Wednesday, July 24, 2019 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 16 Jul 2018 02.13 AM

രാമായണത്തിന്റെ നല്ല കാലം വരുന്നു

uploads/news/2018/07/233744/bft2.jpg

ഒരുകാലത്ത്‌ മലയാളി അക്ഷരം പഠിച്ചതു പോലും രാമായണം വായിക്കാനായിരുന്നു. രാമായണ വായന ചിട്ടയായി പഠിപ്പിക്കാന്‍ ആശാന്മാര്‍ വീടുകളില്‍ താമസിച്ചിരുന്നു. കര്‍ക്കിടക നന്മകള്‍ പെയ്‌തിറങ്ങുന്ന ഓര്‍മകളുടെ ബാല്യത്തിലൂടെ അലയുകയാണ്‌ അപ്പുണ്യേട്ടന്‍. അന്നപൂര്‍ണയുടെ അടുക്കളക്കോലയില്‍ ആലസ്യത്തിലാണ്ട ഒരു മാനസിക സഞ്ചാരം. അതിനിടയിലാണ്‌ ചാനലുകളില്‍ രാമായണം വന്നു തോണ്ടിയുണര്‍ത്തുന്നത്‌. വിപ്ലവപ്പാര്‍ട്ടികളും ജനാധിപത്യ സോഷ്യലിസ്‌റ്റുകളും മതേതര കക്ഷികളും രാമായണവും കൈയിലേന്തി ഒരു മത്സരത്തിന്‌ ഒരുങ്ങുന്നുവത്രെ.
അക്ഷരവും വ്യാകരണവും വൃത്താലങ്കാരങ്ങളും എഞ്ചുവടിയുമൊക്കെ തട്ടിത്തെറിപ്പിച്ച്‌ ശാസ്‌ത്ര സാഹിത്യ ശൈലയില്‍ ഭാഷയും പഠിപ്പിക്കാമെന്നതിന്റെ ഫലം കണ്ടുതുടങ്ങി. പത്താംക്ലാസില്‍ കുട്ടികളെ എഴുത്തിനിരുത്തുന്ന ശനിയാഴ്‌ച ക്ലാസുകള്‍ പലേടത്തും ആരംഭിച്ചുവത്രെ. രാമായണ സെമിനാര്‍ നടത്തുന്ന കക്ഷികള്‍ക്ക്‌ വായനയും എഴുത്തും അറിഞ്ഞില്ലെന്നുവച്ച്‌ കുഴപ്പമില്ല. രാമായണവും മഹാഭാരതവും വായിക്കാതെയും സപ്‌താഹം നടത്താന്‍ കഴിയുന്നവരാണ്‌ അവരുടെ മുടക്കുമുതല്‍. കോണ്‍ഗ്രസുകാരുടെ രാമായണപാരായണം അങ്ങനെ നടക്കില്ലല്ലോ? അക്ഷരം കൂട്ടിവായിക്കാനറിയുന്ന യു.ജി.സി. പ്രഫസര്‍മാര്‍ക്ക്‌ സുന്ദരകാണ്ഡത്തില്‍ കാലിടറി വീഴുന്നത്‌ കാണാന്‍കൂടി മലയാളിക്ക്‌ യോഗമുണ്ടായേക്കാം. വായയ്‌ക്കു തോന്നിയത്‌ കോതയ്‌ക്കു പാട്ട്‌ എന്ന തത്വം സെമിനാറുകള്‍ക്കേ ബാധകമാവുള്ളൂ എന്നോര്‍ക്കണം. കോണ്‍ഗ്രസിനു രാമായണ പാരായണക്കാരെ ഓടിച്ചിട്ടുപിടിക്കേണ്ടി വരും.
ഇതിനിടയിലാണു മതേതര രാമായണ സത്രത്തിലേക്ക്‌ അപ്പുണ്യേട്ടന്‌ ക്ഷണം വന്നത്‌. എം.പിയും എം.എല്‍.എയും പള്ളി വികാരിയും ഖത്തീബും മേല്‍ശാന്തിയുമെല്ലാം ഒന്നിച്ചുനിരക്കുന്ന മതേതര ഉദ്‌ഘാടന സമ്മേളനം. തുടര്‍ന്നു കമ്യൂണിസ്‌റ്റ്‌ (ഇടത്‌-വലത്‌-നക്‌സല്‍...) കോണ്‍ഗ്രസ്‌ (വിവിധ ഗ്രൂപ്പുകള്‍, കേരള മുതല്‍ പാര്‍ട്ടി കോണ്‍ഗ്രസ്‌ വരെ), മുസ്ലിംലീഗ്‌, ബി.ജെ.പി., എന്‍.എസ്‌.എസ്‌., എസ്‌.എന്‍.ഡി.പി., പി.ഡി.പി., മുജാഹിദ്‌, സുന്നി, ജമാഅത്ത്‌ രാമായണ പാരായണ പരമ്പര!രാമാനന്ദ സാഗറിന്റെ രാമായണ പരമ്പര കണ്ടാണു പുതിയ കാലത്തെ രാമായണ പാരായണം ആരംഭിക്കുന്നതുതന്നെ. അതിനും മുമ്പ്‌ ഒരു വിപ്ലവ കാലത്താണ്‌ രാമായണവും മഹാഭാരതവുമൊക്കെ കത്തിക്കണമെന്ന്‌ പ്രസംഗിച്ചുനടന്നത്‌. അക്കാലത്ത്‌ ആവേശംമൂത്ത്‌ പി. കേശവദേവും ഇതു പറഞ്ഞുനടന്നു.
വര്‍ഷങ്ങള്‍ പിന്നിട്ട്‌ പ്രായവും പക്വതയും തിരിച്ചറിവും സാഹിത്യ അക്കാദമി അധ്യക്ഷസ്‌ഥാനവുമൊക്കെ കൈവന്നപ്പോള്‍ കേശവദേവും തിരുത്തി. താന്‍ പറഞ്ഞത്‌ വിവരക്കുറവായിപ്പോയെന്ന്‌!
എന്നാല്‍ നമ്മുടെ വിപ്ലവ പ്രസ്‌ഥാനങ്ങള്‍ക്ക്‌ കാര്യങ്ങള്‍ നേരേചൊവ്വേ ബോധ്യപ്പെട്ടുവരാന്‍ സമയമെടുക്കും. ശ്രീകൃഷ്‌ണ ജയന്തിക്ക്‌ ബാലഗോകുലം കേരളത്തെ അമ്പാടിയാക്കുന്നതു കണ്ട്‌ മോഹം മൂത്താണു ബാലസംഘത്തെ മഞ്ഞപ്പട്ടുടുപ്പിക്കാന്‍ തീരുമാനിച്ചത്‌. കര്‍ക്കിടകക്കിഴിവുകളും ആടിമാസ വില്‌പനയും കര്‍ക്കിടകക്കഞ്ഞിയും വിപണി കീഴടക്കാന്‍ തുടങ്ങിയതോടെയാണ്‌ കക്ഷിരാഷ്‌ട്രീയത്തിന്‌ ഒരു വിളി വന്നത്‌. കുറച്ച്‌ സംസ്‌കൃതക്കാരെ വല വീശിപ്പിടിച്ച്‌ വളര്‍ത്താന്‍ തുടങ്ങിയാലെന്താ? ഇപ്പോള്‍ അവര്‍ക്ക്‌ ആകെയുള്ള ഒരു അത്താണി ഒരു അസംസ്‌കൃത സര്‍വകലാശാല മാത്രം! നാടുനീളെ രാമായണവും മൂലധനവും പാരായണം ചെയ്‌ത്‌ അക്ഷരശുദ്ധി കൈവരിക്കട്ടെ. ഈ കച്ചവടം തങ്ങള്‍ക്കും നടപ്പിലാക്കാമല്ലോ എന്നാണ്‌ പൊതുവേ വായനയിലും വിചാരശീലത്തിലും പിന്നാക്കമായ കോണ്‍ഗ്രസിന്‌ ബോധം ഉദിച്ചത്‌. അങ്ങനെ രാമായണം ഉഴുതുമറിച്ച മണ്ണില്‍ നമുക്ക്‌ വിത്തെറിയാം എന്നവര്‍ കണ്ടു.
ഭരണ-പ്രതിപക്ഷങ്ങള്‍ രാമായണക്കാര്യത്തില്‍ യോജിപ്പിലെത്തിയതുകൊണ്ട്‌ സര്‍ക്കാര്‍ തലത്തില്‍ രാമായണപാരായണ പദ്ധതിക്ക്‌ സാധ്യതയുണ്ട്‌. അയോധ്യ മുതല്‍ ശ്രീലങ്കയിലെ രാംബോഡ വരെ നീളുന്ന രാമായണ സ്‌ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ തീവണ്ടിയിലും വിമാനത്തിലുമായി തീര്‍ഥയാത്രകളും ഒരുങ്ങുന്നു.
എല്ലാംകൊണ്ടും കക്ഷിരാഷ്‌ട്രീയ ഭേദമെന്യേ രാമായണം സ്വീകാര്യമാവുന്ന ഒരു കര്‍ക്കിടകം വരുന്നു. സാക്ഷര കേരളം രാമായണം വായിക്കാനായിട്ടെങ്കിലും അക്ഷരം പഠിക്കാന്‍ ഒരുങ്ങുന്നു.
പുതിയ രാമായണ വിശേഷങ്ങള്‍ക്കായി അപ്പുണ്യേട്ടന്‍ മനമൊരുക്കി.

പായിപ്ര രാധാകൃഷ്‌ണന്‍

Ads by Google
Monday 16 Jul 2018 02.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW