Friday, November 16, 2018 Last Updated 33 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jul 2018 07.23 PM

ജലന്ദര്‍ ബിഷപ്പിനെതിരായ പീഡനക്കേസ്: കന്യാസ്ത്രീയുടെ പരാതിയില്‍ ലൈംഗീക പീഡനം ഉന്നയിച്ചിരുന്നില്ലെന്ന് കര്‍ദ്ദിനാളിന്റെ മൊഴി, മുന്‍ നിലപാടിലുറച്ച് ആലഞ്ചേരി

Rape case,  Bishop Franco mulaykal,  George Alanchery

തിരുവനന്തപുരം: ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പല തവണ ബലാത്സംഗം ചെയ്തുവെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ അന്വേഷണ സംഘം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുത്തു. കന്യാസ്ത്രീയുടെ പരാതിയില്‍ ലൈംഗീക പീഡനം ഉന്നയിച്ചിരുന്നില്ല എന്നാണ് ജോര്‍ജ് ആലഞ്ചേരി മൊഴി നല്‍കിയിരിക്കുന്നത്. അന്വേഷണസംഘം കൊച്ചിയിലെ സീറോ മലബാര്‍ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലെത്തിയാണ് മൊഴിയെടുത്തത്. വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള നാലാംഗ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.

മൂന്നു മണിക്കൂര്‍ നീണ്ട മൊഴിയെടുക്കലില്‍ കര്‍ദ്ദിനാള്‍ മുന്‍ നിലപാട് ആവര്‍ത്തിച്ചു. തന്നെ നേരിട്ടെത്തി കണ്ടാണ് കന്യാസ്ത്രീ പരാതി നല്‍കിയെന്ന് വ്യക്തമാക്കിയ ആലഞ്ചേരി, പരാതിയില്‍ മഠത്തിനുള്ളിലെ മാത്രം കാര്യങ്ങളായിരുന്നുവെന്നും അത് അതീവ രഹസ്യ സ്വഭാവമുണ്ടെന്ന് പറഞ്ഞതിനാലാണ് പുറത്തു പറയാതിരുന്നതെന്നും ആലഞ്ചേരി പറഞ്ഞു. മറ്റൊരു സഭയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ സഭയുടെ മേലധികാരികളെ അറിയിക്കാന്‍ ഉപദേശിച്ചിരുന്നതായും കര്‍ദ്ദിനാളിന്റെ മൊഴിയില്‍ പറയുന്നു. രഹസ്യ സ്വഭാവം പരിഗണിച്ച് മറ്റാരോടും പരാതി വെളിപ്പെടുത്തിയില്ലെന്നുമാണ് കര്‍ദ്ദിനാളിന്റെ മൊഴി.

ബിഷപ്പിനെതിരായ പരാതി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വത്തിക്കാന്‍ പ്രതിനിധി എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കിയിരുന്നുവെന്ന് കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. 2017 ല്‍ മഠത്തിലെ മറ്റൊരു കന്യാസ്ത്രീയുടെ പിതാവുമായെത്തി എറണാകുളത്ത് വെച്ച് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് പരാതി എഴുതി നല്‍കിയെന്നാണ് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ മൊഴി. എന്നാല്‍ ഇക്കാര്യം കര്‍ദ്ദിനാള്‍ മാധ്യമങ്ങളോട് നേരത്തെ തന്നെ നിഷേധിച്ചിരുന്നു. പിന്നാലെയാണ് പാലാ ബിഷപ്പിന് കന്യാസ്ത്രീ എഴുതി നല്‍കിയ പരാതി മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. ഇതോടെ കര്‍ദ്ദിനാള്‍ പ്രതിരോധത്തിലാവുകയായിരുന്നു. എന്നാല്‍ ലൈംഗീക പീഡനം കന്യാസ്ത്രീയുടെ പരാതിയില്‍ ഉന്നയിച്ചിരുന്നില്ലെന്ന നിലപാടിലാണ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി.

വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കഴിഞ്ഞ ദിവസം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി നല്‍കിയ സിസ്റ്റര്‍ അനുപമയുടെ അച്ഛനില്‍ നിന്നും മൊഴിയെടുത്തിരുന്നു. തുറവൂരിലെത്തിയാണ് സിസ്റ്റര്‍ അനുപമയുടെ അച്ഛന്‍ വര്‍ഗ്ഗീസില്‍ നിന്നും നേരിട്ട് മൊഴിയെടുത്തത്. കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് പരാതി നല്‍കിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണസംഘം ഇവരില്‍ നിന്ന് ചോദിച്ചറിഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം പാലാ രൂപതാ ബിഷപ്പില്‍ നിന്നും മൊഴിയെടുത്തിരുന്നു. തനിക്കു നേരെയുണ്ടായ പീഡനങ്ങള്‍ ലോക്കല്‍ ഓര്‍ഡിനറി ആയ കുറവിലങ്ങാട് പള്ളി വികാരിയേയും പാലാ രൂപതാ ബിഷപ്പിനെയും അറിയിച്ചിരുന്നുവെന്ന് കന്യാസ്ത്രീ പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇതില്‍ സ്ഥിരീകരണം വരുത്താനാണ് വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച ഉച്ചയോടെ പാലാ ബിഷപ്പ് ഹൗസില്‍ എത്തി ബിഷപ്പിന്റെ മൊഴിയെടുത്തത്. കുറവിലങ്ങാട് പള്ളി വികാരിയില്‍ നിന്നും മൊഴിയെടുത്തിരുന്നു.

പാലാ ബിഷപ്പിന്റെ നിര്‍ദേശപ്രകാരം കര്‍ദ്ദിനാളിനെ കണ്ടിരുന്നുവെന്നും അദ്ദേഹം നിര്‍ദേശിച്ച പ്രകാരം വത്തിക്കാനും വത്തിക്കാന്‍ പ്രതിനിധിക്കും നേരിട്ട് പരാതി ഇമെയില്‍ ചെയ്തുവെന്നുമാണ് കന്യാസ്ത്രീയുടെ മൊഴി. എന്നാല്‍ കന്യാസ്ത്രീ തന്നെ വന്നുകണ്ടത് മഠത്തിലെ ചില പ്രശ്‌നങ്ങള്‍ പറയാനാണെന്നും പീഡനപരാതിയെ കുറിച്ച് തനിക്കറിവില്ലെന്നുമാണ് കര്‍ദ്ദിനാളിന്റെ നിലപാട്.

കേരളത്തിലെ അന്വേഷണം 18നകം പൂര്‍ത്തിയാക്കണമെന്ന് അന്വേഷണ സംഘത്തിന് നിര്‍ദേശമുണ്ട്. തെളിവുകളും മൊഴികളും എല്ലാം പരിശോധിച്ച ശേഷം അടുത്തയാഴ്ച ജലന്ധറില്‍ എത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലില്‍ നിന്നും മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതിനകം രാജ്യം വിട്ടുപോകരുതെന്ന് ബിഷപ്പിന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW