Thursday, June 13, 2019 Last Updated 3 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jul 2018 12.19 AM

സംഗീതത്തിന്റെ ഉറവിടം എവിടെയാണ്‌ ?

uploads/news/2018/07/234142/4.jpg

പക്ഷികളുടെ ശബ്‌ദവും അരുവിയുടെ കളകളാരവവും കാറ്റിന്റെ മൂളലും കടലിന്റെയും മഴയുടെയും ശബ്‌ദവുമൊക്കെയല്ലേ സംഗീതത്തിന്റെ ഉറവിടം? ആ ശബ്‌ദങ്ങള്‍ രാഗതാളാത്മകമായി ഒന്നിച്ച്‌ ഒരു സ്‌ഥലത്ത്‌ സൃഷ്‌ടിക്കാന്‍, ദൈവം മനുഷ്യനു കൊടുത്ത ബുദ്ധി ഉപയോഗിച്ച്‌ അവന്‍ നിര്‍മിച്ചവയാണ്‌ സംഗീതോപകരണങ്ങള്‍. സഹജീവികള്‍ക്ക്‌ ഗുണമല്ലാതെ ഒരുദോഷവും ചെയ്യാത്ത ഈ സംഗീതവും ഉപകരണങ്ങളും എങ്ങനെ "ഹറാമാ"കും?
വിനോദത്തിനു മാത്രമല്ല, ദൈവസ്‌തുതിയില്‍ ഏകാഗ്രത കൈവരിക്കുന്നതിനും ദൈവീകതയില്‍ താദാത്മ്യം പ്രാപിക്കുന്നതിനും സംഗീതം എന്ന മാധ്യമത്തിനുള്ള പ്രാധാന്യം മാനവസംസ്‌കാര ഉല്‍പത്തിമുതല്‍ നിലനില്‍ക്കുെന്നന്നു ചരിത്രം പറയുന്നു. ഇസ്‌ലാം മതം പ്രകൃതിയിലും ശാസ്‌ത്രത്തിലും അധിഷ്‌ഠിതമായ മതമാണെന്നാണ്‌ ഉല്‍ബോധിപ്പിക്കുന്നത്‌.
കല, പ്രത്യേകിച്ചു സംഗീതം മനുഷ്യന്റെ (മൃഗങ്ങളുടെപോലും) മാനസിക ശാരീരിക ആരോഗ്യത്തിന്‌ അനുകൂലമായി എത്രമാത്രം സ്വാധീനിക്കുന്നുവെന്നു ശാസ്‌ത്രം തെളിയിച്ചിട്ടുണ്ട്‌. മനസിന്റെ സമ്മര്‍ദം കുറയ്‌ക്കാനും ഊര്‍ജം വീണ്ടെടുക്കാനും സംഗീതത്തിനുള്ള കഴിവും തെളിയിക്കപ്പെട്ടതാണ്‌. ഏതു കഠിന ഹൃദയരേയും തരളിതരാക്കുവാന്‍ ശുദ്ധസംഗീതത്തിനു കഴിയും. ആ സംഗീതം എങ്ങനെ ഹറാമാകും?
ശുദ്ധവായുവും ശുദ്ധജലവും പോലെതന്നെയാണു ശുദ്ധസംഗീതവും. ഇവയിലേതിലും മായം കലര്‍ന്നാല്‍ അവ വിഷതുല്യമാണ്‌, നിഷിദ്ധമാണ്‌.സംഗീതം ഹറാമാണെന്നു പറയുന്നവര്‍ കേട്ട സംഗീതം മായം കലര്‍ന്നതായിരിക്കാം, റോക്ക്‌ സംഗീതമായിരിക്കാം; സഭ്യമായിരിക്കില്ല. മാത്രവുമല്ലാ, ഒരുപക്ഷെ അവര്‍ ശുദ്ധ സംഗീതം കേട്ടിട്ടും ഉണ്ടായിരിക്കില്ല! സഭ്യമല്ലാത്ത ഗാനങ്ങള്‍ ഇസ്‌ലാം മാത്രമല്ല, മറ്റേതൊരു മതവും, ഒരു സംസ്‌കാരവും, ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല.

മനഃശാസ്‌ത്രപരമായ സമീപനം:
ലോകമെമ്പാടുമുള്ള മറ്റു മതപണ്ഡിതര്‍ മനഃശാസ്‌ത്രപരമായി അവരുടെ അനുയായികളെ പ്രബോധനം നടത്തുമ്പോള്‍ പല മുസ്ലിം പണ്ഡിതര്‍ക്കും അങ്ങനെ ഒരു സമീപനമില്ലാ എന്ന വ്യസനകരമായ കാര്യവും ഇവിടെ സൂചിപ്പിച്ചുകൊള്ളട്ടെ!
സംഗീതാത്മകമായി ഖുര്‍ആന്‍ പാരായണം ചെയ്യുന്നത്‌ കേള്‍ക്കാന്‍ എന്തു രസമാണ്‌;
നാം ജീവിക്കുന്നത്‌ ഹിന്ദു ക്രിസ്‌ത്യന്‍ മുസ്ലിം മതക്കാര്‍ ഇടകലര്‍ന്നു പാര്‍ക്കുന്ന സ്‌ഥലത്താണ്‌. ഹിന്ദു/ക്രിസ്‌ത്യന്‍ ആരാധനാലയങ്ങളില്‍ നിന്നൊഴുകി വരുന്ന പ്രാര്‍ത്ഥനാ ഗാനങ്ങള്‍ അതിന്റെ മാസ്‌മരിക സംഗീതത്തിലും അതിലുള്‍ക്കൊള്ളുന്ന മലയാള വാക്കുകളിലും കേള്‍ക്കുമ്പോള്‍ അതില്‍ അലിഞ്ഞു ചേരാത്ത ഒരു മനുഷ്യഹൃദയവും ഉണ്ടാവില്ല. അന്തരീക്ഷം താനേ ഭക്‌തിനിര്‍ഭരമാകും.അതുപോലെയുള്ള കുറെ ഭക്‌തിഗാനങ്ങള്‍ തനതു ഭാഷയില്‍ മുസ്ലിം പള്ളികളില്‍നിന്നു കേട്ടിരുന്നെങ്കില്‍ എന്നു ഞാന്‍ പലപ്പോഴും കൊതിച്ചുപോകാറുണ്ട്‌!
ഖുര്‍ആന്‍ സൂക്‌തം 7:3132 ല്‍ അല്ലാഹു പറഞ്ഞതിന്റെ ചുരുക്കം കൂടി കേള്‍ക്കുക :
"ആദം സന്തതികളേ, മതത്തിന്റെ പേരില്‍ ആചരിച്ചു വരുന്ന അപരിഷ്‌കൃത സമ്പ്രദായങ്ങളും മര്യാദയ്‌ക്കു വിരുദ്ധമായ നടപടികളും വെടിയുക... ഈ ലോകത്ത്‌ നിങ്ങള്‍ക്കു വേണ്ടി ഞാന്‍ സൃഷ്‌ടിച്ച എല്ലാ ആഹാരങ്ങളും അലങ്കാരങ്ങളും ഐഹിക ജീവിതത്തില്‍ നിങ്ങള്‍ക്ക്‌ അവകാശപ്പെട്ടതാണ്‌. മിതത്വം കൈവിടാതെ അതു നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക..."
ഇതില്‍ കൂടുതല്‍ സ്‌പഷ്‌ടമായി എങ്ങനെയാണ്‌ അല്ലാഹു മനുഷ്യനോടു പറയേണ്ടത്‌?
സിനിമ, സംഗീതം, ഇസ്‌ലാം.

സിനിമ എന്ന കലാരൂപം സാങ്കേതികവിദ്യയുടെ പുരോഗതിയുടെ ഫലമായി രൂപപ്പെട്ടതാണ്‌. അത്‌ അനേകം കലകളുടെ മൂര്‍ത്തമായ സമന്വയവുമാണ്‌. ഇസ്ലാമില്‍ എവിടെയും സിനിമയെ നിരോധിച്ചിട്ടില്ല. എന്നാല്‍ ഇസ്ലാമില്‍ ഹറാമാക്കപ്പെട്ട കാര്യങ്ങള്‍ സിനിമയ്‌ക്ക്‌ പുറത്തും ഹറാം തന്നെയാണ്‌. അതായത്‌ ചലച്ചിത്രങ്ങള്‍ അവ നിര്‍മ്മിക്കപ്പെടുന്ന സമൂഹങ്ങളുടെ സാംസ്‌ക്കാരിക പ്രതിഫലനമാണ്‌ . അതുപോലെ തന്നെ അവ തിരിച്ചും സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നു.
ചലച്ചിത്രങ്ങള്‍ക്ക്‌ മുന്‍പും, അല്‍പ്പം കൂടി വ്യക്‌തമായി പറഞ്ഞാല്‍ ഇസ്ലാമിക പ്രത്യയശാസ്‌ത്രം രൂപപ്പെടുന്നതിന്‌, അല്ലെങ്കില്‍ പ്രവാചകന്‍ മുഹമ്മദ്‌ നബി ജനിക്കുന്നതിനു മുമ്പ്‌ പോലും, സമാനമായ കലാരൂപങ്ങള്‍ ഉണ്ടായിരുന്നു. പ്രാചീന ഗ്രീസിലും, അറേബ്യന്‍സംസ്‌കാരങ്ങളില്‍ പോലും. ചലച്ചിത്രങ്ങള്‍ക്ക്‌ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പേ നിലവില്‍ ഉണ്ടായിരുന്ന നാടകങ്ങള്‍ക്കും നൃത്ത രൂപങ്ങള്‍ക്കും ചലച്ചിത്രങ്ങള്‍ക്ക്‌ സമാനമായ കഥ, തിരക്കഥ, വസ്‌ത്രാലങ്കാരം, സംഗീതം, നിര്‍മ്മാണം, സംവിധാനം, അഭിനേതാക്കള്‍ !, കാണികള്‍ തുടങ്ങിയവ നിലവില്‍ ഉണ്ടായിരുന്നു.
ആധുനിക ഇസ്‌ലാമിക പണ്ഡിതന്‍മാരില്‍ സിനിമയെ സംബന്ധിച്ച അഭിപ്രായപ്രകടനത്തില്‍ ഇസ്‌ലാമിക ലോകത്തെ വേറിട്ട ശബ്‌ദമാണ്‌ മുഹമ്മദുല്‍ ഗസ്സാലിയുടേത്‌. സിനിമയെ തീര്‍ത്തും ധനാത്മകമായി സമീപിക്കുകയായിരുന്നു ശൈഖ്‌ മുഹമ്മദുല്‍ ഗസ്സാലി.
"മിഅതു സുആലിന്‍ അനില്‍ ഇസ്‌ലാം"(ഇസ്‌ലാമിനെ കുറിച്ചുള്ള നൂറ്‌ ചോദ്യങ്ങള്‍) എന്ന തന്റെ കൃതിയില്‍ സിനിമയെ കുറിച്ച്‌ അദ്ദേഹം വിശദീകരിക്കുന്നുണ്ട്‌. ഇത്തരം കാര്യങ്ങള്‍ അടിസ്‌ഥാനപരമായി അനുവദനീയമാണെന്നാണ്‌ അദ്ദേഹത്തിന്റെ വിശദീകരണം.
തിരുമേനി തന്നെയും ഒരിക്കല്‍ അബൂമൂസല്‍ അശ്‌അരിയെ അദ്ദേഹത്തിന്റെ സംഗീത സാന്ദ്രമായ ഖുര്‍ആന്‍ പാരായണം കേട്ട്‌ പ്രശംസിക്കുകയുണ്ടായി. "ദാവൂദ്‌ നബിയുടെ കുടുംബത്തിനു കിട്ടിയതു പോലുള്ള സംഗീതോപകരണം നിനക്കും ലഭിച്ചിട്ടുണ്ടല്ലോ" എന്നായിരുന്നു തിരുമേനിയുടെ പ്രശംസ. ഹദീസില്‍ മിസ്‌മാര്‍ എന്ന പദത്തിനര്‍ത്ഥം കാറ്റു മൂലം പ്രവര്‍ത്തിക്കുന്ന ഇന്നത്തെ ബ്യൂഗിളിന്റേതു പോലുള്ള ഒരു സംഗീത ഉപകരണമെന്നാണ്‌.
ആധുനിക ലോകത്തിന്റെ രാഷ്ര്‌ടീയവും, സാമൂഹികവുമായ ജീവിതം സംവേദിക്കപ്പെടുന്ന ഒരു മാധ്യമം എന്ന നിലയില്‍ മുസ്ലിങ്ങള്‍ക്ക്‌ മാത്രമായി സിനിമയെ മാറ്റി നിര്‍ത്തുവാന്‍ സാധിക്കില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം.
കൂട്ടത്തില്‍ "മുസ്ലിങ്ങള്‍ക്കെന്തു സംഗീതം" എന്ന സംഘപരിവാര്‍ ചോദ്യങ്ങളെ നേരിടുമ്പോള്‍ പ്രിയ ഫെയ്‌സ്‌ബുക്ക്‌ സുഹൃത്ത്‌ ശ്രീചിത്തിരന്‍ കുറിച്ചത്‌ പോലെ " നൂറുകണക്കിന്‌ ഗായകരും അനേകമനേകം ഖരാനകളിലൂടെ വികസിച്ചു വന്ന പേര്‍ഷ്യയിലും അഫ്‌ഗാനിലുംനിന്ന്‌ പാകിസ്‌താനിലും ബംഗ്ലാദേശിലും ഇന്ത്യയിലും പടര്‍ന്ന വിശാല സംഗീതധാരയും സൂഫിപാരമ്പര്യത്തിന്റെ വിപുല പ്രപഞ്ചവും തലത്‌ മഹ്‌മൂദും മുഹമ്മദ്‌ റാഫിയും മുതല്‍ കോഴിക്കോട്‌ അബ്‌ദുള്‍ ഖാദര്‍ വരെയടങ്ങുന്ന ചലച്ചിത്രസംഗീത ലോകവും കലാമണ്ഡലം ഹൈദരാലി മുതല്‍ എ ആര്‍ റഹ്‌മാനടക്കമുള്ള എത്രയോ പ്രതിഭകളും കൂടി വിശ്വാസം കൊണ്ടോ, ജന്മംകൊണ്ടോ മുസ്ലിങ്ങള്‍ ആയിരുന്നുവെന്നും വിസ്‌മരിക്കരുത്‌; യാഥാസ്‌ഥിക മുസ്ലിം പൗരോഹിത്യ വിഡ്‌ഢികളും, കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്‌റ്റുകളും..."

അഡ്വ. ജഹാംഗിര്‍ റസാഖ്‌ പാലേരി
ലേഖകന്റെ ഫോണ്‍ നമ്പര്‍: 8136 888 889

Ads by Google
Wednesday 18 Jul 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW