Saturday, June 22, 2019 Last Updated 16 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jul 2018 03.48 PM

ശ്രീനിയേട്ടനും സത്യേട്ടനും പിന്നെ ഞാനും

സംവിധായകന്‍ എം. മോഹനന്റെ സിനിമാ വിശേഷങ്ങള്‍...
Film director M Mohanan

സിനിമയുടെ ഉള്ളറിഞ്ഞ കലാകാരനാണ് എം. മോഹനന്‍. പതിനാറാം വയസുമുതല്‍ സിനിമ കണ്ടറിഞ്ഞു വളര്‍ന്നയാള്‍. അതിനുള്ള ഭാഗ്യമായി മുന്നിലെത്തിയതോ ശ്രീനിവാസന്‍ എന്ന അതുല്യ പ്രതിഭ.

കഥ പറയുമ്പോള്‍, മാണിക്യക്കല്ല്, 916, മൈ ഗോഡ്, അരവിന്ദന്റെ അതിഥികള്‍ എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങള്‍ ഈ പ്രതിഭ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. സിനിമയോടുള്ള അഭിനിവേശം ഇന്നും ഒട്ടും മായാതെ ഉള്ളില്‍ കാത്തുസൂക്ഷിക്കുന്ന മോഹനന്‍ സിനിമയിലൂടെ തന്റെ ജീവിതത്തെക്കുറിച്ച്...

ഒരു സിനിമക്കാരന്റെ വരവ്


എന്റെ മനസ്സ് സിനിമകൊണ്ട് നിറച്ചത് ശ്രീനിയേട്ടനാണ്. എന്റെ പ്രീഡിഗ്രി പഠനകാലത്താണ് സഹോദരി വിമലയെ ശ്രീനിയേട്ടന്‍ വിവാഹം കഴിക്കുന്നത്. പിന്നെ അവരോടൊപ്പമായിരുന്നു താമസവും മറ്റും. ശ്രീനിയേട്ടനും വിമലേട്ടത്തിയും എവിടെപ്പോയാലും സന്തതസഹചാരിയായി ഞാനും ഒപ്പമുണ്ടാവും.

അത് സിനിമയുടെ ആവശ്യത്തിനാണെങ്കിലും എന്നെ കൊണ്ടുപോകുന്നത് ശ്രീനിയേട്ടന് ഇഷ്ടമുള്ള കാര്യമാണ്. അങ്ങനുള്ള യാത്രകളിലൂടെ ധാരാളം സിനിമക്കാരെ അടുത്തറിയാനും പരിചയപ്പെടാനും കഴിഞ്ഞു. സത്യേട്ടനെ(സത്യന്‍ അന്തിക്കാട്) പരിചയപ്പെടുന്നത് അങ്ങനെയാണ്.

ഡിഗ്രി പഠനമൊക്കെ കഴിഞ്ഞപ്പോള്‍ ശ്രീനിയേട്ടന്‍ ചോദിച്ചു എന്താ നിന്റെ അടുത്ത പ്ലാന്‍?. ഞാന്‍ ഉള്ളിലുള്ള സിനിമാമോഹം കുടഞ്ഞിട്ടു. കണ്ണൂരുള്ള ഒരു കമ്പനിക്കുവേണ്ടി പരസ്യങ്ങള്‍ ചെയ്തും, സാമൂഹിക പ്രവര്‍ത്തകനായും, യുവജനപ്രസ്ഥാനങ്ങള്‍ക്കുവേണ്ടി നാടകങ്ങള്‍ സംവിധാനം ചെയ്തുമൊക്കെയിരിക്കുമ്പോഴാണ് ശ്രീനിയേട്ടന്റെ ഈ ചോദ്യം.

എനിക്ക് അസിസ്റ്റന്റ് ഡയറക്ടറായി ജോലിചെയ്യണംം. സത്യനന്തിക്കാട്, കമല്‍ സാര്‍, പ്രിയന്‍ സാര്‍ ഇവരൊക്കെയായിരുന്നു എന്റെ ചോയ്സ്. സംവിധായകനാകണമെന്ന് മോഹം തോന്നിയപ്പോഴൊക്കെ സത്യേട്ടന്‍ ചെയ്തതുപോലുള്ള സിനിമകള്‍ ചെയ്യണമെന്നായിരുന്നു ആഗ്രഹം.

ഭാഗ്യവശാല്‍ ആ വര്‍ഷം തന്നെ സത്യേട്ടന്റെ അസോസിയേറ്റ് ഹരിശങ്കര്‍ സ്വന്തമായി സിനിമചെയ്തു പോയി. ആ ഒഴിവില്‍ ഞാന്‍ കയറിപ്പറ്റി. എന്നും നന്‍മകള്‍ ആയിരുന്നു സത്യേട്ടനൊപ്പമുള്ള ആദ്യ ചിത്രം.14 വര്‍ഷം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

സത്യേട്ടനുമായുള്ള ആത്മബന്ധം


ശ്രീനിയേട്ടനോടൊപ്പം പോകുമ്പോഴൊക്കെ മിക്കപ്പോഴും സത്യേട്ടന്റെ റൂമിലാണ് കിടന്നുറങ്ങുന്നത്. ആ കാലംമുതല്‍ സത്യേട്ടനുമായി നല്ല കമ്യൂണിക്കേഷന്‍ ഉണ്ടായിരുന്നു. കുടുംബത്തിലെ അംഗത്തെപ്പോലെയാണ് അന്നും ഇന്നും.

എന്റെ ആദ്യ ചിത്രം കഥപറയുമ്പോള്‍ മുതല്‍ എല്ലാ സിനിമകളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. എല്ലാവിധ പോസിറ്റീവ് എനര്‍ജിയും ഗുരുനാഥന്‍ എന്ന നിലയില്‍ സത്യേട്ടനില്‍നിന്ന് കിട്ടിയിട്ടുണ്ട്.

കഥപറയുമ്പോള്‍


കുറേക്കാലം അസോസിയേറ്റായി വര്‍ക്ക് ചെയ്തപ്പോള്‍ സ്വതന്ത്രമായി സിനിമ സംവിധാനം ചെയ്യണമെന്ന് തോന്നിത്തുടങ്ങി. കഥകളന്വേഷിച്ചും കഥകള്‍ സ്വയം എഴുതിയും ഒക്കെ ഇങ്ങനെ ഇരിക്കുമ്പോഴാണ് കഥപറയുമ്പോള്‍ എന്ന സിനിമയിലേക്കെത്തുന്നത്.

കഥപറയുമ്പോള്‍ ഉണ്ടാകുന്നതിന് മുന്‍പേ നാലഞ്ച് വര്‍ഷം ഞാന്‍ പല കഥകളുടെ പിറകേ നടന്നു. പല കഥകള്‍ ഞാന്‍ ശ്രീനിയേട്ടനോട് പറഞ്ഞു.

Film director M Mohanan

അതൊന്നും ശ്രീനിയേട്ടന് ഇഷ്ടപ്പെട്ടില്ല. ഒടുവില്‍ ഒരു തമിഴ് നാടകത്തിന്റെ അവകാശം വാങ്ങി അത് സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്നപ്പോഴാണ് അവിചാരിതമായി ശ്രീനിയേട്ടന്‍ രണ്ട് വരി കഥ ഫോണില്‍ പറയുന്നത്.

ശ്രീനിയേട്ടന്റെ കഥകളിലൊക്കെ അദ്ദേഹത്തിന്റെ ലൈഫിലെ ഒരുപാടനുഭവങ്ങളുണ്ട് . ഉദയനാണ് താരത്തിന്റെ ചര്‍ച്ചാവേളയിലാണ് ശ്രീനിയേട്ടന് കഥപറയുമ്പോള്‍ എന്ന സിനിമയെക്കുറിച്ചുള്ള ആശയം തോന്നിയത്. അന്ന് ശ്രീനിയേട്ടന്‍ പറഞ്ഞത്, കുചേലവൃത്തം പോലൊരു കഥയുണ്ട്. മമ്മൂട്ടി ഒരു ഗസ്റ്റ് റോളില്‍ വന്നാല്‍ ചിത്രം ഗംഭീരമാകും. പക്ഷേ നടക്കുമെന്നുറപ്പില്ല. മമ്മൂട്ടിക്ക് പകരം ഇത് മറ്റാര്‍ക്കും ചെയ്യാന്‍ പറ്റില്ല എന്നും പറഞ്ഞു.

മമ്മൂട്ടി ഇതിന് തയാറാകുമോ എന്നറിയണം. അങ്ങനെയെങ്കില്‍ നീ ഇത് സംവിധാനം ചെയ്യണം. ഞാന്‍ കാത്തിരുന്നു. ആ കാത്തിരിപ്പിന് ഫലമുണ്ടായി.

വിജയമായി മാണിക്യക്കല്ല്


കഥപറയുമ്പോള്‍ എന്ന ചിത്രത്തിന്റെ വിജയംതന്നെയാണ് വീണ്ടും സിനിമകള്‍ ചെയ്യുന്നതിനെക്കുറിച്ച് എന്നെ ചിന്തിപ്പിച്ചത്. സമൂഹത്തിന് എന്തെങ്കിലും സന്ദേശം നല്‍കാന്‍ കഴിയുന്ന ചിത്രമായിരിക്കണം എന്ന് മാത്രമേ ആഗ്രഹമുണ്ടായിരുന്നുള്ളൂ.

ഐ.റ്റി മേഖലയുമായി ബന്ധപ്പെട്ട ഒരു കഥയാണ് ആദ്യം മനസിലുണ്ടായിരുന്നത്. മറ്റൊന്ന് തലശേരിയില്‍ 100 % പരാജയം നേരിട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം വിജയത്തിളക്കത്തില്‍ നില്‍ക്കുന്ന നാട്ടുംപുറത്തെ ഒരു സ്‌കൂളിന്റെ കഥയും.

1987ല്‍ 10-ാം ക്ലാസ് പരീക്ഷയ്ക്ക് സമ്പൂര്‍ണ്ണ തോല്‍വി ലഭിച്ച ആ സ്‌കൂളിനെക്കുറിച്ച് പത്രത്തിലൊക്കെ വാര്‍ത്ത വന്നിരുന്നു. പിന്നീട് അവിടുത്തെ അധ്യാപകരുടെ പരിശ്രമഫലമായി ഇന്നിതുവരെ ആ സ്‌കൂളിന് 100 മേനി വിജയമാണ്.

പൃഥ്വിരാജിനോട് ഒറ്റവരിയില്‍ കഥ പറഞ്ഞു. ചേട്ടന്‍ പോയി കഥ റെഡിയാക്കി വന്നോളൂ. ഞാന്‍ ഇത് ചെയ്യാന്‍ തയാറാണെന്ന് പൃഥ്വി പറഞ്ഞു. അങ്ങനെയാണ് വിനയചന്ദ്രന്‍ മാഷിന്റെ കഥപറയുന്ന മാണിക്യക്കല്ല് ഉണ്ടായത്. ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡു ലഭിച്ചു.

കാശുണ്ടാക്കുന്നതല്ല കാര്യം


ഓരോ സിനിമകഴിഞ്ഞും കുറേ ഗ്യാപ്പുണ്ടല്ലോ അടുത്തതിലേക്കെന്ന് സുഹൃത്തുക്കളൊക്കെ ചോദിക്കാറുണ്ട്. പെട്ടെന്ന് സിനിമകള്‍ ചെയ്ത് കാശുണ്ടാക്കണമെന്ന് ആഗ്രഹമൊക്കെയുണ്ട്.

പക്ഷേ ഒരു സിനിമ കഴിഞ്ഞ് അടുത്തത് എന്ന കാര്യത്തോടടുക്കുമ്പോള്‍ കാശുണ്ടാക്കുക എന്നതിനപ്പുറത്തേക്ക് സമൂഹത്തിന് നന്‍മയുള്ള എന്തെങ്കിലും എന്റെ സിനിമയിലൂടെ പകര്‍ന്നുകൊടുക്കണം എന്നാവും ചിന്ത. അങ്ങനെ ഓരോ സബ്ജക്ടും വേണ്ടെന്നുവയ്ക്കും.

മനസില്‍ ചെയ്യണമെന്ന് തോന്നുന്ന അത്ര തീവ്രമായ സബ്ജക്ട് വരുമ്പോഴാണ് അത് ചെയ്യുന്നത്. അങ്ങനെ ഓരോ ചിന്തകള്‍ ഉണ്ടാകുമ്പോള്‍ ശ്രീനിയേട്ടനോടും വിനീതിനോടും ആലോചിക്കും. അപ്പോള്‍ സ്വാഭാവികമായും സമയം കടന്നുപോകും

Film director M Mohanan

വ്യക്തിജീവിതത്തിലും മാതൃക


സിനിമയില്‍ മാത്രമല്ല, വ്യക്തിജീവിതത്തിലും ശ്രീനിയേട്ടന്‍ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ചേച്ചിയുടെ വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ ശ്രീനിയേട്ടനോടൊപ്പം കൂടിയതാണ്. ശ്രീനിയേട്ടന്റെ നിലപാടുകളും അദ്ദേഹത്തിന്റെ സിനിമയിലുള്ള പാഷനും ഒക്കെ കാണാനും അറിയാനും പഠിക്കാനും സാധിച്ചിട്ടുണ്ട്.

ശ്രീനിയേട്ടന്‍ പറയാറുണ്ട്, ഇഷ്ടപ്പെട്ട് ചെയ്യുന്ന ജോലി കഷ്ടപ്പാടാവില്ല. ഇഷ്ടപ്പെടാതെ ചെയ്യുന്നതാണ് കഷ്ടപ്പാട്. അതുപോലെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. മക്കള്‍ വലുതായ ശേഷം സ്വന്തം കര്യത്തില്‍ തീരുമാനമെടുക്കാനുളള സ്വാതന്ത്രം അവര്‍ക്ക് കൊടുത്തു.

ഉപദേശങ്ങളൊന്നും തരില്ല. ഏത് കാര്യത്തിലും അര്‍പ്പണ മനോഭാവം വേണം. വിജയത്തിന് കുറുക്കുവഴിയില്ല എന്ന് എപ്പോഴും പറയും. കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന സ്വഭാവമാണ് ശ്രീനിയേട്ടന്റേത്.

പ്രത്യേകതയുള്ള സിനിമ


അരവിന്ദന്റെ അതിഥികള്‍ കുറേ പ്രത്യേകതയുളള ചിത്രമാണ്. ശ്രീനിയേട്ടനും ഉര്‍വശി ചേച്ചിയും ശാന്തികൃഷ്ണച്ചേച്ചിയും വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിച്ചഭിനയിച്ച ചിത്രം. സിനിമയെക്കുറിച്ച് ചിന്തിച്ചപ്പോള്‍ മുതല്‍ നായികയുടെ അമ്മയായി ഉര്‍വശി ചേച്ചിയെ മനസില്‍ കണ്ടിരുന്നു. അരവിന്ദന്റെ അമ്മയായി ശാന്തികൃഷ്ണ ചേച്ചിയേയും. പക്ഷേ ഇവര്‍ അഭിനയിക്കുമോ എന്നുറപ്പില്ല.

അതേക്കുറിച്ച് ആലോചിച്ച് വിഷമിക്കാതെ അവര്‍ സിനിമയില്‍ ഉണ്ടാകുമെന്ന് ഉറപ്പിച്ചുതന്നെയാണ് മുന്നോട്ട് പോയത്. ഭാഗ്യവശാല്‍ അവര്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. പ്രതിഫലം പോലും നോക്കാതെയാണ് ഉര്‍വശി ചേച്ചി അഭിനയിച്ചത്.

കുടുംബം?


ഭാര്യ ഷീന, മകള്‍ ഭവ്യതാര എട്ടാം ക്ലാസില്‍ പഠിക്കുന്നു.

ഷെറിങ് പവിത്രന്‍

Ads by Google
Wednesday 18 Jul 2018 03.48 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW