Friday, July 12, 2019 Last Updated 20 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 16 Jul 2018 02.14 AM

നാഥനില്ലാത്ത ഉപഭോക്‌തൃഫോറങ്ങള്‍

uploads/news/2018/07/233746/editorial.jpg

രാഷ്‌ട്രീയപാര്‍ട്ടികളുടെയും സര്‍ക്കാരിന്റെയും ആത്യന്തികലക്ഷ്യം ജനക്ഷേമമായിരിക്കണം. രാജ്യത്ത്‌ സാധാരണക്കാരന്റെ അവകാശസംരക്ഷണത്തിനായി രൂപംകൊണ്ട ഏറ്റവും ലളിതവും സുതാര്യവുമായ സംവിധാനമാണ്‌ ഉപഭോക്‌തൃസംരക്ഷണഫോറങ്ങള്‍. വന്‍കിട കുത്തകകള്‍ മുതല്‍ ചില്ലറക്കച്ചവടക്കാര്‍ വരെ ചൂഷണം ചെയ്‌തിരുന്ന ഉപഭോക്‌താക്കളുടെ അവകാശസംരക്ഷണത്തിനായാണ്‌ 1986ല്‍ കേന്ദ്രസര്‍ക്കാര്‍ ഉപഭോക്‌തൃസംരക്ഷണനിയമത്തിനു രൂപം നല്‍കിയത്‌. ഉപഭോക്‌താക്കളുടെ തര്‍ക്ക പരിഹാരത്തിനു കോടതിവ്യവഹാരത്തിലൂടെ വിലപ്പെട്ട സമയവും പണവും നഷ്‌ടപ്പെടുത്തുന്നത്‌ ഒഴിവാക്കുക എന്ന ശ്രേഷ്‌ഠലക്ഷ്യം കൂടി ഇതിന്‌ പിന്നിലുണ്ട്‌.

എന്നാല്‍ രണ്ടുവര്‍ഷത്തിലേറെയായി നമ്മുടെ സംസ്‌ഥാനത്തെ മിക്ക ഉപഭോക്‌തൃതര്‍ക്കപരിഹാര ഫോറങ്ങളുടെയും പ്രവര്‍ത്തനം നിലച്ചമട്ടാണ്‌. ചില ജില്ലകളില്‍ ഫോറത്തിനു പ്രസിഡന്റ്‌ ഇല്ല. മറ്റു ജില്ലകളില്‍ അംഗങ്ങളില്ലാത്തതിനാല്‍ നടപടി സ്വീകരിക്കാനാകാത്ത സ്‌ഥിതി. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, വയനാട്‌ ജില്ലകളില്‍ ഫോറത്തിലേക്ക്‌ അംഗങ്ങളെ നിയമിക്കേണ്ട കാലാവധി കഴിഞ്ഞിട്ടും അര്‍ഹരെ കണ്ടെത്താന്‍ സര്‍ക്കാരിനായിട്ടില്ല.

യോഗ്യതയുടെ മാനദണ്ഡം രാഷ്‌ട്രീയമാകുമ്പോള്‍ ഏതു സംവിധാനത്തെയും ദുഷിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്യാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ്‌ ഇത്തരം കമ്മിഷനുകളും ഫോറങ്ങളും. ഭരണകക്ഷിയില്‍ പെട്ട രണ്ടു രാഷ്‌ട്രീയപാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കമാണു സംസ്‌ഥാനത്തെ ജനങ്ങളുടെ മൊത്തം പരാതിപരിഹാര സംവിധാനത്തെ അട്ടിമറിക്കുന്നത്‌. പരിഹാരം കാണേണ്ട പതിനായിരക്കണക്കിനു പരാതികളും തര്‍ക്കങ്ങളുമാണ്‌ ഈ ഫോറങ്ങളിലായി കെട്ടിക്കിടക്കുന്നത്‌.

പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു സര്‍ക്കാര്‍ എന്തു പരിഗണനയാണ്‌ നല്‍കുന്നതെന്നതിന്റെ ഉത്തമ ഉദാഹരണമാണ്‌ ഉപഭോക്‌തൃ ഫോറങ്ങളുടെ നാഥനില്ലാത്ത അവസ്‌ഥ. പ്രധാന സ്‌ഥാനങ്ങളിലേക്കു രാഷ്‌ട്രീയമാനങ്ങള്‍ക്കനുസരിച്ച്‌ നിയമിക്കാനായി പട്ടികയുണ്ടാക്കാന്‍ നെട്ടോട്ടമോടുന്നതിനു പകരം യോഗ്യരായവരെ ആ സ്‌ഥാനങ്ങളില്‍ നിയമിക്കാനുള്ള ആര്‍ജവമാണ്‌ സര്‍ക്കാര്‍ കാണിക്കേണ്ടത്‌. നിയമിക്കപ്പെടുന്നവര്‍ക്ക്‌ ഒരുലക്ഷത്തിലേറെ രൂപ ശമ്പളമായി നല്‍കുമ്പോള്‍ സ്‌ഥാനമോഹികളുടെ കൂട്ടയിടി ഉണ്ടാകുന്നത്‌ സ്വാഭാവികം. എന്നാല്‍ ഇത്തരം സ്‌ഥാനങ്ങളെ രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി അധപ്പതിപ്പിക്കുമ്പോള്‍ ജനങ്ങളുടെ മുഖത്ത്‌ കരിവാരിത്തേയ്‌ക്കുന്നതിനു സമാനമാണ്‌. ഉപഭോക്‌തൃഫോറങ്ങള്‍ കോടതിക്കു സമാനമായ സംവിധാനമാണ്‌. അവിടെ നടക്കേണ്ടത്‌ നീതിനിര്‍വഹണമാണ്‌. അല്ലാതെ പാര്‍ട്ടിസമ്മേളനമോ ശക്‌തിപ്രകടനമോ അല്ല. അവിടുത്തെ സ്‌ഥാനങ്ങള്‍ ഇഷ്‌ടക്കാര്‍ക്ക്‌ ദാനം ചെയ്യാനുള്ളതല്ല. ആ സ്‌ഥാനത്തിന്റെ അന്തസത്തയെ ഉള്‍ക്കൊണ്ട്‌ യോഗ്യരായവരെ അടിയന്തരപ്രാധാന്യത്തോടെ ഉപഭോക്‌തൃഫോറങ്ങളില്‍ അടിയന്തിരമായി നിയമിക്കുകയാണ്‌ വേണ്ടത്‌.

ഉദ്ദിഷ്‌ടകാര്യത്തിന്‌ ഉപകാരസ്‌മരണയായി സ്‌ഥാനം വച്ചുനീട്ടിയ പാര്‍ട്ടികളോട്‌ നട്ടെല്ലു വളച്ച്‌ വിധേയത്വം കാണിക്കുന്ന ചിലര്‍ അവര്‍ ഇരിക്കുന്ന കസേരയുടെ അന്തസ്‌ കളഞ്ഞുകുളിക്കുന്നതിനു നാം പലപ്പോഴും സാക്ഷിയാകുന്നുണ്ട്‌. അത്‌ അര്‍ഹതപ്പെട്ടവരെ സ്‌ഥാനങ്ങളിലിരുത്താത്തതിന്റെ കര്‍മദോഷമാണെന്നു തിരിച്ചറിയാനുള്ള വിവേകം പാര്‍ട്ടികള്‍ക്കുണ്ടാകണം. ആ വിധേയത്വം രാഷ്‌ട്രീയമായി നേട്ടമാണെങ്കിലും നീതിയുടെ പരാജയമാണെന്നു തിരിച്ചറിയണം.

ഉപഭോക്‌താക്കളുടെ അവകാശങ്ങള്‍ക്കു ലോകരാജ്യങ്ങള്‍ മുന്തിയ പരിഗണനയാണു നല്‍കുന്നത്‌. മുതലാളിത്ത രാജ്യമെന്നു വിശേഷിക്കപ്പെടുന്ന അമേരിക്കയില്‍ പോലും ഇതാണു സ്‌ഥിതി. ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണിന്റെ പൗഡര്‍ ഉപയോഗിച്ച സ്‌ത്രീകള്‍ക്ക്‌ ക്യാന്‍സര്‍ ബാധിച്ചെന്ന കേസില്‍ കമ്പനിക്ക്‌ 470 കോടി ഡോളറാ(ഏകദേശം 32,000 കോടി രൂപ)ണ്‌ അമേരിക്കയിലെ മിസൗറി കോടതി പിഴയിട്ടത്‌. 22 സ്‌ത്രീകള്‍ നല്‍കിയ പരാതിയാണു കോടതി പരിഗണിച്ചത്‌. ദിവസങ്ങള്‍ മുമ്പാണ്‌ ഈ വിധിപുറത്തുവന്നത്‌. ഈ മാതൃക നമ്മുടെ ഭരണകര്‍ത്താക്കള്‍ കാണണം. കമ്മിഷന്റെയും ഫോറങ്ങളുടെയും സ്‌ഥാനങ്ങളിലിരിക്കുന്നവരെ രാഷ്‌ട്രീയമായി അപമാനിക്കുന്നതിനും സമൂഹത്തില്‍ വിലകെടുത്തുന്നതിനും കേരളം പലപ്പോഴും സാക്ഷിയായിട്ടുണ്ട്‌. അതും നല്‍കിയ കസേരകളുടെ വലിപ്പം നല്‍കിയവര്‍ക്കോ കസേരകള്‍ ലഭിച്ചവര്‍ക്കോ തിരിച്ചറിയാനാകാതെ പോയതിന്റെ പ്രത്യാഘാതമാണെന്നും തിരിച്ചറിയുക.

Ads by Google
Monday 16 Jul 2018 02.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW