Wednesday, July 03, 2019 Last Updated 38 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 20 Jul 2018 03.48 PM

പെണ്‍കുട്ടികളുടെ ഭക്ഷണം അമ്മമാരറിയാന്‍

''കൗമാരക്കാരായ പെണ്‍കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ അമ്മമാര്‍ കൂടുതല്‍ കരുതലെടുക്കേണ്ടത് അത്യാവശ്യമാണ്. പെണ്‍മക്കളുടെ ഭക്ഷണകാര്യത്തില്‍ അമ്മമാരറിയേണ്ടതെല്ലാം...''
uploads/news/2018/07/234818/teenagedietCare200718.jpg

പെണ്‍കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും അമ്മമാര്‍ക്ക് വ്യക്തമായ അറിവുണ്ടായിരിക്കണം. പ്രത്യേകിച്ച് ശാരീരികമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങുന്ന കൗമാരകാലത്ത്. ആരോഗ്യവും സൗന്ദര്യവും ഒരുപോലെ നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ സഹായിക്കുന്ന ഭക്ഷണം വേണം മക്കള്‍ക്ക് നല്‍കാന്‍....

ബ്രേക്ക് ഫാസ്റ്റ് നിര്‍ബന്ധം....


വണ്ണം കുറയ്ക്കാനെന്ന അബദ്ധധാരണയിലും രാവിലെ സമയമില്ല എന്ന കാരണം പറഞ്ഞും പല കുട്ടികളും പ്രഭാത ഭക്ഷണം ഒഴിവാക്കുകയാണ് പതിവ്. ഇത് ശരീരത്തിന് ക്ഷീണവും തളര്‍ച്ചയും ഉണ്ടാക്കും. രാവിലെ ഭക്ഷണം ഉപേക്ഷിച്ച് ക്ലാസില്‍ പോയിരുന്നാല്‍ കുട്ടികള്‍ക്ക് പഠനത്തില്‍ ശ്രദ്ധിക്കാന്‍ പോലും കഴിയില്ല. വളരെനേരം ഭക്ഷണം കഴിക്കാതിരുന്നാല്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയാനും സാധ്യതയുണ്ട്.

രാവിലെ തിരക്കുകള്‍ക്കിടയില്‍ അമ്മമാരുണ്ടാക്കുന്ന ഭക്ഷണം പോഷകസമൃദ്ധമല്ലെങ്കില്‍ക്കൂടി അത് കഴിക്കാതിരിക്കരുത്. അതുകൊണ്ട് നിര്‍ബന്ധമായും കുട്ടിയെ ഭക്ഷണം കഴിപ്പിച്ചിരിക്കണം.

പുട്ടിനോടൊപ്പം കടല,പയറ് . ഇഡ്ഡലിക്കും ദോശയ്ക്കുമൊപ്പം സാമ്പാറും ചമ്മന്തിയും ഇവയെല്ലാം രാവിലത്തെ ഭക്ഷണത്തിന് അനുയോജ്യമാണ്. ഇതോടൊപ്പം ഏത്തപ്പഴം പുഴുങ്ങിയതും, മുട്ടയും പാലും എല്ലാം ആരോഗ്യപ്രദംതന്നെ. പ്രോട്ടീനും കാല്‍സ്യവും അയണും എല്ലാം അടങ്ങിയ ഘടകങ്ങളാണിവ.

ഒരേ ഭക്ഷണം മടുപ്പുതന്നെ...


ഈ വീട്ടിലെന്നും പുട്ടും കടലയുമാണ് അല്ലെങ്കില്‍ ഇഡ്ഡലിയും സാമ്പാറുമാണെന്നൊക്കെയാണ് മിക്കവീടുകളിലും കുട്ടികള്‍ക്കുള്ള പരാതി. എന്നും ഒരേ വിഭവങ്ങള്‍തന്നെയായാല്‍ മടുപ്പാകുമെന്നതില്‍ സംശയമില്ല. ദിവസവും വ്യത്യസ്തമായ വിഭവങ്ങള്‍ കുട്ടികള്‍ക്ക് തയാറാക്കിനല്‍കാന്‍ ശ്രദ്ധിക്കണം.

അധികം എണ്ണ ഉപയോഗിക്കുന്നതും കൊഴുപ്പുകൂടുതലുള്ള ആഹാരങ്ങളും പാടെ ഒഴിവാക്കണം. അതുപോലെ പാലുകുടിക്കാന്‍ കുട്ടിക്ക് ഇഷ്ടമല്ലെങ്കില്‍ പാലുപയോഗിച്ച് മറ്റെെന്തങ്കിലും വിഭവങ്ങള്‍ ഉണ്ടാക്കി നല്‍കിയാലും മതി.

ഉച്ചഭക്ഷണം മികച്ചതാവണം...


വ്യത്യസ്തവും പോഷകസമൃദ്ധവുമായ കറികള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പ്രഭാത ഭക്ഷണം തന്നെ ഉച്ചഭക്ഷണമായും കൊടുത്തുവിട്ടാല്‍ കുട്ടികള്‍ ഉച്ചഭക്ഷണം കഴിക്കുന്നതുതന്നെ നിര്‍ത്തുമെന്നതില്‍ സംശയമില്ല.
uploads/news/2018/07/234818/teenagedietCare200718a.jpg

പോഷക സമൃദ്ധമായ കറികള്‍തന്നെവേണം കൊടുത്തുവിടാന്‍. സോയാബീന്‍, പയര്‍, പരിപ്പ്, ഇലക്കറികള്‍, മുട്ട, ഇറച്ചി എന്നിവയില്‍ ധാരാളമായി പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കുട്ടിയുടെ ഇഷ്ടംകൂടി ചോദിച്ചറിഞ്ഞ് ഭക്ഷണം തയാറാക്കുന്നത് കുട്ടികള്‍ക്ക് ഭക്ഷണത്തോടുളള താല്‍പര്യം വര്‍ധിപ്പിക്കും.

വൈകുന്നേരം ബേക്കറി പലഹാരം വേണ്ട


കുട്ടികള്‍ സ്‌കൂളില്‍നിന്നുവരുമ്പോള്‍ എളുപ്പത്തിനുവേണ്ടി ബേക്കറി പലഹാരം വാങ്ങിവയ്ക്കുന്നവരാണ് നമ്മളെല്ലാം. സ്‌കൂളും കോളജും വിട്ട് തളര്‍ന്നെത്തുന്ന കുട്ടിക്ക് ബേക്കറി പലഹാരത്തേക്കാള്‍ ഉത്തമം വീട്ടില്‍തന്നെ തയാറാക്കുന്ന ഭക്ഷണമാണ്. അവല്‍ വിളയിച്ചതും, ഏത്തപ്പഴം പുഴുങ്ങിയതും ശര്‍ക്കരയും തേങ്ങയും വച്ചുള്ള കൊഴുക്കട്ടയും അടയും വൈകുന്നേരത്തെ മെനുവില്‍ ഉള്‍പ്പെടുത്തിയാല്‍ നന്നായിരിക്കും.

രാത്രി ഭക്ഷണം കരുതലോടെ


രാത്രിയില്‍ ചോറ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നാമെല്ലാം. കുട്ടികള്‍ക്ക് ചോറിനൊപ്പം വ്യത്യസ്തമായ കറികള്‍ നല്‍കാം. ചോറ് കഴിക്കാന്‍ ഇഷ്ടമില്ലെങ്കില്‍ ചപ്പാത്തി മതിയാകും. പക്ഷേ ദിവസവും ഇറച്ചിയോ മീനോ മുട്ടയോ പച്ചക്കറിയോ പരിപ്പോ ഒക്കെ മാറി മാറി ഉണ്ടാക്കിക്കൊടുക്കണമെന്നുമാത്രം.

പ്രായത്തിനുചേരും ഭക്ഷണക്രമം


സ്വന്തം ശരീരത്തെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചും കുട്ടികള്‍ ഏറ്റവും ശ്രദ്ധയോടെയിരിക്കുന്ന കാലമാണ് കൗമാരം. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍. സ്വന്തം ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ അത്ഭുതവും ആശങ്കയും അവരുടെയുള്ളില്‍ ജനിപ്പിച്ചേക്കാം. ആര്‍ത്തവമാണ് പ്രധാനമായും പെണ്‍കുട്ടികള്‍ക്ക് സംഭവിക്കുന്ന ശാരീരികമാറ്റം.

ആര്‍ത്തവത്തിന്റെ ആരംഭത്തോടെ പെണ്‍കുട്ടികളുടെ ഭക്ഷണക്രമത്തിലും മാറ്റങ്ങള്‍ വരുത്തിത്തുടങ്ങണം. ഈ സമയത്ത് കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണം വിറ്റാമിനുകളുടെ കലവറയായിരിക്കണം. ആരോഗ്യസംരക്ഷണത്തിന് ശക്തമായ അടിത്തറയിടുന്ന കാലഘട്ടം കൂടിയാണിത്. ആര്‍ത്തവ സമയത്ത് ശരീരത്തില്‍നിന്ന് കൂടുതല്‍ രക്തം നഷ്ടപ്പെടുന്നതുകൊണ്ട് വിളര്‍ച്ച അനുഭവപ്പെടാം.

ശരീരം മെലിഞ്ഞിരിക്കുക, എപ്പോഴുമുള്ള ക്ഷീണം, തളര്‍ച്ച എന്നിവയെല്ലാം ഈ സമയത്ത് കണ്ടുവരുന്നു. അതുകൊണ്ട് ഇരുമ്പിന്റെ അംശം കൂടുതലുള്ള ഭക്ഷണ സാധനങ്ങള്‍ ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കണം. ശര്‍ക്കര, ഈന്തപ്പഴം, ഇലക്കറികള്‍, ചിക്കന്റെയും മറ്റും കരള്‍, ഉണക്കമുന്തിരി ഇവയിലൊക്കെ ധാരാളം അയണ്‍ അടങ്ങിയിട്ടുണ്ട്.

uploads/news/2018/07/234818/teenagedietCare200718b.jpg

സോയാബീന്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ഉത്തമമാണ്. ആര്‍ത്തവ വിരാമ കാലഘട്ടത്തില്‍ സോയാബീന്‍ വിഭവങ്ങള്‍ കഴിക്കുന്നത് ഹോര്‍മോണ്‍ വ്യതിയാനം മൂലം സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. ഇതില്‍ ഇസ്ട്രൊജന്‍ ഹോര്‍മോണ്‍ ധാരാളമായി അടങ്ങിയിരിക്കുന്നു എന്നതാണ് അതിനുള്ള കാരണം.

കാല്‍സ്യം ശരിയായ അളവില്‍ ലഭിക്കാതിരുന്നാല്‍ അത് എല്ലുകളുടേയും പല്ലുകളുടേയും വളര്‍ച്ചയെ ബാധിക്കും. ദിവസവും ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് ശീലമാക്കണം. അതോടൊപ്പം മത്തി, അയല, ചെറിയ മീനുകള്‍, കക്കയിറച്ചി, റാഗി, ഇലക്കറികള്‍ എന്നിവയും കഴിക്കാം. ഇവയിലൊക്കെ ധാരാളമായി കാല്‍സ്യം അടങ്ങിയിട്ടുണ്ട്.

സൗന്ദര്യം കാത്തുസൂക്ഷിക്കാം


പെണ്‍കുട്ടികള്‍ ഏറ്റവും പ്രസരിപ്പോടെയും സൗന്ദര്യത്തോടെയും ഇരിക്കുന്നത് കൗമാരകാലത്താണ്. പ്രകൃതി നല്‍കിയിരിക്കുന്ന സൗന്ദര്യം ഒരിക്കലും നഷ്ടപ്പെടുത്താതെ കൃത്യമായി പരിപാലിക്കാന്‍ അമ്മാര്‍ക്ക് അവരെ സഹായിക്കാം. ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.

അതോടൊപ്പം പപ്പായ, സപ്പോട്ട, ക്യാരറ്റ്, മാങ്ങ, കോഡ്ലിവര്‍ ഓയില്‍ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇവയെല്ലാം ശരീരത്തിന് വൈറ്റമിന്‍ എയും സിയും നല്‍കും. ചുണ്ടുകള്‍ക്ക് നല്ല നിറം ലഭിക്കാനും നഖത്തിന്റെ ആരോഗ്യത്തിനും ഇവ സഹായിക്കുന്നു.

ഷെറിങ് പവിത്രന്‍

Ads by Google
Friday 20 Jul 2018 03.48 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW