Friday, July 05, 2019 Last Updated 51 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jul 2018 01.15 AM

ബാങ്ക്‌ ദേശസാല്‍ക്കരണത്തിന്‌ അമ്പത്‌ തികയുമ്പോള്‍: മല്യയുടെ കള്ളുകച്ചവടവും സാധാരണക്കാരന്റെ നിക്ഷേപവും

uploads/news/2018/07/234477/bank191718.jpg

ഇന്ത്യയില്‍ ബാങ്കുകള്‍ ദേശസാല്‍ക്കരിച്ച തീരുമാനത്തിന്‌ അന്‍പതു വര്‍ഷം തികയുന്നു. രാജ്യം സ്വാതന്ത്ര്യം നേടുമ്പോള്‍ 648 ബാങ്കുകളാണ്‌ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്‌. ഇവയ്‌ക്കെല്ലാം കൂടി ഏകദേശം മൂവായിരം ശാഖകളും 1,080 കോടി നിക്ഷേപവും 475 കോടിയോളം വായ്‌പകളുമാണ്‌ ഉണ്ടായിരുന്നത്‌. 14 ബാങ്കുകളില്‍ കേവലം അഞ്ച്‌ ബാങ്കുകള്‍ക്ക്‌ മാത്രമാണ്‌ 100 കോടി നിക്ഷേപമുണ്ടായിരുന്നത്‌.

ഇംഗ്ലീഷ്‌ ഈസ്‌റ്റ്‌ ഇന്ത്യ കമ്പനി തുടങ്ങിവച്ച പല ബാങ്കുകളും വിഭവസമാഹരണത്തിന്‌ ബ്രിട്ടീഷുകാര്‍ക്ക്‌ ഏറെ സൗകര്യം ചെയ്‌തുകൊടുത്തു. 1806-ല്‍ 50 ലക്ഷം രൂപ മുതല്‍മുടക്കി സ്‌ഥാപിച്ച ബാങ്ക്‌ ഓഫ്‌ ബംഗാള്‍, ബാങ്ക്‌ ഓഫ്‌ ബോംബെ, ബാങ്ക്‌ ഓഫ്‌ ഹിന്ദുസ്‌ഥാന്‍ എന്നിങ്ങനെ പോകുന്നു ആ പട്ടിക.

1926-ല്‍ റോയല്‍ കമ്മിഷന്‍ ഓണ്‍ ഇന്ത്യന്‍ കറന്‍സിയാണ്‌ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ എന്ന നിര്‍ദേശം തുടങ്ങിവച്ചത്‌. ദ്‌ ഇന്ത്യന്‍ സെന്‍ട്രല്‍ ബാങ്കിങ്‌ എന്‍ക്വയറി കമ്മിറ്റി 1931-ല്‍ വീണ്ടും ഈ നിര്‍ദേശത്തിന്‌ ശക്‌തികൂട്ടുകയും തുടര്‍ന്ന്‌ 1935-ല്‍ ആര്‍.ബി.ഐ. രൂപീകൃതമാവുകയും ചെയ്‌തു.

*** അല്‍പ്പം രാഷ്‌ട്രീയ ചരിത്രം
1960 മുതല്‍ ബാങ്ക്‌ ദേശസാല്‍ക്കരണം എന്ന ആശയം കോണ്‍ഗ്രസ്‌ രാഷ്‌ട്രീയത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. എങ്കിലും പൂര്‍ണതയില്‍ എത്തിക്കുവാന്‍ വലതുപക്ഷ തീവ്രവാദികള്‍ തടസമായി. പക്ഷേ, ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ്‌ പാര്‍ലമെന്റില്‍ കൊണ്ടുവരുമ്പോള്‍ ഇന്ദിരാഗാന്ധിയെ എതിര്‍ക്കുക എന്ന അജന്‍ഡയില്‍ മാത്രം ഊന്നി നിന്നിരുന്ന സോഷ്യലിസ്‌റ്റ്‌ നേതാവ്‌ ജയപ്രകാശ്‌ നാരാണയന്‍ പോലും ദേശസാല്‍ക്കരണ തീരുമാനത്തെ അനുകൂലിച്ചു.

കോണ്‍ഗ്രസിനകത്ത്‌ വലിയ പൊട്ടിത്തെറിക്ക്‌ ഈ ബില്ല്‌ കാരണമായി. പ്രതിപക്ഷത്തുണ്ടായിരുന്ന ഇടതുപക്ഷ എം.പി. മാര്‍ ഉള്‍പ്പെടെ ഇന്ദിരയുടെ നിലപാടിനെ പിന്‍തുണച്ചു എന്നതും ചരിത്രത്തിന്റെ മറ്റൊരുവശം. ചരിത്രത്തില്‍ ആദ്യമായി കോണ്‍ഗ്രസ്‌ പാര്‍ട്ടി പിളരുന്നതിനും ബാങ്ക്‌ ദേശസാല്‍ക്കരണ ബില്‍ കാരണമായി.

മൂന്ന്‌ പ്രസിഡന്‍സി ബാങ്കുകളെ ചേര്‍ത്ത്‌ 1921-ലാണ്‌ ഇംപീരിയല്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യ രൂപീകൃതമായത്‌. ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ കേന്ദ്രബാങ്ക്‌ എന്ന നിലയിലായിരുന്നു പ്രവര്‍ത്തനം. 1955-ല്‍ ഇംപീരിയല്‍ ബാങ്ക്‌ എസ്‌.ബി.ഐ. ആയി മാറ്റപ്പെടുകയും ചെയ്‌തു.

സ്വാതന്ത്ര്യം നേടിയ 1947 മുതല്‍ 1955 വരെ ഏകദേശം 360 ബാങ്കുകള്‍ തകര്‍ന്നെന്നാണു കണക്ക്‌. കേരളത്തിന്റെ ചരിത്രത്തില്‍ ഏറെ സ്‌ഥാനമുണ്ടായിരുന്ന പാലാ സെന്‍ട്രല്‍ ബാങ്ക്‌ 1960-ല്‍ തകരുമ്പോള്‍ ബാങ്ക്‌ തകര്‍ച്ചയുടെ ഉരുള്‍പ്പൊട്ടലിന്‌ തടയിടണം എന്ന നിര്‍ദ്ദേശം വന്നു. ഭൂമി പണയപ്പെടുത്തി വായ്‌പ നല്‍കുന്ന സമ്പ്രദായം അവതരിപ്പിച്ചത്‌ പാലാ സെന്‍ട്രല്‍ ബാങ്കിന്റെ സംഭാവനയായും ചരിത്രം രേഖപ്പെടുത്തുന്നു.

ബാങ്കിങ്‌ മേഖലയെക്കുറിച്ച്‌ പഠിക്കാന്‍ നിയോഗിച്ച രാമുണ്ണി മേനോന്‍ കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ ചെറുകിട ബാങ്കുകളെ മറ്റ്‌ ബാങ്കുകള്‍ ഏറ്റെടുക്കുന്ന പ്രക്രിയക്ക്‌ തുടക്കം കുറിച്ചത്‌. ഓള്‍ ഇന്ത്യ ബാങ്ക്‌ എംപ്ലോയീസ്‌ അസോസിയേഷന്‍ എന്ന ജീവനക്കാരുടെ സംഘടന 1964-ല്‍ കേരളത്തില്‍ ചേര്‍ന്ന ദേശീയ സമ്മേളനം എല്ലാ ബാങ്കുകളും ദേശസാല്‍ക്കരിക്കുക എന്ന സുപ്രധാന മുദ്രാവാക്യം ഉയര്‍ത്തി. സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും എം.പിയുമായിരുന്ന പ്രഭാസ്‌ക്കര്‍ പാര്‍ലമെന്റിനകത്തും സംഘടന പുറത്തും ഇതിനായി ഏറെ പ്രവര്‍ത്തിച്ചു.

ദേശസാല്‍ക്കരണത്തിന്‌ ശേഷമുണ്ടായ ഭാരതത്തിന്റെ വികാസം ഏതൊരു അളവ്‌ കോലുകള്‍ കൊണ്ടും അളന്ന്‌ തിട്ടപ്പെടുത്താവുന്നതാണ്‌. ഏറ്റവും പ്രധാനം സാധാരണക്കാരന്‌ ബാങ്കുകളിലേക്കുള്ള വാതില്‍ തുറക്കുന്നതിന്‌ ഇത്‌ ഇടയായി എന്നതാണ്‌. പലകാരണങ്ങളുടെ പേരില്‍ തകര്‍ന്ന എത്രയോ സ്വകാര്യബാങ്കുകളുടെ നഷ്‌ടം ഏറ്റെടുക്കാനും നിക്ഷേപകര്‍ക്ക്‌ സംരക്ഷണം നല്‍കാനും പൊതുമേഖലാബാങ്കുകള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

1991 മുതലാണ്‌ നവലിബറല്‍ സാമ്പത്തിക നയം ലോകരാജ്യങ്ങളുടെ മേല്‍ കരിനിഴല്‍ വീഴിച്ചത്‌. ലോകത്തിന്റെ ഏറ്റവും വലിയ കമ്പോളത്തില്‍ എല്ലാ ഉല്‍പ്പന്നങ്ങളുമായി വന്ന വിദേശ- സ്വദേശ കോര്‍പ്പറേറ്റുകളെ നമ്മള്‍ സ്വീകരിച്ചു. വിദേശമൂലധനം എന്ന ആശയത്തിന്റെ പ്രചാരകരായി ഭരണകൂടം മാറിയതിനും കാഴ്‌ചക്കാരായി നാം നിന്നു.

വിജയമല്യക്ക്‌ കള്ളുകച്ചവടം മുതല്‍ വിമാനസര്‍വീസ്‌ നടത്തുന്നതിനും നീരവ്‌മോഡിക്ക്‌ വജ്രവ്യാപാരം നടത്തുന്നതിനും ഭൂഷണ്‍ സ്‌റ്റീല്‍സ്‌ എന്ന ഉരുക്ക്‌ കമ്പനിക്കും നമ്മുടെ പൊതുമേഖലാ ബാങ്കുകള്‍ നല്‍കിയ തുക പാവപ്പെട്ട ഇന്ത്യന്‍ ഗ്രാമീണന്റെ നിക്ഷേപമായിരുന്നു എന്ന യാഥാര്‍ത്ഥ്യം ഭരണം നടത്തുന്ന ആളുകള്‍ തിരിച്ചറിയാതെ പോയതാണോ?

ന്യൂജനറേഷന്‍ അഥവാ പുതുതലമുറ ബാങ്കുകള്‍ എന്ന പേരില്‍ അറിയപ്പെട്ടതും തുടങ്ങിയതുമായ ഗ്ലോബല്‍ ട്രസ്‌റ്റ്‌ ടൈംസ്‌ ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ പഞ്ചാബ്‌, സെഞ്ചൂറിയന്‍ ബാങ്ക്‌... എത്രയെത്ര ബാങ്കുകള്‍ ബാങ്കിങ്‌ ഭൂപടത്തില്‍ നിന്നും മാഞ്ഞ്‌ പോയിരിക്കുന്നു.

പേയ്‌മെന്റ്‌ ബാങ്ക്‌, സ്‌മോള്‍ ഫിനാന്‍സ്‌ ബാങ്ക്‌ തുടങ്ങി സ്വകാര്യ ബാങ്കുകള്‍ക്ക്‌ ലൈസന്‍സ്‌ കൊടുക്കുകയും പൊതുമേഖലാബാങ്കുകളുടെ എണ്ണം കുറയ്‌ക്കാന്‍ നിയമനിര്‍മ്മാണം നടത്തുകയും ചെയ്യുമ്പോള്‍ തന്നെയാണ്‌ നിക്ഷേപകര്‍ക്കും ഇടപാടുകള്‍ക്കും ധൈര്യം പകര്‍ന്നിരുന്ന 1947 ലെ ബാങ്കിങ്‌ റെഗുലേഷന്‍ ആക്‌ടിന്‌ പകരം ബില്ല്‌ അവതരിപ്പിക്കുവാന്‍ മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. ബാങ്ക്‌ നിക്ഷേപകര്‍ക്ക്‌ തങ്ങള്‍ നിക്ഷേപം നടത്തിയ ബാങ്ക്‌ നല്‍കിയ എല്ലാ സംരക്ഷണങ്ങളും ഇല്ലാതാകുന്നു എന്നതാണ്‌ ഈ ബില്ലിന്റെ പ്രത്യേകത.

സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ വികസന പരിണാമങ്ങള്‍ക്ക്‌ പാത്രമായ നമ്മുടെ ബാങ്കിങ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളെ സ്വകാര്യവത്‌ക്കരിക്കാനും വിറ്റഴിക്കാനും വെമ്പല്‍കൊള്ളുന്ന കോര്‍പ്പറേറ്റ്‌ താല്‍പ്പര്യസര്‍ക്കാരുകളോട്‌ പോരാടാന്‍ ഭാരതം ഉയര്‍ത്തിപ്പിടിച്ച ഗാന്ധിയന്‍ സോഷ്യലിസം അഥവാ മിക്‌സഡ്‌ എക്കണോമിയെ ശക്‌തിപ്പെടുത്തണം. ഒപ്പം നെഹ്‌റു-ഇന്ദിരാ യുഗത്തിലേക്കും നടപടികളിലേക്കും എന്തുകൊണ്ട്‌ തിരിച്ച്‌ പൊയ്‌ക്കൂടാ?

അനിയന്‍ മാത്യു
(ഓള്‍ ഇന്ത്യ ബാങ്ക്‌ എംപ്ലോയീസ്‌ അസോസിയേഷന്‍ സംസ്‌ഥാന പ്രസിഡന്റാണു ലേഖകന്‍. ഫോണ്‍: 9447601656)

Ads by Google
Thursday 19 Jul 2018 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW