Friday, June 21, 2019 Last Updated 22 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 16 Jul 2018 02.14 AM

കളമൊരുക്കി മോഡി

uploads/news/2018/07/233745/modi1607818.jpg

ആളും അരങ്ങുമൊരുങ്ങിയില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോഡി തെരഞ്ഞെടുപ്പിന്‌ ഒരുങ്ങികഴിഞ്ഞു. സര്‍ക്കാരിന്റെ കാലാവധി അടുത്ത വര്‍ഷമേ അവസാനിക്കുകയുള്ളൂവെങ്കിലും മോഡിയുടെ ഒരുക്കത്തില്‍ പ്രതിപക്ഷത്തിന്‌ ആശങ്കകളേറെ. ഈ വര്‍ഷാവസാനത്തോടെ തന്നെ പൊതുതെരഞ്ഞെടുപ്പിന്‌ മോഡി തയാറാകുമോയെന്ന അഭ്യൂഹം രാജ്യതലസ്‌ഥാനത്തും ചൂടുപിടിച്ചു തുടങ്ങി. 18നു തുടങ്ങുന്ന പാര്‍ലമെന്റ്‌ സമ്മേളനം പൊതുതെരഞ്ഞെടുപ്പിനുള്ള പോര്‍വിളിയായി മാറുമെന്നതിലും തര്‍ക്കമില്ല.

**** സാധ്യതകളുടെ കളി
സമീപകാലത്ത്‌ നടന്ന ഓരോ സംസ്‌ഥാന തെരഞ്ഞെടുപ്പുകളും ഭരണ- പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്‌ നിര്‍ണായകമായിരുന്ന സാഹചര്യത്തില്‍ പൊതുതെരഞ്ഞെടുപ്പിനുള്ള ദിശാസൂചനയായി വിലയിരുത്തപ്പെട്ടിരുന്നു. പതിറ്റാണ്ടുകളായി കമ്യൂണിസ്‌റ്റ്‌ ഭരണത്തിലായിരുന്ന ത്രിപുര പിടിച്ചെടുത്തു. പിന്നാലെ, കര്‍ണാടകയില്‍ ബി.ജെ.പി വലിയ ഒറ്റകക്ഷിയായി.

ഈ വര്‍ഷാവസാനം മധ്യപ്രദേശിലും രാജസ്‌ഥാനിലും തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ പൊതുതെരഞ്ഞെടുപ്പ്‌ നേരത്തെയാകാനുള്ള സാധ്യതയും സജീവ ചര്‍ച്ചയായി. ശക്‌തമായ ഭരണ വിരുദ്ധ വികാരം രണ്ടിടങ്ങളിലും രൂപപ്പെട്ടിട്ടുണ്ടെങ്കിലും മധ്യപ്രദേശ്‌ നിലനിര്‍ത്താന്‍ സാധിച്ചേക്കുമെന്ന പ്രതീക്ഷ ബി.ജെ.പിക്കുണ്ട്‌. എന്നാല്‍ രാജസ്‌ഥാനില്‍ ആശങ്കയേറെയുമാണ്‌. മുഖ്യമന്ത്രി വസുന്ധരാ രാജെസിന്ധ്യയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നു രാജസ്‌ഥാനില്‍ സംസ്‌ഥാന പ്രസിഡന്റിനെ ചുമതലപ്പെടുത്താന്‍ പോലും നേതൃത്വത്തിന്‌ സാധിച്ചിട്ടില്ല.

പൊതുതെരഞ്ഞെടുപ്പിന്‌ മുമ്പുള്ള സെമിഫൈനലായി തീര്‍ച്ചയായും പരിഗണിക്കപ്പെടാവുന്ന ഈ രണ്ട്‌ സംസ്‌ഥാനങ്ങളിലും അടിപതറിയാല്‍ ഫൈനലില്‍ പിടിച്ചുകയറുക പ്രയാസമാകുമെന്നു മോഡിക്കു നന്നായറിയാം. അതുകൊണ്ട്‌ തന്നെയാണു പൊതുതെരഞ്ഞെടുപ്പ്‌ നേരത്തെയാക്കി, സംസ്‌ഥാന തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം നടത്തിയേക്കുമെന്ന സൂചന കനക്കുന്നതും.

****സാവകാശം അനിവാര്യം
പൊതുതെരഞ്ഞെടുപ്പ്‌ നേരത്തെയാക്കിയാല്‍ ബി.ജെ.പിക്കു ഗുണകരമാക്കി മാറ്റാനുള്ള അനുകൂല സാഹചര്യം രാജ്യത്ത്‌ നിലനില്‍ക്കുന്നതായി പറയാനാകില്ല. ദളിതര്‍ക്ക്‌ നേരെയുള്ള ആക്രമണം, സമ്പദ്‌വ്യവസ്‌ഥയുടെ തകര്‍ച്ച, പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകോപനം തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ കേന്ദ്ര സര്‍ക്കാരിനു പ്രതിസന്ധി സൃഷ്‌ടിക്കുന്നതാണ്‌. ഇതെല്ലാം പരിഹരിക്കണമെങ്കില്‍ മോഡിക്ക്‌ സാവകാശം അനിവാര്യം.

അതേസമയം മോഡി നേരത്തെ ഓടിതുടങ്ങിയെന്നത്‌ തെരഞ്ഞെടുപ്പ്‌ നേരത്തെയാക്കുമെന്നതിന്റെ സൂചനയായി കാണുന്നവരുമുണ്ട്‌. ഭരണത്തിലേറിയതു മുതല്‍ അപ്രതീക്ഷിത തീരുമാനങ്ങളിലൂടെ അമ്പരിപ്പിക്കുന്ന അദ്ദേഹത്തില്‍നിന്ന്‌ എന്തും പ്രതീക്ഷിക്കാമെന്നു പ്രതിപക്ഷം കണക്കുകൂട്ടുന്നു.

***** 'ഹിന്ദു പാകിസ്‌താന്‍'

തെരഞ്ഞെടുപ്പിന്‌ അരങ്ങൊരുങ്ങിയെന്ന സൂചനയില്‍നിന്നുതന്നെയാകും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ശശി തരൂര്‍ ഹിന്ദു പാകിസ്‌താന്‍ പരാമര്‍ശവുമായി രംഗത്തെത്തിയതെങ്കിലും ഈ പരാമര്‍ശം ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി. അതേസമയം കേരളത്തിന്റെ സവിശേഷ രാഷ്‌ട്രീയ സാഹചര്യത്തില്‍ പരാമര്‍ശം അനുകൂലമായതിനാല്‍ സംസ്‌ഥാന നേതാക്കള്‍ ഏറ്റെടുക്കുകയും ചെയ്‌തു. ഇത്തരത്തില്‍ തെരഞ്ഞെടുപ്പ്‌ അടുക്കുംതോറും ഇരുതലമൂര്‍ച്ചയുള്ള വാക്കുകള്‍ നേതാക്കളുടെ വായില്‍നിന്നു പുറത്ത്‌ചാടാനിരിക്കുന്നതേയുള്ളൂ.

കേരളത്തില്‍ ന്യൂനപക്ഷ- ഭൂരിപക്ഷ അനുപാതം ഏകദേശം സമാസമാണെന്നതും ഭൂരിപക്ഷ വിഭാഗത്തില്‍ ചെറുന്യൂനപക്ഷം മാത്രമാണു ബി.ജെ.പിയുടെ ഹിന്ദുത്വ അജന്‍ഡയെ പിന്തുണയ്‌ക്കുന്നത്‌ ഏന്നതിനാലും തരൂരിന്റെ പരാമര്‍ശം സംസ്‌ഥാനത്ത്‌ നേട്ടമാകും. അതേസമയം വടക്കേ ഇന്ത്യയില്‍ ഹിന്ദു എന്ന പദത്തെ ശത്രുരാജ്യമായ പാകിസ്‌താനൊപ്പം യോജിപ്പിച്ചത്‌ ഭൂരിപക്ഷ സമുദായത്തെ അലോസരപ്പെടുത്തിയിട്ടുമുണ്ട്‌.

ദളിത്‌ വിഭാഗത്തിന്റെ വോട്ട്‌ നേടാനുള്ള തന്ത്രത്തിനൊപ്പം മുത്തലാഖ്‌ ഉയര്‍ത്തികാട്ടി മുസ്ലിം ന്യൂനപക്ഷ വോട്ട്‌ സ്വന്തമാക്കാനും ബി.ജെ.പി. പദ്ധതി ഒരുക്കുന്നുണ്ട്‌.

***** പ്രതിപക്ഷ പ്രതിരോധം
ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ മത്സരിച്ച്‌ ജയിച്ചെത്തുന്നവരില്‍ മുമ്പനു പ്രധാനമന്ത്രി പദമെന്നതാണ്‌ ഇപ്പോള്‍ പ്രതിപക്ഷ നിരയിലെ ഒത്തുതീര്‍പ്പ്‌. യു.പി.എയുടെ നേതൃസ്‌ഥാനം കൊണ്ട്‌ കോണ്‍ഗ്രസിന്‌ ഏറെയൊന്നും ചെയ്യാനുമില്ല. വിട്ടുനില്‍ക്കുന്ന ഡി.എം.കെ, നാഷണല്‍ കോണ്‍ഫ്രന്‍സ്‌ പാര്‍ട്ടികളടക്കം ചേര്‍ന്നാലും പഴയ യു.പി.എ. പുനര്‍ജീവിപ്പിക്കാമെന്നല്ലാതെ ശക്‌തിതെളിയിക്കാനും സാധ്യമല്ല. 150 സീറ്റെങ്കിലും നേടി മുന്നിലെത്താതെ രാഹുലിന്‌ പ്രധാനമന്ത്രിപദം സ്വപ്‌നം കാണാനും സാധിക്കില്ല.

അതേസമയം ഉത്തര്‍പ്രദേശ്‌, കര്‍ണാടക, ഝാര്‍ഖണ്ഡ്‌, കര്‍ണാടക, തമിഴ്‌നാട്‌, ജമ്മു കശ്‌മീര്‍, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ ബി.ജെ.പിക്കെതിരേ പ്രതിപക്ഷ കക്ഷികള്‍ ഏകോപിപ്പിക്കപ്പെടുന്നുവെന്നത്‌ മോഡിയുടെ തുടര്‍ഭരണ മോഹങ്ങള്‍ക്കും തിരിച്ചടി തന്നെയാണ്‌.

ഈ സംസ്‌ഥാനങ്ങളില്‍നിന്നെല്ലാമായുള്ള ലോക്‌സഭാ സീറ്റുകളുടെ എണ്ണം ഇരുനൂറിലേറെ വരും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 150 സീറ്റുകള്‍ ബി.ജെ.പി നേടുകയും ചെയ്‌തിരുന്നു. ഉത്തര്‍പ്രദേശില്‍ ആകെയുള്ള 80 സീറ്റില്‍ 71 സീറ്റും നേടിയാണു ബി.ജെ.പി കഴിഞ്ഞതവണ കേന്ദ്രത്തില്‍ അധികാരം ഉറപ്പിച്ചത്‌. ബി.എസ്‌.പിയും എസ്‌.പിയും ഒന്നിച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ സീറ്റുകള്‍ വലിയ തോതില്‍ കുറയുമെന്ന ആശങ്ക ബി.ജെ.പിക്കുണ്ട്‌.

മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസും എന്‍.സി.പിയും ഒന്നിച്ചുനീങ്ങാനും പദ്ധതിയുണ്ട്‌. ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‌ സമാനമായി പ്രതിപക്ഷത്തിന്റെ മഹാസഖ്യം ഇത്തവണയും ഉണ്ടാകും. കഴിഞ്ഞ തവണ 14ല്‍ 12 സീറ്റും ബി.ജെ.പി നേടിയ ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്‌- ആര്‍.ജെ.ഡി- ഝാര്‍ഖണ്ഡ്‌ മുക്‌തി മോര്‍ച്ച സഖ്യത്തിനുള്ള ചര്‍ച്ചകളും സജീവം.

അതേസമയം കര്‍ണാടകയില്‍ ജനതാദള്‍(എസ്‌)- കോണ്‍ഗ്രസ്‌ സഖ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ തന്നെ തകരുമെന്നാണു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. പി.ഡി.പിയില്‍നിന്ന്‌ അംഗങ്ങളെ അടര്‍ത്തി ഒപ്പംനിര്‍ത്തി ജമ്മു കശ്‌മീരില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ബി.ജെ.പിയുടെ തന്ത്രവും വിജയത്തിലേക്കടുക്കുകയാണ്‌.

**** കാലേകൂട്ടി ബി.ജെ.പി
പൊതുതെരഞ്ഞെടുപ്പിന്‌ കളമൊരുക്കാന്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്‌ഷാ സംസ്‌ഥാന പര്യടനത്തിലാണ്‌. പ്രധാനമന്ത്രി പങ്കെടുത്ത രാജസ്‌ഥാനില്‍ കേന്ദ്ര പദ്ധതിയിലെ ഗുണഭോക്‌താക്കളുടെ യോഗത്തിനെത്തിയത്‌ രണ്ട്‌ ലക്ഷം പേരാണ്‌. ഉത്തര്‍പ്രദേശിലും മോഡി തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ തുടക്കം കുറിച്ചു കഴിഞ്ഞു. 150 വലിയ റാലികളാണ്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പി സംഘടിപ്പിക്കുന്നത്‌. ഇതില്‍ 50 റാലികളില്‍ മോഡി പ്രസംഗിക്കും. പ്രായാധിക്യത്തിന്റെ പേരില്‍ എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി, സുമിത്ര മഹാജന്‍ എന്നിവരടക്കം പകുതി സിറ്റിങ്‌ എം.പിമാര്‍ക്കും സീറ്റ്‌ നിഷേധിക്കപ്പെടാനാണ്‌ സാധ്യത. സുഷമാ സ്വരാജിന്‌ ടിക്കറ്റ്‌ നല്‍കാതെ രാജ്യസഭയിലേക്ക്‌ കൊണ്ടുവരാനാകും നീക്കം.

Ads by Google
Monday 16 Jul 2018 02.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW