Thursday, September 13, 2018 Last Updated 7 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Jul 2018 01.26 AM

'മുസ്ലിംകള്‍ക്കെന്തു സംഗീതം?' തെറ്റാണ്‌, മുസ്ലിംകള്‍ക്കാണു സംഗീതമുള്ളത്‌

uploads/news/2018/07/233903/bft2.jpg

ജനസമൂഹത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന ശക്‌തമായ ഉപകരണമാണ്‌ കല. ഇസ്‌ലാമും വിശുദ്ധ ഖുര്‍ആനും മുസ്ലിം സമൂഹത്തിന്റെ ആവിഷ്‌കാരങ്ങളിലും മുസ്ലിം ലോകത്ത്‌ വികാസം പ്രാപിച്ച എല്ലാ കലകളിലും പ്രചോദനമായി വര്‍ത്തിച്ചിട്ടുണ്ട്‌ എന്നത്‌ ചരിത്ര രേഖകളാണ്‌. മുസ്ലിം സമൂഹം ആവിഷ്‌കരിച്ച കലാമാതൃകകളില്‍ അത്രമേല്‍ ഖുര്‍ആനിന്റെ സ്വാധീനം പ്രകടമാണ്‌. സംഗീതം, കൊത്തുപണികള്‍, നിര്‍മാണങ്ങള്‍, കാലിഗ്രഫി, അലങ്കാര കലകള്‍ തുടങ്ങിയവയിലെല്ലാം ഇത്‌ ദര്‍ശിക്കാം. ഇസ്‌ലാം കലകളെ ജീവസുറ്റതാക്കുന്നത്‌ അതിന്റെ ദൈവികമായ പ്രചോദനങ്ങളിലൂടെയാണ്‌. കേവലാവിഷ്‌കാരങ്ങളില്‍ മാത്രമല്ല പ്രകൃതിയില്‍ അന്തര്‍ലീനമായ ദൈവിക ഇടപെടലുകളിലേക്കുള്ള അന്വേഷണവും ആസ്വാദനവും വളരെ പ്രധാനമായി കാണുന്നു.
കലയില്‍ ഈ ദൈവികമായ പ്രചോദനത്തെ സന്നിവേശിപ്പിക്കുമ്പോഴാണ്‌ ആവിഷ്‌കാരങ്ങളില്‍ ജീവാത്മക ചൈതന്യം തുടിച്ചുനില്‍ക്കുന്നത്‌. അതേസമയം കലകളും വിനോദങ്ങളും കീഴടക്കാനും അടിമപ്പെടുത്താനും ഉപയോഗിക്കാമെന്നും ആധിപത്യമുള്ളവന്റെ ആവിഷ്‌കാരങ്ങളാണു ലോകത്തിന്റെ കലകളും വിനോദങ്ങളുമായി മാറുകയെന്നും മലിക്‌ബിന്നബി നിരീക്ഷിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌തന്നെ കലകള്‍ കേവല വിനോദമല്ല രാഷ്‌ട്രീയ അടയാളം കൂടിയാണ്‌.
"മനസിനെ ചികിത്സിക്കാനും അതിനോട്‌ വിനയം കാണിക്കാനും സത്യത്തിലേക്ക്‌ നയിക്കാനുമുള്ള അറിവ്‌ നേടിയവര്‍ തീര്‍ച്ചയായും വിനോദങ്ങളും കലകളും കളികളും മനസിന്‌ ആനന്ദമുണ്ടാക്കുന്നതിനുള്ള ഗുണകരമായ ചികിത്സയാണെന്നു വ്യക്‌തമായും മനസിലാക്കിയിരിക്കുന്നുവെന്നാണ്‌" ഇമാം ഗസാലി അഭിപ്രായപ്പെടുന്നത്‌. യഥാര്‍ത്ഥത്തില്‍ ശബ്‌ദത്തെക്കുറിച്ച്‌ ഇസ്‌ലാമിന്റെ വീക്ഷണം അത്‌ മൗലികമായി അനുവദനീയമാണെന്നതാണ്‌. കാരണം ഇത്തരം ആദാത്തുകളില്‍ പെടുന്ന കാര്യങ്ങളുടെയെല്ലാം മൗലികത അവ അനുവദനീയമാണ്‌ എന്നതാണ്‌.
സുന്ദരവും പ്രിയങ്കരവും ആസ്വാദ്യജനകവുമായ ശബ്‌ദമുള്ളവരെ സംഗീതത്തോടുപമിക്കുക എന്നത്‌ പണ്ടുമുതലേ ഇസ്‌ലാമിക ആഖ്യായികകളില്‍ ഉണ്ടായിരുന്നു. അത്‌ ഖുര്‍ആന്‍ പാരായണമെന്ന ഇബാദത്താണെങ്കിലും.
കര്‍ണാനന്ദകരമായ ശബ്‌ദമാധുര്യത്തോടെ ഖുര്‍ആന്‍ പാരായണം ചെയ്‌തിരുന്ന മഹാനായിരുന്നു അബൂ മൂസല്‍ അശ്‌അരി(റ). അദ്ദേഹത്തിന്റെ പാരായണത്തിലാകൃഷ്‌ടനായി പ്രവാചകന്‍ മുഹമ്മദ്‌ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: "ദാവൂദ്‌ കുടുംബത്തിന്‌ നല്‍കപ്പെട്ട പുല്ലാങ്കുഴലില്‍നിന്ന്‌ താങ്കള്‍ക്കും പ്രദാനം ചെയ്യപ്പെട്ടിരിക്കുന്നത്‌" (ബുഖാരി, മുസ്ലിം). പുല്ലാങ്കുഴലില്‍ നിന്നുയരുന്ന സംഗീതത്തോട്‌ ഖുര്‍ആന്‍ പാരായണം പോലുള്ള ആരാധനയെ ഉപമിക്കുമ്പോള്‍ ആ സംഗീതം ഇസ്‌ലാം ഹറാമാക്കിയ ഒന്നാകുക വയ്യ. കാരണം "മോശമായ ഉപമകള്‍ നമുക്ക്‌ ചേര്‍ന്നതല്ല"(ബുഖാരി: 2479) എന്ന്‌ സാക്ഷാല്‍ പ്രവാചകന്‍ പറഞ്ഞിരിക്കേ വിശേഷിച്ചും.
അബൂമൂസ(റ)വിന്റെ ശബ്‌ദമാധുര്യത്തെക്കുറിച്ച്‌ മഹാനായ താബിഇ അബൂ ഉസ്‌മാന്‍ പറയുന്നത്‌ ശ്രദ്ധിക്കാം: "അബൂമൂസയുടെ ശബ്‌ദത്തെക്കാള്‍ ആനന്ദമുള്ള പുല്ലാങ്കുഴലോ തംബുരുവോ, വീണയോ രാഗമോ ഞാന്‍ ശ്രവിച്ചിട്ടില്ല. അദ്ദേഹം ഞങ്ങള്‍ക്ക്‌ ഇമാമായി നമസ്‌കരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്‌ദമാധുരി കാരണം അല്‍ ബഖറ (ഖുര്‍ആനിലെ ഏറ്റവും ദീര്‍ഘമായ അദ്ധ്യായം) ചെയ്‌തിരുന്നെങ്കില്‍ എന്ന്‌ ഞങ്ങള്‍ ആഗ്രഹിച്ചുപോകും" (ഫദാഇലുല്‍ ഖുര്‍ആന്‍: 163).
വീണ, തംബുരു, പുല്ലാങ്കുഴല്‍ തുടങ്ങി പല രാഗങ്ങളും ഞാന്‍ കേട്ടിട്ടുണ്ടെങ്കിലും അബൂമൂസയുടെ ഖുര്‍ആന്‍ പാരായണത്തെക്കാള്‍ ഇമ്പമാര്‍ന്ന മറ്റൊന്നും താന്‍ കേട്ടിട്ടില്ല എന്നാണദ്ദേഹം പറയുന്നത്‌.
പ്രമാണങ്ങള്‍ പരിശോധിച്ചാല്‍ ഇസ്‌ലാമില്‍ സംഗീതത്തിന്റെ വിധി മൗലികമായി അനുവദനീയത എന്നതാണെന്നാണു ബോധ്യമാവുക. ഇബാദത്തുകളില്‍നിന്നു വ്യത്യസ്‌തമായി ആദാത്തു(പതിവ്‌ സമ്പ്രദായങ്ങള്‍)കളുടെ ഗണത്തിലേ സംഗീതത്തെ ഉള്‍പ്പെടുത്താനാകൂ. ആദാത്തുകളുടെ മൗലികത അനുവദനീയത എന്നതാണ്‌.
അവ നിഷിദ്ധമാണെന്നതിന്‌ തെളിവ്‌ ഉണ്ടാകുവോളം പ്രസ്‌തുത വിധിയില്‍ മാറ്റമില്ല. ഇവിടെ പഠിക്കാന്‍ ശ്രമിച്ചിടത്തോളം സംഗീതം ഹറാമാണെന്ന്‌ വിധിയെഴുതാന്‍ പാകത്തില്‍ ഇസ്‌ലാമില്‍ വ്യക്‌തവും സ്വഹീഹായതുമായ പ്രമാണങ്ങളൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ല.
എന്നാല്‍ സംഗീതം അനുവദനീയമാണെന്നു പ്രാമാണികമായിത്തന്നെ തെളിയിക്കാന്‍ കഴിയും. പ്രവാചകന്‍ മുഹമ്മദിന്റെ കാലഘട്ടത്തില്‍, അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ പോലും വാദ്യോപകരണങ്ങളോടെ പാട്ടും സംഗീതവുമാലപിച്ചതായി നിരവധി ഹദീസുകള്‍ കാണാന്‍ കഴിയും. ഉദാഹരണത്തിന്‌: ആയിശ(റ) നിവേദനം ചെയ്യുന്നു: മിനാ ദിവസങ്ങളില്‍ തിരുമേനി തന്റെ അരികില്‍വന്നു താമസിച്ചു. രണ്ടു പെണ്‍കുട്ടികള്‍ ആ സമയത്ത്‌ തന്റെയടുത്ത്‌ ദഫ്‌ഫ്‌ മുട്ടി പാട്ടുപാടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. പ്രവാചകന്‍ മുഹമ്മദാവട്ടെ, വസ്‌ത്രം കൊണ്ട്‌ തന്നെ മുഖം മറച്ചിരുന്നു. അവരോട്‌ എന്തെങ്കിലും ആജ്‌ഞാപിക്കുകയോ വിലക്കുകയോ ചെയ്‌തില്ല. അന്നേരം അബൂബക്ര്‌(റ) കടന്നുവരികയും അവരെ വിലക്കുകയും ചെയ്‌തു. ഉടനെ തന്റെ മുഖത്തുനിന്ന്‌ തുണി മാറ്റിക്കൊണ്ട്‌ മുഹമ്മദ്‌ പറഞ്ഞു: "അവരെ വിട്ടേക്കൂ അബൂബക്കര്‍. കാരണം ഇത്‌ ആഘോഷ ദിവസമാണ്‌" (അഹ്‌മദ്‌, നസാഈ, ഇബ്‌നു ഹമ്പല്‍). മറ്റൊരു രിവായത്തില്‍ നബിയുടെ സന്നിധിയില്‍ പിശാചിന്റെ തംബുരുവോ എന്ന്‌ ചോദിച്ചുകൊണ്ട്‌ അബൂബക്കര്‍ തടഞ്ഞെന്നും അപ്പോള്‍ തിരുമേനി(സ) അദ്ദേഹത്തിന്റെ നേരെ തിരിഞ്ഞ്‌ അവരെ വിട്ടേക്കൂ എന്ന്‌ പറഞ്ഞു എന്നും കാണാം.
ബുറൈദഃ അല്‍ അസ്‌ലമി പറയുന്നു: പ്രവാചകന്‍ മുഹമ്മദ്‌ ഒരു യുദ്ധത്തിന്‌ പോയി തിരിച്ചുവന്നപ്പോള്‍ ഒരു കറുത്ത വര്‍ഗക്കാരിയായ അടിമപെണ്‍കുട്ടി വന്നു പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, അല്ലാഹു താങ്കളെ സുരക്ഷിതനായി തിരിച്ചെത്തിച്ചാല്‍ താങ്കളുടെ അടുത്തുവന്നു കൊണ്ട്‌ ദ്‌ഫ്‌ഫുമുട്ടി പാട്ടുപാടുമെന്ന്‌ ഞാന്‍ നേര്‍ച്ച നേര്‍ന്നിട്ടുണ്ടായിരുന്നു." അപ്പോള്‍ മുഹമ്മദ്‌ നബി അവളോട്‌ പറഞ്ഞു: "നേര്‍ച്ചയാക്കിയിട്ടുണ്ടെങ്കില്‍ അങ്ങനെ ചെയ്‌തുകൊള്ളൂ. ഇല്ലെങ്കില്‍ വേണ്ട". അങ്ങനെയവള്‍ ദഫ്‌ഫ്‌ കൊട്ടി പാടാന്‍ തുടങ്ങി (തിര്‍മുദി).അറബി ഭാഷയില്‍ "മആസിഫ്‌" എന്നതില്‍ ദഫ്‌ഫും പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വാദ്യോപകരണങ്ങള്‍ എന്നാണതിന്റെ അര്‍ത്ഥം. അപ്പോള്‍ വാദ്യമേളത്തോടെ പാട്ടു പാടാമെന്നും അത്‌ കുറ്റകരമല്ലെന്നും ഈ സംഭവം വ്യക്‌തമാക്കുന്നു.
ഇസ്‌ലാമിലെ കല, സംഗീതം
ഇസ്ലാമിലെ കലയേയും സാഹിത്യത്തേയും കുറിച്ചുള്ള ചര്‍ച്ച തസ്വവ്വുഫിനെ പരാമര്‍ശിക്കാതെ പൂര്‍ണമാകില്ല. കലാ സൗന്ദര്യത്തെ ആത്മ സൗന്ദര്യത്തിന്റെ പ്രതിഫലനമായാണ്‌ ഇമാം ഗസ്സാലി(റ) വിലയിരുത്തിയത്‌. ഇബ്‌നു അറബി (റ) വിന്റെയും, മൗലാനാ റൂമിയുടേയും ആത്മാവിഷ്‌കാരങ്ങള്‍ ഇസ്ലാമിക കലാ സാഹിത്യത്തെ സമ്പന്നമാക്കി.
പ്രതിഭകള്‍ക്ക്‌ ഹിദായത്തിന്റെ വെളിച്ചം ലഭിക്കുമ്പോള്‍ ആവിഷ്‌കാരത്തിന്റെ ദിശമാറുകയും, മാറ്റുകൂടുകയും ചെയ്യുന്നതിനു ഹസാനു ബ്‌നു സാബിത്ത്‌(റ)വിനെ പോലുള്ള കവി ശ്രേഷ്‌ടരായ സ്വഹാബികളുടെ ജീവിതം മുതല്‍ മലയാളിയുടെ പ്രിയ കവയിത്രിയായ കമലാസുരയ്യയുടെ ജീവിതം വരെ സാക്ഷിയാണ്‌.
കേവല യുക്‌തിയുടെ തിമിരം ബാധിച്ച ആത്മീയതയുടെ അകകണ്ണ്‌ അന്ധമായിപ്പോയ ഒരു ജനത ഇസ്ലാമിലെ കലയെ വളരെ വികലമായി ചിത്രീകരിച്ചു. അത്‌ കൊണ്ടു തന്നെയാണ്‌ ഇസ്ലാമികാവിഷ്‌കാരങ്ങളെ അതിന്റെ തനിമയിലൂടെ വീണ്ടെടുക്കാന്‍ ഉദ്ദേശിക്കാത്തവര്‍ക്ക്‌ ഇബ്‌നു അറബി(റ)വിനെയും, ഇമാം ഗസ്സാലി(റ)വിനെയും, കഅ്‌ബുല്‍ അഹ്‌ബാര്‍(റ)വിനെയുമെല്ലാം മാറ്റി നിര്‍ത്തി ഏതാനും സിനിമാ സംവിധായകര്‍ക്കും, കഥാകൃത്തുകള്‍ക്കും മറ്റും കലാസാഹിത്യത്തിന്റെ കൈവശാവകാശം കൈമാറിയത്‌.
അസാധാരണമായ സാഹിത്യബോധമുള്ള കവിതകള്‍ നിറഞ്ഞുനിന്നിരുന്ന അറേബ്യ. അവിടെ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും ജനങ്ങളെ മുക്‌തരാക്കിയ വിമോചകന്‍ നബി (സ)ക്ക്‌ മാര്‍ഗദര്‍ശനമായി നല്‍കിയത്‌ ലോക സാഹിത്യങ്ങളെ വെല്ലുവിളിക്കുന്ന ദൈവിക ഗ്രന്ഥം (ഖുര്‍ആന്‍). ഇസ്‌ലാം കലയെ പ്രോത്സാഹിപ്പിക്കുന്നതായും അതിന്റെ വളര്‍ച്ചക്ക്‌ മുന്‍കൈയെടുക്കുന്നതായും നമുക്ക്‌ കാണാം. ഖുര്‍ആനികാക്ഷരങ്ങള്‍കൊണ്ട്‌ അതിമനോഹരമായ ചിത്രങ്ങള്‍ നിര്‍മിച്ച്‌ ലോക ചരിത്രകാരന്മാരുടെ ശ്രദ്ധയാകര്‍ഷിച്ച കലിഗ്രഫി കലയും വിശുദ്ധിയും ലയിക്കുന്ന ഇസ്‌ലാമിക സ്വത്വമുള്ള ചിത്രകലയാണ്‌.
ഇസ്‌ലാമിന്‌ സാര്‍വത്രിക സ്വഭാവമുള്ളതുകൊണ്ട്‌ അറബികളല്ലാത്തവര്‍ക്കും ഖുര്‍ആന്‍ പഠിക്കേണ്ടി വരും. അതുകൊണ്ടാണ്‌ ഖുര്‍ആന്‍ പരിഭാഷകളുടെ ഒരു ശാഖ തന്നെ ഉണ്ടായത്‌. പ്രവാചക കാലം മുതല്‍ ഇതു തുടങ്ങി. പ്രവാചക ശിഷ്യനായ സല്‍മാനുല്‍ ഫാരിസി ഖര്‍ആന്റെ ഒരു ഭാഗം വിവര്‍ത്തനം ചെയ്‌തിരുന്നു. ആ പ്രക്രിയ ഇന്നും തുടരുന്നു. പള്ളികളുടെ നിര്‍മ്മാണമാകട്ടെ വാസ്‌തു ശില്‍പത്തിന്റെയും അലങ്കാരങ്ങളുടെയും വളര്‍ച്ചക്കും കാരണമായി.ഇതിന്റെയൊന്നും പരിധിയില്‍ വരാത്ത നിരവധി മേഖലകളുണ്ട്‌. കളിപ്പാവ നിര്‍മാണം, ചിത്രവേലകള്‍ ഇവ രണ്ടും പ്രവാചകന്‍ വ്യക്‌തമായിത്തന്നെ അനുവദിച്ചിട്ടുള്ളതാണ്‌. ആള്‍രൂപത്തിന്റെ ചിത്രണത്തിലും മറ്റും ഏര്‍പ്പെടുത്തിയ നിയന്ത്രണം മുസ്ലിംകള്‍ക്കിടയില്‍ പൊതുവില്‍ കലയെ ഒരിക്കലും തളര്‍ത്തിയിരുന്നില്ലെന്നതിനു ചരിത്രം സാക്ഷിയാണ്‌.

(തുടരും)

ജഹാംഗിര്‍ റസാഖ്‌ പാലേരി

Ads by Google
Tuesday 17 Jul 2018 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW