Monday, July 22, 2019 Last Updated 5 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jul 2018 01.17 AM

കുത്തഴിഞ്ഞ പരിയാരം ഭരണം

uploads/news/2018/07/234480/editorial.jpg

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത്‌ വാര്‍ത്താ പ്രാധാന്യം നേടിയ സ്‌ഥാപനമാണ്‌ പരിയാരം മെഡിക്കല്‍ കോളജ്‌. ചികിത്സാ രംഗത്ത്‌ വടക്കന്‍ മലബാറിനുണ്ടായിരുന്ന പിന്നാക്കാവസ്‌ഥ പരിഹരിക്കാന്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ ആരംഭിച്ചതായിരുന്നു ഈ സ്‌ഥാപനം. അക്കാലത്ത്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ കഴിഞ്ഞാല്‍ ആ ഭാഗത്ത്‌ പ്രധാന ആശുപത്രികള്‍ ഒന്നും ഉണ്ടായിരുന്നില്ല. കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലക്കാര്‍ക്ക്‌ വിദഗ്‌ധ ചികിത്സയ്‌ക്കായി മംഗലാപുരത്ത്‌ പോകേണ്ടിവരുന്ന അവസ്‌ഥയായിരുന്നു. ഇതിനു പരിഹാരമെന്ന നിലയില്‍ 1993-ല്‍ പരിയാരത്ത്‌ മെഡിക്കല്‍ കോളജിനും ആശുപത്രിക്കും തുടക്കമിട്ടു. പരിയാരത്തെ സര്‍ക്കാര്‍ ടി.ബി. സാനിറ്റോറിയത്തിന്റെ ഭൂമി ഏറ്റെടുത്തായിരുന്നു ആശുപത്രി തുടങ്ങിയത്‌. സംരംഭത്തിനു പിന്നില്‍ കെ. കരുണാകരനും അന്നത്തെ സഹകരണ മന്ത്രി എം.വി. രാഘവനും ആയിരുന്നതിനാല്‍ അതിനെ സി.പി.എം. ശക്‌തിയായി എതിര്‍ക്കുകയായിരുന്നു. സര്‍ക്കാര്‍ സ്‌ഥലം ഏറ്റെടുത്ത്‌ ഇരുവരും സഹകരണ മേഖലയുടെ പേരില്‍ സ്വകാര്യ സംരംഭം നടത്തുകയാണെന്നായിരുന്നു പ്രധാന ആരോപണം.

എതിര്‍പ്പിനെയെല്ലാം മറികടന്ന്‌ കോളജ്‌ ആരംഭിച്ചതാകട്ടെ വന്‍ വിവാദത്തിലേക്കാണ്‌ വഴിതെളിച്ചത്‌. പരിയാരത്ത്‌ തുടങ്ങുന്ന സ്വാശ്രയ മെഡിക്കല്‍ കോളജ്‌ വിദ്യാഭ്യാസ കച്ചവടമാണെന്നും സര്‍ക്കാര്‍ സീറ്റുകള്‍ മാനേജ്‌മെന്റിന്‌ തന്നിഷ്‌ടം പോലെ വില്‍ക്കാന്‍ അനുവാദം നല്‍കുകയാണെന്നും ആരോപിച്ചായിരുന്നു സി.പി.എമ്മിന്റെ യുവജന സംഘടനയായ ഡി.വൈ.എഫ്‌.ഐ. പരിയാരം കോളജിനെ എതിര്‍ത്തത്‌. ഇതിന്റെ ഭാഗമായി എം.വി. രാഘവനെ പൊതു ചടങ്ങുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന്‌ തടയാന്‍ ആരംഭിച്ചു. ഇങ്ങനെ കൂത്തുപറമ്പില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാനെത്തിയ രാഘവനെ തടഞ്ഞതാണ്‌ കൂത്തുപറമ്പിലെ പോലീസ്‌ വെടിവയ്‌പിലും അഞ്ചു യുവാക്കളുടെ മരണത്തിലും കലാശിച്ചത്‌. പരിയാരത്ത്‌ ആരംഭിച്ച കോളജിന്റെ ഭരണം തുടക്കത്തില്‍ യു.ഡി.എഫ്‌. നയിച്ച സഹകരണ സംഘത്തിനായിരുന്നെങ്കിലും പിന്നീട്‌ എല്‍.ഡി.എഫും ഭരണത്തിലെത്തി. വര്‍ഷങ്ങള്‍ക്കു ശേഷം എം.വി. രാഘവന്‍ സി.പി.എമ്മിന്‌ അഭിമതനായി. രാഘവന്റെ മകന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ പിന്തുണയുള്ള സ്‌ഥാനാര്‍ഥിയാവുകവരെ ഉണ്ടായി.

ഇങ്ങനെ ഇടത്‌, യു.ഡി.എഫ്‌. മുന്നണികള്‍ മാറിമാറി ഭരിച്ച പരിയാരത്തു നിന്ന്‌ ഇപ്പോള്‍ ശുഭകരമായ വാര്‍ത്തയല്ല കേള്‍ക്കുന്നത്‌. കേരളം ഇതുവരെ കാണാത്ത ധൂര്‍ത്തും ദുര്‍ഭരണവുമാണ്‌ പരിയാരത്ത്‌ നടന്നതെന്ന്‌ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്‌ധസമിതി കണ്ടെത്തിയിരിക്കുന്നു. കഴിഞ്ഞ ഏപ്രിലില്‍ കോളജ്‌ സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ 600 കോടിയിലേറെ രൂപയുടെ ബാധ്യതയാണ്‌ ഉണ്ടായിരുന്നത്‌. വായ്‌പയെടുത്ത തുകയെല്ലാം ഫലപ്രദമായ രീതിയില്‍ ഉപയോഗിച്ചില്ലെന്ന്‌ വിദഗ്‌ധസമിതി വിലയിരുത്തുന്നു. സര്‍ക്കാര്‍ നല്‍കിയ സഹായമൊന്നും കോളജിന്റെ ഗുണത്തിന്‌ ഉപയോഗിച്ചില്ല. വായ്‌പയെടുത്ത തുകയോ പലിശയോ അടച്ചില്ലെന്നും കണ്ടെത്തിയിട്ടുണ്ട്‌. കോളജിന്‌ രുപം നല്‍കിയ യു.ഡി.എഫും അവരില്‍ നിന്ന്‌ ഭരണം പിടിച്ചെടുത്ത എല്‍.ഡി.എഫും തങ്ങളുടെ താന്‍പോരിമ കാണിക്കാനല്ലാതെ സ്‌ഥാപനത്തിന്‌ ഗുണകരമായ ഒന്നും ചെയ്‌തില്ലെന്നാണ്‌ ഇതില്‍ നിന്നു മനസ്സിലാക്കേണ്ടത്‌.

ഇത്‌ ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിയുടെയോ മുന്നണിയുടെയോ മേധാവിത്വം കാണിക്കാനുള്ള സ്‌ഥാപനമല്ല. നാടിന്റെ സ്വത്താണ്‌. അത്‌ വികലമായി കൈകാര്യം ചെയ്‌തവര്‍ സമൂഹത്തിനു ദ്രോഹമാണ്‌ ചെയ്‌തിരിക്കുന്നത്‌. ഇതില്‍ നിന്ന്‌ പരിയാരം ഭരിച്ച ആര്‍ക്കും ഒഴിഞ്ഞു നില്‍ക്കാനാവില്ല. ഇതു സമൂഹത്തിന്റെ സ്വത്താണെന്ന്‌ ഭരിച്ചവര്‍ക്ക്‌ ചിന്തയുണ്ടായിരുന്നെങ്കില്‍ അതിഭീമമായ നഷ്‌ടമുണ്ടാക്കി സര്‍ക്കാരിന്‌ ബാധ്യതയാകും വിധം കോളജ്‌ ഏറ്റെടുക്കേണ്ട അവസ്‌ഥ വരില്ലായിരുന്നു. പരിയാരം ഒരു സൂചന മാത്രമാണ്‌. നാടിന്റെ സ്വത്തുക്കള്‍ രാഷ്‌ട്രീയ നേട്ടത്തിന്‌ ഉപയോഗിക്കുന്നവര്‍ ഇനിയെങ്കിലും തങ്ങള്‍ വഹിക്കുന്ന ഉത്തരവാദിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പ്രവര്‍ത്തിക്കട്ടെ. ഇനിയെങ്കിലും പരിയാരം മെഡിക്കല്‍ കോളജിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം.

Ads by Google
Thursday 19 Jul 2018 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW