Thursday, September 13, 2018 Last Updated 7 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jul 2018 12.17 AM

കേരളത്തിന്‌ അപമാനമായ അഞ്ചല്‍ കൊലപാതകം

uploads/news/2018/07/234139/1.jpg

ഇതരസംസ്‌ഥാന തൊഴിലാളികള്‍ക്ക്‌ സൈധര്യം ജീവിക്കാവുന്ന സ്‌ഥലമെന്ന ഖ്യാതി കേരളത്തിനുണ്ട്‌. എന്നാല്‍, അതിനുണ്ടായ കളങ്കമാണു കൊല്ലത്ത്‌ പശ്‌ചിമ ബംഗാള്‍ സ്വദേശിയെ തല്ലിക്കൊന്ന സംഭവം. കോഴിയെ മോഷ്‌ടിച്ചു എന്ന്‌ ആരോപിച്ചു നാട്ടുകാര്‍ മര്‍ദിച്ച മാണിക്‌ റോയ്‌ എന്ന മുപ്പത്തിരണ്ടുകാരനാണു കൊല്ലപ്പെട്ടത്‌. അഞ്ചലിനു സമീപം പനയഞ്ചേരിയില്‍ രണ്ടാഴ്‌ച മുമ്പായിരുന്നു ഇയാള്‍ക്ക്‌ മര്‍ദനമേറ്റത്‌. ഒരു വീട്ടില്‍നിന്നു കോഴിയെ വാങ്ങി താമസസ്‌ഥലത്തേക്ക്‌ പോയ ഇയാളെ മൂന്നു ആക്രമിക്കുകയായിരുന്നു. കോഴിയെ മോഷ്‌ടിച്ചതാണെന്നായിരുന്നു അവരുടെ ആരോപണം. മര്‍ദനമേറ്റ്‌ രക്‌തം വാര്‍ന്നു കിടന്ന ഇയാള്‍ക്ക്‌ ഏറെ നേരത്തിനുശേഷമാണ്‌ വൈദ്യസഹായം കിട്ടിയത്‌. ഏതാനും ദിവസത്തിനുശേഷം ജോലിക്കു പോയി തുടങ്ങിയെങ്കിലും അയാള്‍ കുഴഞ്ഞുവീണു മരിച്ചു. തലയ്‌ക്ക്‌ പിന്നിലേറ്റ ക്ഷമാണു മരണകാരണമെന്നു കണ്ടെത്തുകയും ചെയ്‌തു. ഈ കേസില്‍ രണ്ടുപേരെ അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. ഒരാളെ തെരയുകയുമാണ്‌.
ഇതര സംസ്‌ഥാന തൊഴിലാളികള്‍ ഇന്നു കേരളീയ ജീവിതത്തിന്റെ ഭാഗമാണ്‌. ധാരാളംപേര്‍ ഇവിടെ നല്ലരീതിയില്‍ ജോലിചെയ്‌ത്‌ കുടുംബം പോറ്റുന്നു. ധാരാളംപേരുടെ കുട്ടികള്‍ ഇവിടെ പഠിച്ച്‌ മലയാളികളെപ്പോലെ വളരുന്നു. ജോലിചെയ്യുന്ന ഇതരസംസ്‌ഥാന തൊഴിലാളികളില്‍ നല്ലൊരുപങ്കും മലയാള ഭാഷ പഠിച്ച്‌ ഇവിടത്തുകാരെ പോലെയായി. പുറത്തുനിന്നു വരുന്നവരെ സംശയദൃഷ്‌ടിയോടെ കാണുന്ന രീതി മറ്റു സംസ്‌ഥാനങ്ങളിലുണ്ടെങ്കില്‍ ഇവിടെ അതില്ലാത്തതിനാല്‍ കേരളത്തെ സ്വര്‍ഗതുല്യമായാണ്‌ ഇവര്‍ കണ്ടിരുന്നത്‌. മാത്രമല്ല, ഇതര സംസ്‌ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ മുന്‍കൈയെടുത്തതും മുതല്‍കൂട്ടായി. അവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനായി സര്‍ക്കാര്‍ വിവിധ ചട്ടങ്ങള്‍ വരെ ഏര്‍പെടുത്തി. മലയാളികളെകിട്ടാത്ത പല ജോലികള്‍ക്കും ഇതര സംസ്‌ഥാനക്കാര്‍ എന്ന സ്‌ഥിതി വരെയായി. ഇതിനിടയിലാണു തികച്ചും എതിര്‍ക്കപ്പെടേണ്ടതായ ഈ സംഭവം. കേരളത്തില്‍ വന്നുകൂടിയ ഇതരസംസ്‌ഥാനക്കാരില്‍ ധാരാളം ക്രിമിനലുകളുമുണ്ട്‌ എന്ന ധാരണയെ തുടര്‍ന്ന്‌ ഇവരെ സംശയത്തോടെ കാണുന്ന അനേകരുണ്ട്‌. ഈ സംശയമാണ്‌ കൊലപാതകത്തിലേക്കു നയിച്ചത്‌.
ആള്‍ക്കൂട്ട കൊലപാതകങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന സുപ്രിം കോടതിയുടെ അഭിപ്രായം വന്നത്‌ കൊല്ലത്തെ സംഭവത്തിനു തൊട്ടുപിന്നാലെയാണ്‌. ഉത്തരേന്ത്യയില്‍ ഉണ്ടായ ചില സംഭവങ്ങളാണ്‌ സുപ്രീം കോടതിയുടെ അഭിപ്രായത്തിനിടയാക്കിയതെങ്കിലും കൊല്ലത്തെ സംഭവവും ഇതിനോട്‌ ചേര്‍ത്തുവായിക്കാവുന്നതാണ്‌. മോഷണക്കുറ്റം ആരോപിച്ച്‌ അട്ടപ്പാടിയില്‍ മധു എന്ന ആദിവാസിയെ ഏതാനും പേര്‍ ചേര്‍ന്ന്‌ മര്‍ദിച്ചുകൊന്നത്‌ ഇനിയും മറക്കാറായിട്ടില്ല. മലയാളിയെ ലജ്‌ജിപ്പിച്ച ആ സംഭവത്തിനു തൊട്ടുപിന്നാലെയാണ്‌ കൊല്ലത്തെ കൊലപാതകമെന്നത്‌ നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു. ആരെയെങ്കിലും സംശയമുണ്ടെങ്കില്‍ ജനക്കൂട്ടം എന്തിനു നിയമം കൈയിലെടുക്കണം? സാക്ഷരര്‍ എന്ന്‌ അഭിമാനിക്കുന്ന മലയാളിക്ക്‌ ചേര്‍ന്നതല്ല ഈ ക്രിമിനല്‍ പ്രവൃത്തി. നിയമം പാലിക്കാന്‍ പോലീസുണ്ട്‌. അവരുടെ പണി ജനങ്ങള്‍ ഏറ്റെടുക്കേണ്ട. ഇത്തരം ആക്രമണങ്ങള്‍ നടത്തി നിരപരാധികളുടെ ജീവനു ഭീഷണിയാകുന്ന എല്ലാവരും മാതൃകാപരമായി ശിക്ഷിക്കപ്പെടുന്നുവെന്നു സര്‍ക്കാര്‍ ഉറപ്പുവരുത്തണം.

Ads by Google
Wednesday 18 Jul 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW