Wednesday, April 24, 2019 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 16 Jul 2018 04.12 PM

ഇനിയൊരു ജന്മമുണ്ടെങ്കില്‍

''നീലത്താമരയിലെ കുഞ്ഞിമാളുവും രാജാവിന്റെ മകനിലെ നാന്‍സിയുമടക്കം പ്രേക്ഷകമനസ്സിലേക്ക് ആഴ്ന്നിറങ്ങിയ സ്ത്രീകഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ അംബികയുമൊത്ത് അല്‍പ്പനേരം...''
uploads/news/2018/07/233812/ambika160718a1.jpg

എം.ടിയുടെ തൂലികയില്‍ പിറന്ന നീലത്താമരയിലെ കുഞ്ഞിമാളു 40 വയസ്സിലേക്ക് കടക്കുമ്പോള്‍ ചെന്നൈ ജാനകി നഗറിലെ അംബിക രാധാ(എ.ആര്‍) സ്ട്രീറ്റിലെ വീട്ടില്‍ കഥ പറയുന്ന കണ്ണുകളുമായി, നിറപുഞ്ചിരിയുമായി ഒരാളു ണ്ട്, മലയാളത്തിന്റെ പ്രിയനടി അംബിക. എണ്‍പതുകളുടെ തുടക്കത്തില്‍ തെന്നിന്ത്യന്‍ സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ച്, സൂപ്പര്‍ നായകന്മാരുടെ നായികയായി തിളങ്ങിയ നടി. കാന്തശക്തിയുള്ള കണ്‍ചലനങ്ങളും ആകര്‍ഷകമായ ഭാവപ്രകടനങ്ങളും കൊണ്ട് യുവാക്കളുടെ സ്വപ്നറാണിയായ നടി. മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ തിളങ്ങി നിന്ന അംബിക ഓര്‍മ്മകളിലൂടെ...

സിനിമയിലെത്തിയിട്ട് 40 വര്‍ഷമാകുന്നു..?


ഇത്രയും വര്‍ഷം സിനിമയില്‍ നിലനില്‍ക്കുക, സിനിമയുടെ ഭാഗമാകുക എന്നതിനൊക്കെ വലിയ ഭാഗ്യം വേണമെന്ന് കരുതുന്ന ആളാണ് ഞാന്‍. എല്ലാ പെണ്‍കുട്ടികളെയും പോലെ പലതും കണ്ട് ആഗ്രഹിച്ച ബാല്യമായിരുന്നു എന്റേത്. ഒരു പെണ്‍കുട്ടി മൂന്നുതട്ടുള്ള ഉടുപ്പിട്ട് നടന്നു പോകുന്നത് കാണുമ്പോള്‍, വര്‍ണക്കടലാസില്‍ പൊതിഞ്ഞ നോട്ട്ബുക്കില്‍ ബഹുവര്‍ണ നെയിംസ്ലിപ്പ് കാണുമ്പോള്‍... പലതും കിട്ടിയിരുന്നെങ്കില്‍ എന്നാശിച്ചിട്ടുണ്ട്. അന്നത് വാങ്ങാന്‍ കാശുണ്ടായിരുന്നെങ്കില്‍, അച്ഛനുമമ്മയുമത് വാങ്ങിച്ചു തന്നെങ്കില്‍ എന്നാഗ്രഹിച്ചിട്ടുണ്ട്. അങ്ങനെ ആഗ്രഹിച്ചതില്‍ ചിലതു നടന്നു, പലതും നടക്കാതെയും പോയി. അതില്‍ത്തന്നെ ആഗ്രഹിച്ച് കിട്ടിയ ഒന്നാണ് സിനിമ. അതുതന്നെ വലിയ ഭാഗ്യമാണ്.

എഴുന്നേറ്റ് നടക്കാന്‍ പറ്റുന്ന ആരോഗ്യം ദൈവം തരുന്ന കാലത്തോളം ക്യാമറയ്ക്കു മുന്നില്‍ നില്‍ക്കണമെന്നാണ് ആഗ്രഹം. സംവിധായികക്കുപ്പായമണിയുന്നതിനും പ്രശ്‌നമില്ല. എങ്കിലും ക്യാമറയുടെ മുന്നില്‍ നില്‍ക്കാനാണിഷ്ടം. ജന്മാന്തരങ്ങളില്‍ വിശ്വാസമില്ലെങ്കിലും അങ്ങനെയൊന്നുണ്ടെങ്കില്‍ ഇതേ താരമായി വീണ്ടും ജനിക്കണമെന്നാണ് ആഗ്രഹം.

ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ഇത്രയും കാലം വെളളിത്തിരയിലുണ്ടാകുമെന്ന് ചിന്തിച്ചിരുന്നോ ?


തീര്‍ച്ചയായും. എല്ലാ കുട്ടികളുടെയും മനസ്സില്‍ വാശി കലര്‍ന്ന ചില ആഗ്രഹങ്ങളുണ്ടാകും. എനിക്കിത് കിട്ടും, കിട്ടണം, കിട്ടിപ്പിക്കും എന്നു കരുതുന്ന ചില സ്വപ്നങ്ങള്‍. എന്നെ സംബന്ധിച്ച് അതായിരുന്നു സിനിമ. വാലിട്ട് കണ്ണെഴുതി, മേക്കപ്പിട്ട് നല്ല വസ്ത്രം ധരിച്ച് ക്യാമറയ്ക്കു മുന്നില്‍ വരാന്‍ എനിക്കു കഴിഞ്ഞെങ്കില്‍, അതിനുള്ള അവസരം കിട്ടിയെങ്കില്‍ ഞാനിവിടെ കുറച്ചു നാള്‍ നിലനില്‍ക്കുമെന്നും ദൈവം എഴുതിയിട്ടുണ്ടാകുമെന്നുറപ്പായിരുന്നു.

1976 ല്‍ ക്രോസ്‌ബെല്‍റ്റ് മണിസാറിന്റെ ചോറ്റാനിക്കര അമ്മയില്‍ ബാലതാരമായി മേക്കപ്പിട്ട് ക്യാമറയ്ക്കു മുന്നിലെത്തി, ഒരു ഫ്രെയിമിലേ വന്നിട്ടുള്ളുവെങ്കിലും വ്യൂഫൈന്‍ഡറിലൂടെ നോക്കി ദേ, അവിടെ ഞാന്‍ നില്‍ക്കുന്നുു എന്ന് മനസ്സ് പറഞ്ഞപ്പോള്‍ ഞാന്‍ ആരൊക്കെയോ ആകും, ആയിക്കഴിഞ്ഞു എന്നൊരു ഫീലിംഗ് ഉണ്ടായി. ഞാനവിടെ വരെയെത്തിയെന്നുള്ള അഭിമാനത്തിലും സന്തോഷത്തിലും കവിഞ്ഞ് ഭാവിയെക്കുറിച്ചുള്ള ഒരു ടെന്‍ഷനും അന്നില്ലായിരുന്നു. എന്നെ സംബന്ധിച്ച് സിനിമയില്‍ ആരെങ്കിലുമാകണമെന്നത് വാശിയും സന്തോഷവും സ്വപ്നവുമായിരുന്നു.

uploads/news/2018/07/233812/ambika160718a.jpg

വെള്ളിത്തിരയെ ഇത്രയും ഇഷ്ടപ്പെടാനുള്ള കാരണം ?


എങ്ങനെ, എവിടെ, എപ്പോള്‍ എന്നൊക്കെ ചോദിച്ചാല്‍ എനിക്കറിയില്ല. ആദ്യമായി സിനിമ കണ്ടനാള്‍ മുതല്‍ നടിയാകുന്നത്
സ്വപ്നം കണ്ടിട്ടുണ്ട്. സരോജാമ്മയും സാവിത്രിഅമ്മയുമൊക്കെ വെളളിത്തിരയില്‍ മിന്നിമറയുമ്പോള്‍ അവരെപ്പോലാകണമെന്ന് തോന്നിയിട്ടുണ്ട്. സിനിമയ്ക്കിടയിലെ ഇടവേളകളില്‍ തിയേറ്റര്‍ സ്‌ക്രീനിന്റെ പിന്നിലേക്ക് പോയാല്‍ അഭിനേതാക്കളെ കാണാമെന്നായിരുന്നു അന്നത്തെ ധാരണ.
ഒരു പരീക്ഷാക്കാലത്ത് സ്‌കൂളില്‍ പോകുംവഴി വീടിനടുത്തുള്ള വളവില്‍ ശോഭചേച്ചി അഭിനയിച്ച ഏകാകിനിയുടെ ഷൂട്ടിംഗ് കണ്ടത് മുതല്‍ ആലപ്പുഴ സ്റ്റുഡിയോയില്‍ ഏതോ ഒരു സിനിമയുടെ ഷൂട്ടിംഗുണ്ടെന്നറിഞ്ഞ് കാണാന്‍ കൊണ്ടുപോകണമെന്ന് വാശിപിടിച്ചു. അമ്മയെന്നെ കൊണ്ടുപോയതോടെ വെള്ളിത്തിരയെ ഇഷ്ടപ്പെടാനുള്ള കാരണങ്ങള്‍ ഒന്നിലധികമായി.

ആ കാരണങ്ങള്‍ ഓര്‍ത്തെടുക്കാമോ ?


ഉദയാ സ്റ്റുഡിയോയില്‍ കാത്തിരുന്ന നിമിഷത്തിന്റെ ഷൂട്ടിംഗിനിടയില്‍ സൂപ്പര്‍താരമായിരുന്ന കമല്‍ഹാസനെയും ജയഭാരതിയെയും സോമേട്ടനെയും കണ്ടത്, കമല്‍ഹാസന്‍ എന്നെക്കണ്ടിട്ട് അഭിനയിക്കാന്‍ താത്പര്യമുണ്ടോ?? എന്ന് ചോദിച്ചത്, കേള്‍ക്കേണ്ട താമസംം ഉണ്ട്് എന്ന് ഞാന്‍ പറഞ്ഞത്, ഈ പെണ്ണിനെ കാണാന്‍ എവിടെയോ ശ്രീവിദ്യയുടെ ഛായ എന്നു കമല്‍ പറഞ്ഞത്, സ്‌കൂളില്‍ നൃത്തത്തിനും മോണോ ആക്ടിനും കവിതാ പാരായണത്തിനും പാട്ടിനുമൊക്കെ മധു സാറും ജയഭാരതിചേച്ചിയും ട്രോഫി തന്നത്, മധുസാറിന്റെ പിറകേ കൂടി

സാര്‍, സാര്‍... സാറിന്റെ സിനിമയില്‍ എനിക്കു കൂടി ഒരു വേഷം തരുമോ?? എന്ന് ചോദിച്ചത്, ധീരസമീരേ യമുനാതീരേയില്‍ അദ്ദേഹത്തിന്റെ മകളായത്, ജയഭാരതിചേച്ചിയുമായി കൂട്ടായത്, ഷീലാമ്മയെ കണ്ടത്, നസീര്‍ സാറിന്റെ വീട്ടില്‍ പോയപ്പോള്‍ മോള്‍ക്ക് പാടാനറിയാമോ, നൃത്തം ചെയ്യാനറിയാമോ?? എന്നദ്ദേഹം ചോദിച്ചപ്പോള്‍ അതെല്ലാം ചെയ്തു കാണിച്ചത്, പിന്നീട് അതേ നസീര്‍ സാറിന്റെ മകന്റെ നായികയായി അഭിനയിക്കാനായത്... ഒക്കെ നിമിത്തം എന്നല്ലാതെ എന്തു പറയാന്‍.

ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരനായ നായകനാണ് നസീര്‍ സാര്‍. സ്വപ്നത്തിലെ നിത്യഹരിത നായകന്‍. സാറിനൊപ്പം അഭിനയിക്കുമ്പോള്‍ സംഭാഷണം പോലും മറന്ന് നോക്കി നിന്നിട്ടുണ്ട്. കന്നഡയില്‍ രാജ്കുമാര്‍ സാറിനും നാഗേശ്വരറാവുവിനും ഒപ്പമഭിനയിച്ചു. അഭിനയത്തിന്റെ സര്‍വ്വകലാശാലയായ ശിവാജി സാറിനൊപ്പം മകളായി, പിന്നീട് നായികയുമായി. ബാലചന്ദ്രമേനോന്‍ ചേട്ടന്റെ സിനിമകളില്‍ നായികയായി, ലാലേട്ടനൊപ്പം ആദ്യമായി ഡ്യൂയറ്റ് പാടി അഭിനയിച്ചു... ഇങ്ങനെ പലതും എനിക്ക് അഭിമാനിക്കതായിട്ടുണ്ട്.

എം.ജി. ആര്‍ അയ്യായുടെ കൂടെ അഭിനയിക്കാന്‍ പറ്റിയില്ലെന്ന് അദ്ദേഹത്തോട് തന്നെ പറയാന്‍ കഴിഞ്ഞത്, അദ്ദേഹത്തിന്റെ ഭാര്യ ജാനകിയമ്മ വിളമ്പിത്തന്ന ആഹാരം ഒപ്പമിരുന്ന് കഴിക്കാന്‍ കഴിഞ്ഞത്... ഒക്കെ ഭാഗ്യങ്ങളാണ്. ഒപ്പമഭിനയിച്ച ഉണ്ണിമേരിച്ചേച്ചിയുടെ അമ്മായിയമ്മയായഭിനയിച്ചത്... ഇതൊക്കെ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നും.

ബാലതാരത്തില്‍ നിന്ന് നായികയിലേക്ക്..?


സാധാരണ, ബാലതാരത്തില്‍ നിന്നുള്ള പ്രൊമോഷന്‍ സഹോദരി വേഷത്തിലേക്കാണ്. മകളായി അഭിനയച്ചവര്‍ അനിയത്തിയായി മാറുന്ന രീതി. മിക്കപ്പോള്‍ സഹോദരവേഷത്തിലെത്തുന്നവര്‍ അതില്‍ത്തന്നെ ഉറച്ചു പോകും. അതുകൊണ്ടു തന്നെ ഞാനൊന്നു വിട്ടു നിന്നു. നായികയായി വന്നാല്‍ മതിയെന്ന് തീരുമാനിച്ചു.

അല്ലെങ്കില്‍ എല്‍.എല്‍.ബി എടുത്ത് വക്കീലാകുക, അച്ഛന് വക്കീലാക്കുന്നതും അമ്മയ്ക്ക് ഐ.എ.എസ്സ് എടുപ്പിക്കാനുമായിരുന്നു ഇഷ്ടം. അപ്പോഴാണ് എം.മുകുന്ദന്റെ സീത എന്ന നോവല്‍ സിനിമയാക്കുന്നത്. നിര്‍മ്മാതാവ് ശ്രീകുമാര്‍, സംവിധായകന്‍ ഗോവിന്ദന്‍ എന്നിവര്‍ ടീനേജു നായികയെ തിരയുമ്പോഴാണ് എന്നെ ശ്രദ്ധിക്കുന്നത്. സീതയിലാണ് ആദ്യം നായികയാകുന്നതെങ്കിലും ലജ്ജാവതി, നീലത്താമര എന്നിവ ആദ്യം റിലീസായി.

uploads/news/2018/07/233812/ambika160718a4.jpg

നീലത്താമരയിലൂടെ ശ്രദ്ധിക്കപ്പെട്ടു ?


അതൊരു ഭാഗ്യം. നീലത്താമര റിലീസായശേഷം നീലത്താമര നടി എന്നു പേരു വീണു. ഒരു വലിയ അനുഗ്രഹവും കിട്ടി. നീലത്താമരയ്ക്ക് തൂലിക ചലിപ്പിച്ച മലയാളത്തിന്റെ സ്വന്തം എം.ടി വാസുദേവന്‍ സാര്‍ എന്റെ കുഞ്ഞിമാളുവിന് അംബിക കറക്ടാണ്. അംബികയാണെന്റെ കുഞ്ഞിമാളൂ.എന്നു പറഞ്ഞു. അതിനേക്കാള്‍ വലിയൊരു അംഗീകാരം എനിക്ക് കിട്ടാനില്ല.

നീലത്താമര ഇറങ്ങിയ ശേഷം എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. എനിക്കു ഞാന്‍ സ്വന്തം, ഇതിലേ വന്നവര്‍ എന്നിങ്ങനെ നായികവേഷത്തില്‍ ഒരുപാട് സിനിമകള്‍. സകലത്തി യിലൂടെ തമിഴിലുമെത്തി. സീത പോലെ സകലത്തിക്ക് മുന്‍പ് അന്ത ഏഴു നാള്‍കള്‍ റിലീസായി, അതോടെ തമിഴിലും ശ്രദ്ധിക്കപ്പെട്ടു. നാനും ഒരു തൊഴിലാളി കന്നഡത്തിലേക്ക് ഡബ്ബ് ചെയ്തപ്പോള്‍ കമല്‍ഹാസനൊപ്പം അവിടെയുമെത്തി.

അഡല മേഡയിലൂടെ 1981ല്‍ തെലുങ്കിലും അഭിനയിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ എണ്‍പതുകളുടെ തുടക്കം മുതല്‍ ദക്ഷിണേന്ത്യയിലെ നായികശ്രേണിയില്‍ ഞാനുമെത്തിപ്പെട്ടു.

ഒരു കാലത്ത് ട്രെന്‍ഡ് സെറ്ററായിരുന്നു ?


എനിക്കെന്നും ബ്യൂട്ടി, ഫാഷന്‍, ഡിസൈനിംഗ് ഒക്കെ പാഷനായിരുന്നു. മേക്കപ്പ്, കോസ്റ്റിയൂം എന്നിവയിലെ ട്രെന്‍ഡുകളും മറ്റും നോക്കുമായിരുന്നു. അതൊക്കെത്തന്നെയാണ് എന്റെ സിനിമകളിലും കണ്ടത്. പുസ്തകവായനയും ഉണ്ടായിരുന്നു. കിട്ടുന്നതെല്ലാം വായിച്ച് മനസ്സിലാക്കും. അനിയത്തി മല്ലികയും അനിയന്‍ അര്‍ജുനും ഒക്കെയാണതില്‍ ഇപ്പോള്‍ മുന്‍പന്തിയില്‍.

ദക്ഷിണേന്ത്യയിലെ മിക്ക ഭാഷകളിലും നായികയായി. ജീവിതം അതിനനുസരിച്ച് മാറിയിരുന്നോ ?


എം.ജി. ആര്‍ അയ്യായും മധു സാറും ഒഴിച്ചാല്‍ അന്നത്തെ എല്ലാ നായകന്മാരുടെയും നായികയായി. പക്ഷേ അതില്‍ ഞാനഹങ്കരിച്ചിട്ടില്ല. കാരണം, ഭാഗ്യത്തിന് വളരെ പ്രാധാന്യമുണ്ട് സിനിമയില്‍. അന്നുമിന്നും എന്നും എപ്പോഴും സെലിബ്രിറ്റി എന്ന സ്റ്റാറ്റസ് വിട്ടു പോകാതിരിക്കാന്‍ ഞാനെന്തു ചെയ്യണമെന്നാണ് ചിന്തിച്ചിട്ടുള്ളത്.

10 വര്‍ഷം സ്റ്റാറായി നില്‍ക്കാമെന്ന് കരുതി വന്നതാണെങ്കിലും അത് 15 വര്‍ഷമാക്കി നിലനിര്‍ത്തണമെന്ന മനോഭാവമായിരുന്നു എനിക്ക്. അല്ലാതെ താരമായപ്പോള്‍ സ്വാതന്ത്ര്യം പോയി, ആരാധകരുടെ തിക്കും തിരക്കും കാരണം ഒന്നും ചെയ്യാന്‍ പറ്റുന്നില്ല എന്നൊന്നും തോന്നിയിട്ടില്ല.

ദൈവം തന്ന പദവിയും പ്രശസ്തിയും നീട്ടിത്തരണേ, അതിനുള്ള ആരോഗ്യവും ആയുസ്സും തരണേ എന്നേ പ്രാര്‍ത്ഥിച്ചിട്ടുള്ളൂ. ആരാധകരുടെ സ്‌നേഹവും വിസ്സിലും കയ്യടിയും ഒക്കെയാണ് താരങ്ങളെ താരങ്ങളാക്കുന്നത്.

150 ലധികം സിനിമകള്‍ ചെയ്‌തെങ്കിലും നായകനൊപ്പം പ്രാധാന്യം കിട്ടാത്തതില്‍ വിഷമം തോന്നിയിട്ടുണ്ടോ ?


സിനിമയില്‍ മാത്രമല്ല ജീവിതത്തിലായാലും പുരുഷമേധാവിത്വം ഉണ്ട്. എന്തൊക്കെ പറഞ്ഞാലും മെയില്‍ ഷോവനിസ്സമുള്ള ഇന്‍ഡസ്ട്രിയില്‍ പെടുന്നതാണ് സിനിമ. ആരാധകര്‍ പോലും നായകന്‍ വരുമ്പോള്‍ കൊടുക്കുന്ന കൈയടി നായിക വരുമ്പോള്‍ കൊടുക്കാറില്ല. ചില കാര്യങ്ങള്‍ മാറ്റാനാവില്ല. പിന്നെ അതിന് ശ്രമിക്കുന്നതെന്തിന്?

ഇരുപതാം നൂറ്റാണ്ടില്‍ ലാലേട്ടനൊപ്പം ലിഫ്റ്റില്‍ സഞ്ചരിക്കുമ്പോള്‍ സാഗര്‍ ഏലിയാസ് ജാക്കി എന്ന് ലാലേട്ടന്‍ പറയുന്ന സീനും രാജാവിന്റെ മകനില്‍ ലാലേട്ടന്‍ പറയുന്ന ഒരിക്കല്‍ രാജുമോനെന്നോട് ചോദിച്ചു എന്ന സീനുമാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ നിരന്തരമായി യൂട്യൂബില്‍ കണ്ടിട്ടുള്ളത്. ഈ രണ്ടു സീനിലും ഹീറോയിന്‍ ഞാനല്ലേ.

അങ്ങാടിയിലെ പാവാട വേണം എന്ന മാപ്പിളപ്പാട്ടിനോളം പ്രശസ്തിയുള്ള മറ്റൊരു പാട്ടുണ്ടോ? എനിക്കതില്‍ അഭിമാനം കലര്‍ന്ന അഹങ്കാരമുണ്ട്. ഒരിക്കലും ഇനിയാര്‍ക്കും മായ്ച്ചു കളയാന്‍ സാധിക്കാത്ത അംഗീകാരങ്ങളാണത്. പിന്നെ നായികാപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളും ചെയ്തിട്ടില്ലേ? എഴുതാപ്പുറങ്ങള്‍, അയിത്തം, നിറഭേദങ്ങള്‍, അര്‍ച്ചന ആരാധന, പ്രേമഗീതങ്ങള്‍, കേള്‍ക്കാത്ത ശബ്ദം, ഇഷ്ടമാണ് പക്ഷേ, ദൂരം അരികെ ...എന്നിങ്ങനെയത് നീളുന്നു.

uploads/news/2018/07/233812/ambika160718a2.jpg

പക്ഷേ ഇന്നത്തെ നായികമാര്‍ക്ക് പരാതികളേറെയാണ് ?


എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങളുണ്ടല്ലോ. രാഷ്ട്രീയം, സിനിമ, പ്രൊഫഷന്‍ എന്നിവയിലെല്ലാം പുരുഷമേധാവിത്വമുണ്ട്, അത് മാറ്റാന്‍ കഴിയില്ല. വെള്ളത്തില്‍ വരയ്ക്കുന്ന വര പോലെയാണത്. മെയില്‍ ഡോമിനേറ്റഡായ ഇന്‍ഡസ്ട്രി താത്പര്യമില്ലെങ്കില്‍ വേണ്ടെന്നു വച്ചു കൂടെ? അഭിനയിച്ചു കഴിഞ്ഞിട്ട് എന്തിനാണ് പരാതി? ഇത്രനാള്‍ സിനിമയിലുണ്ടായിരുന്നിട്ടും എനിക്ക് പ്രശ്‌നങ്ങളൊന്നും തോന്നിയിട്ടില്ല. അതുകൊണ്ട് പ്രശ്‌നങ്ങളില്ലെന്ന് പറയാനും പറ്റില്ല. കാസ്റ്റിംഗ് കൗച്ച് എന്നൊക്കെ കേള്‍ക്കുന്നത് ഈയടുത്താണ്. ഒരു സിനിമ ഹിറ്റായാല്‍ ഹീറോ-ഹീറോയിന്‍ വീണ്ടും കാസ്റ്റ് ചെയ്യപ്പെടും, അതു വ്യക്തിബന്ധങ്ങള്‍ നോക്കിയല്ല, പ്രേക്ഷകര്‍ കൂടി ആവശ്യപ്പെട്ടിട്ടാണ്.

പിന്നെ കാലത്തിനനുസരിച്ച് സിനിമയുടെ രീതി മാറിക്കൊണ്ടിരിക്കും. എണ്‍പതുകളില്‍, എഴുപതികളിലെ പോലെയുള്ള സിനിമകളല്ല വന്നത്. കളിച്ചെല്ലമ്മ, അനുഭവങ്ങള്‍ പാളിച്ചകള്‍, വാഴ്‌വേമായം, ഒരു പെണ്ണിന്റെ കഥ, ഒരു സുന്ദരിയുടെ കഥ, രക്തമില്ലാത്ത മനുഷ്യന്‍, തുലാഭാരം എന്നിവയിലൊക്കെ നായകന്മാരെക്കാള്‍ ഓര്‍ത്തു വച്ചത് നായികമാരെയാണ്.

ശ്രീവിദ്യാമ്മ ചെയ്തിരുന്ന കളക്ടര്‍, ഡോക്ടര്‍, ചേട്ടത്തിയമ്മ കഥാപാത്രങ്ങളുണ്ടായിരുന്നു. അന്നൊക്കെ 15 സിനിമ റിലീസായാല്‍ പത്തെണ്ണത്തിലും വിദ്യാമ്മ കാണും. ആ കഥാപാത്രങ്ങള്‍ എന്തുകൊണ്ടാണ് ഇന്നാരും ചെയ്യാത്തത്? വിദ്യാമ്മ മരിച്ചു കഴിഞ്ഞപ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ എഴുതാന്‍ പോലും പലരും മടിച്ചു. ഇപ്പോള്‍ അങ്ങനെയുള്ള കഥാപാത്രങ്ങള്‍ എവിടെയുണ്ട്.

നായകന്‍, വില്ലന്‍, സഹനടന്‍ അതിനു ശേഷമാണ് നായിക വരുന്നത്. അശ്ലീല കമന്റുകളും ഡബിള്‍ മീനിംഗ് സംഭാഷണങ്ങളുമുള്ള സിനിമകളാണ് എല്ലാവര്‍ക്കുമിഷ്ടം. അത് കണ്ട് ചിരിക്കുന്നതില്‍ സ്ത്രീകളുമുണ്ട്. സിനിമ പുറത്തിറക്കുന്നവരുടെയും പ്രേക്ഷകരുടെയും ഇഷ്ടവുമൊക്കെത്തന്നെയാണതിന് കാരണങ്ങള്‍.

സിനിമയിലെ മാറ്റങ്ങള്‍...?


മുന്നേറ്റങ്ങള്‍ എപ്പോഴും നല്ലതാണ്. ഏതു രീതിയില്‍ സമീപിക്കുന്നു എന്നതാണ് പ്രാധാന്യം. പണ്ടത്തേതില്‍ നിന്ന് വലിയ മാറ്റങ്ങളൊന്നും എനിക്ക് തോന്നിയിട്ടില്ല. അന്നൊക്കെ 30 ദിവസം കൊണ്ട് ഒരു സിനിമതീരും. എല്ലാവര്‍ക്കും അതുപോലെ തിരക്കായിരിക്കും. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് എന്ന സിനിമയുടെ ഇടയ്ക്ക് അഞ്ചു മിനിറ്റ് ബ്രേക്കില്‍ മമ്മൂക്ക കസേരയിലിരുന്നുറങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

ശ്വാസം വിടാന്‍ പോലും സമയം കിട്ടാനാവാത്ത അവസ്ഥ. ലാലേട്ടനും അങ്ങനെ തന്നെയായിരുന്നു. അന്നിവരാരും ഒരു പരാതിയും പറഞ്ഞ് കേട്ടിട്ടില്ല. അവരൊക്കെ സ്റ്റാര്‍ഡം നന്നായി എന്‍ജോയ് ചെയ്തവരാണ്. ആത്മാര്‍ത്ഥതയും സ്വാര്‍ത്ഥതയില്ലാത്ത സ്‌നേഹവും, പ്രൊഫഷനോടും സഹപ്രവര്‍ത്തകരോടും അവര്‍ക്കുണ്ടായിരുന്നു. ശരിക്കുമൊരു സ്‌ട്രോങ് ബോണ്ടിംഗ്.

ഉച്ചയ്ക്ക് എല്ലാവരും ഒന്നിച്ചാണ് ഉണ്ണുക. എന്റെ വിവാഹം ഉറപ്പിച്ച സമയത്താണ് കുടുംബപുരാണത്തിന്റെ ഷൂട്ടിംഗ്. അന്ന് ലളിതേച്ചി എനിക്ക് പല പാചകക്കൂട്ടുകളും പറഞ്ഞു തന്നിട്ടുണ്ട്.

ഇന്നത്തെ മാറ്റങ്ങളില്‍ സ്വീകരിപ്പെടുന്ന ഒന്നാണ് ക്യാരവാന്‍. അന്നൊക്കെ അസിസ്റ്റന്‍സ് ഷൂട്ട് നടക്കുന്നതിനടുത്തുള്ള വീടുകളില്‍ ചെന്ന് നായികയ്ക്ക് ഡ്രസ് ചെയ്ഞ്ചിന് ഒരു മുറി തരുമോയെന്ന് ചോദിച്ചിട്ടുണ്ട്. ജനറേറ്റര്‍ വാനില്‍ ലുങ്കി കെട്ടി മറച്ച്, കോണിത്താഴെ ബുദ്ധിമുട്ടി നിന്ന് ബ്ലൗസും പാവാടയും മാറ്റിയിട്ടുണ്ട്്. ഇടയ്‌ക്കൊന്ന് വിശ്രമിക്കാനും സ്ഥലമില്ലായിരുന്നു. ക്യാരവാന്‍ വലിയൊരു അനുഗ്രഹമാണ്.

വീട്ടുകാര്‍ തന്ന പിന്തുണ ?


തിരുവനന്തപുരം കല്ലറയില്‍ കുഞ്ചന്റെയും സരസമ്മയുടെയും അഞ്ചു മക്കളില്‍ മൂത്തയാളാണ് ഞാന്‍. ചെറുപ്പത്തില്‍ എനിക്കൊരു ടോംബോയ് ഇമേജായിരുന്നു. ഞാനും ഏറ്റവും ഇളയവന്‍ സുരേഷും തമ്മില്‍ 10 വയസ്സിന്റെ വ്യത്യാസമുണ്ട്. അമ്മയും അച്ഛനും മാത്രമല്ല സഹോദരങ്ങളും കലയെ പ്രോത്സാഹിപ്പിക്കുന്നവരായിരുന്നു. ഇന്നാണ് താരം എന്ന വാക്കിന് ഇത്ര പ്രസക്തി.

അന്ന് സിനിമയില്‍ അഭിനയിക്കുക, സിനിമാനടിയാകുക എന്നതാണ് പ്രധാനം. ബാലതാരമായി പോകുമ്പോഴും മേക്കപ്പിട്ടോ, ഏത് ലിപ്‌സ്റ്റിക്കിട്ടു എന്നൊക്കെ അതിശയത്തോടെ ചോദിക്കുന്ന കൂടെപിറപ്പുകളും, മോളെ, നന്നായി അഭിനയിച്ചോാ എന്നു ചോദിക്കുന്ന അച്ഛനും അമ്മയുമടങ്ങുന്ന കുടുംബമായിരുന്നു. അച്ഛന്റെയും അമ്മയുടെയും പൂര്‍ണ്ണ പിന്തുണയില്ലാതെ ഒരിക്കലും സിനിമയിലെത്താന്‍ കഴിയില്ല. ഈശ്വരാനുഗ്രഹം പോലെ എനിക്കതെല്ലാം ഉണ്ടായിരുന്നു.

uploads/news/2018/07/233812/ambika160718a3.jpg

അനിയത്തി സിനിമയിലെത്തിയപ്പോള്‍ അ സൂയ..?


എന്തിന്? ഒരു സമയത്ത് തെലുങ്കില്‍ എന്നേക്കാള്‍ സൂപ്പര്‍ഹിറ്റുകള്‍ രാധയ്ക്കാണ്. തെലുങ്കില്‍ ആദ്യ രണ്ടു സിനിമ ഹിറ്റല്ലെങ്കില്‍ വിളിക്കില്ല. എന്റെ ആദ്യ സിനിമകള്‍ അങ്ങനെയായിരുന്നു. രാധയുടെ സിനിമകള്‍ ഹിറ്റായതോടെ അവളവിടെ സ്റ്റാറായി. ഒരേ കുടുംബത്തിലെ രണ്ടുപേര്‍ പ്രശസ്തരാകുന്നത് നല്ല കാര്യമല്ലേ? ഇദയ കോവില്‍, മനക്കണക്ക്, എങ്കയോ കേട്ട കൂറല്‍, കാതല്‍ പരിശും, ദാമ്പത്യം എന്നിങ്ങനെ കുറെ സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ചഭിനയിച്ചിട്ടുമുണ്ട്.

കോസ്റ്റിയൂമിലും മേക്കപ്പിലും അവതരണത്തിലുമൊക്കെ ഞങ്ങളെന്നും വ്യത്യസ്തത പുലര്‍ത്തുമായിരുന്നു. രാധയ്ക്കു വേണ്ടി ചിലപ്പോഴൊക്കെ ഞാനും കോസ്റ്റിയൂം തെരഞ്ഞെടുക്കുമായിരുന്നു. രാധ തെലുങ്കിലും തമിഴിലും തിളങ്ങിയപ്പോള്‍, മലയാളവും തമിഴും കന്നഡയുമായിരുന്നു എന്റെ തട്ടകങ്ങള്‍. സുരേഷും സിനിമയിലുണ്ടല്ലോ. അര്‍ജുനും മല്ലികയും മാത്രമാണ് സിനിമയില്‍ നിന്ന് മാറി നിന്നത്.

ഗ്ലാമറും ചെയ്തിരുന്നു ?


അന്ന് കൂടുതല്‍ ഗ്ലാമര്‍, തെലുങ്കിലും കന്നഡത്തിലുമായിരുന്നു. വസ്ത്രത്തിലും മേക്കപ്പിലും അഭിനയത്തിലും ഭാവങ്ങളിലുമൊക്കെ സെക്‌സപ്പീലുണ്ടായിരുന്നു. അതിലെനിക്ക് ഒരു പ്രശ്‌നവും തോന്നിയിട്ടില്ല. ഈഫ് യു ആര്‍ ബ്യൂട്ടിഫുള്‍, യു ഹാവ് എ ഫിഗര്‍ അത് കാണിക്കുന്നതില്‍ തെറ്റില്ല. പക്ഷേ ലിമിറ്റിനുള്ളില്‍ നിന്ന് വേണം. സ്വിമ്മിംഗ് ഡ്രസില്‍ മാത്രം കംഫര്‍ട്ടബിളല്ലെന്ന് പറഞ്ഞിട്ടുണ്ട്.

ഞാന്‍ ചെയ്ത മിക്ക കന്നഡ സിനിമകളിലും ഗ്ലാമര്‍ റോളാണ്. ഗ്ലാമര്‍ റോളുകള്‍ ചെയ്യുമ്പോള്‍ ഇമേജ് പോകുമെന്ന് തോന്നിയിട്ടേയില്ല. രാജാവിന്റെ മകനിലെ നാന്‍സിയല്ല സകലകലാവല്ലഭനിലെ നാ യിക, ഒരു നോക്ക് കാണാനിലെ ഐ.എ.എസ് ഓഫീസറല്ല മിസ്റ്റര്‍ ഭാരതിലെ വേഷം.

എനിക്കിണങ്ങുന്ന ഭംഗിയുള്ള വസ്ത്രങ്ങളാണ് ഞാനിട്ടത്. ശരീരത്തിനിണങ്ങുന്ന ഗ്ലാമര്‍ കാണിക്കുന്നതില്‍ തെറ്റില്ല. അഭിനയവും അങ്ങനെ തന്നെ. പക്ഷേ ലിപ്പ്‌ലോക്ക് ചുംബനത്തോടും മറ്റും യോജിപ്പില്ല. ജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ സിനിമയില്‍ ചെയ്യുന്നത് എന്തിനാണ്, അതിന്റെയാവശ്യമില്ല.

മകന്റെ സിനിമാപ്രവേശനത്തെക്കുറിച്ച് ?


എനിക്ക് രണ്ട് ആണ്‍മക്കളാണ്, രാം കേശവും ഋഷികേശും. അവര്‍ ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്. മൂത്തമകന്‍ എനിക്കൊപ്പമുണ്ട്, ഇവിടെ വന്ന ശേഷമാണ് ഞാനൊരു കാലത്തെ താരമായിരുന്നു അവനറിഞ്ഞത്.

അവന്‍ എന്നെപ്പോലെ സിനിമയെ ഇഷ്ടപ്പെടുന്നയാളാണ്. ഒരുപാട് സ്‌ക്രിപ്റ്റുകള്‍ കേള്‍ക്കുന്നുണ്ട്. മികച്ചത് തെരഞ്ഞെടുത്ത് ചുവടു വയ്ക്കാനാണ് നോക്കുന്നത്. ഞാനും മക്കളും തമ്മില്‍ നല്ലൊരു ഓപ്പണ്‍നസ്സുണ്ട്. ബഹുമാനം കൊടുത്താണ് ബഹുമാനം വാങ്ങേണ്ടതെന്ന് ഞാനെന്റെ മക്കള്‍ക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്. സിനിമയിലെത്തുമ്പോഴും അങ്ങനെയാകണമെന്ന് പറഞ്ഞിട്ടുണ്ട്.

ഇനിയും കാത്തിരിക്കുന്ന വേഷങ്ങള്‍ ?


ഒരുപാടുണ്ട്. ഞാന്‍ ചെന്നൈയിലാണെ ന്നു പലര്‍ക്കുമറിയില്ല. പലരുടേയും ധാ രണ അമേരിക്കയിലാണെന്നാണ്. അങ്ങനെ ഒരുപാട് സിനിമകള്‍ മിസ്സായി. അതൊരു സങ്കടമാണ്. തിരക്കുള്ള സമയത്ത് ഒരുപാട് സിനിമകള്‍ മിസ്സായിപ്പോയിട്ടുണ്ട്.

പഞ്ചാഗ്നി, ചിത്രം, ഒരു പെണ്ണിന്റെ കഥ, രക്തമില്ലാത്ത മനുഷ്യന്‍ എന്നിങ്ങനെ പലതും ചെയ്യണമെന്ന് തോന്നിയിട്ടുണ്ട്. എക്‌സ്ട്രീം വില്ലന്‍ വേഷം ചെയ്യണമെന്നുണ്ട്. ഈ വയസ്സില്‍ ഈ രൂപത്തില്‍ വില്ലന്‍ വേഷം കിട്ടിയാല്‍ ചെയ്യും. അതിനു വേണ്ടി കാത്തിരിക്കുന്നു...

ലക്ഷ്മി ബിനീഷ്

Ads by Google
Ads by Google
Loading...
TRENDING NOW