Wednesday, June 26, 2019 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Jul 2018 01.27 AM

പാര്‍ലമെന്റ്‌ സ്‌തംഭനവും യാഥാര്‍ഥ്യവും

uploads/news/2018/07/233904/bft1.jpg

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു നാളെ തുടക്കം. കഴിഞ്ഞ ബജറ്റ്‌ സമ്മേളനത്തിന്റെ തനിയാവര്‍ത്തനമായി വര്‍ഷകാല സമ്മേളനവും പെരുവെള്ളപ്പാച്ചിലില്‍പോലെ ഒലിച്ചുപോകുമോ എന്നാണു ജനാധിപത്യ വിശ്വാസികളുടെ ആശങ്ക. സഭയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ലോക്‌സഭാ സ്‌പീക്കര്‍ സുമിത്രാ മഹാജന്‍ എല്ലാ എം.പിമാര്‍ക്കും കത്തെഴുതിയതായി മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞു. എനിക്ക്‌ ഇതുവരെയും ലഭിച്ചിട്ടില്ല.
സര്‍ക്കാരാകട്ടെ പാര്‍ലമെന്റ്‌ സ്‌തംഭനത്തിന്റെ ഒരേയൊരു കാരണക്കാര്‍ പ്രതിപക്ഷമാണ്‌ എന്ന നിലയിലുള്ള പ്രചാരണവുമായി രംഗത്തുണ്ട്‌. ഇത്തരം പ്രചാരണവേലയുടെ പിന്നിലെ യാഥാര്‍ഥ്യം തിരിച്ചറിയേണ്ടതുണ്ട്‌. കഴിഞ്ഞ ബജറ്റ്‌ സമ്മേളനം അലസിപ്പിരിഞ്ഞതിന്റെ കാരണങ്ങളെയും രാജ്യം നേരിടുന്ന ഗുരുതര പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിനോട്‌ സര്‍ക്കാര്‍ എന്തിന്‌ വിമുഖത കാട്ടുന്നു എന്നതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്‌.
വാസ്‌തവത്തില്‍ സഭാസമ്മേളനം അലങ്കോലമാക്കിയത്‌ എന്‍.ഡി.എ സര്‍ക്കാരിന്റെ ഭാഗമായിരുന്ന തെലുങ്ക്‌ദേശം പാര്‍ട്ടി(ടി.ഡി.പി)യും കേന്ദ്ര സര്‍ക്കാരുമായി ഉറ്റബന്ധം പുലര്‍ത്തുന്ന അണ്ണാ ഡി.എം.കെയുമാണ്‌. ഇതിന്‌ കളമൊരുക്കിയതാകട്ടെ കേന്ദ്ര സര്‍ക്കാരും. ബജറ്റ്‌ സമ്മേളനം സുഗമമായി മുന്നോട്ട്‌ കൊണ്ടുപോകുന്നതിനു താല്‍പര്യമുണ്ടായിരുന്നെങ്കില്‍ സഖ്യകക്ഷിയായിരുന്ന ടി.ഡി.പിയെയും അണ്ണാ ഡി.എം.കെയെയും കേന്ദ്ര സര്‍ക്കാര്‍ അനുനയിപ്പിക്കുമായിരുന്നു.
ആന്ധ്രാപ്രദേശിനു പ്രത്യേക പദവി, പാക്കേജ്‌ എന്നിവ ആവശ്യപ്പെട്ടാണ്‌ എന്‍.ഡി.എയുടെ സഖ്യകക്ഷിയായ ടി.ഡി.പിയുടെ എം.പിമാര്‍ പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങള്‍ സൃഷ്‌ടിച്ചത്‌. ടി.ഡി.പിയുടെ രണ്ട്‌ കേന്ദ്രമന്ത്രിമാര്‍ രാജിവയ്‌ക്കുകയും പാര്‍ട്ടി എന്‍.ഡി.എ. വിടുകയും ചെയ്‌തത്‌ ബജറ്റ്‌ സമ്മേളനത്തിനിടയിലാണ്‌. കേന്ദ്ര സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിക്കുതിനായി ടി.ഡി.പി മുന്നോട്ടുവന്നപ്പോഴാകട്ടെ കാവേരി പ്രശ്‌നത്തിന്റെ പേരില്‍ അണ്ണാ ഡി.എം.കെ. അംഗങ്ങള്‍ സഭാ നടപടികള്‍ തടസപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന നിരവധി വിഷയങ്ങള്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിച്ച്‌ ചര്‍ച്ചയ്‌ക്കായി ശ്രമിക്കുമ്പോളെല്ലാം സഭയില്‍ ബഹളം സൃഷ്‌ടിച്ച്‌ സഭ പിരിയുന്നതിനും അതിലൂടെ സര്‍ക്കാരിനെ ചോദ്യമുനകളില്‍നിന്നും രക്ഷിക്കുന്നതിനുമാണ്‌ അണ്ണാ ഡി.എം.കെ. അംഗങ്ങള്‍ കഴിഞ്ഞ ബജറ്റ്‌ സമ്മേളനത്തില്‍ ശ്രമിച്ചത്‌.
അസഹിഷ്‌ണുത, ദളിതര്‍ക്കു നേരെയുള്ള ആക്രമണം, സുപ്രീംകോടതിയിലെ നാല്‌ ജഡ്‌ജിമാര്‍ ഉന്നയിച്ച വിമര്‍ശനം, സുപ്രീം കോടതി ജഡ്‌ജിമാരുടെ നിയമനത്തിലും ചട്ടവിരുദ്ധമായ ഇടപെടലുകള്‍... ഇവയൊക്കെ ചര്‍ച്ചയാക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു.
മാധ്യമങ്ങള്‍ക്ക്‌ കൂച്ച്‌ വിലങ്ങിടുന്നതിനുള്ള നീക്കമുണ്ടായതും ബജറ്റ്‌ സമ്മേളനത്തിനിടയിലാണ്‌. വ്യാജവാര്‍ത്ത നല്‍കുന്ന മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കുമെന്ന ഉത്തരവിലെ വ്യവസ്‌ഥകളാണ്‌ ആശങ്കയ്‌ക്കു കാരണം. വ്യാജവാര്‍ത്ത നല്‍കിയെന്ന പരാതി ലഭിച്ചാല്‍പോലും മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം മരവിപ്പിക്കുന്നതടക്കമുള്ള ജനാധിപത്യവിരുദ്ധ വ്യവസ്‌ഥകളടങ്ങിയ ഉത്തരവ്‌ വന്‍ പ്രതിഷേധത്തേത്തുടര്‍ന്നു പിന്‍വലിക്കേണ്ടിവന്നു.
പെട്രോള്‍-ഡീസല്‍ വില സംബന്ധിച്ച സര്‍ക്കാരിന്റെ നിലപാടും പ്രതിഷേധാര്‍ഹമാണ്‌. കഴിഞ്ഞ നാലുവര്‍ഷം കൊണ്ട്‌ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞപ്പോള്‍ നികുതി വര്‍ധിപ്പിച്ച്‌ നേട്ടം കൊയ്യാനാണ്‌ സര്‍ക്കാര്‍ ശ്രമിച്ചത്‌. എണ്ണക്കമ്പനികളും സര്‍ക്കാരും ലാഭമുണ്ടാക്കിയപ്പോള്‍ സാധാരണക്കാരന്‌ ദുരിതം മാത്രം.രാജ്യം അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ്‌ പെരുകുന്ന കര്‍ഷക ആത്മഹത്യകള്‍. എണ്‍പതു ശതമാനം കര്‍ഷകരും ആത്മഹത്യ ചെയ്യുന്നത്‌ കടക്കെണി മൂലമാണെന്നും ഔദ്യാഗിക രേഖകള്‍ വ്യക്‌തമാക്കുന്നു. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം ബോധപൂര്‍വം മറന്നുകൊണ്ട്‌ 2022ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണു സര്‍ക്കാര്‍ വാഗ്‌ദാനം.
കേരളത്തിന്റെ സമ്പദ്‌ഘടനയുടെ നട്ടെല്ലായ റബര്‍കൃഷിയെ തകര്‍ക്കുന്നതിനുള്ള ബോധപൂര്‍വമായ നീക്കം നടന്നതും കഴിഞ്ഞ ബജറ്റ്‌ സമ്മേളന കാലത്താണ്‌. ചിരട്ടപ്പാലിനു നിലവാര മുദ്ര അഥവാ ബി.ഐ.എസ.്‌ ഏര്‍പ്പെടുത്തി വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള നീക്കമായിരുന്നു അത്‌. തായ്‌ലന്‍ഡ്‌, മലേഷ്യ, ഇന്തോനീഷ്യ തുടങ്ങിയ റബര്‍ ഉല്‍പാദക രാജ്യങ്ങള്‍ അവ ഷീറ്റായി സൂക്ഷിക്കുന്നതിന്‌ പകരം ചിരട്ടയില്‍ ശേഖരിക്കുന്ന അതേപടി സൂക്ഷിക്കുന്നു. ഇത്‌ കിലോക്ക്‌ 30 രൂപക്കു വരെ ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്യാന്‍ കഴിയും. എന്നാല്‍ ചിരട്ടപ്പാലിന്‌ ബി.ഐ.എസ.്‌ ഇല്ലാത്തതിനാല്‍ നിലവില്‍ ഇറക്കുമതി സാധ്യമല്ല. റബര്‍ ചിരട്ടപ്പാലിനു ബി.ഐ.എസ.്‌ ഏര്‍പ്പെടുത്തുന്നതിനുള്ള നിര്‍ദേശം രണ്ടു വര്‍ഷം മുമ്പ്‌ ഉയര്‍ന്നതാണെങ്കിലും പ്രായോഗികമല്ലാത്തതിനാല്‍ അതു ഉപേക്ഷിച്ചു.
എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണു വീണ്ടും ഇതു പരിഗണനയ്‌ക്ക്‌ വന്നത്‌. റബര്‍ മേഖലയുടെ മേല്‍നോട്ടമുള്ള വാണിജ്യമന്ത്രിയുടെയോ ബി.ഐ.എസിന്റെ ചുമതലയുള്ള ഉപഭോക്‌തൃമന്ത്രിയുടെയോ അറിവു കൂടാതെയാണ്‌ ചിരട്ടപ്പാലിനു ബി.ഐ.എസ.്‌ ഏര്‍പ്പെടുത്തുന്നതിനുള്ള നീക്കം നടന്നത്‌ എന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌.
എല്ലാ മന്ത്രാലയങ്ങളുടെയും പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിനുള്ള അധികാരം പ്രധാനമന്ത്രിക്കുണ്ട്‌. എന്നാല്‍ കര്‍ഷകവിരുദ്ധമായ ഒരു കാര്യം നടപ്പാക്കാനാണ്‌ അദ്ദേഹം ഇതു വിനിയോഗിച്ചത്‌. ചിരട്ടപ്പാലിന്‌ ബി.ഐ.എസ്‌. ഏര്‍പ്പെടുത്തുന്നത്‌ സംബന്ധിച്ച നിര്‍ണായക യോഗം നടക്കുന്നതിന്റെ തലേന്നും കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്‌താവന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായി. ചിരട്ടപ്പാല്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം മരവിപ്പിക്കുന്നു എന്നതായിരുന്നു അത്‌. എന്നാല്‍ പിറ്റേന്ന്‌ ചേര്‍ന്ന ബി.ഐ.എസ്‌. യോഗത്തില്‍ ചര്‍ച്ചയ്‌ക്കുവന്ന ആദ്യ ഇനവും ചിരട്ടപ്പാലിനു ബി.ഐ.എസ്‌. ഏര്‍പ്പെടുത്തുന്നത്‌ സംബന്ധിച്ചുള്ളതായിരുന്നു. പ്ലാന്റേഷന്‍ മേഖലയില്‍ നിന്നുള്ള പ്രതിനിധികളുടെ ശക്‌തമായ എതിര്‍പ്പ്‌ മൂലം മാത്രമാണു തീരുമാനം മാറ്റിവച്ചത്‌. പ്രമുഖ റബര്‍ ഉത്‌പാദക രാജ്യമായ ബ്രസീലില്‍ ഒരു കാലത്ത്‌ റബര്‍ കൃഷി പാടെ തകര്‍ന്നതാണ്‌. ചിരട്ടപ്പാല്‍ അടക്കമുള്ള റബറിന്റെ വന്‍തോതിലുള്ള ഇറക്കുമതി മൂലമാണ്‌ ബ്രസീലിലെ ആഭ്യന്തര ഉല്‍പാദനം തകര്‍ന്നത്‌. ഇന്ത്യയും അതേ വഴിക്കാണു നീങ്ങുന്നത്‌.
റബര്‍ കര്‍ഷകരെയും ചെറുകിട യൂണിറ്റുകളെയും മാത്രം ബാധിക്കുന്ന വിഷയമല്ല ചിരട്ടപ്പാലിന്റെ ഇറക്കുമതി. സംസ്‌കരിക്കാത്തതിനാല്‍ മനുഷ്യനും, മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും ഹാനികരമായ ഘടകങ്ങള്‍ പകരുന്നതിനും ചിരട്ടപ്പാലിന്റെ ഇറക്കുമതി കാരണമാകും. ഇതു സംബന്ധിച്ച്‌ നിരവധി രാജ്യാന്തര ഉടമ്പടികള്‍ നിലവിലുണ്ട്‌. ഇന്ത്യ തന്നെ നിയമങ്ങള്‍ പാസാക്കിയിട്ടുണ്ട്‌. രാജ്യാന്തര ഉടമ്പടികളെയും രാജ്യത്തെ നിയമങ്ങളെയും അട്ടിമറിച്ചുകൊണ്ടാണ്‌ സാമ്പത്തിക, ആരോഗ്യ, ജൈവസുരക്ഷ-ജൈവവൈവിധ്യ മേഖലകളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കാന്‍ കാരണമായേക്കാവുന്ന നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നത്‌.
സി.ബി.എസ്‌.ഇ. പരീക്ഷകളുടെ ചോദ്യക്കടലാസുകള്‍ പതിവായി ചോര്‍ന്നതും ബജറ്റ്‌ സമ്മേളനകാലത്താണ്‌. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ വിചാരണ ചെയ്യപ്പെടേണ്ട ഇടങ്ങളിലൊന്നായ പാര്‍ലമെന്റിനെ സ്‌തംഭനത്തിലൂടെ നിര്‍ജീവമാക്കുകയായിരുന്നു സര്‍ക്കാര്‍.
എന്നാല്‍ ഇതിനിടയില്‍ മറനീക്കി വരുന്നത്‌ ഒരു അപായ സൂചനയാണ്‌. പാര്‍ലമെന്റ്‌ സ്‌തംഭിച്ചെങ്കിലും 25-ഓളം മൂലനിയമങ്ങളാണ്‌ ഒരു ചര്‍ച്ചയും കൂടാതെ സര്‍ക്കാര്‍ പാസാക്കിയത്‌. നിലവിലുള്ള കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ട്‌ ഇവ ധനകാര്യ ബില്ലിന്റെ പരിധിയില്‍കൊണ്ടു വന്നുകൊണ്ടാണു സര്‍ക്കാര്‍ പാസാക്കിയെടുത്തത്‌.
നോബേല്‍ പുരസ്‌കാര ജേതാവും പ്രമുഖ സാമ്പത്തിക വിദഗ്‌ദ്ധനുമായ അമര്‍ത്യാ സെന്‍ അടുത്തിടെ നടത്തിയ ഒരു നിരീക്ഷണം ശ്രദ്ധിക്കുക. 2014 മുതല്‍ രാജ്യം തെറ്റായ ദിശയിലേക്ക്‌ കുതിച്ചു ചാടുകയാണ്‌. അതിവേഗം വളരുന്ന സമ്പദ്‌ഘടന എന്ന സ്‌ഥിതിയില്‍ നിന്നും ദക്ഷിണേഷ്യയിലെ ഏറ്റവും മോശപ്പെട്ട രണ്ടാമത്തെ രാജ്യം എന്ന അവസ്‌ഥയിലേക്ക്‌ നാം കൂപ്പു കുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇതു തന്നെയാണ്‌ നാലുവര്‍ഷമായി പാര്‍ലമെന്റിനുള്ളില്‍ പ്രതിപക്ഷം പറയാന്‍ ശ്രമിക്കുന്നതും, സര്‍ക്കാര്‍ അവസരം നിഷേധിക്കുന്നതും.
അതിനാല്‍ വൈകിയ വേളയിലെങ്കിലും തെറ്റുതിരുത്താന്‍ സര്‍ക്കാര്‍ തയാറാകണം. രാജ്യത്തെ ബാധിക്കുന്ന അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങള്‍ ഉന്നയിക്കുന്നതിനുള്ള അവസരം പ്രതിപക്ഷത്തിന്‌ നിഷേധിക്കരുത്‌. പ്രതിപക്ഷം ഉന്നയിക്കാന്‍ ശ്രമിക്കുന്ന വിഷയങ്ങള്‍ക്ക്‌, സാങ്കേതിക കാരണങ്ങളുടെ പേരു പറഞ്ഞ്‌ അവതരണാനുമതി നിഷേധിക്കുന്ന സ്‌പീക്കര്‍ തന്നെ ലോക്‌സഭാ സ്‌തംഭനത്തിനു നിരവധിത്തവണ കാരണമായിട്ടുണ്ട്‌.

ആന്റോ ആന്റണി എം.പി.

Ads by Google
Tuesday 17 Jul 2018 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW