Wednesday, November 14, 2018 Last Updated 19 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jul 2018 02.33 AM

ഓടിപ്പോയ തട്ടിപ്പുകാരെ കുടുക്കട്ടെ ഈ നിയമം

uploads/news/2018/07/235006/editorial.jpg

ഇന്ത്യയില്‍ നിന്ന്‌ ശതകോടികള്‍ തട്ടിയെടുത്ത്‌ രാജ്യം വിട്ട പ്രമുഖരുടെ സ്വത്തുക്കള്‍ കണ്ടു കെട്ടാനുള്ള ബില്ല്‌ ലോക്‌സഭ പാസാക്കിയത്‌ സാമ്പത്തിക തട്ടിപ്പുകാര്‍ക്കെതിരായ സുപ്രധാനമായ നീക്കമാണ്‌. തട്ടിപ്പ്‌ നടത്തി രാജ്യം വിടുന്നവരുടെ സ്വത്ത്‌ കണ്ടുകെട്ടി വിറ്റ്‌ പണം വീണ്ടെടുക്കുകയാണ്‌ ഫ്യുജിറ്റീവ്‌ എക്കണോമിക്‌ ഒഫന്‍ഡേഴ്‌സ്‌ ബില്‍-2018ന്റെ ലക്ഷ്യം. കഴിഞ്ഞ ബജറ്റ്‌ സമ്മേളനം പ്രതിപക്ഷ ബഹളത്തില്‍ അലങ്കോലമായിപ്പോയതിനാല്‍ അവതരിപ്പിക്കപ്പെട്ട ഓര്‍ഡിനനസ്‌ ആണ്‌ നിയമമായി മാറുന്നത്‌. ശതകോടികളും തട്ടിയെടുത്ത്‌ രാജ്യം വിട്ട വിജയ്‌ മല്യ, നീരവ്‌ മോഡി, മെഹുല്‍ ചോക്‌സി തുടങ്ങിയവരെ കുടുക്കാനുള്ള മികച്ച ഉപാധിയാണ്‌ ഈ നിയമം. ഇന്ത്യയിലെ നിയമ നടപടികളില്‍ നിന്ന്‌ രക്ഷപ്പെടാനായി വിദേശത്തു താമസിക്കുന്നവരെ തിരിച്ചെത്തിക്കാന്‍ ഈ നിയമം വഴി സാധിക്കുമെന്നു കരുതുന്നു. ഇത്തരക്കാര്‍ മൂലം കോടിക്കണക്കിനു രൂപയാണ്‌ ബാങ്കുകള്‍ക്കും ധനകാര്യ സ്‌ഥാപനങ്ങള്‍ക്കും നഷ്‌ടമായിരിക്കുന്നത്‌. ഇവയൊക്കെ തിരിച്ചു കിട്ടുന്നതു വഴി അവയുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടും. മാത്രമല്ല, ഇനി തട്ടിപ്പ്‌ നടത്തി രാജ്യം വിടാന്‍ പലരും മടിക്കുകയും ചെയ്യും.

തട്ടിപ്പ്‌ നടത്തിയാല്‍ രക്ഷപ്പെടാന്‍ സാധിക്കില്ലെന്ന്‌ എല്ലാവര്‍ക്കും മുന്നറിയിപ്പ്‌ നല്‍കുകയാണ്‌ ഇതു വഴി സര്‍ക്കാര്‍ ചെയ്യുന്നത്‌. ഇത്‌ നിയമപാലകര്‍ക്കും സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുന്ന അധികാര കേന്ദ്രങ്ങള്‍ക്കും ഒക്കെ ശക്‌തമായി പ്രവര്‍ത്തിക്കാന്‍ കരുത്തു നല്‍കും. നിലവിലുള്ള നിയമങ്ങള്‍ തട്ടിപ്പുകാരെ നിയന്ത്രിക്കാന്‍ സാധിക്കുന്നതല്ലെന്ന പരിമിതി മറികടക്കാനും ഇതു വഴി സാധിക്കുന്നു. കടന്നുകളഞ്ഞ സാമ്പത്തിക കുറ്റവാളി എന്ന്‌ നിയമത്തില്‍ നിര്‍വചിക്കുന്നത്‌ ക്രിമിനല്‍ നടപടികളില്‍ നിന്നു രക്ഷപ്പെടാന്‍ ഇന്ത്യ വിട്ടു പോയവരെയും ഇന്ത്യയിലേക്ക്‌ വരാന്‍ മടിക്കുന്നവരെയുമാണ്‌. ഇതു വഴി കൂടുതല്‍ പേരെ നിയമത്തിന്റെ വഴിയിലാക്കാന്‍ സാധിക്കുമെന്നത്‌ പ്രത്യേകതയാണ്‌. ഐ.പി.എല്‍. ക്രിക്കറ്റിന്റെ പേരില്‍ തട്ടിപ്പ്‌ നടത്തി രാജ്യം വിട്ട ലളിത്‌ മോഡിയാണ്‌ ഇത്തരത്തില്‍ പിടിവീഴുന്ന ഒരാള്‍. ക്രിക്കറ്റ്‌ ഭരണാധികാരി എന്ന പേരില്‍ കള്ളപ്പണ ഇടപാട്‌ നടത്തി എന്നതാണ്‌ ലളിത്‌ മോഡിക്ക്‌ എതിരായ കുറ്റം. രണ്ടായിരത്തില്‍ ഇന്ത്യയെ ഞെട്ടിച്ച ക്രിക്കറ്റ്‌ വാതുവയ്‌പ്‌ കേസിലെ പ്രതി സഞ്‌ജീവ്‌ ചാവ്‌ല അന്നു മുതല്‍ ലണ്ടനില്‍ കഴിയുകയാണ്‌. ഇയാളെയും ഇന്ത്യയിലെ നിയമത്തിനു മുന്നിലെത്തിക്കാന്‍ ഇതു വഴി സാധിക്കും.

നിലവില്‍ നൂറു കോടി രൂപയ്‌ക്ക്‌ മേല്‍ തട്ടിപ്പ്‌ നടത്തി കടന്നു കളഞ്ഞവരുടെ സ്വത്ത്‌ പിടിച്ചെടുത്ത്‌ വില്‍ക്കാനാണ്‌ നിയമത്തില്‍ പറയുന്നത്‌. കോടതികളില്‍ കേസ്‌ കുന്നുകൂടുന്നത്‌ തടയാനാണ്‌ ഈ പരിധി വച്ചതെന്നാണ്‌ സര്‍ക്കാരിന്റെ വിശദീകരണം. ഇത്‌ പലരെയും രക്ഷപ്പെടുത്താനാണെന്ന്‌ പ്രതിപക്ഷം ആരോപിക്കുന്നുണ്ട്‌. കഴിയുന്നത്ര വേഗം എല്ലാത്തരം തട്ടിപ്പുകാരുടെ സ്വത്ത്‌ പിടിച്ചെടുക്കുന്നതും നിയമത്തില്‍ പെടുത്തുമെന്നു കരുതാം. വലിയ സ്വാധീന വലയമുള്ള തട്ടിപ്പുകാരുടെ സ്വത്ത്‌ വില്‍ക്കുന്നത്‌ എളുപ്പമാണോ എന്നത്‌ സംശയകരമാണ്‌. വിജയ്‌ മല്യയുടെ വീടുകള്‍, വിമാനം, ആഡംബര നൗക തുടങ്ങിയവ ലേലത്തില്‍ വച്ചിട്ട്‌ അതു വിളിച്ചെടുക്കാന്‍ ആരും ധൈര്യപ്പെട്ടില്ലെന്നത്‌ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വെല്ലുവിളികളെ മറികടക്കുന്ന വിധത്തിലാവണം നിയമം പ്രയോഗിക്കാന്‍.

Ads by Google
Saturday 21 Jul 2018 02.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW