Friday, June 21, 2019 Last Updated 14 Min 12 Sec ago English Edition
Todays E paper
Ads by Google
ബീനാ സെബാസ്റ്റ്യന്‍
Thursday 19 Jul 2018 08.04 AM

'നിങ്ങളുടെ പിതാവിനെ കുഴിച്ചിട്ട പോലെ നിങ്ങളുടെ സഭയേയും ഞാന്‍ കുഴിച്ചുമൂടും': രൂപതയിലെ സന്യാസ സമൂഹങ്ങളെ തകര്‍ത്ത് ജലന്ധറില്‍ ബിഷപ്പ് ഫ്രാങ്കോയ്ക്ക് പ്രത്യേക സാമ്രാജ്യം, നടക്കുന്നത് ബിസിനസും ബിഷപ്പിന്റെ പൊളിറ്റിക്‌സും

uploads/news/2018/07/234489/bishop-franko-mulkkal.jpg

കോട്ടയം: ജലന്ധര്‍ രൂപതയെ വിവദത്തിലാക്കിയ ലൈംഗിക ആരോപണങ്ങള്‍ക്ക് പിന്നാലെ ഇതുവരെ വെളിച്ചം കാണാത്ത ഒട്ടേറെ ദുരൂഹതകള്‍ മറനീക്കി പുറത്തുവരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധറില്‍ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നത് സ്വന്തം അധീനതയില്‍ നില്‍ക്കുന്ന പ്രത്യേക സാമ്രാജ്യം. പ്രത്യേക ബാങ്കും സ്‌കൂളുകള്‍ക്കായി പ്രത്യേക ഡിജിറ്റല്‍ ആപ്ലിക്കേഷനും വരെ ഇവര്‍ നടപ്പാക്കി. രൂപതയില്‍ അതുവരെ ഉണ്ടായിരുന്ന ഭരണസംവിധാനങ്ങളെ എല്ലാം തകര്‍ത്ത് തന്റെ ചൊല്പടിക്കു നില്‍ക്കുന്നവരെ വച്ച് ഭരണം നടത്തുകയാണ്. മറ്റ് സഭകളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന വൈദികരാണ് ബിഷപ്പ് ഫ്രാങ്കോയുടെ ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് ജീസസ് (എഫ്.എം.ജെ)എന്ന സന്യാസസഭയില്‍ ചേര്‍ന്ന് ബിഷപ്പിന്റെ വിശ്വസ്തരായി രൂപതയിലെ വൈദികരെ നയിക്കുന്നതു തന്നെ. രൂപതയിലെ സന്യാസ സമൂഹങ്ങളെ തകര്‍ത്ത് സ്വന്തം മേല്‍വിലാസത്തില്‍ പുതിയൊരു സമൂഹത്തെ സൃഷ്ടിച്ചെടുക്കുകയാണ് ഇദ്ദേഹം. കത്തോലിക്കാ സഭയുടെ മേലധികാരികള്‍ ഇതിലൊന്നും നടപടിയെടുക്കുന്നില്ല. ജലന്ധറില്‍ നിന്നും ഒരു മുതിര്‍ന്ന വൈദികന്‍ 'മംഗളം ഓണ്‍ലൈനോട്' മനസ്സു തുറക്കുന്നു.

അദ്ദേഹം പറഞ്ഞുതുടങ്ങുന്നു: രൂപതയില്‍ പ്രശ്‌നങ്ങളുടെ ആരംഭം ബിഷപ്പ് ഫ്രാങ്കോ ചുമതലയേറ്റശേഷം ആണെന്ന് പറയാം. അതുവരെ സമാധാനത്തില്‍ പൊയ്‌ക്കോണ്ടിരുന്ന രൂപതയായിരുന്നു. അദ്ദേഹം വന്നയുടനെ ഇവിടെ രണ്ടുമൂന്നുപേര്‍ അദ്ദേഹത്തെ അവരുടെ സ്വാധീനത്തിലാക്കി. പിന്നെ അവരുടെ ബിസിനസും ബിഷപ്പിന്റെ പൊളിറ്റിക്‌സും വ്യക്തിപരമായ ചില താല്‍പര്യങ്ങളും നടപ്പാക്കുകയായിരുന്നു ലക്ഷ്യം. ഈ രൂപതയുടെ അതുവരെയുള്ള ചരിത്രവും പാരമ്പര്യവും മുഴുവന്‍ മറന്നുകൊണ്ടുള്ള ഒരു പോക്കായിരുന്നു.

വൈദികര്‍ക്കുവേണ്ടി രണ്ടു വര്‍ഷം മൂന്‍പാണ് എഫ്.എം.ജെ സമൂഹത്തിന് തുടക്കമിട്ടതെന്ന് ഈ വൈദികന്‍ പറയുന്നു. ബിഷപ്പ് എന്ന നിലയില്‍ പുതിയ സന്യാസ സമൂഹം രൂപീകരിക്കാന്‍ ഫ്രാങ്കോയ്ക്ക് അധികാരമുണ്ടെങ്കിലും അതിന് അംഗീകാരം നല്‍കേണ്ടത് വത്തിക്കാനാണ്. അത് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവരം. അതുപോലെ കന്യാസ്ത്രീകള്‍ക്കായും ഒരു കോണ്‍ഗ്രിഗേഷന്‍ അദ്ദേഹം സ്ഥാപിച്ചിരുന്നു. ഐ.എഫ്.എം.ജെ എന്ന പേരില്‍. ഈ സഭയുടെ സ്ഥാപനം തന്നെ തമാശയാണ്. ഒരിക്കല്‍ ബിഷപ്പ് ഫ്രാങ്കോ ചണ്ഡിഗഢ് സന്ദര്‍ശിച്ചപ്പോള്‍ അവിടെവച്ച് മധ്യപ്രദേശിലെ ബിലാസ്പൂര്‍ ആസ്ഥാനമായുള്ള സെനക്കിള്‍ സിസ്‌റ്റേഴ്‌സ് എന്ന കോണ്‍ഗ്രിഗേഷനില്‍ പെട്ട ഒരു പഞ്ചാബി കന്യാസ്ത്രീയെ പരിചയപ്പെട്ടു. അവര്‍ പ്രധാനമായും ആരാധന നടത്തുന്ന സമൂഹമാണ്. അവരുടെ ഒരു സമൂഹം ചണ്ഡിഗഢില്‍ ഉണ്ടായിരുന്നു. ആ സമൂഹത്തിന്റെ സുപ്പീരിയര്‍ സിസ്റ്ററിനെയാണ് ബിഷപ്പ് ഫ്രാങ്കോ വിളിച്ചുകൊണ്ട് പോന്നത്. അവരും ശരിയായ വിധത്തില്‍ അവരുടെ സ്ഥാപനത്തില്‍ നിന്ന് അനുമതി വാങ്ങാതെയാണ് ബിഷപ്പിന്റെ സഭയിലേക്ക് വന്നത്. ജലന്ധറില്‍ കൊണ്ടുവന്ന് ഒരു പ്രാര്‍ത്ഥനാഭവനില്‍ ഇവരെ അദ്ദേഹം താമസിപ്പിച്ചു. കൂടെ രണ്ടു മൂന്നു കുട്ടികളെയും കൂട്ടി പുതിയൊരു കോണ്‍ഗ്രിഗേഷന്‍ രൂപീകരിച്ചു. നിലവില്‍ ജലന്ധര്‍ രൂപതയിലുള്ള വൈദികരുടെയും കന്യാസ്ത്രീകളുടെയും സഭകളെ ഇല്ലാതാക്കി അദ്ദേഹത്തിന്റെതായ ഒരു സഭ ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. പേരിനും പ്രശസ്തിക്കും വേണ്ടി മാത്രമുള്ള നടപടിയാണിത്. അല്ലാതെ ദൈവസ്‌നേഹമോ മനുഷ്യന്റെ നന്മയ്‌ക്കോ വേണ്ടിയുള്ളതാണെന്ന് തോന്നുന്നില്ല. പരാതിക്കാരിയായ കന്യാസ്ത്രീ കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് നല്‍കിയ പരാതിയില്‍ ബിഷപ്പ് പറഞ്ഞതായി ഉന്നയിച്ച വാചകമായ 'നിങ്ങളുടെ പിതാവിനെ കുഴിച്ചിട്ട പോലെ നിങ്ങളുടെ സഭയേയും ഞാന്‍ കുഴിച്ചുമൂടും' എന്ന അദ്ദേഹത്തിന്റെ നിലപാടാണ് എല്ലാത്തിനും കാരണം. എം.ജെ സഭാ സ്ഥാപകനായ സിംഫോറിയന്‍ കീപ്രത്ത് പിതാവിനെ കുറിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ബിഷപ്പ് സിംഫോറിയന്റെ മൃതസംസ്‌കാരത്തിനു ശേഷമായിരുന്നു ഈ പ്രയോഗം. ആ കന്യാസ്ത്രീകള്‍ സ്വന്തം അപ്പനെ പോലെയായിരുന്നു സിഫോറിയന്‍ പിതാവിനെ കണ്ടിരുന്നത്. ആ കന്യാസ്ത്രീകളുടെ മുഖത്തുനോക്കി അങ്ങനെ പച്ചയ്ക്ക് പറയാനുള്ള ധൈര്യം അദ്ദേഹത്തിന്റെ അഹങ്കാരമാണ്. എന്തോ തിന്മയുടെ ശക്തി ബിഷപ്പിന്റെ ഉള്ളില്‍ കടന്നുകൂടിയിട്ടുണ്ട്. അല്ലെങ്കില്‍ ഇങ്ങനെ പറയാന്‍ കഴിയുമോ?

മറ്റ് സഭകളില്‍ നിന്നും പുറത്തുകളയുന്ന കള്ളനാണയങ്ങള്‍ ഇവിടെ വരുമ്പോള്‍ പുറംതള്ളപ്പെട്ടവരല്ല, അവര്‍ നേതൃത്വനിരയിലേക്ക് വരികയാണെന്ന് ഈ വൈദികന്‍ പറയുന്നു. അവര്‍ ഇവിടെ ഞങ്ങളെ നയിക്കുന്നവരായി മാറുകയാണ്. ബിഷപ്പിന്റെ അടുത്ത ആളുകളായി വന്നവര്‍ ആയതിനാല്‍ അവരാണ് പിന്നെ അദ്ദേഹത്തിന്റെ ഉപദേശക സമിതി. അവരാണ് രൂപതയുടെ സാമ്പത്തികം കൈകാര്യം ചെയ്യുന്നത്. രൂപതയിലെ സ്‌കൂളുകളിലെ ബസ് നടത്തുന്ന കമ്പനി അവരുടെ കയ്യിലാണ്. രൂപതയിലെ എല്ലാ സ്ഥാപനങ്ങളിലേക്കും സെക്യുരിറ്റി നല്‍കുന്ന കമ്പനിയും അവരുടെ കയ്യിലാണ്. രൂപതയിലെ മതാധ്യാപകരുടെ ശമ്പളം നല്‍കുന്നത് അവരാണ്. അതിനായി പ്രത്യേകം ബാങ്ക് അവര്‍ തുടങ്ങിയിട്ടുണ്ട്. ഓരോ സ്‌കൂളിലും കുട്ടികളുടെ കെ.വൈ.സി രജിസ്‌ട്രേഷന്‍ മാറ്റിയിട്ട് ഇവരുടേതായ മറ്റൊരു ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ കൊണ്ടുവന്നു. ബിഷപ്പിന് ഒത്താശ ചെയ്യുന്നവരാണ് ഇതിന്റെയെല്ലാം തലപ്പത്ത്. അതുകൊണ്ടുതന്നെ അവിടെനിന്നുള്ള വരുമാനമെല്ലാം ഈ പ്രത്യേക കേന്ദ്രങ്ങളിലേക്ക് ചെന്നെത്തുന്നു.

പക്ഷേ, ഈ സ്ഥാപനങ്ങളെല്ലാം ജലന്ധര്‍ രൂപതയുടേതാണ് എന്നതാണ് യഥാര്‍ത്ഥ്യം. വരുമാനത്തെ കുറിച്ചൊന്നും ആര്‍ക്കും കണക്ക് ചോദിക്കാന്‍ അവകാശമില്ല. ആ കണക്കുകള്‍ അവതരിപ്പിക്കുന്നുണ്ടോ എന്ന് തനിക്കറിയില്ല. അതിനായി ഒരു പ്രത്യേക അച്ചനെ നിയോഗിച്ചിട്ടുണ്ട്. അദ്ദേഹം നല്‍കുന്ന കണക്ക് ബോധിപ്പിക്കേണ്ടവരെ ബോധിപ്പിച്ച് അങ്ങനെയങ്ങ് പോകുകയാണ്. രൂപതയിലെ ഉപദേശസംഘമൊന്നും അക്കാര്യങ്ങള്‍ ചോദിക്കുന്നതായി തനിക്ക് അറിഞ്ഞുകൂടാ.

കഴിഞ്ഞ ദിവസം ബിഷപ്പിനെ പിന്തുണച്ച് 12 പേര്‍ ചേര്‍ന്ന് ഇറക്കിയ പ്രസ്താവന കണ്ടു. അവരൊക്കെ ബിഷപ്പിന്റെ ഉപദേശകരാണ്. സഭയുമായി ബന്ധപ്പെട്ട പല കേന്ദ്രങ്ങളിലും പരാതിക്കാരിയായ കന്യാസ്ത്രീ ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ചിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആ രീതിയില്‍ ഒക്കെ വന്നിട്ടും പരാതി കിട്ടിയ സഭാ നേതൃത്വം എന്തുകൊണ്ട് ഈ ബിഷപ്പിനെ ബന്ധപ്പെട്ടില്ല. അല്ലെങ്കില്‍ ഈ ബിഷപ്പിനുതന്നെ ഇതേകുറിച്ച് അന്വേഷിക്കാന്‍ തന്റെ മേലധികാരിയോട് ആവശ്യപ്പെടാമായിരുന്നല്ലോ. പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. ഇവിടെ പല അച്ചന്മാരുമായി ഈ ബിഷപ്പ് പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്. അതിലൊന്നും സഭയിലെ തന്റെ മേലധികാരിയോട് ഈ വിഷയങ്ങളില്‍ ഇടപെട്ട് പരിഹാരം ഉണ്ടാക്കാന്‍ ഇദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല. യഥാര്‍ത്ഥത്തില്‍ ഈ വൈദികര്‍ സഭയിലെ നവീകരണത്തിനാണ് ബിഷപ്പിനോട് അപേക്ഷിക്കുന്നത്.പരാതിക്കാരിയായ കന്യാസ്ത്രീയെ സംബന്ധിച്ചിടത്തോളം അവരുടെ അധികാരി മദര്‍ സുപ്പീരിയറും പിന്നെ ബിഷപ്പ് ഫ്രാങ്കോയുമാണ്. ബിഷപ്പ് ഫ്രാങ്കോയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിനും മേലധികാരിയുണ്ട്. കോട്ടയത്തേക്ക് പരാതിയുമായി പേകുന്നതിന് മുന്‍പ് അദ്ദേഹത്തിന് വേണമെങ്കില്‍ തന്റെ മേലധികാരിയായ ഡല്‍ഹി ആര്‍ച്ച് ബിഷപ്പിനെ അറിയിക്കാമായിരുന്നു.

ഡല്‍ഹി ആര്‍ച്ച്ബിഷപ്പ് എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ വ്യക്തമായ ഒരു നിലപാട് എടുക്കാത്തതെന്ന് എല്ലാവരേയും വിഷമിപ്പിക്കുന്ന കാര്യമാണ്. വത്തിക്കാനോ അതിനോട് അനുബന്ധപ്പെട്ട മറ്റ് മേലധികാരികളോ എന്തുകൊണ്ട് ഒന്നും പറയുന്നില്ല എന്നതും ഞങ്ങളില്‍ വളരെ വിഷമമുണ്ടാക്കുന്നുണ്ട്. ഒരുപക്ഷേ അവരുടേതായ രീതിയില്‍ സഭയുടെ ഭാഗത്തുനിന്ന് ഒരു നടപടി ഉണ്ടാകുമായിരിക്കാം. ഇതേവരെ മേലധികാരികള്‍ ഒന്നും പ്രതികരിച്ചതായി കേട്ടിട്ടില്ല. എന്റെ അറിവില്‍ യൂറോപ്പിലൊക്കെ ഇത്തരം ആരോപണം നേരിട്ടാല്‍ ആരോപണ വിധേയര്‍ അപ്പോള്‍ തന്നെ രാജിസമര്‍പ്പിക്കാറുണ്ട്. ഈ ബിഷപ്പിന്റെ കാര്യത്തില്‍ അങ്ങനെയൊരു നീക്കവും നടക്കുന്നില്ല. എന്തായാലും അതിന് കാത്തിരിക്കുകയാണ്. വ്യക്തമായ തെളിവു കിട്ടാതെ വത്തിക്കാന്‍ നടപടിയെടുക്കില്ല. അവര്‍ അകലെ ഇരിക്കുന്നവരാണ്. അവര്‍ക്ക് അതിന്റേതായ സമയം വേണ്ടിവരും. ഇവിടെയുള്ളവര്‍ക്കും തിടുക്കത്തില്‍ നടപടിയെടുക്കാന്‍ കഴിയില്ല. ഞങ്ങളെ സംബന്ധിച്ച് ഓരോ ദിവസവും ഓരോ യുഗം പോലെയാണ് കടന്നുപോകുന്നത്. അത്രയും പ്രയാസത്തിലാണ് ഇവിടെയുള്ളവര്‍ കഴിയുന്നവര്‍.

സഭയിലെ വിശുദ്ധീകരണമാണ് ഇവിടെ നടക്കേണ്ടത്. കന്യാസ്ത്രീയും കുടുംബവും ബിഷപ്പിന്റെ കുടുംബവും സഭയെ സ്‌നേഹിക്കുന്നവര്‍ തന്നെയാണ്. അവര്‍ രണ്ടു പേരും സഭയിലെ സേവനത്തിന് വരുന്നു. ഇവിടെ അവര്‍ രണ്ടു പേരും അധികാരവും സ്ഥാനവും കൈകാര്യം ചെയ്തിരുന്നു. അവര്‍ തമ്മിലുള്ള ബന്ധങ്ങളില്‍ എവിടെയോ തിന്മയുടെ ശക്തി കടന്നുകൂടിയിട്ടുണ്ട്. അതില്‍ ആര് ശരി, ആരു തെറ്റ്, അവര്‍ക്കിടയില്‍ എന്തുസംഭവിച്ചു എന്നൊന്നും എനിക്കറിഞ്ഞുകൂടാ. എങ്ങനെയൊ തിന്മയുടെ ശക്തികള്‍ കടന്നുകൂടി അവര്‍ തമ്മില്‍ പ്രശ്‌നമുണ്ടായിട്ടുണ്ട്. അതൊക്കെ അന്വേഷിക്കുക തന്റെ പരിധിയില്‍പെട്ട കാര്യങ്ങളല്ല. അതൊക്കെ പരിശോധിക്കാനുള്ള ശേഷിയും തനിക്കില്ല. സത്യം കണ്ടെത്തി സഭ സത്യത്തിന്റെ കൂടെ നില്‍ക്കട്ടെ എന്നതാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

ബിഷപ്പ് ഫ്രാങ്കോ പുതിയ കോണ്‍ഗ്രിഗേഷന്‍ ഉണ്ടാക്കാനുള്ള കാരണം എനിക്ക് മനസ്സിലാകുന്നില്ല. ഈ വിഷയത്തില്‍ ഞാനും ബിഷപ്പും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ട് . അതിനുള്ള വ്യക്തമായ മറുപടി അദ്ദേഹം എനിക്ക് നല്‍കിയിട്ടുമില്ല. പക്ഷേ, പുതിയൊരു കോണ്‍ഗ്രിഗേഷന്‍ വേണ്ട എന്നൊന്നും ഞാന്‍ പറയുന്നില്ല. സഭയില്‍ ഒരു പുതിയ സന്യാസസഭ തുടങ്ങുന്നത് തെറ്റായ കാര്യവുമല്ല. എങ്കിലും, ഒന്നാമതായി അതിന്റെ ആവശ്യകത ഉണ്ടാകണം. പിന്നെ ആരും ചെയ്യാത്ത സേവനം ചെയ്യണം, സമാനമായ താല്‍പര്യമുള്ള ആളുകള്‍ ആ സമൂഹത്തില്‍ വേണം, അവര്‍ പൊതുസമൂഹത്തിന് എന്തെങ്കിലും സംഭാവനയും നല്‍കണം

പുതിയൊരു കോണ്‍ഗ്രിഗേഷന്‍ സ്ഥാപിക്കുന്നതിന് ബിഷപ്പ് വൈദികരുടെ ഒരു യോഗം വിളിച്ചിരുന്നു. അദ്ദേഹം അതേകുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. പിന്നെ അതിലേക്ക് ആളുകളെ വിളിക്കുകയാണോ അവര്‍ സ്വമേധയാ ചേരുകയാണോ എന്നറിയില്ല. രൂപതയിലെ അച്ചന്മാരില്‍ താല്‍പര്യമുള്ളവര്‍ക്ക് ചേരാമെന്ന ആശയം വന്നിരുന്നു. നാലു പേര്‍ രൂപതയില്‍ നിന്ന് ചേരുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഈ രൂപതയില്‍ നിന്നുള്ള ഒരു അച്ചന്‍മാത്രമാണ് ചേര്‍ന്നത്. മറ്റു സ്ഥലങ്ങളില്‍ നിന്നുമായി മൂന്നുപേര്‍ സഭയില്‍ ചേര്‍ന്നു. ഈ രൂപതയില്‍ നിന്നുള്ള ഒരാള്‍, ബംഗലൂരുവിലെ കമ്മിലിയന്‍ സഭയില്‍ നിന്നും കോട്ടയം രൂപതയില്‍ നിന്നും ഒരോരുത്തര്‍, കപ്പൂച്ചിന്‍ സഭയില്‍ നിന്ന് വന്ന ഒരു ബ്രദര്‍ എന്നിവരാണ് ആ നാലുപേര്‍. ബിഷപ്പുമായി ബന്ധപ്പെട്ട ഏതോ ഒരു ചടങ്ങിനിടെയാണ് ഇവര്‍ സഭയിലേക്ക് വരുന്നതായി അറിയിച്ചത്. അധികം താമസിയാതെ നാലാമത് എത്തിയ ആള്‍ സഭ വിട്ടുപോയി. അതിനു ശേഷം ബിഷപ്പ് തന്റെ യാത്രകളില്‍ കണ്ടുമുട്ടുന്നവരും പരിചയപ്പെടുന്നവരുമായ പല വൈദികരേയും ഈ സഭയിലേക്ക്് ക്ഷണിച്ചിരുന്നു. സലേഷ്യന്‍സഭയില്‍ നിന്നും ഒരു വൈദികനെ കൊണ്ടുവന്നു. സഭയുടെ ഭരണഘടന എഴുതാനെന്ന രീതിയില്‍ ആണ് ഇവിടെ വന്നതും താമസിച്ചതും. രണ്ടു മാസം താമസിച്ച് ഭരണഘടന എഴുതുന്നതിനിടെ എന്തോ കാരണത്താല്‍ അദ്ദേഹം തിരിച്ചുപോയി. മറ്റ് സെമിനാരികളില്‍ നിന്നും പല കാരണങ്ങളാല്‍ പഠനം പൂര്‍ത്തിയാകാതെ പോകുന്നവരെയും ഈ സഭയിലേക്ക് ചേര്‍ക്കാന്‍ തുടങ്ങി. അത്തരത്തില്‍ കുറച്ചുപേര്‍ എത്തി. അതില്‍ ഒരാളുടെ വ്രതവാഗ്ദാനവും നടന്നിട്ടുണ്ട്. എങ്ങനെയെങ്കിലും പെട്ടെന്ന് ആള്‍ക്കാരെ ഇൗ സഭയിലേക്ക് ചേര്‍ത്തെടുക്കാനുള്ള വ്യഗ്രത കാണുന്നുണ്ട്.

ഫ്രാന്‍സിസ്‌കന്‍ എന്നാണ് സഭയ്ക്ക് നല്‍കിയിരിക്കുന്ന പേര്. എന്റെ ഒരു അറിവ് അനുസരിച്ച് ഫ്രാന്‍സിസ്‌കന്‍ എന്നുവച്ചാല്‍ ദരിദ്ര ജീവിത രീതിയുടെ ഉടമകളാണ്. അതേസമയം, ബിഷപ്പുണ്ടാക്കിയ സഭ വളരെ ഹൈ-ഫൈ കോണ്‍ഗ്രിഗേഷന്‍ ആണ്. അവര്‍ എയര്‍ കണ്ടീഷന്‍ മുറികളിലെ താമസിക്കൂ, വിമാനങ്ങളിലേ യാത്ര ചെയ്യൂ. സമ്പന്നരോട് സുവിശേഷം പ്രസംഗിക്കുന്നതാണ് ഇവരുടെ സഭയുടെ പ്രത്യേകത എന്നു വേണമെങ്കില്‍ പറയാം. പക്ഷേ ഞാന്‍ ബിഷപ്പിനോട് ചോദിച്ചു, ഈ സഭയെ എന്തിന് ഫ്രാന്‍സിസ്‌കന്‍ എന്ന പേര് വിളിക്കുന്നു?. അതിന് മറുപടി അദ്ദേഹത്തിന് ഉണ്ടായില്ല. ഇക്കാര്യങ്ങള്‍ കൊണ്ടുതന്നെ അവരുടെ വിമര്‍ശകനായാണ് എന്നെ കാണുന്നത്. എന്നെ വിമതനായി മുദ്രകുത്തി. ഞാന്‍ വിമതനൊന്നുമല്ല. അഭിപ്രായം തുറന്നുപറയുന്നു എന്നുമാത്രം

ഈ സഭ തുടങ്ങിയതില്‍ പിന്നെ ഇവിടെ ചില പ്രശ്‌നങ്ങളുണ്ടായി. ഒരു ഉദാഹരണം പറഞ്ഞാല്‍, ഈ സഭയിലേക്ക് കൊണ്ടുവന്ന ഒരു ബ്രദറിന് ആക്‌സിഡന്റുപറ്റി കാലില്‍ പൊട്ടലുണ്ടായി. അതേസമയം തന്നെ ജലന്ധര്‍ രൂപതയ്ക്ക് വേണ്ടി ഈ മെത്രാന്റെ കീഴില്‍ പഠിക്കുന്ന ഒരു പഞ്ചാബി സെമിനാരിക്കാരനും അതേ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നു. ഒരു സാധാരണ മുറിയിലാണ് ഈ രണ്ടു പേരും കഴിഞ്ഞിരുന്നത്. ബിഷപ്പ് ഇവരെ കാണാന്‍ ആശുപത്രിയില്‍ ചെന്നു. തന്റെ സഭയിലെ കുട്ടിയെ സാധാരണ മുറിയില്‍ താമസിപ്പിക്കാന്‍ പറ്റില്ല. അവനെ എ.സി റൂമിലേക്ക് മാറ്റാന്‍ ആശുപത്രി അധികൃതരോട് ബിഷപ്പ് നിര്‍ദേശിച്ചു. അപ്പോള്‍, ഈ രൂപതയ്ക്ക് വേണ്ടി മെത്രാനു കീഴില്‍ പഠിക്കുന്നവന് സാധാരണ മുറിയും അദ്ദേഹത്തിന്റെ സ്വന്തം സഭയില്‍ പഠിക്കുന്നവന് എ.സി മുറിയും. ഇവര്‍ രണ്ടു പേര്‍ക്കും പൈസ കൊടുക്കുന്നത് ഈ രൂപത തന്നെ.

ഈ രൂപതയ്ക്ക് വേണ്ടി സെമിനാരിയില്‍ പഠിച്ചിരുന്ന ഒരു കുട്ടിക്ക് ചില കാരണങ്ങളാല്‍ പഠനം നിര്‍ത്തേണ്ടിവന്നു. അവനെ വിളിച്ച് പിതാവ് പറഞ്ഞു, ഇനി ഈ രൂപതയ്ക്ക് വേണ്ടി നിനക്ക് പഠിക്കാന്‍ കഴിയില്ല. നിനക്ക് വേണമെങ്കില്‍ തന്റെ പുതിയ സഭയില്‍ ചേര്‍ന്ന് അച്ചനാകാം. ഇത്തരത്തിലുള്ള ഇരട്ട നാടകം ആണ് ഇവിടെ നടക്കുന്നത്. അതിനെ കുറിച്ച് വളരെ ശക്തമായി താന്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. അത്രയൊക്കെയെ എനിക്കൂ കഴിഞ്ഞുള്ളു. എന്റേത് ഒരു ഒറ്റപ്പെട്ട ശബ്ദമായിരുന്നു. മറ്റു പലര്‍ക്കും ഈ ബിഷപ്പിന്റെ രീതികളോടൊന്നും തല്‍പര്യമില്ലെങ്കിലും അവരൊന്നും പറയുന്നില്ല.

ഈ രൂപതയില്‍ സാമ്പത്തികമായി വരുമാനമുള്ള പല സ്ഥാപനങ്ങളുടേയും ചുമതല ബിഷപ്പിനൊപ്പം ചേര്‍ന്നിരിക്കുന്ന ഒരു വൈദികനെ ഏല്‍പ്പിച്ചിരിക്കുകയാണ്. രൂപതയുടെ പൈസ കൊണ്ട് അവര്‍ സ്വന്തം സഭയുടെ കാര്യങ്ങള്‍ നടത്തുന്നു. എന്താണ് അതിലെ ധാര്‍മ്മികത എന്ന് എനിക്കറിയാന്‍ കഴിയുന്നില്ല. അതില്‍ നേരുണ്ടോ, നന്മയുണ്ടോ എന്ന് എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഒരു സഭ ഉണ്ടാക്കുന്നുവെങ്കില്‍ അതിന് അതിന്റേതായ ചട്ടക്കൂട് വേണം.

മറ്റ് പല സഭകളില്‍ നിന്നും ആരോപണങ്ങളെ തുടര്‍ന്ന് അവിടം വിട്ടുപോകേണ്ടിവരുന്നവര്‍ ഈ സഭയില്‍ വന്നു ചേരുന്നതായി ഞാന്‍ പറഞ്ഞല്ലോ. അത്തരമൊരാള്‍ ഇവിടെ എത്തിയതായി ഞാന്‍ കേട്ടിരുന്നു. എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ എനിക്കറിയില്ല. തൃശൂരില്‍ നിന്ന് ഒരു വൈദികന്‍ ഇവിടെയുണ്ട്. (വീട്ടമ്മയുമായി തൃശൂരില്‍ നിന്ന് ഒളിച്ചോടിയ വൈദികന്‍ ബിഷപ്പ് ഫ്രാങ്കോയുടെ പക്കല്‍ അഭയം തേടിയിരുന്നുവെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം). ആ വൈദികന്‍ ഇവിടെ ഉണ്ടെന്ന് കേട്ടിരുന്നു. ഞാന്‍ കണ്ടിട്ടില്ല- അദ്ദേഹം പറയുന്നു.

Ads by Google
ബീനാ സെബാസ്റ്റ്യന്‍
Thursday 19 Jul 2018 08.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW