Wednesday, April 24, 2019 Last Updated 13 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 16 Jul 2018 02.12 AM

പോലീസ്‌ ഭരണം സര്‍ക്കാരിനെ തകര്‍ക്കുമോ?

uploads/news/2018/07/233743/bft3.jpg

വലിയ പ്രതീക്ഷ നല്‍കിയാണു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ്‌. മന്ത്രിസഭ ഭരണമേറ്റത്‌. തെരഞ്ഞെടുപ്പ്‌ പ്രചാരണവേളയില്‍തന്നെ എല്‍.ഡി.എഫ്‌. വന്നാല്‍ എല്ലാം ശരിയാകും എന്ന പരസ്യപ്പലകകള്‍ കേരളത്തിലങ്ങളോമിങ്ങോളം സ്‌ഥാപിച്ചിരുന്നു.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായിവന്നത്‌ അച്ചടക്കവും ലക്ഷ്യബോധവും ഉള്ള, സമയബന്ധിതമായി കാര്യങ്ങള്‍ നടത്താന്‍ കഴിവുള്ള, പ്രായോഗികതയില്‍ ഊന്നിയ തീരുമാനങ്ങളെടുക്കാന്‍ പ്രാപ്‌തിയുള്ള സര്‍ക്കാര്‍ കേരളത്തിലുണ്ടായിരിക്കുന്നു എന്ന ധാരണ ജനമനസുകളില്‍ പരന്നു.
ഇപ്പോള്‍ രണ്ടുകൊല്ലം കഴിഞ്ഞു. ഭരണത്തിന്റെ ബാലന്‍സ്‌ഷീറ്റ്‌ തയാറാക്കി നേട്ടമാണോ കോട്ടമാണോ അധികം എന്നു പരിശോധിച്ചാല്‍ പല മേഖലകളിലും സംഭവിച്ചിരിക്കുന്ന അപചയമാണു നിരീക്ഷകരുടെ ശ്രദ്ധയില്‍ ആദ്യം എത്തുന്നത്‌.
മറ്റുതുറകളില്‍ പദ്ധതികള്‍ നടപ്പാക്കാനും ഉദ്ദേശിച്ചതുപോലെ പുരോഗതി നേടാനും ക്രമസമാധാനപാലനവും നിയമവാഴ്‌ചയും അത്യാവശ്യം. ജനങ്ങളുടെ സംരംഭകശക്‌തിക്കു വേണ്ടവിധത്തില്‍ പ്രോത്സാഹനം നല്‍കി സകല ആനുകൂല്യങ്ങളും ലഭ്യമാക്കി കൃഷി, വ്യവസായം, തൊഴില്‍, സേവനമേഖലകളില്‍ വന്‍ കുതിപ്പ്‌ ഉണ്ടാക്കാനുള്ള പദ്ധതികള്‍ നടന്നു കിട്ടാനും അടിസ്‌ഥാനപരമായി ലഭ്യമാക്കേണ്ടത്‌ സമാധാനപരമായ തൊഴില്‍ അന്തരീക്ഷവും നിയമവാഴ്‌ചയുടെ സംരക്ഷണവുമാണ്‌. ഇങ്ങനെ നോക്കുമ്പോള്‍ ഈ മേഖലയില്‍ സംഭവിച്ച പരാജയം മറ്റെല്ലാ മേഖലകളിലുമുള്ള പുരോഗതിക്ക്‌ തിരിച്ചടിയായി തീര്‍ന്നിരിക്കുന്നു .
ക്രമസമാധാനപാലനം യാഥാര്‍ഥ്യമാക്കാന്‍ അത്യാവശ്യം പോലീസ്‌ വകുപ്പിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ്‌. ആത്മാര്‍ത്ഥതയും കഴിവും നിയമപരിജ്‌ഞാനവും സത്യസന്ധതയും ഉറച്ച നിലപാടുകളും പോലീസ്‌ സേനയുടെ നേതൃത്വത്തിലുണ്ടായിരിക്കേണ്ടത്‌ അത്യാവശ്യം. നിര്‍ഭാഗ്യവശാല്‍ സ്വതന്ത്രമായി നിലയുറപ്പിച്ചുകൊണ്ട്‌ സത്യസന്ധമായി വിട്ടുവീഴ്‌ചയില്ലാതെ നിയമം നടപ്പാക്കാന്‍ ബദ്ധശ്രദ്ധനായ ഒരു പോലീസ്‌ മേധാവിയുടെ അഭാവം നാം കാണുന്നു. ഉറപ്പും ധീരതയുമുള്ള നായകനില്ലെങ്കില്‍ സൈന്യത്തിന്റെ അച്ചടക്കം മുഴുവന്‍തന്നെ തകരും.
രണ്ടാംപടിയിലും മൂന്നാംപടിയിലുമുള്ള ഉദ്യോഗസ്‌ഥരെല്ലാം മറ്റു പല താല്‍പര്യങ്ങളും മനസില്‍കണ്ട്‌ ദിശാബോധമില്ലാതെ ഉഴലുന്നു. ജില്ലകളിലും പോലീസ്‌ സ്‌റ്റേഷനുകളിലുമുള്ള ഉദ്യോഗസ്‌ഥരാണെങ്കില്‍ ഭരണകക്ഷിയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ ആടിക്കളിക്കുന്നു. ഇതിനുപുറമേ അവരില്‍ പലരും പണം സമ്പാദിക്കാന്‍ വേണ്ടി എന്തു വിട്ടുവീഴ്‌ചയ്‌ക്കും തയാറാവുന്നു. വാദിയെ പ്രതിയാക്കുന്നു. പ്രതിയെ പരാതിക്കാരനാക്കുന്നു.
മറ്റൊരു അധികാരകേന്ദ്രമായി പ്രത്യക്ഷപ്പെടുന്നു പോലീസ്‌ അസോസിയേഷന്റെ നേതൃത്വം. ചുരുക്കത്തില്‍ ആവലാതികളുമായി പോലീസ്‌ സ്‌റ്റേഷനില്‍ എത്തുന്നവന്‍ അകത്താകുന്നു. പലപ്പോഴും നിരപരാധികളെ മര്‍ദിച്ച്‌ അവശരാക്കുന്നു. ഈയടുത്തകാലത്തുതന്നെ ഇത്തരം സംഭവങ്ങള്‍ നിരവധി നടന്നിരിക്കുന്നു. വരാപ്പുഴയിലെ ശ്രീജിത്ത്‌ എന്ന ചെറുപ്പക്കാരന്റെ കസ്‌റ്റഡി മരണവും കോട്ടയത്ത്‌ കെവിന്‍ എന്ന ചെറുപ്പക്കാരനെ തട്ടിക്കൊണ്ടുപോകുന്ന കാര്യം അറിഞ്ഞിട്ടുപോലും പണം വാങ്ങിക്കൊണ്ട്‌ ഇടപെടാതെ മാറിനിന്നു കളികണ്ട്‌ രസിച്ച പോലീസുകാരുടെ കൈയാങ്കളിയും നാം കണ്ടു. അവസാനം ആ ചെറുപ്പക്കാരന്‍ മരിച്ചതോടെയാണു അധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചത്‌.
ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം ഇവിടെ നടന്ന രാഷ്‌ട്രീയ കൊലപാതകങ്ങളുടെ എണ്ണംതന്നെ പുതിയ റെക്കോഡാണ്‌. ഉത്തരവാദികളായ ചിലരെയെല്ലാം അറസ്‌റ്റ്‌ ചെയ്‌തെങ്കിലും, പിടിയിലായത്‌ മുഴുവന്‍ വാടകക്കൊലയാളികളായിരുന്നു. അവരെ ഈ കൊലപാതകങ്ങള്‍ക്കായി ഹീനകൃത്യത്തിന്‌ നിയോഗിച്ച നേതാക്കന്മാര്‍ മാന്യന്മാരായി നടക്കുന്നു. അന്വേഷണം അവരിലേക്ക്‌ നീണ്ട്‌ അവരെയും പിടികൂടിയാല്‍ മാത്രമേ രാഷ്‌ട്രീയ കൊലപാതകങ്ങളുടെ അവസാനം കാണാന്‍ കഴിയൂ എന്ന സുചിന്തതമായ അഭിപ്രായം സ്വീകരിച്ച്‌ നടപടിയെടുക്കാന്‍ നമ്മുടെ സര്‍ക്കാര്‍ ഒരുമ്പെടുന്നില്ല. ഏറ്റവും ഒടുവിലായി എല്‍.ഡി.എഫിന്റെ ഭാഗമായ കെ.ബി. ഗണേഷ്‌ കുമാര്‍ എം.എല്‍.എ. തന്റെ വാഹനത്തിനു സൈഡ്‌ തന്നില്ല എന്ന മഹാപാപം ചെയ്‌തതായി ആരോപിച്ച്‌ എതിരെവന്ന വണ്ടിക്കാരനെ അടിച്ചവശനാക്കുന്നു. അയാളുടെ അമ്മയെയും അപമാനിക്കുന്നു. പക്ഷേ, പോലീസ്‌ കേസെടുക്കുന്നത്‌ എം.എല്‍.എയുടെ പരാതിയിന്മേല്‍ മര്‍ദനമേറ്റ വ്യക്‌തിയേയും അമ്മയേയും പ്രതികളാക്കി.
റിസര്‍വ്‌ പോലീസിന്റെ മേധാവി അഡീഷണല്‍ ഡി.ജി.പി. പദവിയിലുള്ള ഉദ്യോഗസ്‌ഥന്റെ മകള്‍ വണ്ടിയോടിച്ചിരുന്ന പോലീസ്‌ ഡ്രൈവറെ മര്‍ദിച്ചതായി പരാതി. അവിടെയും ആദ്യം കേസെടുക്കുന്നത്‌ ഇരയുടെ പേരില്‍. ശക്‌തമായ പൊതുജന പ്രതിഷേധം പൊന്തിവന്നപ്പോഴാണ്‌ യഥാര്‍ഥ പ്രതികളുടെ പേരിലും ഈ രണ്ടു കേസുകളിലും നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകുന്നത്‌. ഈ സംഭവപരമ്പരകളെല്ലാം വരച്ചുകാട്ടുന്നത്‌ അധഃപതനത്തിന്റെ പടുകുഴിയില്‍ വീണുകഴിഞ്ഞ ഒരു പോലീസ്‌ സംവിധാനത്തിന്റെ ചിത്രമാണ്‌.
പോലീസ്‌ വകുപ്പിന്റെ ഈ ദയനീയമായ പ്രകടനം സര്‍ക്കാരിന്റെ പ്രതിച്‌ഛായയെ നശിപ്പിച്ചിരിക്കുകയാണ്‌. ഉയര്‍ന്ന ഉദ്യോഗസ്‌ഥന്മാര്‍ പോലീസ്‌ സേനാംഗങ്ങളെ വീട്ടുവേലയ്‌ക്ക്‌ നിയോഗിക്കുന്നതും പോലീസ്‌ വാഹനങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതും, കൈക്കൂലി വാങ്ങിക്കൊണ്ട്‌ കുറ്റവാളികള്‍ക്ക്‌ പച്ചക്കൊടി കാട്ടുന്നതും എല്ലാം നാം ഇവിടെകണ്ടു.
ഈ വകുപ്പു മുഴുവന്‍ കാര്യക്ഷമതയുള്ള സത്യസന്ധരായ ഒരുദ്യോഗസ്‌ഥന്റെ നേതൃത്വത്തില്‍ പുനഃസംഘടിപ്പിച്ചേതീരൂ. ഡി.ജി.പിയുടെ നിയമനത്തിനു മാര്‍ഗരേഖ നിര്‍ദേശിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ഉത്തരവെങ്കിലും പുതിയ രക്ഷാകവചം നമുക്ക്‌ നല്‍കുമോ?

പി.സി. സിറിയക്‌

Ads by Google
Monday 16 Jul 2018 02.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW