവിവേചനത്തെക്കുറിച്ചും കന്യക നടത്തിയ അന്വേഷണത്തിലൂടെ...

കറുത്തപെണ്ണിനെ വേണ്ട... - സമാന്ത ജോസ്, മോഡല്‍


ഞാനൊരു മോഡലാണ്. മോഡലിംഗില്‍ കറുത്തതോ വെളുത്തതോ എന്നൊരു വേര്‍തിരിവുണ്ടെന്നുതോന്നുന്നില്ല. വീഡിയോ പരസ്യങ്ങളാണെങ്കില്‍ സ്‌കിന്‍ടോണിന് കുറച്ചൊക്കെ പരിഗണന നല്‍കും. പക്ഷേ കേരളത്തില്‍ വര്‍ണ്ണവിവേചനം ഉണ്ട്. പെണ്ണോ ചെറുക്കനോ കറുത്തതാണോ വെളുത്തതാണോ എന്നൊക്കെ നോക്കി കല്യാണം നടത്തുന്നവരാണ് നമ്മുടെ നാട്ടുകാര്‍.

എന്റെ ചേച്ചിയ്ക്കു നിറം കുറവാണ്. പെണ്ണുകണ്ട് പോയിട്ട് കറുത്തിട്ടാണെന്ന പേരില്‍ എത്രയോ ബന്ധം മുടങ്ങി. നമ്മുടെയൊക്കെ വീടുകളിലാണെങ്കിലും അമ്മമാര്‍ പറയാറുണ്ട് നിന്റെ മുഖം വല്ലാതെ കറുത്തിരിക്കുകയാണല്ലോ. പോയി എന്തെങ്കിലുമൊക്കെ മുഖത്ത് തേക്ക്്എന്ന്.

നമ്മുടെ കള്‍ച്ചറിന്റെ ഭാഗമാണ് സൗന്ദര്യ സങ്കല്‍പ്പം. എന്റെ അഭിപ്രായത്തില്‍ കറുത്തതാണെങ്കിലും വെളുത്തതാണെങ്കിലും എല്ലാം മനുഷ്യ ജാതി തന്നെ. വെളുത്തതുകൊണ്ട് നല്ല മനുഷ്യരായിക്കൊള്ളണമെന്നില്ല.

എനിക്ക് കറുത്ത സ്‌കിന്‍ടോണുള്ളവരെ ഇഷ്ടമാണ്. അവര്‍ കൂടുതല്‍ ഭംഗിയുള്ളവരായിരിക്കും. ഏത് നിറമായാലും ഭംഗിയുണ്ട്. പേക്ഷ വര്‍ഗ്ഗീയത പാടില്ല. എല്ലാവരും തുല്യരാണ്. എന്തിനാണ് കറുത്തതെന്ന് പറഞ്ഞ് ആളുകളുടെ ഉള്ളില്‍ കോംപ്ലക്സ് നിറയ്ക്കുന്നത്.

നമ്മുടെ കള്‍ച്ചറില്‍ നിന്നുതന്നെ അത് മാറ്റണം. വീട്ടില്‍നിന്നുതന്നെ മാറ്റം തുടങ്ങണം. കുട്ടികളില്‍, സ്കൂളില്‍, സുഹൃത്തുക്കളുടെ ഇടയില്‍ അങ്ങനെ എവിടെയും ഇത്തരം കോംപ്ലക്സ് ഉണ്ടാക്കരുത്. ചിലര്‍ പറയും, ഹിന്ദുക്കളിലെ ഇന്ന ജാതി കറുത്തവരായിരിക്കും എന്നൊക്കെ.

താണ ജാതിക്കാരെല്ലാം കറുത്തവരാണെന്നു പറയുന്ന ഇവര്‍ക്കെല്ലാം വിവരമില്ലെന്നുവേണം പറയാന്‍. ഇതൊക്കെ കുട്ടികളേയും പറഞ്ഞുപഠിപ്പിക്കുന്നു. അവര്‍ വലുതാകുമ്പോഴും ഇതൊന്നും അവരുടെ മനസില്‍നിന്ന് മാറില്ല. ആ രീതിയിലുള്ള സംഭാഷണങ്ങളൊന്നും പാടില്ല. എല്ലാവരും ഒന്നായിരിക്കണം.

മനസിലാണ് സൗന്ദര്യം - രഞ്ജു രഞ്ജിമാര്‍, സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ്


കറുപ്പും വെളുപ്പുമൊന്നുമല്ല സൗന്ദര്യം. സൗന്ദര്യത്തിന്റെ മുഖ്യ ഘടകം മനസുതന്നെയാണ്. സെലിബ്രിറ്റികള്‍ മാത്രമല്ല സാധാരണക്കാര്‍ പോലും വെളുപ്പിന്റെ പിറകേ നെട്ടോട്ടമോടുന്ന കാലത്ത് എനിക്ക് ചോദിക്കാനുള്ളത് ഇതാണ്.

എന്തുകൊണ്ട് ചിലരുടെയെങ്കിലും മുഖവും ശരീരവും വെളുത്തിട്ടും അവരുടെ മനസ് വെളുക്കുന്നില്ല? ത്രിപുര മുഖ്യമന്ത്രി പറഞ്ഞല്ലോ ഡയാന ഹെയ്ഡന്‍ എന്ന കറുത്ത സുന്ദരി പണംകൊടുത്ത് സൗന്ദര്യപ്പട്ടം വാങ്ങിച്ചുവെന്ന്. അതല്ല. കഴിവ് തെളിയിച്ചുതന്നെയാണ് ആ കിരീടം അവര്‍ സ്വന്തമാക്കിയത്.

സിനിമയിലാണെങ്കിലും മോഡലിംഗിലാണെങ്കിലും എത്രയോ പേരെ നിറം കുറവാണെന്നതിന്റെ പേരില്‍മാറ്റിനിര്‍ത്തുന്നുണ്ട്. ഞങ്ങള്‍ ട്രാന്‍സ്ജന്‍ഡേഴ്സിന്റെ ഒരു സൗന്ദര്യമത്സരം നടത്താന്‍ പോവുകയാണ്. തൊലി വെളുപ്പ് നോക്കിയല്ല ഒരാളെയും തെരഞ്ഞെടുത്തത്, കഴിവും ആരോഗ്യവും നോക്കിയാണ്. വെളുപ്പിന് മാത്രമല്ല സൗന്ദര്യം. നിറം വെളുത്തു എന്നുപറഞ്ഞ് സൗന്ദര്യമുണ്ടാവില്ല.

അവരുടെ കണ്ണ് നന്നാവണം, മൂക്ക്, ചുണ്ട് ഇതൊക്കെ നല്ലതാണോ എന്ന് നോക്കണം. എന്നാലൊക്കെയേ സൗന്ദര്യ സങ്കല്‍പ്പത്തിലെത്തൂ. ഭാനുപ്രിയ, പ്രിയങ്ക ചോപ്ര, പ്രിയാമണി, കാജോള്‍ ഇവരെല്ലാം കറുത്ത സുന്ദരികളാണ്. ഇവരൊന്നും നിറത്തിന്റെ പിന്‍ബലത്തില്‍ ഉയര്‍ന്നുവന്നവരല്ല. അവരുടെയൊക്കെ കാലിബര്‍ അത്രയ്ക്ക് വലുതാണ്.

എനിക്ക് കറുത്തവരോട് പറയാനുള്ള കാര്യം ആത്മവിശ്വാസത്തോടെ ജീവിക്കണമെന്നാണ്. മനസിന്റെ സൗന്ദര്യത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. എപ്പോഴും കറുത്തതാണെന്നതുകൊണ്ട് പിറകോട്ട് മാറിനില്‍ക്കുന്നവരുണ്ട്. അത്തരക്കാര്‍ ഉള്ളിലെ അപകര്‍ഷതാബോധം മാറ്റണം. ഉദാഹരണങ്ങള്‍ നമ്മുടെ മുന്നില്‍ത്തന്നെയുണ്ട്.

വെളുത്തവരുടെ പ്രമോഷനുവേണ്ടി ഞാനില്ല , - രാധാകൃഷ്ണന്‍ ചാക്യാട്ട്്, ഫാഷന്‍ ഫോട്ടോഗ്രാഫര്‍


സൗന്ദര്യം തൊലിയുടെ നിറത്തിലല്ലെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ജീവിതവിജയം നേടണമെങ്കില്‍ വെളുത്തിരിക്കണമെന്ന പരസ്യപ്രചരണത്തിനും ഞാനില്ല. അത്തരത്തില്‍ യാതൊരു ക്യാമ്പൈയ്‌നും ചെയ്യില്ല എന്ന് തീരുമാനിച്ചിട്ടുമുണ്ട്.

വളരെനാളായി പരിചയമുള്ള ഒരു മലയാളി മോഡലുണ്ട്. മാരിയറ്റ് വത്സന്‍. അവര്‍ ഒരു കറുത്ത സുന്ദരിയാണ്. ലോകത്ത് എല്ലായിടത്തും പോയി മോഡലിംഗ് ചെയ്യുന്നയാളാണ് മാരിയറ്റ്.

തനിക്കത്തരമൊരു വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അവള്‍ ഒരിക്കലും പറഞ്ഞുകേട്ടിട്ടില്ല. കാരണം സ്വന്തം കഴിവില്‍ വിശ്വസിക്കുന്നതുകൊണ്ടാവാം. പക്ഷേ നമ്മുടെ നാട്ടില്‍ വര്‍ണ വിവേചനം സാമൂഹിക പ്രശ്നമാണ്.

കേരളത്തില്‍ മാത്രമല്ല ലോകത്തിലെ പലഭാഗങ്ങളില്‍ ഇത് കാണാം. ഞാന്‍ സൗത്താഫ്രിക്കയിലും മറ്റും പോയി കറുത്ത ആളുകളെ മാത്രമുപയോഗിച്ച് ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട്. അവിടെയും നിറത്തിന്റെ പേരില്‍ സാമൂഹിക വിവേചനമുണ്ട്. അത് വര്‍ഷങ്ങളായിത്തന്നെയുള്ള നിര്‍ഭാഗ്യകരമായ ഒന്നാണ്. ഞാന്‍ അത്ര വെളുത്തയാളല്ല.

ഒരുപക്ഷേ ആണായതുകൊണ്ടാവാം നിറത്തിന്റെ പേരില്‍ ഒരു അഭിപ്രായം എനിക്ക് കേള്‍ക്കണ്ടിവരാതിരുന്നത്. പക്ഷേ ഇങ്ങനെ കറുപ്പ്, വെളുപ്പ് എന്ന് പറയുന്നതിന്റെ അടിസ്ഥാന കാരണം എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ല.

അവര്‍ ശരീരം മാത്രമാണ് നോക്കുന്നത് , - അശ്വതി ജ്വാല, സാമൂഹ്യപ്രവര്‍ത്തക


തൊലിയുടെ നിറംനോക്കി ആളുകളെ വേര്‍തിരിക്കുക എന്നത് ചരിത്രത്തില്‍ മാത്രം വായിക്കാന്‍ കഴിയുന്ന ഒരു കാര്യമാണെന്നാണ് എന്റെ വിശ്വാസം. അങ്ങനെയുള്ള അനുഭവങ്ങളൊന്നും എനിക്ക് ഉണ്ടായിട്ടില്ല. അങ്ങനെ അനുഭവിക്കുന്നവരും ഉണ്ടാവാം. ചിലപ്പോള്‍ എന്റെ കാഴ്ചപ്പാടും കാര്യങ്ങളും അത്തരത്തിലുള്ളതായതുകൊണ്ടായിരിക്കാം.

കറുപ്പും വെളുപ്പുമെന്ന് വേര്‍തിരിവുണ്ടെങ്കില്‍ അതിനുകാരണം എല്ലാം ശരീരംകൊണ്ട് കാണുന്നതുകൊണ്ടാണ്. ആത്മീയതയുടെ അംശം അതിലില്ല. വെളുത്ത പെണ്ണിനെത്തന്നെ ജീവിതപങ്കാളിയാക്കണമെന്ന് ചിന്തിക്കുന്ന ഒരു ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം അവനവിടെ ശരീരം മാത്രമാണ് നോക്കുന്നത്.

അവന്റെ നിലവാരത്തിന്റെയും ആത്മീയ വളര്‍ച്ചയുടേയും കുറവുകൊണ്ടാണ് അങ്ങനെ ചിന്തിക്കുന്നത്. വെളുത്ത കുട്ടിയേയും വിദ്യാഭ്യാസം ഉള്ളവരേയും സ്വത്തുള്ളവരേയുമൊക്കയേ സ്വീകരിക്കൂ എന്ന് ഇരുപത്താഞ്ചാമത്തെ വയസിലോ മുപ്പതാമത്തെ വയസിലോ ഒരു പുരുഷനും സ്ത്രീയും ചിന്തിക്കുന്നത് ആത്മീയപരമായിട്ടുള്ള വളര്‍ച്ചയില്ലാത്തതുകൊണ്ടാണ്.

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കുട്ടികളെ പഠിപ്പിക്കുന്നത് മാര്‍ക്ക് നേടാനാണ്. അല്ലാതെ ഉയര്‍ന്ന കാഴ്ചപ്പാടൊന്നും നമ്മുടെ കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുന്നില്ല.

ആരെക്കൊന്നിട്ടായാലും സ്വയം എങ്ങനെ ജീവിക്കാം എന്ന കാഴ്ചപ്പാട് കൊടുത്തുവളര്‍ത്തുമ്പോള്‍ അങ്ങനെയുള്ള വ്യക്തി ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്ന ഘട്ടമെത്തുമ്പോള്‍ അവരുടെ ശരീര സൗന്ദര്യം മാത്രം നോക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. മാറ്റങ്ങളെല്ലാം കുടുംബങ്ങളില്‍നിന്നുതന്നെ തുടങ്ങേണ്ടതാണ്.

കറുത്തവരെല്ലാം ദളിതരല്ല - ലാസര്‍ ഷൈന്‍, എഴുത്തുകാരന്‍


ഞാന്‍ വെളുത്തയാളാണ്. ഈ നിറത്തോട് ആളുകള്‍ പുലര്‍ത്തുന്ന മഹത്തായ പരിഗണന എത്ര നിഷേധിക്കാറുണ്ടെങ്കിലും തൊലിവെളുത്തവന്‍ എന്ന നിലയില്‍ എനിക്കും കിട്ടാറുണ്ട്. ആ പരിഗണന എന്നെ സംബന്ധിച്ചിടത്തോളം അറപ്പുളവാക്കുന്നതാണ്.

നിറം എന്തോ വലിയ കാര്യമാണെന്ന് കരുതുന്നയിടം തന്നെയാണ് കേരളം. വെളുത്തിരിക്കുന്നവരെല്ലാം ഉന്നതകുല ജാതരാണെന്നാണ് മലയാളി പറയുന്നത്. ബാക്കി കറുത്തവരെല്ലാം ദളിതരാണെന്നും പറയുന്നു. ജാതീയമായ ഒരു കണ്‍സപ്റ്റിനുള്ളില്‍ നിന്നുകൊണ്ടാണ് നിറത്തിന്റെ തരംതിരിവുണ്ടാകുന്നത്.

പക്ഷേ പുതിയ ജനറേഷന്റെയിടയില്‍ ഉള്ള ട്രെന്‍ഡ് സ്വാഗതാര്‍ഹമാണ്. ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും ഞാന്‍ കറുത്തതാണ്് എന്ന് പറയാന്‍ ഇപ്പോഴത്തെ കുട്ടികള്‍ക്ക് പറ്റുന്നുണ്ട്്. ആരോഗ്യപരമായിത്തന്നെ നോക്കിയാല്‍ കറുപ്പാണ് ആരോഗ്യമുള്ള സ്‌കിന്‍ടോണ്‍.

ബ്ലാക്ക് എന്നുള്ളതില്‍ അഭിമാനിക്കുന്നവരാണ് ഇന്നത്തെ സമൂഹം. അത് യൂണിവേഴ്സലാണ്. അത് സ്‌റ്റെല്‍ സ്‌റ്റേറ്റ്മെന്റിന്റെ ഭാഗമാക്കാന്‍ പുതിയ തലമുറയ്ക്ക് കഴിയുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൊക്കെ ഇത് പ്രതിഫലിക്കുന്നുണ്ട്. മുന്‍പൊക്കെ കറുത്തവന്‍ ഒരു ഫോട്ടോ ഇടണമെങ്കില്‍ ഫോട്ടോഷോപ്പിലൊക്കെ പോയി വെളുപ്പിച്ചേ കൊടുക്കൂ. ഇപ്പോ ആരും അങ്ങനെ ചെയ്യുന്നില്ല.

കരിദിനം, കരിങ്കൊടി, ഇങ്ങനെയൊക്കെ പറയുമ്പോള്‍ ഭാഷയില്‍ പോലും ഈ നിറം മോശമാണെന്ന രീതിയിലാണ് ഉറപ്പിച്ചിരിക്കുന്നത്. ഇത് നമ്മുടെ ഭാഷയിലും, കഥയിലും പഴഞ്ചൊല്ലിലും അലിഞ്ഞു കിടക്കുകയാണ്. അത് മാറ്റണമെങ്കില്‍ അവിടം മുതലൊക്കെത്തന്നെ മാറ്റണം.

ഇൗ തരംതിരിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. നിറമല്ല ഭംഗി. മനുഷ്യെന്റ കണ്ണ്, മൂക്ക്, ചുണ്ട് ഇതൊക്കെ നോക്കിയാണ് സൗന്ദര്യം അളക്കുന്നത്. ശരിക്കും പറഞ്ഞാല്‍ നമ്മുടെ സമൂഹത്തിന് സൗന്ദര്യമാസ്വദിക്കാനുള്ള കഴിവ് പോലുമില്ല.

കറുപ്പാണ് മനോഹരം - അജിത് രവി, ചെയര്‍മാന്‍, പെഗാസസ് ഇവന്റ് മേക്കേഴ്‌സ്


കറുപ്പ് എപ്പോഴും മനോഹരമാണ്. നമ്മള്‍ എങ്ങനെയാണ് ആളുകളെ കാണുന്നതെന്നതാണ് പ്രധാനം. വെളുപ്പാണ് സൗന്ദര്യം എന്ന് പറയുന്നവര്‍ ഒന്ന് മനസിലാക്കണം. ലോകത്തിലെ ഏറ്റവും വിലകൂടിയ മോഡല്‍ ഒരു കറുത്ത പെണ്‍കുട്ടിയാണ്.

ഞങ്ങള്‍ പെഗാസസ് ഇവന്റ് മേക്കേഴ്സ് വര്‍ഷങ്ങളായി സൗന്ദര്യമത്സരങ്ങള്‍ സംഘടിപ്പിക്കുന്നവരാണ്. ഒരിക്കലും ഞങ്ങളുടെ മത്സരാര്‍ഥികള്‍ക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. കറുപ്പായതുകൊണ്ട് ആര്‍ക്കും അവസരം ഇല്ലാതെപോയിട്ടില്ല. നമ്മളുടെ സ്വഭാവം എന്താണോ അതാണ് സൗന്ദര്യം. നമ്മുടെയിടയില്‍ അങ്ങനെയൊരു വേര്‍തിരിവ് ഉണ്ടെങ്കില്‍ അത് പെട്ടെന്ന് വേരോടെ പറിച്ചെറിയാനാവില്ല. വളര്‍ന്നുവരുന്ന പുതു തലമുറയ്ക്ക് നല്ല പാഠങ്ങള്‍ പറഞ്ഞുകൊടുക്കുകയാണ് വേണ്ടത്.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Ads by Google
Loading...
TRENDING NOW