Saturday, July 20, 2019 Last Updated 31 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jul 2018 02.31 AM

കുറ്റകൃത്യങ്ങള്‍ കുറയുന്ന കേരളം

uploads/news/2018/07/235004/bft2.jpg

പോലീസ്‌ ഭരണം സര്‍ക്കാരിനെ തകര്‍ക്കുമോ എന്ന തലക്കെട്ടില്‍ പി.സി. സിറിയക്‌ എഴുതിയ ലേഖനം ( മംഗളം ജൂൈല 16 ) അദ്ദേഹത്തെപ്പോലെ പരിണതപ്രജ്‌ഞനായ ഒരാളില്‍നിന്ന്‌ ഉണ്ടാകാന്‍ പാടില്ലാത്ത തരത്തില്‍ വസ്‌തുതകളെ വളച്ചൊടിച്ചും പെരുപ്പിച്ചുകാട്ടിയും പോലീസിനെതിരായ ചിത്രം മെനയുന്നതിനുള്ള പാഴ്‌ശ്രമമായി മാറിയെന്ന്‌ ഖേദപൂര്‍വം സൂചിപ്പിക്കട്ടെ. ഏതൊരു സംവിധാനത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടത്‌ അതിനെ സമഗ്രമായി നോക്കിക്കണ്ടാണ്‌. അതിനുപകരം സ്വന്തം വാദമുഖങ്ങള്‍ സ്‌ഥാപിക്കാനുതകുന്ന ഏതാനും സംഭവങ്ങളെടുത്ത്‌ വിപുലമായ ഒരു നിയമപാലന സംവിധാനത്തെ വിലയിരുത്താനാണ്‌ അദ്ദേഹം ശ്രമിക്കുന്നത്‌. അത്തരം വാദങ്ങളില്‍ പലതും വാസ്‌തവവിരുദ്ധവുമാണ്‌.
കേരളത്തില്‍ സമാധാനപരമായ തൊഴിലന്തരീക്ഷവും നിയമവാഴ്‌ച്ചയുടെ സംരക്ഷണവും നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു എന്നാണ്‌ വാദം. എന്തടിസ്‌ഥാനത്തിലാണ്‌ ഇതു പറയുന്നതെന്നു വ്യക്‌തമല്ല. കേരളത്തില്‍ ഏറ്റവും സമാധാനപരമായ തൊഴില്‍ അന്തരീക്ഷം നിലനില്‍ക്കുന്ന കാലഘട്ടമാണിത്‌. 2016 ലും 17 ലും ക്രമസമാധാന നിലയില്‍ കേരളം ഇന്ത്യയില്‍ ഒന്നാമതോ മുന്‍നിരയിലോ ആണെന്ന്‌ ഇന്ത്യാടുഡേ മാസിക, പബ്ലിക്‌ അഫയേഴ്‌സ്‌ സെന്റര്‍(ബംഗളൂരു) തുടങ്ങിയ വിവിധ ഏജന്‍സികളുടെ വിലയിരുത്തലുകള്‍ പറയുന്നു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രാഷ്‌ട്രീയ കൊലപാതകങ്ങളുടെ എണ്ണം പുതിയ റെക്കോഡാണെന്നാണ്‌ അദ്ദേഹത്തിന്റെ മറ്റൊരു കണ്ടുപിടുത്തം. ഈ കണക്കുകള്‍ എവിടുന്നു ലഭിച്ചുവെന്ന്‌ വ്യക്‌തമല്ല. 2016 ല്‍ കേരളത്തില്‍ 16 രാഷ്‌ട്രീയകൊലപാതകങ്ങളുണ്ടായപ്പോള്‍ 2017 ല്‍ അത്‌ അഞ്ചായി കുറയുകയാണുണ്ടായത്‌. 2018 ലും നിരക്കില്‍ വര്‍ധനയുണ്ടായിട്ടില്ല. പോലീസ്‌ സ്‌േറ്റഷനുകളില്‍ നീതി നടപ്പാക്കുന്നില്ലെന്നാണ്‌ വേറൊരു വാദം. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങളുടെ അനുഭവത്തിന്റെ അടിസ്‌ഥാനത്തില്‍ കേരളത്തിലെ ജനങ്ങള്‍ മറിച്ചാണ്‌ ചിന്തിക്കുന്നതെന്ന്‌ ആധികാരിക പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സെന്റര്‍ ഫോര്‍ ദ സ്‌റ്റഡി ഓഫ്‌ ഡെവലപ്പിങ്‌ സൊസൈറ്റീസ്‌, കോമണ്‍ കോസ്‌ എന്നീ ഏജന്‍സികള്‍ കേന്ദ്ര പോലീസ്‌ റിസര്‍ച്ച്‌ ബ്യൂറോയുടെ സഹായത്തോടെ അഖിലേന്ത്യാടിസ്‌ഥാനത്തില്‍ 2017 രണ്ടാംപാദത്തില്‍ പഠനം നടത്തി 2018ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പ്രകാരം ഇന്ത്യയില്‍ പോലീസ്‌ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ സംതൃപ്‌തി രേഖപ്പെടുത്തിയ സംസ്‌ഥാനം കേരളമാണ്‌.

ഇന്ത്യയിലെ മികച്ച പോലീസ്‌ സേന

കഴിഞ്ഞ വര്‍ഷം 6.5 ലക്ഷത്തിലേറെ കേസുകള്‍ കേരള പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌്. സ്വതന്ത്രമായും നിര്‍ഭയമായും പരാതി നല്‍കാനും കേസുകള്‍ രജിസ്‌റ്റര്‍ ചെയ്യാനും കേരളത്തിലുള്ള സൗകര്യമാണ്‌ ഇവിടത്തെ ക്രമസമാധാന പാലനത്തിന്റെ സവിശേഷതയായി കണക്കാക്കപ്പെടുന്നത്‌.
എന്‍.സി.ആര്‍.ബി. കണക്കുകള്‍ പ്രകാരം, കുറ്റപത്രം നല്‍കിയ ഐപിസി കേസുകളില്‍ ശിക്ഷ ലഭിക്കുന്നത്‌ ദേശീയതലത്തില്‍ 100 ല്‍ 46.8 കേസുകള്‍ക്ക്‌ മാത്രമാണ്‌. എന്നാല്‍ കേരളത്തില്‍ ഇത്‌ ഐപിസി കേസുകളില്‍ 84.6 ശതമാനവും ആകെ കുറ്റകൃത്യങ്ങളില്‍ 93.53 ശതമാനവും ആണ്‌. ഈ ഉയര്‍ന്ന ശിക്ഷാനിരക്ക്‌ കേരള പോലീസിന്റെ അനേ്വഷണമികവിന്റെയും മികച്ച പ്രവര്‍ത്തനത്തിന്റേയും തെളിവാണ്‌.

മികവിലേക്ക്‌

കാര്യമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇപ്പോള്‍ കേരളത്തിലില്ല. ഗുരുതര കുറ്റകൃത്യങ്ങള്‍ കുറയുകയാണ്‌. 1980 ല്‍ 500 കൊലപാതകങ്ങളും 4540 കവര്‍ച്ചകളുമുണ്ടായപ്പോള്‍ ജനസംഖ്യ വലിയതോതില്‍ വര്‍ധിച്ചിട്ടും 2017 ല്‍ അത്‌ യഥാക്രമം 304, 2394 എന്നിങ്ങനെ കുറഞ്ഞിരിക്കുന്നു (എന്‍.സി.ആര്‍.ബി. കണക്കുകള്‍). എത്ര സങ്കീര്‍ണമായ കുറ്റകൃത്യമായാലും അതിന്റെ ചുരുളഴിക്കാനും കുറ്റവാളികളെ നിയമത്തിന്റെ മുന്നിലെത്തിക്കാനും ഇന്ന്‌ നമ്മുടെ പോലീസിന്‌ കഴിയുന്നുണ്ട്‌. സാങ്കേതികവിദ്യയിലും നാം മുന്നിലാണ്‌.
വിവിധ പോലീസ്‌ സേവനങ്ങള്‍ പോലീസ്‌ സ്‌റ്റേഷനില്‍ വരാതെതന്നെ ഇന്റര്‍നെറ്റ്‌ വഴി ലഭിക്കുന്നതിനുമുള്ള തുണ എന്ന സിറ്റിസണ്‍ പോര്‍ട്ടല്‍ സംവിധാനം ഈയിടെ ആരംഭിച്ചു. ജനമൈത്രി പദ്ധതിയ്‌ക്കും സ്‌റ്റുഡന്റ്‌ പോലീസ്‌ പദ്ധതിയ്‌ക്കും രാജ്യവ്യാപക പ്രശംസ ലഭിക്കുന്നു. ശിശുസൗഹൃദ പോലീസ്‌ സ്‌േറ്റഷന്‍, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിന്‌ ഹോട്ട്‌ലൈന്‍ തുടങ്ങി നിരവധി മാതൃകാ പദ്ധതികളും പോലീസ്‌ നടപ്പാക്കുന്നു. സാങ്കേതികസംവിധാനങ്ങളും നല്ല അടിസ്‌ഥാനസൗകര്യങ്ങളുമായി പോലീസ്‌ സ്‌റ്റേഷനുകളുടെ മുഖഛായയും മാറിവരികയാണ്‌.
ഇതോടൊപ്പം ഒട്ടേറെ മാതൃകാപ്രവര്‍ത്തനങ്ങള്‍ വിവിധ സ്‌റ്റേഷനുകളിലെ പോലീസുദ്യോഗസ്‌ഥര്‍ വ്യക്‌തിപരമായും കൂട്ടായും ചെയ്യുന്നുമുണ്ട്‌. ഇവയൊന്നും കാണാന്‍ ലേഖകന്‌ കഴിയാതെ പോയത്‌ വിചിത്രമെന്നേ പറയേണ്ടൂ.

തെറ്റായ പ്രവണതകള്‍ക്കെതിരേ കര്‍ശന നടപടി

മാതൃകാപ്രവര്‍ത്തനങ്ങള്‍ക്കിടിയിലും മൂന്നാംമുറ, അഴിമതി, അമിതാധികാരപ്രയോഗം പോലുള്ള ചില തെറ്റായ നടപടികളും ഉണ്ടാകുന്നുണ്ട്‌. ഇത്തരം പരാതികള്‍ ഇപ്പോള്‍ മാത്രമുയരുന്നവയോ പോലീസിനെക്കുറിച്ച്‌ മാത്രമുയരുന്നവയോ അല്ല. അവ ഇതിനെക്കാള്‍ ഏത്രയോ ശക്‌തമായിരുന്നു മുന്‍കാലങ്ങളില്‍. ഇപ്പോഴും അത്തരം പ്രവണതകള്‍ അവസാനിച്ചിട്ടില്ല എന്നതു ശരിയാണ്‌. എന്നാല്‍ പോലീസ്‌ സേനയാകെ ഇത്തരം പ്രവണതകളുള്ളവരാണ്‌ എന്നു ചിത്രീകരിക്കുന്നത്‌ വസ്‌തുതകള്‍ക്ക്‌ നിരക്കുന്നതല്ല. അഴിമതിയും മൂന്നാംമുറയും പോലെ തെറ്റായ സമീപനങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികളും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി സാധ്യമായ എല്ലാ തിരുത്തല്‍ നടപടികളും മുന്‍പേതൊരു കാലത്തെക്കാളും ശക്‌തമായി ഉണ്ടാകുന്നുണ്ട്‌ എന്നത്‌ കാണാതെ പോകരുത്‌. വരാപ്പുഴ സംഭവത്തില്‍ കൈക്കൊണ്ട നടപടികള്‍ ഉദാഹരണം.
വര്‍ഷം ആറരലക്ഷത്തോളം കേസുകള്‍ രജിസ്‌റ്റര്‍ ചെയ്യുന്ന കേരള പോലീസിന്‌് അതിന്റെ ഭാഗമായി ഏതാണ്ട്‌ അത്രയും എണ്ണം ആളുകളെ കസ്‌റ്റഡിയിലെടുക്കേണ്ടി വരുന്നുണ്ട്‌. പക്ഷേ അവയില്‍ നടപടിക്രമങ്ങള്‍ സംബന്ധിച്ച്‌ പരാതി വരുന്നത്‌ വളരെ കുറച്ച്‌ എണ്ണത്തില്‍ മാത്രമാണ്‌. ശരാശരി 40 പേരാണ്‌ ഒരോ പോലീസ്‌ സ്‌റ്റേഷന്റേയും 24 മണിക്കൂര്‍ ഡ്യൂട്ടിക്കായുള്ള അംഗബലം. ജനസംഖ്യാനുപാതികമായി അവശ്യം വേണ്ടത്ര പോലീസ്‌ സേനാംഗങ്ങള്‍ ഇല്ലെന്നര്‍ഥം. ഇത്‌ പല പരിമിതികളും സൃഷ്‌ടിക്കുന്നുണ്ട്‌. എങ്കിലും ഇവ മറികടന്ന്‌ മികച്ച രീതിയിലുള്ള പ്രവര്‍ത്തനം നടത്താന്‍ ഇക്കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ കേരള പോലീസിന്‌ കഴിഞ്ഞിട്ടുണ്ട്‌. അതുകൊണ്ടാണ്‌ നേരത്തെ വിശദീകരിച്ചതുപോലെ, ക്രമസമാധാനം ഭദ്രമാക്കാനും കേസനേ്വഷണം കാര്യക്ഷമമാക്കാനും കഴിയുന്നത്‌. ഒരു കാര്യം അര്‍ഥശങ്കയ്‌ക്കിടയില്ലാത്തവിധം പറയാം. ജനങ്ങള്‍ക്കൊപ്പമാണ്‌ പോലീസ്‌.

പി.എസ്‌. രാജശേഖരന്‍

( ലേഖകന്‍ തിരുവനന്തപുരം പോലീസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സിലെ ഡെപ്യൂട്ടി ഡയറക്‌ടറാണ്‌ )

Ads by Google
Saturday 21 Jul 2018 02.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW