Wednesday, November 21, 2018 Last Updated 36 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 20 Jul 2018 12.59 AM

പ്രധാനമന്ത്രി അപമാനിച്ചത്‌ കേരളീയരെ

uploads/news/2018/07/234722/1.jpg

കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ തന്നെ സന്ദര്‍ശിച്ച വിവിധ കക്ഷി സംഘത്തെ വെറും കൈയോടെ മടക്കി അയച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നടപടി കേരളത്തിലെ ജനങ്ങളെ നിരാശപ്പെടുത്തുന്നതാണ്‌. കേരളത്തിന്റെ റേഷന്‍ വിഹിതം വര്‍ധിപ്പിക്കണം എന്നതായിരുന്നു നിവേദന സംഘത്തിന്റെ ഒരു പ്രധാന ആവശ്യം.
കേരളത്തിനു വേണ്ടത്ര ഭക്ഷ്യധാന്യം ഇപ്പോള്‍ കിട്ടുന്നില്ല. ഇതുമൂലം മുന്‍ഗണനാ വിഭാഗത്തില്‍ പെടാത്ത ജനങ്ങള്‍ക്ക്‌ ജീവിക്കാനാവശ്യമായ ധാന്യം കിട്ടുന്നില്ല. എന്നതായിരുന്നു സംഘം ചൂണ്ടിക്കാണിച്ചത്‌. ഇക്കാര്യം പ്രധാനമന്ത്രി പരിഗണിച്ചതേയില്ല. വിഹിതം കൂട്ടാനാവില്ലെന്നാണ്‌ കിട്ടിയ മറുപടി. കഞ്ചിക്കോട്‌ റെയില്‍ കോച്ച്‌ ഫാക്‌ടറി ഉപേക്ഷിക്കരുതെന്ന കേരളത്തിന്റെ ആവശ്യവും പരിഗണിക്കപ്പെട്ടില്ല. ഇനി ഒരു കോച്ച്‌ ഫാക്‌ടറി ആവശ്യമില്ല എന്ന നിലപാട്‌ കേന്ദ്ര സര്‍ക്കാര്‍ തുടരും എന്നതാണ്‌ പ്രധാനമന്ത്രിയുടെ നടപടിയില്‍ നിന്ന്‌ മനസ്സിലാകുന്നത്‌. കോട്ടയം ജില്ലയിലെ ഹിന്ദുസ്‌ഥാന്‍ ന്യൂസ്‌ പ്രിന്റ്‌ കമ്പനി കേരള സര്‍ക്കാരിനു വിട്ടുനല്‍കണമെന്ന ആവശ്യവും തള്ളിക്കളഞ്ഞു. കേരള സര്‍ക്കാര്‍ സ്‌ഥലം നല്‍കി ആരംഭിച്ച കമ്പനി വേണമെങ്കില്‍ ലേലത്തില്‍ പങ്കെടുത്തു വാങ്ങിച്ചു കൊള്ളു എന്ന മറുപടിയാണ്‌ പ്രധാനമന്ത്രി നല്‍കിയത്‌. ശബരി റെയില്‍ പാതയുടെ കാര്യത്തില്‍ ചര്‍ച്ച നടത്താം എന്നതു മാത്രമായിരുന്നു കൂടിക്കാഴ്‌ചയിലെ ഗുണപരമായ ഒരു വാഗ്‌ദാനം.
മുഖ്യമന്ത്രി ഇതിനു മുന്‍പ്‌ നാലുതവണ കൂടിക്കാഴ്‌ചയ്‌ക്ക്‌ അവസരം ചോദിച്ചിട്ടും പ്രധാനമന്ത്രി അനുമതി നല്‍കിയിരുന്നില്ല. സര്‍വകക്ഷി സംഘത്തിന്‌ അനുമതി നല്‍കിയപ്പോഴാകട്ടെ ഒരു പ്രധാനമന്ത്രിയുടെ തലത്തില്‍ നിന്നുണ്ടാകാന്‍ പാടില്ലാത്ത പ്രതികരണങ്ങളാണ്‌ ഉണ്ടായതെന്ന്‌ പുറത്തു വരുന്ന വാര്‍ത്തകളില്‍ നിന്ന്‌ മനസ്സിലാക്കേണ്ടിയിരിക്കുന്നു. സംഘത്തോട്‌ പരിഹാസ രൂപത്തിലുള്ള പ്രതികരണമായിരുന്നു പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത്‌. കേരളത്തില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ മുഖ്യമന്ത്രി അമേരിക്കയിലായിരുന്നില്ലേ എന്നും ചോദ്യമുണ്ടായി. തിരിച്ചെത്തിയ ശേഷം ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചോ എന്നും ചോദ്യമുണ്ടായി. ഇതിനു മുന്‍പ്‌ ഒരു പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുമുണ്ടകാത്ത അവഗണനയും പ്രതിലോമകരമായ പ്രതികരണവുമാണ്‌ നരേന്ദ്ര മോഡിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന്‌ സംഘത്തിലുണ്ടായിരുന്നവര്‍ പറയുന്നു. പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ പോയത്‌ കേരളത്തിലെ ജനങ്ങളുടെ പ്രതിനിധികളാണ്‌. അവരെ തീരെ പരിഗണിക്കാതെ കേരളം ഉന്നയിച്ച പല കാര്യങ്ങളിലും തീരുമാനമൊന്നുമാകാതെ സംഘത്തെ വെറുതേ മടക്കിയത്‌ ഒരു സംസ്‌ഥാനത്തെ ആകെ അപമാനിച്ചതിനു തുല്യമായി കാണേണ്ടിയിരിക്കുന്നു.
കേരളത്തോട്‌ പ്രത്യേകമായ താത്‌പര്യമില്ലായ്‌മയാണോ പ്രധാനമന്ത്രി കാണിച്ചതെന്ന്‌ പോലും സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, കേരള പ്രതിനിധി സംഘം കണ്ട്‌ മടങ്ങിയ ശേഷം കാണാനെത്തിയ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്‌ പ്രധാനമന്ത്രി ചില വാഗ്‌ദാനങ്ങള്‍ നല്‍കിയതായി മന്ത്രി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്‌. അങ്ങനെയെങ്കില്‍ അത്‌ സാധൂകരിക്കാവുന്ന നിലപാടല്ല. രാഷ്‌ട്രീയമായ വിഭാഗീയത വച്ചു പ്രവര്‍ത്തിക്കേണ്ട ഒരു സ്‌ഥാനമല്ല പ്രധാനമന്ത്രിയുടേത്‌. ഇതുമനസ്സിലാക്കിയുള്ള നിലപാട്‌ പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്ന്‌ ഉണ്ടാകേണ്ടിയിരിക്കുന്നു.

Ads by Google
Friday 20 Jul 2018 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW