Thursday, September 13, 2018 Last Updated 3 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 20 Jul 2018 01.00 AM

റേഷന്‍വിഹിതം: സര്‍ക്കാരും പ്രതിപക്ഷവും ശ്രമിച്ചതു കണ്ണില്‍ പൊടിയിടാന്‍

uploads/news/2018/07/234724/3.jpg

റേഷന്‍വിഹിതം പുനഃസ്‌ഥാപിക്കല്‍ അടക്കമുള്ള ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിന്റെ പേരില്‍ സര്‍ക്കാരും പ്രതിപക്ഷവും പ്രധാനമന്ത്രിയെ കണ്ടതു പുകമറസൃഷ്‌ടിക്കാനെന്നു വ്യക്‌തം.
അനര്‍ഹരുടെ കൈകളിലേക്കു റേഷന്‍ പോകുന്നത്‌ തടയാനായി ഭക്ഷ്യമന്ത്രിയായിരുന്ന കെ.വി. തോമസ്‌ കൊണ്ടുവന്ന ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതില്‍ യു.ഡി.എഫ്‌. സര്‍ക്കാരും എല്‍.ഡി.എഫ്‌. സര്‍ക്കാരും വീഴ്‌ചവരുത്തി. ഇതാണ്‌ വിഹിതം വെട്ടിക്കുറയ്‌ക്കാന്‍ ഇടയാക്കിയതെന്നു പലവട്ടം മംഗളം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.
ഈ വിഷത്തില്‍ നേരത്തേ രണ്ടുതവണ പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ചോദിച്ചെങ്കിലും വകുപ്പുമന്ത്രിയെ കാണാനായിരുന്നു സംസ്‌ഥാനത്തിനു കിട്ടിയ നിര്‍ദേശം. ഇതു വലിയ പ്രതിഷേധത്തിന്‌ ഇടയാക്കി. ഒടുവില്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ തന്നെ കൂടിക്കാഴ്‌ചയ്‌ക്കു സമയം നല്‍കുകയായിരുന്നു.
ഭക്ഷ്യഭദ്രതാ നിയമം അനുസരിച്ചേ വിഹിതം നല്‍കാനാകൂ എന്നാണ്‌ പ്രധാനമന്ത്രി സര്‍വകക്ഷിസംഘത്തെ അറിയിച്ചത്‌. നിയമമുണ്ടാക്കിയപ്പോള്‍ പ്രത്യേകപരിഗണന നല്‍കണമെന്ന നിര്‍ദേശം കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ വിഹിതം വെട്ടിക്കുറയ്‌ക്കാന്‍ കേന്ദ്രത്തിനു സാധിക്കില്ലായിരുന്നു. മുന്‍ഗണനാപ്പട്ടിക നല്‍കാന്‍ പലവട്ടം സമയം നീട്ടി നല്‍കിയിരുന്നു.
സംസ്‌ഥാനത്തിന്‌ ലഭിച്ചിരുന്ന ഭക്ഷ്യധാന്യ അളവ്‌ 16 ലക്ഷം ടണ്ണില്‍നിന്ന്‌ 14.25 ലക്ഷം ടണ്ണായി കുറച്ചിരുന്നു. മുന്‍പുണ്ടായിരുന്ന വിഹിതം പര്യാപ്‌തമായിരുന്നു. ഇതരസംസ്‌ഥാന തൊഴിലാളികളെ കൂടി പൊതുവിതരണ സംവിധാനത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും സംസ്‌ഥാന സര്‍ക്കാര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു. സ്വന്തം സംസ്‌ഥാനത്ത്‌ റേഷന്‍കാര്‍ഡുള്ള ഇവര്‍ അവിടെനിന്നും റേഷന്‍ വാങ്ങുന്ന സ്‌ഥിതിക്ക്‌ ഇവിടെയും റേഷന്‍ അനുവദിക്കാനാവില്ലെന്നാണ്‌ കേന്ദ്ര നിലപാട്‌. മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാത്തവര്‍ക്ക്‌ മാസം അഞ്ചു കിലോ വീതം ഭക്ഷ്യധാന്യം പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുന്നതിന്‌ വര്‍ഷം 7.23 ലക്ഷം ടണ്‍ കൂടുതലായി അനുവദിക്കണം. മുന്‍ഗണനാവിഭാഗത്തില്‍ വരാത്തവര്‍ക്ക്‌ ഭക്ഷ്യധാന്യം നല്‍കാന്‍ പ്രതിവര്‍ഷം 11.22 ലക്ഷം ടണ്‍ വേണം. ഇപ്പോള്‍ ലഭിക്കുന്നത്‌ 3.99 ലക്ഷം ടണ്‍ മാത്രമാണ്‌.
2013 -ല്‍ നിലവില്‍ വന്ന ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയപ്പോള്‍ കേരളത്തിന്റെ വിഹിതം ഗണ്യമായി കുറഞ്ഞു. ഈ നിയമം സംസ്‌ഥാനത്തെ ഏറെ ദോഷകരമായി ബാധിച്ചു. റേഷന്‍ വാങ്ങുന്ന 45 ലക്ഷം കുടുംബങ്ങള്‍ മുന്‍ഗണനാവിഭാഗത്തിന്‌ പുറത്താണ്‌. അവര്‍ക്ക്‌ വിതരണം ചെയ്യാന്‍ 33,384 ടണ്‍ ഭക്ഷ്യധാന്യം മാത്രമാണ്‌ ലഭിക്കുന്നത്‌.
നിയമരൂപീകരണ സമയത്ത്‌ മലയാളികൂടിയായ ഭഷ്യമന്ത്രി കേന്ദ്രത്തിലുണ്ടായിട്ടും ഈ സ്‌ഥിതി കൂടി പരിഗണിക്കാതിരുന്നതാണ്‌ ഇന്നത്തെ സ്‌ഥിതിക്കു കാരണം. ഇതു മറച്ചുവച്ചാണ്‌ പ്രതിപക്ഷവും സര്‍ക്കാരും പ്രധാനമന്ത്രിയെ കാണാന്‍ പോയത്‌.

ജി.അരുണ്‍

Ads by Google
Friday 20 Jul 2018 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW