Tuesday, November 06, 2018 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 20 Jul 2018 03.06 PM

ശ്രുതിപോലെ സുന്ദരം

''നൃത്തവും സ്‌പോര്‍ട്‌സും ഒരുപോലെ വഴങ്ങും ശ്രുതി രാമചന്ദ്രന്. അഭിനയമികവുകൊണ്ട് മലയാളത്തിലെ മുന്‍നിര നായികയായി മാറിയ ശ്രുതിയുടെ ആരോഗ്യ വിശേഷങ്ങള്‍...''
uploads/news/2018/07/234813/starhelthshrithi200718a.jpg

ചങ്ക് പറിച്ചു കൊടുത്ത് സ്‌നേഹിച്ച കാമുകനെ ഒഴിവാക്കി മറ്റൊരാളെ വിവാഹം കഴിച്ച കാമുകി. അവളേക്കാള്‍ പഠിപ്പും ജോലിയും സൗന്ദര്യവുമുള്ള പെണ്‍കുട്ടിയെ പ്രണയിച്ച് പകരം വീട്ടിയ കാമുകന്‍.

തന്നെ തോല്‍പ്പിക്കാന്‍ കാമുകന്‍ സ്വന്തമാക്കിയ പെണ്‍കുട്ടിയെ നേരില്‍ കാണാന്‍ പോയ കാമുകിക്ക് പക്ഷേ, അവരുടെ സന്തോഷകരമായ ജീവിതം കണ്ട് നിരാശയോടെ അതിലേറെ അസൂയയോടെ മടങ്ങേണ്ടിവന്നു.

ജിസ് ജോയി സംവിധാനം ചെയ്ത 'സണ്‍ഡേ ഹോളിഡേ' എന്ന ചിത്രത്തിന്റെ ഈ ക്ലൈമാക്‌സ് രംഗം ഹര്‍ഷാരവത്തില്‍ അലിയുമ്പോള്‍ ശ്രുതി രാമചന്ദ്രന്റെ അഭിനയമികവിനുള്ള അംഗീകാരം കൂടിയായിരുന്നു അത്. കാമുകനെ വഞ്ചിച്ച കാമുകിയായി വേഷമിട്ട ശ്രുതിക്ക് 'തേപ്പുകാരി' എന്ന വിളിപ്പേരും ഈ ചിത്രത്തിലൂടെ ചാര്‍ത്തിക്കിട്ടി.

''ഇപ്പോഴും പുറത്തൊക്കെ പോകുമ്പോള്‍ ആളുകള്‍ ''ദേ തേപ്പ് വരുന്നു...'' എന്നു വിളിച്ചുപറയാറുണ്ട്. ആദ്യമൊക്കെ അല്‍പം വിഷമമുണ്ടായിരുന്നു. ഇപ്പോള്‍ സന്തോഷം തോന്നുന്നു. സിത്താര എന്ന കഥാപാത്രം അത്രയേറെ ശ്രദ്ധിക്കപ്പെട്ടല്ലോ.''

സിനിമയിലെ കഥാപാത്രം കാമുകനെ വഞ്ചിച്ചെങ്കിലും ജീവിതത്തില്‍ ശ്രുതി പ്രണയിച്ചയാളെത്തന്നെ സ്വന്തമാക്കി. 11 വര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ശ്രുതിയുടെയും ഫ്രാന്‍സിസിന്റെയും വിവാഹം.

തേപ്പുകാരിയല്ല


തേപ്പുകാരിയെന്നുള്ള വിളി സണ്‍ഡേ ഹോളിഡേ റിലീസായപ്പോള്‍ മുതല്‍ കിട്ടിയതാണ്. അതിനു മുന്‍പ് 'പ്രേതം' എന്ന ചിത്രം റിലീസായ സമയത്ത് കുട്ടികള്‍ക്ക് എന്നെ കാണുന്നത് പേടിയായിരുന്നു. പ്രേതത്തിലും സണ്‍ഡേ ഹോളിഡേയിലുമാണ് എനിക്ക് ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങള്‍ ലഭിച്ചത്.

സണ്‍ഡേ ഹോളിഡേ ആദ്യഷോ തീയറ്ററില്‍ പോയി കണ്ടു. അവസാനത്തെ സീന്‍ എത്തിയപ്പോള്‍ പെട്ടെന്ന് ആളുകള്‍ കയ്യടിക്കാനും കമന്റുകള്‍ പറയാനും തുടങ്ങി. അങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല. സിനിമ കണ്ടു പുറത്തിറങ്ങിയപ്പോള്‍ ദേ തേപ്പ് വരുന്നു എന്നൊക്കെ കമന്റുകള്‍ വന്നു.

uploads/news/2018/07/234813/starhelthshrithi200718.jpg

ആദ്യം കുറച്ചുനാള്‍ ആളുകള്‍ ഓരോന്ന് പറയുമ്പോള്‍ സങ്കടം തോന്നുമായിരുന്നു. ട്രോളുകളൊക്കെ കാണുമ്പോള്‍ ചെറിയ വിഷമമുണ്ടായിരുന്നു. പിന്നീടത് കഥാപാത്രത്തിന്റെ വിജയമായി കണ്ടു. പക്ഷേ ഇപ്പോള്‍ സന്തോഷമുണ്ട്.

സമൂഹമാധ്യമങ്ങളില്‍ അത്ര ആക്ടീവ് ആയിരുന്നില്ല. ഇപ്പോഴാണ് കുറച്ചുകൂടി ആക്ടീവായത്. അങ്ങനെ ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും ഒരുപാട് പോസിറ്റീവും നെഗറ്റീവും മെസേജുകള്‍ വന്നിരുന്നു.

'ഞാന്‍' എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. അതിനുശേഷം പഠിക്കാന്‍ പോയി. സിനിമയില്‍ വരുമെന്നു ഒട്ടും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. പിന്നീടാണ് 'പ്രേത'ത്തിലേക്ക് കാസ്റ്റ് ചെയ്യുന്നത്. കഥ കേട്ട് ഇഷ്ടപ്പെട്ടാല്‍ ചെയ്യൂ എന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. ഹൊററും ത്രില്ലറും എനിക്ക് ഇഷ്ടപ്പെട്ട ജോണറാണ്. പ്രേതത്തിന്റെ ഡബ്ബിങ് കഴിഞ്ഞിട്ടാണ് സിനിമ അല്‍പം കൂടി ഗൗരവമായി കാണാന്‍ തുടങ്ങിയത്.

ഫ്രാന്‍സിസിന്റെ പിന്തുണ


ഭര്‍ത്താവ് ഫ്രാന്‍സിസാണ് എന്റെ ഏറ്റവും വലിയ പിന്തുണ. സിനിമയില്‍ തുടരാമെന്നത് ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചെടുത്ത തീരുമാനമാണ്. 'പ്രേതം' കണ്ടതിനു ശേഷം എന്നെ സപ്പോര്‍ട്ട് ചെയ്തത് ഫ്രാന്‍സിസാണ്. അതുവരെ സിനിമയില്‍ തുടരുന്നതിനെക്കുറിച്ച് എനിക്ക് തീരുമാനം ഒന്നുമുണ്ടായിരുന്നില്ല.

'പ്രേതം' കണ്ടതിനു ശേഷമാണ് സിനിമയില്‍ തുടരുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ ഫ്രാന്‍സിസ് പറയുന്നത്. ജോലി ഉണ്ടായിരുന്നതുകൊണ്ട് സിനിമ അത്ര ഗൗരവമായി കണ്ടിരുന്നില്ല .

ഫ്രാന്‍സിസാണ് ഈ മേഖലയില്‍ തുടരാന്‍ ധൈര്യം നല്‍കിയത്. പ്രേതം സിനിമ ചെയ്തതിനു ശേഷമായിരുന്നു ഞങ്ങളുടെ വിവാഹം. ഫ്രാന്‍സിസ് മുംബൈയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഷൂട്ടിന്റെ സമയത്തും നന്നായി സപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ കൊച്ചിയിലുണ്ട്.

എന്റെ വീട്ടില്‍ അച്ഛന്‍, അമ്മ, അനിയത്തി കാവ്യ എല്ലാവരും വളരെയധികം പിന്തുണയ്ക്കാറുണ്ട്. പക്ഷേ ഫ്രാന്‍സിസിന്റെ സപ്പോര്‍ട്ടാണ് കൂടുതല്‍ പ്രചോദനം. വിവാഹത്തിനു ശേഷം ജീവിത പങ്കാളിയുടെ പിന്തുണയല്ലേ ഏറ്റവും പ്രധാനം. അതു ലഭിക്കുന്നുണ്ട്. ഫ്രാന്‍സിസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഞാന്‍ സംസാരിക്കുന്നത് അമ്മൂമ്മയോടാണ്.

അമ്മൂമ്മ നല്ല സുഹൃത്ത്


എല്ലാ കാര്യങ്ങളും ഞാന്‍ പങ്കുവയ്ക്കുന്നത് അമ്മൂമ്മയോടാണ്. വളരെ കൗതുകത്തോടെ എല്ലാം കേള്‍ക്കുന്നയാളാണ് അമ്മൂമ്മ. പക്ഷേ എത്ര അത്ഭുതം തോന്നിയാലും അതു പെട്ടെന്നു പ്രകടിപ്പിക്കാറില്ല. എന്നെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ആദ്യം അറിയുന്നത് അമ്മൂമ്മയാണ്. അമ്മൂമ്മ ഫെയ്‌സ്ബുക്കില്‍ വളരെ ആക്ടീവാണ്.

ആദ്യത്തെ ഫെയ്‌സ്ബുക്ക് ലൈവ് അടുത്തിടെയാണ് ഞാന്‍ ചെയ്തത്. എനിക്കു മുന്‍പേ അമ്മൂമ്മ എഫ്ബിയില്‍ ആക്ടീവാണ്. സിനിമ റിലീസായാല്‍ കാണാന്‍ ഏറ്റവും കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കാറുള്ളതും അമ്മൂമ്മയാണ്. അമ്മൂമ്മയുടെ ഉത്സാഹം കാണുമ്പോള്‍ വളരെ സന്തോഷം തോന്നും.

ഈ പ്രായത്തിലും അമ്മൂമ്മയ്ക്ക് സിനിമയോടുള്ള ഇഷ്ടം എന്നെ സ്വാധീനിക്കാറുണ്ട്. അപ്പൂപ്പന്‍ ചലച്ചിത്രരംഗത്ത് പബ്ലിസിറ്റി ആര്‍ട്ടിസ്റ്റായി കുറച്ചു കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. അപ്പൂപ്പന്‍ ഇപ്പോള്‍ ഇല്ല. പണ്ട് സിനിമയുടെ പോസ്റ്ററുകള്‍ കൈകൊണ്ടായിരുന്നല്ലോ വരച്ചു തയാറാക്കിയിരുന്നത്. ചെമ്മീന്റെ പോസ്റ്റര്‍ അപ്പൂപ്പന്‍ ചെയ്തിട്ടുണ്ട്.

അപ്പൂപ്പന്‍ ഈ മേഖലയില്‍ ആയിരുന്നതു കൊണ്ടാകും അമ്മൂമ്മയ്ക്ക് സിനിമയോട് ഇത്ര ഇഷ്ടം. 'ഞാന്‍' സിനിമയുടെ സെറ്റില്‍ എനിക്കൊപ്പം വന്നത് അമ്മൂമ്മയാണ്. ആദ്യമായിട്ടാണ് സെറ്റില്‍ വരുന്നത്. പക്ഷേ അമ്മൂമ്മയ്ക്ക് പരിചയക്കുറവ് ഉണ്ടായതായി എനിക്ക് തോന്നിയില്ല. ചിലപ്പോള്‍ അപ്പൂപ്പന്‍ പറഞ്ഞു കേട്ടുള്ള അറിവുണ്ടായിരിക്കും.

ഏതുവിഷയത്തെക്കുറിച്ചും അമ്മൂമ്മയോട് സംസാരിക്കാനുള്ള സ്വാതന്ത്ര്യവും അടുപ്പവുമുണ്ട്. അച്ഛന്‍, അമ്മ, അമ്മൂമ്മ, അനിയത്തി കാവ്യ, ഫ്രാന്‍സിസ് ഇവരുടെ പിന്തുണയാണ് എന്റെ ശക്തി. അമ്മൂമ്മയ്ക്ക് സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളൊക്കെ കേള്‍ക്കാന്‍ താല്‍പര്യമാണ്. മറ്റുള്ളവര്‍ തിരക്കാണെങ്കിലും അമ്മൂമ്മയ്ക്ക് ഞാന്‍ പറയുന്നതൊക്കെ കേള്‍ക്കാന്‍ സമയമുണ്ടാകും. സിനിമ, യാത്രകള്‍, പാചകം അങ്ങനെ പല വിഷയങ്ങളും ഞങ്ങള്‍ സംസാരിക്കും.

uploads/news/2018/07/234813/starhelthshrithi200718b.jpg

നന്നായി ഭക്ഷണം കഴിക്കും


പാചകം ചെയ്യാന്‍ ഇഷ്ടമാണ്. ഡയറ്റിലാണെങ്കിലും പുതിയ പരീക്ഷണങ്ങള്‍ ചെയ്യാന്‍ താല്‍പര്യമാണ്. ചില ചേരുവകള്‍ ഡയറ്റിന്റെ ഭാഗമായി ഒഴിവാക്കേണ്ടി വന്നാല്‍ മറ്റു ചേരുവകള്‍ ചേര്‍ത്ത് പരീക്ഷിച്ചു നോക്കും. ഭക്ഷണം കഴിച്ച് അഭിപ്രായം പറയുന്നത് ഫ്രാന്‍സിസാണ്.

ഫ്രാന്‍സിസിനു ഭക്ഷണം കഴിക്കാന്‍ ഇഷ്ടമാണ്. എനിക്ക് ഭക്ഷണം തയാറാക്കി കൊടുത്ത് കഴിപ്പിക്കുന്നതാണ് തൃപ്തി. ഫ്രാന്‍സിസിനു കുക്ക് ചെയ്യാന്‍ താല്‍പര്യമാണെങ്കിലും എനിക്ക് അല്‍പം ഒസിഡി ഉണ്ട്. വേറെ ആരും അടുക്കളയില്‍ സഹായിക്കുന്നത് അത്ര താല്‍പര്യമില്ല. ഫ്രാന്‍സിസ് നന്നായി കുക്ക് ചെയ്യും.

ഏഴു വര്‍ഷം മുംബൈയില്‍ തനിച്ചായിരുന്നു താമസിച്ചത്. ആ സമയത്ത് തനിയെ കുക്ക് ചെയ്തിരുന്നു. ഫ്രാന്‍സിസ് കുക്കിങില്‍ സഹായിക്കാറുണ്ട്. പക്ഷേ എനിക്ക് എന്റേതായ രീതികെളാക്കെയുണ്ട്. ഫ്രാന്‍സിസ് ഒരു കത്തിയെടുത്താല്‍ പോലും അങ്ങനെയല്ല കത്തി പിടിക്കേണ്ടത് എന്നൊക്കെ ഞാന്‍ പറയും.

ഞാന്‍ ചെയ്യുന്നതാണ് ശരിയെന്ന് ഒരു അഭിപ്രായമുണ്ട്. ഭക്ഷണം തയാറാക്കുന്നതു പോലെ നന്നായി ഭക്ഷണം കഴിക്കാറുമുണ്ട്. ഭക്ഷണത്തില്‍ നിയന്ത്രണങ്ങളൊക്കെ വരുത്താന്‍ ശ്രമിക്കും, പക്ഷേ അതു പാലിക്കാന്‍ അല്‍പം ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ജിമ്മില്‍ പോകുന്നത്. ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണ് ജിമ്മില്‍ പോകുന്നതെന്നു പറഞ്ഞാലും തെറ്റില്ല. എല്ലാ ഭക്ഷണങ്ങളും കഴിച്ചു നോക്കാന്‍ താല്‍പര്യമാണ്.

പുതിയ ഡിഷസൊക്കെ ശ്രമിക്കാറുണ്ട്. സ്വീറ്റ്‌സ്, ചോക്കലേറ്റ്‌സ്, കേക്ക് ഒക്കെ ഒരുപാട് ഇഷ്ടമാണ്. നന്നായി വെള്ളം കുടിക്കാറുണ്ട്. ചോറ് കഴിക്കാറില്ല. മറ്റു ഭക്ഷണങ്ങളെല്ലാം കഴിക്കും.

ചിക്കനും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. ചോറ് കഴിക്കാന്‍ ഇഷ്ടാണ് . പക്ഷേ കഴിക്കാറില്ല. സ്വീറ്റ്‌സ് മാത്രം കഴിക്കണമെന്നു തോന്നുമ്പോള്‍ അല്‍പം കഴിക്കും. ഭക്ഷണം കുറച്ചധികം കഴിച്ചാല്‍ നന്നായി വര്‍ക്കൗട്ട് ചെയും. ഡാന്‍സും സ്വിമ്മിങും ചെയ്ത് ശരീരഭാരം നിയന്ത്രിക്കാറുണ്ട്.

ഒരുമണിക്കൂര്‍ വര്‍ക്കൗട്ട്


ജിമ്മില്‍ പൊതുവേ രാവിലെയാണ് പോകാറുള്ളത്. ഒരു മണിക്കൂര്‍ അല്ലെങ്കില്‍ ഒന്നര മണിക്കൂര്‍ ചെലവഴിക്കും. ആഴ്ചയില്‍ ഒരിക്കല്‍ ഡാന്‍സ് ക്ലാസ് ഉണ്ട്. രണ്ടു മണിക്കൂര്‍ ഡാന്‍സ് ക്ലാസില്‍ പോകും. ഷൂട്ടുള്ളപ്പോള്‍ റൂമില്‍ പ്രാക്ടീസ് ചെയ്യും. ഷൂട്ടുണ്ടെങ്കിലും ഡാന്‍സ് ചെയ്യാറുണ്ട്. ഡാന്‍സ് ചെയ്യാനാണ് കുറച്ചുകൂടി ഇഷ്ടം.

വര്‍ക്കൗട്ടിനേക്കാള്‍ എനിക്ക് താല്‍പര്യം ഡാന്‍സാണ്. വര്‍ക്കൗട്ട് ചെയ്യാന്‍ അല്‍പം ബുദ്ധിമുട്ടാണ്. ട്രെയിനര്‍ ഇല്ലാതെ വര്‍ക്കൗട്ട് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. ട്രെയിനര്‍ ജിനീഷ് പട്ടേല്‍ നന്നായി പ്രചോദനം നല്‍കുന്നയാളാണ്. ജിനീഷ് ഇല്ലെങ്കില്‍ വര്‍ക്കൗട്ട് ചെയ്യാനാകില്ല.

അതുകൊണ്ട് ഷൂട്ടുള്ളപ്പോള്‍ വര്‍ക്കൗട്ട് മുടങ്ങിയാലും ഡാന്‍സ് ഒഴിവാക്കാറില്ല. ഡാന്‍സും സ്വിമ്മിങും കൂടുതല്‍ സമയം ചെയ്യും. എന്റെ പ്രൊഫഷന്‍ ആര്‍കിടെക്റ്റാണ്. ഫ്രീലാന്‍ഡ്‌സായി ചെറിയ പ്രോജക്ടുകള്‍ ചെയ്യുന്നുണ്ട്. ഇല്ലെങ്കില്‍ പ്രൊഫഷനുമായുള്ള ബന്ധം പോകും.

ഡാന്‍സും ആര്‍കിടെക്റ്റും സിനിമയുമാണ് ഇപ്പോള്‍ എന്റെ ഇഷ്ടങ്ങള്‍. യാത്രകള്‍ കൂടുതല്‍ പോകാറുണ്ട്. ഹില്‍ സ്‌റ്റേഷനുകളാണ് യാത്രകള്‍ക്ക് പൊതുവേ തിരഞ്ഞെടുക്കാറുള്ളത്. നല്ല ഭക്ഷണം കിട്ടുന്ന സ്ഥലങ്ങളില്‍ യാത്ര പോകും. വനപ്രദേശങ്ങളും ഇഷ്ടമാണ്. പോസിറ്റീവ് എനര്‍ജി കിട്ടുന്ന സ്ഥലങ്ങളാണെങ്കില്‍ സന്തോഷം.

uploads/news/2018/07/234813/starhelthshrithi200718c.jpg

നൃത്തം ഇഷ്ട വിനോദം


ഡാന്‍സ് അഞ്ചു വയസ് മുതല്‍ പഠിക്കാന്‍ തുടങ്ങി. കുട്ടിയായിരിക്കുമ്പോള്‍ തന്നെ ഡാന്‍സിനോട് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അമ്മ പറഞ്ഞറിയാം. അങ്ങനെയാണ് എന്നെ ഡാന്‍സ് പഠിപ്പിക്കാന്‍ വിടുന്നത്. വീട്ടില്‍ അച്ഛനും അമ്മയും ഒരു കാര്യങ്ങള്‍ക്കും നിര്‍ബന്ധിക്കാറില്ല. ഇഷ്ടമുണ്ടെങ്കില്‍ പഠിക്കാന്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ.

ഡാന്‍സ് എനിക്കു താല്‍പര്യമായതുകൊണ്ടാണ് പഠിച്ചത്. സ്‌കൂളിലെ പരിപാടികള്‍ക്ക്് ഡാന്‍സ് ചെയ്തിരുന്നു. അഞ്ചാം ക്ലാസ് വരെ സ്‌പോര്‍ട്‌സിനുണ്ടായിരുന്നു. ബാസ്‌ക്കറ്റ് ബോള്‍ കളിക്കുമായിരുന്നു. ഡാന്‍സ് കളിക്കുന്നതു പോലെയാണ് ഞാന്‍ ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കുന്നതെന്ന് ക്ലാസിലുള്ള കുട്ടി പറഞ്ഞു. അങ്ങനെ സ്‌പോര്‍ട്‌സ് ഉപേക്ഷിച്ചു. വീട്ടില്‍ അച്ഛനും അമ്മയ്ക്കും ഡാന്‍സ് ഇഷ്ടമാണ്. പഠിച്ചിട്ടില്ലെങ്കിലും ഡാന്‍സ് ചെയ്യാന്‍ താല്‍പര്യമാണ്.

അമ്മ കുഞ്ഞായിരുന്നപ്പോള്‍ നല്ല വികൃതിയായിരുന്നു. അമ്മയെ ചെറിയ പ്രായത്തില്‍ ഡാന്‍സ് പഠിപ്പിക്കാന്‍ ഒരു ടീച്ചര്‍ വരുമായിരുന്നു. അമ്മയുടെ ഉഴപ്പ് കാരണം ടീച്ചര്‍ പിന്നെ ആ വഴിക്ക് വന്നിട്ടില്ല. അതാണ് അമ്മയ്ക്കുള്ള അനുഭവം. അമ്മ ഡാന്‍സ് നന്നായി ആസ്വദിക്കാറുണ്ട്.

എനിക്ക് പാട്ട് ഒട്ടും അറിയില്ല. അനിയത്തി കാവ്യ നന്നായി പാട്ട് പാടും. അവള്‍ക്ക് ഡാന്‍സിനേക്കാള്‍ താല്‍പര്യം പാട്ടിനോടാണ്. എനിക്ക് ഡാന്‍സും കാവ്യയ്ക്ക് പാട്ടുമാണ് ഇഷ്ടം. കാവ്യ ടീച്ചറാണ്. കാവ്യ വളരെ നന്നായി സപ്പോര്‍ട്ട് ചെയ്യാറുണ്ട്.

തയാറാക്കിയത്:
നീതു സാറാ ഫിലിപ്പ്

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW