Saturday, April 20, 2019 Last Updated 4 Min 4 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 18 Jul 2018 12.17 AM

തായ്‌ലന്‍ഡില്‍ ബുദ്ധന്‍ വീണ്ടും പ്രകാശിച്ചപ്പോള്‍

ബുദ്ധജീവിതം ചര്യയാക്കിയ തായ്‌ലന്‍ഡ്‌ ജനതയുടെ മനസുരുകുന്നതു ലോകം കണ്ടു. ആ വേദനയ്‌ക്കൊടുവില്‍ ബുദ്ധന്‍ അവര്‍ക്കു വേണ്ടി ഒന്നുകൂടി പ്രകാശിച്ചു. ജനകോടികളുടെ പ്രാര്‍ഥനയും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയവരുടെ ഇച്‌ഛാശക്‌തിയും കൊണ്ട്‌ മാത്രമാണ്‌ ഇത്രയുംപേര്‍ ഇന്ന്‌ പുതുവെളിച്ചം കണ്ടത്‌.
uploads/news/2018/07/234140/2.jpg

ജലാശയത്തില്‍ ആകാശം കാണാം, മിന്നാമിനുങ്ങില്‍ വെളിച്ചവും കാണാം. പക്ഷേ ആകാശത്തില്‍ ജലാശയമോ മിന്നാമിനുങ്ങില്‍ അഗ്‌നിയോ ഇല്ല. അതുകൊണ്ട്‌ പ്രത്യക്ഷത്തില്‍ കാണുന്നതിന്‌ പിന്നിലെ തത്വം പരീക്ഷിച്ചറിയണം. അങ്ങനെ ബോധ്യപ്പെടാതെ പ്രവര്‍ത്തിച്ചാല്‍ പിന്നീട്‌ പശ്‌ചാത്തപിക്കേണ്ടി വരും. മഹാഭാരതത്തില്‍ ഭീഷ്‌മര്‍ ഉദ്ധരിക്കുന്ന നീതികഥയിലെ പരാമര്‍ശമാണിത്‌. ഒരു പെണ്‍ സിംഹം തന്റെ മകന്‌ നല്‍കുന്ന ഉപദേശം.

പ്രശ്‌നസങ്കീര്‍ണമായ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നമ്മളില്‍ പലരും പ്രതീക്ഷ നശിച്ച്‌ വഴിമുട്ടി നില്‍ക്കാറുണ്ട്‌. ചിലപ്പോള്‍ സ്വയം പഴിക്കും. ഇത്തരം ഒരു സംഭവം തന്നെയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ തായ്‌ലന്‍ഡില്‍ നടന്നത്‌. 12 കുട്ടികളും അവരുടെ കാല്‍പന്ത്‌ പരിശീലകനും പുറത്ത്‌ കടക്കാനാവാതെ ഗുഹയ്‌ക്കുള്ളില്‍ അകപ്പെട്ടത്‌ ഏറെ ആശങ്കയോടെയാണ്‌ ലോകം കണ്ടത്‌.

ബുദ്ധജീവിതം ചര്യയാക്കിയ തായ്‌ലന്‍ഡ്‌ ജനതയുടെ മനസുരുകുന്നതു ലോകം കണ്ടു. ആ വേദനയ്‌ക്കൊടുവില്‍ ബുദ്ധന്‍ അവര്‍ക്കു വേണ്ടി ഒന്നുകൂടി പ്രകാശിച്ചു. 17 ദിവസത്തിനു ശേഷം 12 മക്കളും അവരുടെ പരിശീലകനും ഇരുട്ടില്‍നിന്നു വെളിച്ചത്തിലേക്കു വന്നിറങ്ങി. ജനകോടികളുടെ പ്രാര്‍ഥനയും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയവരുടെ ഇച്‌ഛാശക്‌തിയും കൊണ്ട്‌ മാത്രമാണ്‌ ഇത്രയുംപേര്‍ ഇന്ന്‌ പുതുവെളിച്ചം കണ്ടത്‌. 17 ദിവസത്തെ ആശങ്കയ്‌ക്കും മൂന്നു ദിവസത്തെ അതിസാഹസികമായ രക്ഷാദൗത്യത്തിനും വിജയസമാപ്‌തിയായതോടെ സമാനതകളില്ലാത്ത ചരിത്രമായി അതു മാറി.

ജൂണ്‍ 23നാണു ഉത്തര തായ്‌ലന്‍ഡിലെ മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ ചിയാങ്‌ റായ്‌ വനമേഖലയിലെ ദോയി നാങ്‌ നോണ്‍ പര്‍വതത്തിനു താഴെ സ്‌ഥിതി ചെയ്യുന്ന ഗുഹയില്‍ കുട്ടികളും അവരുടെ പരിശീലകനും അകപ്പെട്ടത്‌. തായ്‌ലന്‍ഡിലെ വിനോദസഞ്ചാര ഭൂപടത്തില്‍ സുപ്രധാന സ്‌ഥാനകേന്ദ്രമാണ്‌ താം ലുവാങ്‌ ഗുഹ. അതില്‍ അകപ്പെട്ട കുട്ടികള്‍ക്കും പരിശീലകനും ഒരുപോലെ സുപരിചിതമായ ഇടം.

ഒരു കൗതുകത്തിന്‌ കയറിയെങ്കിലും അന്നും തുടര്‍ന്നും ദിവസങ്ങളിലുമുണ്ടായ കനത്ത മഴ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. അവരുടെ മുന്നില്‍ ഭയാനകമായ ഇരുട്ടും പ്രളയവും തീര്‍ത്ത്‌ ജീവന്‌ തന്നെ ഭീഷണിയായി ആ മഴ പരിണമിച്ചു. ഒഴുകിയെത്തിയ ചളിയും മാലിന്യങ്ങളും ഗുഹയുടെ പ്രവേശന കവാടത്തെ നിശേഷം അടച്ചുകളഞ്ഞു. രക്ഷതേടി കുട്ടികള്‍ ഗുഹയുടെ നാലുകീലോമീറ്ററോളം ഉള്ളില്‍ പാറക്കൂട്ടത്തില്‍ അഭയം പ്രാപിച്ചു.

*** ഗുഹയ്‌ക്കുള്ളിലെ ദൈവം
പെട്ടെന്നുണ്ടായ മഴയെക്കുറിച്ച്‌ നേരിയ ആശങ്കയെങ്കിലും മുന്നില്‍ കണ്ടിരുന്നെങ്കില്‍ ഏക്കാപോള്‍ എന്ന പരിശീലകന്‍ കുഞ്ഞുങ്ങളുമായി ഗുഹയില്‍ പ്രവേശിക്കില്ലായിരുന്നു. 17 ദിവസത്തോളം കുട്ടികള്‍ ഗുഹയില്‍ കഴിച്ചുകൂട്ടിയത്‌ ഓര്‍ത്താല്‍ ദൈവസാന്നിധ്യം അതിനകത്ത്‌ ഉണ്ടായിരുന്നുവെന്നതു തീര്‍ച്ചയാണ്‌. അത്‌ ഒരു പക്ഷേ ആ പരിശീലകന്റെ വേഷത്തിലായിരിക്കാം.

പത്താം വയസില്‍ അനാഥനായ ശേഷം ബുദ്ധസന്യാസിമാര്‍ വളര്‍ത്തിയ ആ യുവാവാണു കുട്ടികളുടെ പരിശീലകന്‍. കൈയിലുണ്ടായിരുന്ന അല്‍പം ആഹാരം പങ്കിട്ടു നല്‍കിയും മിച്ചംവച്ചും പ്രതിസന്ധിയില്‍ തളര്‍ന്നു പോകാതിരിക്കാനുള്ള ധ്യാന മുറകള്‍ പഠിപ്പിച്ചും ശരീരത്തില്‍ ഊര്‍ജം സംഭരിച്ചുവയ്‌ക്കാന്‍ പഠിപ്പിച്ചും ആ പരിശീലകന്‍ ആ കുഞ്ഞുങ്ങള്‍ക്കു ദൈവമായി മാറി. ദുരന്തനിമിഷങ്ങളില്‍ അദ്ദേഹം കെടാതെ സൂക്ഷിച്ചത്‌ അതിജീവനത്തിന്റെ വിളക്കായിരുന്നു.

ഈ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ആ ഗുഹയ്‌ക്കുള്ളില്‍ ബുദ്ധന്‍ നേരിട്ട്‌ എത്തിയതാണോയെന്നു പോലും തോന്നിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു ആ ദിവസങ്ങള്‍. അദ്ദേഹം നല്‍കിയ ധൈര്യവും സ്‌്ഥൈര്യവും എടുത്തു പറയേണ്ടതു തന്നെയാണ്‌. സ്വന്തം ജീവന്‍ തന്നെ ആശങ്കാജനകമായ സ്‌ഥിതിയിലാണെന്ന സത്യം പൂര്‍ണമായും അവഗണിച്ച്‌ കുരുന്നുകള്‍ക്ക്‌ ശുഭപ്രതീക്ഷയും ആത്മവിശ്വാസവും നിരന്തരം നല്‍കികൊണ്ടിരുന്ന ആ 25 കാരന്‍ അസാമാന്യ നിശ്‌ചയദാര്‍ഢ്യത്തിന്റെ ജീവല്‍മാതൃകയാണ്‌. കണക്കൂട്ടലുകള്‍ തെറ്റിച്ചെത്തിയ മഴയില്‍ സന്ദര്‍ഭോചിതമായി പ്രവര്‍ത്തിക്കുകയും കുട്ടികളെ രക്ഷാസ്‌ഥാനത്തേക്ക്‌ നയിച്ച പരിശീലകന്റെ മാതൃക സുവര്‍ണ ലിപികളാണ്‌ രേഖപ്പെടുത്തേണ്ടത്‌.

*** ഒറ്റ മനസോടെ രക്ഷാപ്രവര്‍ത്തനം
10 കിലോമീറ്റര്‍ നീളമുള്ള ചുണ്ണാമ്പു കല്ലുനിറഞ്ഞ ഗുഹയില്‍ വെള്ളം ഉയര്‍ന്നതോടെ കുട്ടികള്‍ ഗുഹാമുഖത്ത്‌ നിന്ന്‌ നാലുകിലോമീറ്റര്‍ ഉള്ളിലേക്ക്‌ പോയി. ഇതോടെ രക്ഷാപ്രവര്‍ത്തനത്തിനായി പുതിയ മാര്‍ഗങ്ങള്‍ തേടി. ഒന്‍പത്‌ ദിവസം നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവില്‍ ബ്രിട്ടീഷ്‌ കേവ്‌ റെസ്‌ക്യൂ കൗണ്‍സില്‍ അംഗങ്ങളായ നീന്തല്‍ വിദഗ്‌ധര്‍ ജോണ്‍ വോളെന്തെനും റിച്ചാര്‍ഡ്‌ സ്‌റ്റാന്റനുമാണ്‌ കുട്ടികളെ കണ്ടെത്തിയത്‌.

യു.എസ്‌, ചൈന, ബ്രിട്ടന്‍, സ്വീഡന്‍, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നിവര്‍ തായ്‌ നേവല്‍ സീലിനോട്‌ ചേര്‍ന്ന്‌ രക്ഷാപ്രവര്‍ത്തനത്തിനുള്ള സജ്‌ജീകരണങ്ങളൊരുക്കി. സ്‌പേസ്‌ എക്‌സ്‌ കമ്പനി സ്‌ഥാപകന്‍ ഇലോണ്‍ മസ്‌ക്‌ രക്ഷാപ്രവര്‍ത്തനത്തിനായി പുതിയൊരു പേടകം തന്നെയിറക്കി. ജംബോ സംഘം, 1500 സാങ്കേതിക വിദഗ്‌ധര്‍, മുങ്ങല്‍ വിദഗ്‌ധര്‍, ഗുഹാവിദഗ്‌ധര്‍, വൈദ്യ സംഘം, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന രക്ഷാപ്രവര്‍ത്തകരാണു രണ്ടാഴ്‌ചയിലേറെ ഗുഹാമുഖത്തു കുട്ടികളെ പുറത്തെത്തിക്കാനുണ്ടായിരുന്നത്‌.

വിവിധ രാജ്യങ്ങളിലുള്ളവര്‍ കരളുറപ്പോടെ ഒന്നിച്ച്‌ ഒരേ മനസ്സോടെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്‌് മനുഷ്യനില്‍ ഇപ്പോഴും കരുണയുടെയും നന്മയുടെയും നീരുറവ വറ്റിയിട്ടില്ലെന്നതിന്‌ ഉദാഹരണമാണ്‌. ഈ രക്ഷാദൗത്യം ലോക ജനതയ്‌ക്ക്‌ മുന്നില്‍ പ്രത്യാശയുടെയും ഐക്യത്തിന്റെയും വെളിച്ചമായി മാറുകയായിരുന്നു.

*** ജീവന്‍ ബലി നല്‍കിയ സമാന്‍
രക്ഷാ പ്രവര്‍ത്തനത്തിനിടെ തായ്‌ മുന്‍ നാവിക സേനാംഗവും മുങ്ങല്‍ വിദഗ്‌ധനുമായ സമാന്‍ പ്രാണവായു കിട്ടാതെ മരിച്ചത്‌ ലോകത്തിന്‌ വേദനയായി തീര്‍ന്നു. അദ്ദേഹത്തിന്റെ രക്‌തസാക്ഷിത്വം ത്യാഗത്തിന്റെ നിറദീപമായി എന്നും ജ്വലിച്ചു നില്‍ക്കും.

ശ്രീബുദ്ധന്റെ സാന്നിധ്യമുള്ള ഈ ഗുഹയില്‍ ഈ സംഭവം എന്നും സ്‌മരിക്കാന്‍ ഒരു പക്ഷേ ദൈവത്തിന്റെ ചില വികൃതികളായിരിക്കാം സമാന്റെ ജീവനെടുത്തതും. ആ ഗുഹയ്‌ക്ക്‌ മുന്നില്‍ ലോകം ഒരേ മനസ്സോടെ ഒരുമിച്ചുനിന്ന സുവര്‍ണ നിമിഷങ്ങളും എന്നും സ്‌മരിക്കപ്പെടും.

*** സ്‌നേഹം മഹത്തായ മതം
തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക്‌ ഇടനല്‍കാതെ പരസ്‌പര സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും ഐക്യത്തിന്റെയും ആസൂത്രണത്തിന്റെയും എന്നുവേണ്ട എല്ലാവിധ മനുഷ്യ നന്മയുടെയും തികവിന്റെയും പ്രകടനത്തിനാണു തായ്‌ ലുവാങ്‌ ഗുഹ സാക്ഷിയായത്‌. ഈ കൂട്ടായ്‌മയും സഹകരണവും സന്മസ്സും മാനവിക കുലത്തിന്റെ ജീവല്‍ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ പ്രയോജനപ്പെട്ടിരുന്നെങ്കിലെന്ന്‌ ഓരോരുത്തരും ആശിച്ചു പോകുന്ന തരത്തിലുള്ളതായിരുന്നു രക്ഷാ പ്രവര്‍ത്തനം.

"ഇതൊരു അത്ഭുതമാണോ, അതോ ശാസ്‌ത്രത്തിന്റെ വിജയമോ. അതിനുമപ്പുറം വല്ലതുമാണോ അറിയില്ല... ഇതെന്താണെന്ന്‌ തീര്‍ച്ചയില്ല. ഒടുവില്‍ ആ 13 പേരും ഗുഹയ്‌ക്ക്‌ പുറത്തെത്തിയിരിക്കുന്നു."- വിജയകരമായ ഈ രക്ഷാദൗത്യത്തെക്കുറിച്ചുള്ള തായ്‌് നാവികസേനയുടെ പ്രതികരണം ഇതായിരുന്നു. മനുഷ്യ നന്മയും ശാസ്‌ത്രവും ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ക്ക്‌ ബുദ്ധന്റെ പ്രകാശം ചൊരിഞ്ഞതാണ്‌ ഇവിടെ യഥാര്‍ഥത്തില്‍ സംഭവിച്ചിരിക്കുന്നത്‌.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 18 Jul 2018 12.17 AM
Ads by Google
Loading...
TRENDING NOW