Saturday, July 20, 2019 Last Updated 16 Min 29 Sec ago English Edition
Todays E paper
Ads by Google
സാമാജികന്‍ സാക്ഷി / ഡോ.എന്‍. ജയരാജ്‌
Friday 20 Jul 2018 12.59 AM

മഴയല്ല വില്ലന്‍, മനുഷ്യന്‍തന്നെ

മഴക്കാലത്തു കേരളത്തിലെ റോഡുകളുടെ അവസ്‌ഥ ദയനീയമാണ്‌. അടുത്തിടെ പൂര്‍ത്തീകരിച്ച ഒരു റോഡിലൂടെ കടന്നുപോയപ്പോള്‍ അരയൊപ്പം വെള്ളം! ഇരുവശത്തും പടുകൂറ്റന്‍ മതിലുകള്‍. മഴവെള്ളം എങ്ങോട്ടൊഴുകിപ്പോകാന്‍? നമ്മുടെ നാട്ടിലെ ഭൂരിപക്ഷം റോഡുകള്‍ക്കും ഓടയില്ലെന്നതും ഇതിന്റെ ബാക്കിപത്രമാണ്‌. വെള്ളം ഇറങ്ങിക്കഴിയുമ്പോള്‍, തോടായിരുന്ന റോഡ്‌ കുളമായിരിക്കും.
uploads/news/2018/07/234723/2.jpg

തീരാദുരിതങ്ങള്‍ സമ്മാനിച്ചു കാലവര്‍ഷം തിമിര്‍ത്തു പെയ്യുകയാണ്‌. പഴിക്കേണ്ടതു മഴയേയല്ല, നമ്മള്‍ മനുഷ്യരെത്തന്നെയാണ്‌. പ്രകൃതി സന്തുലനം വകവയ്‌ക്കാതെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണു മഴക്കാലദുരന്തങ്ങള്‍ക്ക്‌ ആക്കം കൂട്ടുന്നത്‌.
അരനൂറ്റാണ്ട്‌ മുമ്പത്തെ അവസ്‌ഥയല്ല ഇന്നു നമ്മുടെ നദികളുടേത്‌. കൈത്തോടുകളും പുഴയുടെ കൈവഴികളുമൊക്കെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്‍മറയുകയോ ശോഷിക്കുകയോ ചെയ്‌തു. പാടങ്ങള്‍ നികത്തിയതും ഈയവസ്‌ഥയ്‌ക്ക്‌ ഒരു സുപ്രധാനകാരണമാണ്‌. പ്രകൃതിയെ വകവയ്‌ക്കാതെ എന്തൊക്കെ വികസനം കൊണ്ടുവന്നാലും ദിവസങ്ങള്‍ നീളുന്ന ഒരു മഴ മതി എല്ലാം ഇല്ലാതാക്കാന്‍ എന്നതു വലിയൊരു പാഠമാകേണ്ടതാണ്‌. ഇനിയെങ്കിലും വികസന-നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുഭവങ്ങളുടെ വെളിച്ചത്തിലായാല്‍ കൂടുതല്‍ ദുരന്തങ്ങള്‍ ഒഴിവാക്കാം.

മഴക്കാലത്തു കേരളത്തിലെ റോഡുകളുടെ അവസ്‌ഥ ദയനീയമാണ്‌. അടുത്തിടെ പൂര്‍ത്തീകരിച്ച ഒരു റോഡിലൂടെ കടന്നുപോയപ്പോള്‍ അരയൊപ്പം വെള്ളം! ഇരുവശത്തും പടുകൂറ്റന്‍ മതിലുകള്‍. മഴവെള്ളം എങ്ങോട്ടൊഴുകിപ്പോകാന്‍? നമ്മുടെ നാട്ടിലെ ഭൂരിപക്ഷം റോഡുകള്‍ക്കും ഓടയില്ലെന്നതും ഇതിന്റെ ബാക്കിപത്രമാണ്‌. വെള്ളം ഇറങ്ങിക്കഴിയുമ്പോള്‍, തോടായിരുന്ന റോഡ്‌ കുളമായിരിക്കും. വെള്ളം ഒഴുകിപ്പോകാനുള്ള സാധ്യതകള്‍ അടച്ചുവച്ച്‌ സ്വന്തം പുരയിടം സംരക്ഷിക്കുന്ന മലയാളിയുടെ മനോഭാവം മഴക്കാലക്കെടുതികള്‍ക്കു പ്രധാനകാരണമാണ്‌. വെള്ളക്കെട്ടിന്റെ പടം ഫെയ്‌സ്‌ബുക്കില്‍ ഇട്ടാല്‍ തീരുന്നതല്ലല്ലോ പ്രശ്‌നം. സാധാരണ ലോറിക്കു പകരം 60 ടണ്ണിനുമേല്‍ ഭാരമുള്ള ടോറസുകള്‍ നാട്ടിന്‍പുറങ്ങളിലൂടെ പാഞ്ഞപ്പോള്‍ 20 എം.എം. കനമുള്ള റോഡുകള്‍ താറുമാറായി.

മഴ കഴിഞ്ഞാലുടന്‍ റോഡ്‌ അറ്റകുറ്റപ്പണികള്‍ ആരംഭിക്കണം. അപ്പോള്‍ കാത്തിരിക്കുന്നതു മറ്റൊരു പ്രശ്‌നമാണ്‌. നിര്‍മാണസാമഗ്രികളുടെ ലഭ്യതക്കുറവുമൂലം കരാറുകാര്‍ പിന്‍വാങ്ങുന്നു. എന്റെ നിയോജകമണ്ഡലമായ കാഞ്ഞിരപ്പള്ളിയിലെ പൊതുമരാമത്ത്‌ റോഡ്‌ നിര്‍മാണത്തിനു മെറ്റല്‍ ലഭിക്കാതെവന്നപ്പോള്‍ ഒരു വന്‍കിട പാറമടയുമായി ബന്ധപ്പെട്ടു. സര്‍ക്കാര്‍ കാര്യമല്ലേ, നടക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ലോറിയുമായി ചെന്ന കരാറുകാരനു ലഭിച്ചതു മര്‍ദനമാണ്‌. ചെറുകിട പാറമടകള്‍ നിലവിലുണ്ടായിരുന്നപ്പോള്‍ ഒരു പൊതുകാര്യത്തിനു ജനപ്രതിനിധി ആവശ്യപ്പെട്ടാല്‍ ഇതായിരുന്നില്ല അവസ്‌ഥ.

അടിസ്‌ഥാന നിര്‍മാണസാമഗ്രിയായ കരിങ്കല്ലിന്റെ ആവശ്യകത വര്‍ധിക്കാന്‍ പല കാരണങ്ങളുണ്ട്‌. വീടുകളും കെട്ടിടങ്ങളും മാത്രമല്ല, നാട്ടുമണ്‍വഴികളും കോണ്‍ക്രീറ്റായി. മണല്‍വാരല്‍ നിരോധിക്കുകയും ചെയ്‌തതോടെ എം.സാന്റ്‌ ഉള്‍പ്പെടെയുള്ള വസ്‌തുക്കളുടെ ആവശ്യകത വര്‍ധിച്ചു. രാജ്യത്തെ ഖനനമേഖലയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട നിയമങ്ങള്‍ 1957-ലെ കേന്ദ്ര മൈന്‍സ്‌ ആന്‍ഡ്‌ മിനറല്‍സ്‌ ഡെവലപ്‌മെന്റ്‌ ആന്‍ഡ്‌ റഗുലേഷന്‍ ആക്‌ടും 1958-ലെ മൈന്‍സ്‌ ആക്‌ടുമാണ്‌. 1988-ലെ മിനറല്‍ കണ്‍സര്‍വേഷന്‍ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌നിയമം അടിസ്‌ഥാനമാക്കിയാണു ശാസ്‌ത്രീയഖനനത്തിനും പരിസ്‌ഥിതി സംരക്ഷണത്തിനുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നിലവില്‍വന്നത്‌. ഒരുവര്‍ഷത്തേക്കു നല്‍കുന്ന ഹ്രസ്വകാല അനുമതികളും 12 വര്‍ഷത്തെ ദീര്‍ഘകാലപ്പാട്ടങ്ങളുമാണു കേരളത്തിലെ പ്രധാന ഖനനാനുമതികള്‍.

കേരളത്തിന്റെ ഭൂപ്രകൃതിയും ഭൂപരിഷ്‌കരണനിയമത്തിന്റെ പരിമിതിയും പരിഗണിച്ച്‌, 1974-ല്‍, ഒരുവര്‍ഷം കാലാവധി കഴിഞ്ഞ്‌ പ്രവര്‍ത്തനം തുടരുന്നവര്‍ പാട്ടംകൊള്ളണമെന്ന നിബന്ധനയ്‌ക്ക്‌ ഇളവു നല്‍കി. കര്‍ശനപരിശോധനയുടെ അടിസ്‌ഥാനത്തില്‍, പെര്‍മിറ്റ്‌ തീരുന്ന മുറയ്‌ക്ക്‌ പുതുക്കിനല്‍കാന്‍ തീരുമാനിച്ചു. നാലു പതിറ്റാണ്ടായി ഇപ്രകാരമാണു കേരളത്തിലെ 90% ചെറുകിട പാറമടകള്‍ പ്രവര്‍ത്തിച്ചിരുന്നത്‌. പ്രാദേശികമായും പരമ്പരാഗതമായും ലഭിച്ച സ്‌ഥലങ്ങളിലാണ്‌ ഇവ പ്രവര്‍ത്തിച്ചിരുന്നത്‌. അതുകൊണ്ടുതന്നെ വന്‍പരിസ്‌ഥിതി ആഘാതങ്ങള്‍ സംഭവിച്ചിരുന്നില്ല. അതുപോലെയല്ല വന്‍കിട പാറമടകള്‍ ഒരുപ്രദേശം കേന്ദ്രീകരിച്ചുണ്ടാക്കുന്ന ആഘാതങ്ങള്‍.

ചെറുകിട പാറമടകളെ ഉന്മൂലനം ചെയ്യുന്ന തരത്തില്‍ അധിനിവേശത്തിന്റെ നിഴല്‍ ഈ മേഖലയില്‍ കടന്നുവന്നു. ഏക്കറുകള്‍ വിലയ്‌ക്കുവാങ്ങി, ആധുനികയന്ത്രങ്ങളുടെ സഹായത്തോടെ ഉഗ്രശേഷിയുള്ള ഡൈനാമിറ്റുകള്‍ ഉപയോഗിച്ച്‌ വന്‍തോതിലുള്ള ഖനനം ആരംഭിച്ചു. 100-50 കുതിരശക്‌തിയില്‍ പ്രവര്‍ത്തിച്ചിരുന്ന നാട്ടിലെ സാധാരണ ക്രഷറുകളുടെ സ്‌ഥാനത്ത്‌ 2000-3000 കുതിരശക്‌തിയുള്ള വമ്പന്‍ യൂണിറ്റുകള്‍ കടന്നുവന്നു. വന്‍മലകള്‍ ഇടിച്ചുനിരത്തി, അഗാധഗര്‍ത്തങ്ങളാക്കി.

ഇവിടങ്ങള്‍ സാധാരണക്കാര്‍ക്ക്‌ എത്തിനോക്കാനാകാത്ത സമാന്തരസാമ്രാജ്യങ്ങളായി. ഈയൊരവസ്‌ഥ ലോകത്തു മറ്റൊരിടത്തും കാണില്ല. അധികാരികള്‍ കണ്ണടയ്‌ക്കുമ്പോള്‍ പ്രകൃതി നല്‍കുന്ന തിരിച്ചടികളാണ്‌ ഓരോ പ്രകൃതിദുരന്തവും. ഒരേക്കറില്‍ താഴെ വിസ്‌തൃതിയുള്ള ചെറുപാറമടകള്‍ ഒട്ടേറെ നിബന്ധനകള്‍ പാലിച്ചാണു നടന്നുവന്നിരുന്നത്‌. അഞ്ചു ഹെക്‌ടറില്‍ കൂടുതലുള്ള ലീസ്‌ ക്വാറികള്‍ക്കു സംസ്‌ഥാന പരിസ്‌ഥിതി ആഘാത വിലയിരുത്തല്‍ അതോറിട്ടിയാണ്‌ അനുമതി നല്‍കുന്നത്‌. അതില്‍ താഴെയുള്ള ഖനനത്തിന്‌ അനുമതി നല്‍കുന്നത്‌ ജില്ലാ കലക്‌ടര്‍ അധ്യക്ഷനായ ജില്ലാ പരിസ്‌ഥിതി ആഘാത വിലയിരുത്തല്‍ അതോറിട്ടിയും. ഇതുകൂടാതെ ജില്ലാതലത്തില്‍ ജലസേചന എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയറുടെ നേതൃത്വത്തില്‍ ജില്ലാ ജിയോളജിസ്‌റ്റ്‌ ഉള്‍പ്പെടെ 11 അംഗങ്ങളുള്ള സമിതിയുണ്ട്‌.

ചെറുകിട പാറമടകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ജില്ലാതല അനുമതികള്‍ക്കായി കാത്തുകിടക്കുന്ന അപേക്ഷകള്‍ ഒട്ടേറെയുണ്ട്‌. എന്നാല്‍ ഇതിന്റെ മറവില്‍ ലാഭം കൊയ്യുന്നതു വന്‍കിട ലോബിയും. സംസ്‌ഥാനത്തു പാരിസ്‌ഥിതികാനുമതിയുള്ള ചെറുപാറമടകളുടെ എണ്ണം തുലോം തുച്‌ഛമാണ്‌. എന്നാല്‍ അനുമതിയുള്ള നൂറോളം വന്‍കിടക്കാര്‍ സൃഷ്‌ടിക്കുന്നത്ര പരിസ്‌ഥിതിപ്രശ്‌നം സംസ്‌ഥാനത്തെ മുഴുവന്‍ ചെറുപാറമട ഉടമകളും ചേര്‍ന്നു വിചാരിച്ചാലും ഉണ്ടാക്കാന്‍ കഴിയില്ല. ചെറുപാറമടകള്‍ കാല്‍നൂറ്റാണ്ടു പ്രവര്‍ത്തിച്ചാലും പരമാവധി പൊട്ടിക്കാന്‍ കഴിയുന്നത്‌ ഒരേക്കറില്‍ താഴെ മാത്രമാണ്‌. "എള്ളുചോരുന്നത്‌ അറിയില്ല; എണ്ണ ചോരുന്നത്‌ അറിയും" എന്നതാണവസ്‌ഥ. 1970-ലെ ഭൂപരിഷ്‌കരണനിയമത്തില്‍നിന്നു തോട്ടങ്ങളെ ഒഴിവാക്കി. വാണിജ്യവിളകളെയും തൊഴിലാളികളെയും സംരക്ഷിക്കാനാണ്‌ ആ ഇളവു നല്‍കിയത്‌. എന്നാല്‍, അത്തരം തോട്ടങ്ങളിലും ഇന്നു വന്‍തോതിലുള്ള ഖനനങ്ങള്‍ നടക്കുന്നു.

തദ്ദേശസ്വയംഭരണം, പൊതുമരാമത്ത്‌, ജലസേചനം, വൈദ്യുതി വകുപ്പുകള്‍ മുഖേനയും സ്വകാര്യനിര്‍മാണമേഖല മുഖേനയും കൈകാര്യം ചെയ്യുന്ന പാറ ഉത്‌പന്നങ്ങളുടെ മൂല്യം 30,000 കോടി രൂപയോളമാണ്‌. നിലവില്‍ ഒരു ചതുരശ്രയടി മെറ്റലിന്റെ വില 35 രൂപയാണ്‌. ഉത്‌പാദനച്ചെലവ്‌ പരമാവധി 10 രൂപയേ വരൂ. ഈ മേഖലയിലെ കൊള്ളലാഭം ഇതില്‍നിന്നു മനസിലാക്കാം. എം. സാന്റ്‌ ഒരു ചതുരശ്രയടിക്കു ശരാശരി 60 രൂപ വിലയുണ്ട്‌. ഉത്‌പാദനച്ചെലവുമായി തട്ടിച്ചുനോക്കിയാല്‍ മൂന്നിരട്ടി ലാഭം. ഈ കൊള്ളയ്‌ക്കും പരിസ്‌ഥിതിനാശത്തിനും പരിഹാരമായി, സര്‍ക്കാര്‍ നേരിട്ടു നിര്‍മാണസാമഗ്രികള്‍ നല്‍കുന്ന കാര്യം പരിഗണിക്കേണ്ടതാണ്‌.

കമ്പോളത്തിലെ കൊള്ളവില ഒഴിവാക്കാനും സര്‍ക്കാര്‍ വികസനപദ്ധതികള്‍ സമയബന്ധിതമായി, കുറഞ്ഞചെലവില്‍ പൂര്‍ത്തിയാക്കാനും ഇതു സഹായിക്കും. ഇതിലൂടെ ലൈഫ്‌ മിഷന്‍ പോലുള്ള പദ്ധതികളില്‍ കൂടുതല്‍ ഗുണഭോക്‌താക്കളെ ഉള്‍പ്പെടുത്താന്‍ കഴിയും. ചെറുകിടപാറമടകളുടെ പാരിസ്‌ഥിതികാനുമതിക്കുള്ള ജില്ലാതല അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കണം. നിര്‍മാണവസ്‌തുക്കളുടെ വില നിയന്ത്രിക്കാനുള്ള സ്‌ഥിരം സംവിധാനം ഏര്‍പ്പെടുത്തണം. സംസ്‌ഥാനവികസനത്തില്‍ നിര്‍മാണസാമഗ്രികളുടെ ലഭ്യത നിര്‍ണായകമാണ്‌. എന്നാല്‍ പരിസ്‌ഥിതി സന്തുലിതകാഴ്‌ചപ്പാടില്ലാതെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു പ്രകൃതിയുടെ തിരിച്ചടിക്കു കാരണമാകും. ഈ മഴക്കാലം നല്‍കുന്ന പാഠമതാണ്‌.

Ads by Google
Ads by Google
Loading...
TRENDING NOW